Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്ര സംഘടനയുടെ 74ാമതു സമ്മേളനത്തോടനുബന്ധിച്ചുള്ള കാലാവസ്ഥാ ഉച്ചകോടി 2019ല്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍


ആഗോള കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിച്ചതിനു ഞാന്‍ യു.എന്‍. സെക്രട്ടറി ജനറലിനോടു നന്ദി പറയുന്നു. 
കഴിഞ്ഞ വര്‍ഷം ചാംപ്യന്‍ ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് ലഭിച്ചശേഷം ഇതാദ്യമായാണ് എനിക്ക് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനെത്തി ആദ്യം പങ്കെടുക്കുന്ന യോഗം കാലാവസ്ഥയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉള്ളതാണ് എന്നതില്‍ എനിക്കു സന്തോഷമുണ്ട്. 
ബഹുമാനപ്പട്ടവരേ, 
കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനായി വിവിധ രാഷ്ട്രങ്ങള്‍ പലവിധ ശ്രമങ്ങള്‍ നടത്തിവരികയാണ്. 
കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഗൗരവമേറിയ വെല്ലുവിളികള്‍ മറികടക്കുന്നതിനു നാം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തി നേടാന്‍ പര്യാപ്തമല്ലെന്ന വസ്തുത അംഗീകരിക്കാന്‍ നാം തയ്യാറാകണം. 
വിദ്യാഭ്യാസം മുതല്‍ മൂല്യങ്ങള്‍ വരെയും ജീവിതശൈലി മുതല്‍ വികസന തത്വശാസ്ത്രം വരെയും, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സമഗ്ര സമീപനമാണ് ഇന്ന് ആവശ്യം. ഇടപെടുന്ന രീതിയില്‍ തന്നെ മാറ്റം സാധ്യമാക്കുന്ന ആഗോള ജനകീയ പ്രസ്ഥാനമാണു നമുക്ക് ആവശ്യം. 
പ്രകൃതിയോടുള്ള ആദരവ്, വിഭവങ്ങളുടെ നീതിപൂര്‍വകമായ ഉപയോഗം, ആവശ്യങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, വരുമാനത്തിനനുസരിച്ചു ജീവിക്കല്‍ എന്നിവയൊക്കെ നമ്മുടെ പാരമ്പര്യത്തിന്റെയും ഇന്നു നടത്തുന്ന ശ്രമങ്ങളുടെയും പ്രധാന ഭാഗങ്ങളാണ്. ആവശ്യമാണു നിറവേറ്റപ്പെടേണ്ടത്, അത്യാഗ്രഹമല്ല എന്നതാണു നമ്മെ നയിക്കുന്ന ആശയം. 
അതുകൊണ്ടുതന്നെ ഇന്ത്യ ഇപ്പോള്‍ വന്നിരിക്കുന്നത് ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ചു പറയാന്‍ മാത്രമല്ല, പ്രായോഗിക സമീപനവും പ്രവര്‍ത്തന പദ്ധതിയും അവതരിപ്പിക്കാന്‍കൂടിയാണ്. ഒരു ഔണ്‍സ് പരിശീലനം ഒരു ടണ്‍ പ്രസംഗത്തേക്കാള്‍ വലുതാണെന്നു ഞങ്ങള്‍ കരുതുന്നു. 
ഇന്ത്യ ഫോസിലിതര ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുകയാണ്. 2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജ ശേഷി 175 ജിഗാ വാട്‌സും തുടര്‍ന്ന് അത് 450 ജിഗാ വാട്‌സും ആയി ഉയര്‍ത്താനാണു പദ്ധതി. 
ഇ-മൊബിലിറ്റി വഴി ഗതാഗത മേഖല പ്രകൃതിക്ക് ഇണങ്ങുന്നതാക്കാനാണ് ഇന്ത്യയുടെ പദ്ധതി. 
പെട്രോളിലും ഡീസലിലും ചേര്‍ക്കുന്ന ജൈവ ഇന്ധനത്തിന്റെ അനുപാതം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും ഇന്ത്യ നടത്തിവരികയാണ്. 
15 കോടി കുടുംബങ്ങള്‍ക്കു മാലിന്യമുക്തമായ പാചക വാതകം ഞങ്ങള്‍ ലഭ്യമാക്കിക്കഴിഞ്ഞു. 
ജല സംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനും ജലവിഭവ വികസനത്തിനുമായി ഞങ്ങള്‍ ജല്‍ ജീവന്‍ മിഷനു തുടക്കമിട്ടു. വരുന്ന ഏതാനും വര്‍ഷത്തേക്ക് ഇതിനായി 50 കോടി ഡോളറോളം ചെലവിടാനാണ് ഇന്ത്യയുടെ പദ്ധതി. 
രാജ്യാന്തര തലത്തില്‍, ഞങ്ങളുടെ രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ എണ്‍പതോളം രാജ്യങ്ങള്‍ അംഗങ്ങളാണ്. ഇന്ത്യയും സ്വീഡനും മറ്റു പങ്കാളികളുമായി ചേര്‍ന്ന് ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍ ട്രാക്കില്‍ ലീഡര്‍ഷിപ്പ് പദ്ധതിക്കു തുടക്കമിടുകയാണ്. സാങ്കേതികവിദ്യയിലെ നവീന ആശയങ്ങള്‍ സംബന്ധിച്ചു സഹകരിക്കുന്നതിനായി ഗവണ്‍മെന്റുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും വേദിയൊരുക്കാന്‍ ഈ മുന്നേറ്റം സഹായകമാകും. വ്യവസായ മേഖലയ്ക്കു ലോ കാര്‍ബണ്‍ പാത വികസിപ്പിച്ചെടുക്കുന്നതിന് ഇതു ഗുണകരമാകും. 
അടിസ്ഥാന സൗകര്യ രംഗത്തുണ്ടായിട്ടുള്ള നാശം പരിഹരിക്കുന്നതിനായി കൊയലീഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റീസൈലന്റ് ഇന്‍ഫ്രാസ്ട്രക്ചറിനു തുടക്കമിടുകയാണ്  ഇന്ത്യ. ഈ സഖ്യത്തില്‍ ചേരാന്‍ അംഗരാഷ്ട്രങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. 
ഈ വര്‍ഷം ഓഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിനായുള്ള ജനകീയ മുന്നേറ്റത്തിനായി ഞങ്ങള്‍ ആഹ്വാനം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിമിത്തമുള്ള ദോഷങ്ങള്‍ സംബന്ധിച്ച് ആഗോള ബോധവല്‍ക്കരണത്തിന് ഇത് ഉതകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. 
ബഹുമാനപ്പെട്ടവരേ, 
ഇന്ത്യ പത്തു ലക്ഷം ഡോളര്‍ ചെലവിട്ടു സ്ഥാപിച്ച സൗരോര്‍ജ പാനല്‍ നാളെ യു.എന്‍. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഉദ്ഘാടനം ചെയ്യുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. 
സംസാരിച്ചിരിക്കുന്നതിനുള്ള സമയം കഴിഞ്ഞു; ലോകത്തിന് ഇപ്പോള്‍ ആവശ്യം പ്രവര്‍ത്തനമാണ്. 
നന്ദി. വളരെയധികം നന്ദി. 
കുറിപ്പ്: പ്രധാനമന്ത്രി പ്രസംഗിച്ചതു ഹിന്ദിയിലാണ്. ഏകദേശ തര്‍ജമയാണ് ഇത്.