പൊതുസഭയുടെ ബഹുമാനപ്പെട്ട പ്രസിഡന്റ് വോള്‍ക്കന്‍ ബോസ്കിര്‍, വിശിഷ്ടാതിഥികളേ, സഹോദരീ സഹോദരന്മാരേ, നമസ്കാരം!
എഴുപത്തിയഞ്ച് വര്‍ഷം മുമ്പ് യുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് ഒരു പുതിയ പ്രതീക്ഷ ഉടലെടുത്തു. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ലോകത്തിനാകെ പ്രയോജനപ്പെടുന്നതിനായി ഒരു സംവിധാനം സൃഷ്ടിക്കപ്പെട്ടു. യുഎന്‍ ചാര്‍ട്ടറിന്റെ സ്ഥാപകാംഗം എന്ന നിലയില്‍ ഇന്ത്യ ആ മഹദ് വീക്ഷണത്തിന്റെ ഭാഗമായിരുന്നു. ചരാചരങ്ങളെ ഒരു കുടുംബമായി കണക്കാക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ സ്വന്തം തത്വത്തെയാണ് ഇത് പ്രതിഫലിപ്പിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളിലൂടെ നമ്മുടെ ലോകം ഇന്നൊരു മെച്ചപ്പെട്ടയിടമായി മാറിയിട്ടുണ്ട്. ഇന്ത്യ സുപ്രധാന സംഭാവനയേകുന്ന യുഎന്‍ സമാധാന പരിപാലന ദൗത്യങ്ങളില്‍ ഉള്‍പ്പെടെ, യുഎന്‍ പതാകയ്ക്ക് കീഴില്‍ സമാധാനത്തിനും വികസനത്തിനുമായി നീക്കങ്ങള്‍ നടത്തുന്ന ഏവര്‍ക്കും ഞങ്ങള്‍ ആദരവര്‍പ്പിക്കുന്നു.
പക്ഷേ, വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് നാമെടുക്കുന്ന ഭാവിയിലേയ്ക്കുള്ള പ്രതിജ്ഞ, ഇനിയും നമുക്കു ജോലി ബാക്കിയുണ്ടെന്നു വെളിവാക്കുന്നു: സംഘര്‍ഷങ്ങള്‍ തടയുക, വികസനം ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടുക, അസമത്വം ഇല്ലാതാക്കുക, ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നിവയിലൊക്കെ. ഐക്യരാഷ്ട്രസഭയ്ക്കു തന്നെ ഒരു പരിഷ്കരണം വേണ്ടതിന്റെ ആവശ്യകതയും പ്രഖ്യാപനം അംഗീകരിക്കുന്നു.
കാലഹരണപ്പെട്ട ഘടനയുമായി ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ നമുക്കു കഴിയില്ല. സമഗ്രമായ പരിവര്‍ത്തനമില്ലാതെ ആത്മവിശ്വാസത്തില്‍ പ്രതിസന്ധി നേരിടുകയാണ് യുഎന്‍. ഇന്നത്തെ പരസ്പര ബന്ധിതമായ ലോകത്തിനായി നമുക്ക് ബഹുമുഖ പരിഷ്കരണങ്ങള്‍ ആവശ്യമാണ്: അത് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാകണം; കൂട്ടാളികള്‍ക്കെല്ലാം ശബ്ദം നല്കുന്നതാകണം; സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതാകണം; മനുഷ്യക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം.
മറ്റെല്ലാ രാജ്യങ്ങള്‍ക്കൊപ്പം ഈ ലക്ഷ്യം നേടാനായി കൈകോര്‍ക്കുന്നതിന് ഇന്ത്യ ആഗ്രഹിക്കുന്നു.
നന്ദി.
നമസ്കാരം!
Marking 75 years of the @UN. https://t.co/2j7HPYjEGA
— Narendra Modi (@narendramodi) September 21, 2020