Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐടിയു ഏരിയ ഓഫീസും നൂതനാശയകേന്ദ്രവും പ്രധാനമന്ത്രി നാളെ (മാർച്ച് 22ന്) ഉദ്ഘാടനം ചെയ്യും


രാജ്യത്തെ പുതിയ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2023 മാർച്ച് 22ന്) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30നു വിജ്ഞാൻ ഭവനിലാണു പരിപാടി. ചടങ്ങിൽ ഭാരത് 6ജി കാഴ്ചപ്പാടുരേഖ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും 6ജി ഗവേഷണ-വികസന പരീക്ഷണസംവിധാനത്തിനു തുടക്കംകുറിക്കുകയും ചെയ്യും. ‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ല‌‌ിക്കേഷനും അദ്ദേഹം പുറത്തിറക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും.

വിവര വിനിമയ സാങ്കേതികവിദ്യകൾക്കായുള്ള (ഐസിടി) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് ഐടിയു. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിയുവിനു ഫീൽഡ് ഓഫീസുകൾ, റീജണൽ ഓഫീസുകൾ, ഏരിയ ഓഫീസുകൾ എന്നിവയുടെ ശൃംഖലയുണ്ട്. ഏരിയ ഓഫീസ് സ്ഥാപിക്കുന്നതിനായി ഐടിയുവുമായി 2022 മാർച്ചിലാണ് ഇന്ത്യ ആതിഥേയരാജ്യ കരാർ ഒപ്പിട്ടത്. ഇന്ത്യയിലെ ഏരിയ ഓഫീസ്, ഐടിയുവിന്റെ മറ്റ് ഏരിയാ ഓഫീസുകളിൽനിന്നു വേറിട്ടതാക്കി മാറ്റാൻ നൂതനാശയകേന്ദ്രം ഉൾപ്പെടുത്താനും വിഭാവനം ചെയ്തിട്ടുണ്ട്. ഇന്ത്യ പൂർണമായും ധനസഹായം നൽകുന്ന ഏരിയ ഓഫീസ്, ന്യൂഡൽഹി മെഹ്‌റൗളിയിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു സ്ഥിതിചെയ്യുന്നത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, അഫ്‌ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും മേഖലയിൽ പരസ്പരപ്രയോജനകരമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും ഇതു സഹായിക്കും.

വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, മാനദണ്ഡസമിതികൾ, ടെലികോം സേവനദാതാക്കൾ, വ്യവസായം എന്നിവയിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി 2021 നവംബറിൽ രൂപീകരിച്ച 6ജി സാങ്കേതികവിദ്യാ നവീകരണ സമിതി(ടിഐജി-6ജി)യാണ്, ഇന്ത്യയിൽ 6ജിക്കായി രൂപരേഖയും പ്രവർത്തന പദ്ധതികളുമൊരുക്കാൻ ലക്ഷ്യമിട്ട്, ഭാരത് 6ജി കാഴ്ചപ്പാടുരേഖ തയ്യാറാക്കിയത്. അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായം, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, വ്യവസായം മുതലായവയ്ക്കു വികസിച്ചുവരുന്ന ഐസിടി സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും സാധൂകരിക്കാനും 6ജി പരീക്ഷണസംവിധാനം വേദിയൊരുക്കും. ഭാരത് 6ജി കാഴ്ചപ്പാടുരേഖയും 6ജി പരീക്ഷണസംവിധാനവും രാജ്യത്തു നവീകരണത്തിനും ശേഷിവർധനയ്ക്കും സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്നതിനുമുള്ള അന്തരീക്ഷം പ്രാപ്തമാക്കും.

പിഎം ഗതിശക്തിക്കു കീഴിലുള്ള അടിസ്ഥാനസൗകര്യ സമ്പർക്കസംവിധാന പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിതനിർവഹണവും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഉദാഹരണമാണ് ‘കോൾ ബിഫോർ യൂ ഡിഗ്’ (സിബിയുഡി) ആപ്ലിക്കേഷൻ. ഏകോപനമില്ലാത്ത കുഴിക്കലും ഖനനവും കാരണം, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പോലുള്ള അടിസ്ഥാന ആസ്തികൾക്കു കേടുപാടുകൾ സംഭവിച്ച്, രാജ്യത്തിനു പ്രതിവർഷം 3000 കോടിരൂപയുടെ നഷ്ടമുണ്ടാക്കുന്നതു തടയാൻ വിഭാവനം ചെയ്ത ഉപകരണമാണിത്. മൊബൈൽ ആപ്ല‌ിക്കേഷനായ സിബിയുഡി ഖനനം ചെയ്യുന്നവരെയും ആസ്തി ഉടമകളെയും എസ്എംഎസ്/ഇമെയിൽ അറിയിപ്പുവഴി ബന്ധിപ്പിക്കുകയും കോൾ ചെയ്യാൻ അവസരമൊരുക്കുകയും ചെയ്യും. അതുവഴി ഭൂഗർഭ ആസ്തികളുടെ സുരക്ഷ ഉറപ്പാക്കി രാജ്യത്ത് ആസൂത്രിത ഖനനങ്ങൾ നടത്താനാകും.

രാജ്യഭരണത്തിൽ ‘ഗവണ്മെന്റിന്റെ സർവതോമുഖസമീപന’ത്തെ സൂചിപ്പിക്കുന്ന സിബിയുഡി, വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിലൂടെ എല്ലാ പങ്കാളികൾക്കും പ്രയോജനപ്രദമാകും. റോഡ്, ടെലികോം, വെള്ളം, പാചകവാതകം, വൈദ്യുതി തുടങ്ങിയ അവശ്യസേവനങ്ങളിലെ തടസം കുറയുന്നതിനാൽ, വ്യാവസായിക നഷ്ടവും പൗരന്മാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കാനും ഇതു സഹായിക്കും.

ഐടിയുവിന്റെ വിവിധ ഏരിയ ഓഫീസുകളിലെ ഐടി/ടെലികോം മന്ത്രിമാർ, സെക്രട്ടറി ജനറൽ, ഐടിയുവിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ഐക്യരാഷ്ട്രസഭയുടെയും ഇന്ത്യയിലെ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും മേധാവികൾ, അംബാസഡർമാർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് – എംഎസ്എംഇ മേധാവികൾ, അക്കാദമ‌ിക വിദഗ്ധർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ND

***