Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം


‘ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പ്രസിഡന്റ്,
വേദിയിലെ മറ്റ് വിശിഷ്ട വ്യക്തികളെ,
ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള വിശിഷ്ടരായ പ്രതിനിധികളെ,
മഹതികളെ, മഹാന്‍മാരെ,

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാമത് വാര്‍ഷിക യോഗത്തിന് ഇവിടെ മുംബൈയില്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ബാങ്കുമായും അതിന്റെ അംഗങ്ങളുമായുള്ള നമ്മുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഈ അവസരം ലഭിച്ചത് ആഹ്‌ളാദകരമാണ്. 

2016 ജനുവരിയിലാണ് എഐഐബി അതിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ സമയം  കൊണ്ട് ബാങ്കിന് 87 അംഗങ്ങളായി. ഒപ്പം നൂറ് ബില്യണ്‍ ഡോളറിന്റെ മൂലധന ഓഹരിയും ഉറപ്പായി. ഏഷ്യയില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ബാങ്ക് ഒരുങ്ങിക്കഴിഞ്ഞു. 

സുഹൃത്തുക്കളെ, 

നമ്മുടെ ജനങ്ങള്‍ക്ക് നല്ലൊരു നാളെ പ്രധാനം ചെയ്യാനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്. വികസ്വര രാഷ്ടങ്ങള്‍ എന്ന നിലയില്‍ സമാനമായ വെല്ലുവിളികളാണ് നാം പങ്കിടുന്നത്. അടിസ്ഥാന സൗകര്യത്തിന് വിഭവം കണ്ടെത്തുകയാണ് അവയിലൊന്ന്. ‘അടിസ്ഥാന സൗകര്യത്തിന് ധനസമാഹരണം: നവീന ആശയങ്ങളും കൂട്ടായ പ്രവര്‍ത്തനവും’ എന്നതാണ് ഈ വര്‍ഷത്തെ വിഷയമെന്നതില്‍ എനിക്ക് സന്തുഷ്ടിയുണ്ട്. സുസ്ഥിരമായ അടിസ്ഥാന സൗകര്യത്തില്‍ എഐഐബിയുടെ നിക്ഷേപങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും.

വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ധനകാര്യ സേവനങ്ങള്‍, ഔപചാരിക തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ ലഭ്യതയില്‍ വളരെ വ്യാപകമായ അസമാനതകളാണ് ഏഷ്യ ഇന്ന് അഭിമുഖീകരിക്കുന്നത്. 

എഐഐബി പോലുള്ള സ്ഥാപനങ്ങള്‍ മുഖേനയുള്ള മേഖലാ ബഹുമുഖത്വങ്ങള്‍ക്ക് വിഭവങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതില്‍ ഒരു മുഖ്യമായ പങ്ക് വഹിക്കാനാകും. 

ഊര്‍ജ്ജം, ഗതാഗതം, വാര്‍ത്താവിനിമയം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കാര്‍ഷിക വികസനം, ജലവിതരണവും ശുചിത്വവും, പരിസ്ഥിതി സംരക്ഷണം, നഗരവികസനം, സേവനങ്ങളും ഉപകരണങ്ങളും എത്തിച്ച് കൊടുക്കല്‍ എന്നീ മേഖലകള്‍ക്ക് ദീര്‍ഘകാല വായ്പകള്‍ ആവശ്യമാണ്. ഇത്തരം വായ്പകളിന്മേലുള്ള പലിശ താങ്ങാവുന്ന നിരക്കിലുള്ളതും സുസ്ഥിരവുമായിരിക്കണം. 

ചെറിയൊരു കാലം കൊണ്ട് ഒരു ഡസനിലധികം രാജ്യങ്ങളിലെ നാല് ദശലക്ഷത്തിലധികം ഡോളറിന്റെ 25 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതൊരു നല്ല തുടക്കമാണ്. 

നൂറുദശലക്ഷം ഡോളറിന്റെ പ്രതിബദ്ധ മൂലധനവും അംഗരാജ്യങ്ങളിലെ അടിസ്ഥാന സൗകര്യത്തിനുള്ള വമ്പിച്ച ആവശ്യവും കണക്കിലെടുക്കുമ്പോള്‍ വായ്പ തുക നാല് ദശലക്ഷം ഡോളറില്‍ നിന്ന് 2020 ആകുമ്പോള്‍ 40 ബില്യണ്‍ ഡോളറായും 2025 ഓടെ 100 ബില്യണ്‍ ഡോളറായും വര്‍ദ്ധിപ്പിക്കണമെന്ന് എഐഐബിയെ ആഹ്വാനം ചെയ്യാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു. 

ലളിതമായ നടപടിക്രമങ്ങളും വേഗത്തിലുള്ള അനുമതിയും ഇതിന് ആവശ്യമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള പദ്ധതികളും, കരുത്തുറ്റ പദ്ധതി നിര്‍ദ്ദേശങ്ങളും വേണം. 

സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ ഉള്‍ച്ചേര്‍ച്ചയുള്ളതും സുസ്ഥിരവുമാക്കി മാറ്റാന്‍ ഇന്ത്യയും എഐഐബിയും ഒരുപോലെ ശക്തമായി പ്രതിബദ്ധരാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ ഞങ്ങള്‍ നൂതന പൊതു സ്വകാര്യ പങ്കാളിത്ത മാതൃകകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെബ്റ്റ് ഫണ്ടുകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ മുതലായവ അടിസ്ഥാന സൗകര്യമേഖലയുടെ ധനസഹായത്തിനായി വിനിയോഗിക്കുന്നു. ഒരു ഗവണ്‍മെന്റ് കമ്പനി പുതിയൊരു ഉത്പാദന പ്രക്രിയയ്ക്ക് അതിന്റെ നിലവിലുള്ള ഉത്പാദന സൗകര്യങ്ങള്‍ പാട്ടത്തിന് കൊടുക്കുന്ന ബ്രൗണ്‍ ഫീല്‍ഡ് ആസ്തികളെ അടിസ്ഥാന സൗകര്യ മേഖലയ്ക്കായി ഒരു  പ്രത്യേക വിഭാഗം ആസ്തികളാക്കി വികസിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ച് വരികയാണ്. ഇത്തരം ആസ്തികള്‍ ഒരു തവണ ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി, വനം അനുമതികള്‍ എന്നിവ നേടിയിട്ടുള്ളതിനാല്‍ അവ താരതമ്യേന പ്രശ്‌നമില്ലാത്തവയാണ്. ഇത്തരം ആസ്തികള്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, വെല്‍ത്ത് ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള നിക്ഷേപം കൂടുതലായി വരും. 

ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ നിധിയാണ് മറ്റൊരു സംരംഭം. ആഭ്യന്തര രാജ്യാന്തര സ്രോതസ്സുകളില്‍ നിന്നുള്ള നിക്ഷേപം അടിസ്ഥാന സൗകര്യ മേഖലയിലേയ്ക്ക് തിരിച്ച് വിടാന്‍ ലക്ഷ്യമിട്ടാണ് ഇത്. എഐഐബിയുടെ 200 ദശലക്ഷം ഡോളറിന്റെ വാഗ്ദാനം ഈ നിധിയ്ക്ക് വലിയൊരു കുതിപ്പായി. 

മഹതികളെ, മഹാന്‍മാരെ,

ലോകത്തെ ഏറ്റവും നിക്ഷേപ സൗഹൃദ സമ്പദ്ഘടനകളില്‍ ഒന്നാണ് ഇന്ത്യ. നിക്ഷേപകര്‍ നോക്കുന്നത് വളര്‍ച്ചയെയും സ്ഥൂല സാമ്പത്തിക സ്ഥിരതയെയുമാണ്. തങ്ങളുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ സ്ഥിരതയും, പിന്തുണയേകുന്ന നിയന്ത്രണ ചട്ടക്കൂടും അവര്‍ക്ക് വേണം. വന്‍തോതിലുള്ള പ്രവര്‍ത്തനത്തിന്റെയും ഉയര്‍ന്ന മൂല്യവര്‍ദ്ധനവിന്റെയും കാഴ്ചപ്പാടില്‍ വലിയൊരു ആഭ്യന്തര വിപണി, നൈപുണ്യമുള്ള തൊഴിലാളികള്‍, മികച്ച അടിസ്ഥാന സൗകര്യം എന്നിവയും നിക്ഷേപകരെ ആകര്‍ഷിക്കും. ഈ ഓരോ മാനദണ്ഡങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നമ്മുടെ ചില നേട്ടങ്ങളും അനുഭവങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

ആഗോള വളര്‍ച്ചയെ നയിക്കുന്നതോടൊപ്പം ആഗോള സമ്പദ്ഘടനയുടെ പ്രകാശമാനമായൊരു ബിന്ദുവായി ഇന്ത്യ മാറിക്കഴിഞ്ഞു. 2.8 ട്രില്യണ്‍ ഡോളറിന്റെ വലിപ്പത്തോടെ ലോകത്തില്‍ ഏഴാം സ്ഥാനത്താണ് അത് നിലകൊള്ളുന്നത്. വാങ്ങല്‍ ശേഷി തുല്യതയുടെ കാര്യത്തില്‍ അത് മൂന്നാം സ്ഥാനത്താണ്. 2017 ന്റെ നാലാം പാദത്തില്‍ 7.7 ശതമാനമായിട്ടാണ് ഞങ്ങളുടെ വളര്‍ച്ച. 2018 ല്‍ 7.4 ശതമാനമായിരിക്കും വളര്‍ച്ചയെന്നാണ് അനുമാനം. 

വില സ്ഥിരതയും കരുത്തുറ്റ വിദേശ രംഗവും നിയന്ത്രണ വിധേയമായ സാമ്പത്തിക നിലയും ഞങ്ങളുടെ സ്ഥൂല സാമ്പത്തിക അടിത്തറ ശക്തമാക്കി. എണ്ണവില ഉയരുന്നുണ്ടെങ്കിലും പണപ്പെരുപ്പം അനുവദനീയമായ നിരക്കിനുള്ളിലാണ്. സാമ്പത്തിക ഏകീകരണത്തിന്റെ പാതയില്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ഉറച്ചതാണ്. ജിഡിപിയുടെ ശതമാനത്തിലുള്ള ഗവണ്‍മെന്റിന്റെ കടം സ്ഥിരമായി കുറഞ്ഞ് വരുകയാണ്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയുടെ റേറ്റിംഗില്‍ ഉയര്‍ച്ച നേടാനായി. 

വിദേശ മേഖല കരുത്തുറ്റതായി തുടരുന്നു. 4000 ബില്യണ്‍ ഡോളറില്‍ അധികമുള്ള നമ്മുടെ വിദേശ വിനിമയ നിക്ഷേപം വേണ്ടത്ര ആയാസം തരുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയിലുള്ള ആഗോള വിശ്വാസം വര്‍ദ്ധിക്കുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 222 ബില്യണ്‍ ഡോളറാണ് ഈ ഇനത്തില്‍ വന്നിട്ടുള്ളത്. യു.എന്‍.സി.റ്റി.എ.ഡി യുടെ ആഗോള നിക്ഷേപ റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും മികച്ച വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ഇന്ത്യ തുടരുന്നു. 

മഹതികളെ, മഹാന്‍മാരെ,

ഒരു നിക്ഷേപകന്റെ ദൃഷ്ടിയില്‍ ഏറ്റവും അപകടം കുറഞ്ഞ രാഷ്ട്രീയ സമ്പദ്ഘടനയായിട്ടാണ് ഇന്ത്യയെ കാണുന്നത്. നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ബിസിനസ്സ് നടത്തിപ്പിനുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ഞങ്ങള്‍ ലളിതമാക്കുകയും ധീരമായ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. കാര്യക്ഷമവും, സുതാര്യവും, വിശ്വസനീയവും, പ്രവചിക്കാനാവുന്നതുമായ ഒരു അന്തരീക്ഷം നിക്ഷേപകര്‍ക്ക് ഞങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. 

നേരിട്ടുള്ള വിദേശ നിക്ഷേപം ഞങ്ങള്‍ ഉദാരമാക്കി. ഇന്ന് മിക്ക മേഖലകളും സ്വമേധയാ അനുമതി നല്‍കുന്ന വിധത്തിലായി. 

രാജ്യത്ത് നടപ്പാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുപ്രധാനവും ചിട്ടയാര്‍ന്നതുമായ പരിഷ്‌ക്കാരങ്ങളില്‍ ഒന്നാണ് ചരക്ക് സേവന നികുതി. അത് നികുതി വര്‍ദ്ധന കുറയ്ക്കുന്നതോടൊപ്പം സുതാര്യത വര്‍ദ്ധിപ്പിക്കുകയും കാര്യക്ഷമത കൂട്ടുകയും ചെയ്യുന്നു. ഇവയെല്ലാം നിക്ഷേപകന് ഇന്ത്യയില്‍ ബിസിനസ്സ് നടത്താന്‍ കൂടുതല്‍ സഹായിക്കുന്നു. 

ഇവയും മറ്റ് പല മാറ്റങ്ങളും ആഗോള സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോകബാങ്കിന്റെ 2018 ലെ ബിസിനസ്സ് ചെയ്യല്‍ സുഗമമാക്കല്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യ മൂന്ന് വര്‍ഷം കൊണ്ട് 42 സ്ഥാനം താണ്ടി ആദ്യ നൂറിലെത്തി. 

ഇന്ത്യന്‍ വിപണിയുടെ വലുപ്പവും വളര്‍ച്ചയും വളരെയധികം സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി. ഞങ്ങള്‍ക്ക് 300 ദശലക്ഷം ഇടത്തരക്കാരായ ഉപഭോക്താക്കളുണ്ട്. അടുത്ത 10 വര്‍ഷം കൊണ്ട് ഈ സംഖ്യ ഇരട്ടിയാകുമെന്ന് കരുതുന്നു. ഇന്ത്യയിലെ ആവശ്യത്തിന്റെ വലുപ്പവും മാനവും നിക്ഷേപകര്‍ക്ക് അനുകൂലമാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ ഭവന നിര്‍മ്മാണ പദ്ധതി നഗരപ്രദേശങ്ങളില്‍ 10 ദശലക്ഷം വീടുകള്‍ ലക്ഷ്യമിടുന്നു. ഇത് നിരവധി രാജ്യങ്ങളുടെ മൊത്ത ആവശ്യത്തേക്കാള്‍ കൂടുതലായിരിക്കും. അതിനാല്‍ ഭവന നിര്‍മ്മാണ രംഗത്ത് പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം ഇന്ത്യയില്‍ നടപ്പാക്കിയാല്‍ അത് വര്‍ദ്ധിച്ച തോതില്‍ ഗുണകരമാകും. 

മറ്റൊരു ഉദാഹരണം ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ പരിപാടിയാണ്. 2022 ഓടെ പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് 175 ജിഗാവാട്ടിന്റെ ശേഷി ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതില്‍ സൗരോര്‍ജ്ജ ശേഷി 100 ജിഗാ വാട്ടായിരിക്കും. ഈ ലക്ഷ്യം കവിയാനുള്ള മാര്‍ഗ്ഗത്തിലാണ് ഞങ്ങള്‍. 2017 ല്‍ പരമ്പരാഗത ഊര്‍ജ്ജത്തിലേതിനേക്കാള്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ ഞങ്ങള്‍ കൂടുതല്‍ ശേഷി കൈവരിച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ രൂപത്തില്‍ സൗരോര്‍ജ്ജത്തെ മുഖ്യധാരയിലെത്തിക്കാന്‍ കൂട്ടായ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നു. ഈ സഖ്യത്തിന്റെ സ്ഥാപക സമ്മേളനം ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്നു. 2030 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ നിക്ഷേപം വഴി 1000 ജിഗാ വാട്ട് സൗരോര്‍ജ്ജശേഷിയാണ് സഖ്യം ലക്ഷ്യമിടുന്നത്.

ഇ-മൊബിലിറ്റിയിലാണ് ഇന്ത്യ പ്രവര്‍ത്തിച്ച് വരുന്നത്. നമ്മുടെ മുന്നിലുള്ള വെല്ലുവിളി സാങ്കേതിക വിദ്യയുടേതാണ്. പ്രത്യേകിച്ച് സ്റ്റോറേജിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഒരു ആഗോള മൊബിലിറ്റി സമ്മേളനത്തിന് ഇന്ത്യ ആതിഥ്യമരുളും. മുന്നോട്ടുള്ള യാത്രയില്‍ ഇത് ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയില്‍ എല്ലാ തലങ്ങളിലും ഞങ്ങള്‍ കണക്റ്റിവിറ്റിയുടെ നിലവാരം ഉയര്‍ത്തുകയാണ്. ദേശീയ ഇടനാഴികളും ഹൈവേകളും നിര്‍മ്മിച്ച് റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഭാരത് മാല പദ്ധതി. തുറമുഖങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി, തുറമുഖങ്ങളുടെ നവീകരണം, തുറമുഖങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നിവയ്ക്ക് കുതിപ്പേകാന്‍ ലക്ഷ്യമിടുന്നതാണ് സാഗര്‍മാല പദ്ധതി. റെയില്‍വേ ശൃംഖലയിലെ തിരക്കൊഴിവാക്കാന്‍ പ്രത്യേക ചരക്ക് ഇടനാഴികള്‍ വികസിപ്പിച്ച് വരുന്നു. ഉള്‍നാടന്‍ ജലഗതാഗതം മുഖേനയുള്ള ആഭ്യന്തര വ്യാപാരത്തിന് ദേശീയ ജലപാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ജലമാര്‍ഗ്ഗ് വികാസ് പദ്ധതി. മെച്ചപ്പെട്ട വ്യോമ കണക്റ്റിവിറ്റിയ്ക്കും പ്രാദേശിക വിമാനത്താവളങ്ങളുടെ വികസനത്തിനും ലക്ഷ്യമിടുന്നതാണ് ഞങ്ങളുടെ ഉഡാന്‍ പദ്ധതി. ചരക്ക് നീക്കത്തിനും ഗതാഗതത്തിനും ഇന്ത്യയുടെ വിശാലമായ തീരപ്രദേശം ഉപയോഗിക്കാനുള്ള സാധ്യത ഇനിയും വേണ്ടത്ര ശ്രദ്ധ കിട്ടാതെയും ഉപയോഗിക്കപ്പെടാതയും ഇരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു.

അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പത്തെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍ ആധുനിക കാലത്തെ അടിസ്ഥാന സൗകര്യത്തില്‍ ഇന്ത്യ കൈവരിച്ച ചില നേട്ടങ്ങളെ ഞാന്‍ നിശ്ചയമായും പരാമര്‍ശിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഭാരത്‌നെറ്റ്. 460 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ 1.2 ദശലക്ഷം മൊബൈല്‍ ഫോണുകളാണ് ഉപയോഗത്തിലുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റുകളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐയും, ഒപ്പം ഭീം ആപ്പും, റൂപേ കാര്‍ഡും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയുടെ യഥാര്‍ത്ഥ ശേഷി വ്യക്തമാക്കിയിട്ടുണ്ട്. ഉമംഗ് ആപ്പിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകളിലൂടെ 100 ലധികം പൊതുസേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്ത് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അസമത്വം കുറയ്ക്കാന്‍ ഞങ്ങളുടെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യം ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ ജീവനാഡിയാണ് കൃഷി. സംഭരണശാലകള്‍, ശീതീകരണ ശൃംഖലകള്‍, ഭക്ഷ്യ സംസ്‌ക്കരണം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മുതലായവയില്‍ ഞങ്ങള്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. വര്‍ദ്ധിച്ച ഉത്പാദന ക്ഷമതയ്ക്കായി ഫലപ്രദമായ ജലവിനിയോഗത്തിന് സൂക്ഷ്മ ജലസേചനത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ രംഗത്തെ നിക്ഷേപ സാധ്യതകള്‍ പരിശോധിച്ച് ഞങ്ങളുമായി സഹകരിക്കാന്‍ എഐഐബി തയ്യാറാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പാവപ്പെട്ടവരും ഭവന രഹിതരുമായ എല്ലാ കുടുംബങ്ങള്‍ക്കും 2022 ഓടെ ശൗചാലയത്തോടു കൂടിയ ഒരു വീട്, വെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കാന്‍ ഞങ്ങളുദ്ദേശിക്കുന്നു. മാലിന്യ പരിപാലനം കാര്യക്ഷമമാക്കാനുള്ള വിവിധ തന്ത്രങ്ങളും ഞങ്ങള്‍ പരിഗണിക്കുകയാണ്. 
ഞങ്ങളുടെ ദേശീയ ആരോഗ്യ പരിരക്ഷാ ദൗത്യമായ ആയുഷ്മാന്‍ ഭാരത് ഈയടുത്ത കാലത്താണ് ആരംഭിച്ചത്. 100 ദശലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 7000 ത്തിലധികം ഡോളറിന്റെ ആരോഗ്യ പരിരക്ഷയാണ് ഈ പദ്ധതി നല്‍കുന്നത്. ഇതിന്റെ ഫലമായിട്ടുണ്ടാകുന്ന വിപുലമായ ആരോഗ്യ പരിചരണ സൗകര്യങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉയര്‍ന്ന ഗുണനിലവാരമുള്ള ഔഷധങ്ങള്‍ മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനവും ഇത് പ്രോത്സാഹിപ്പിക്കും. കാള്‍ സെന്ററുകള്‍, ഗവേഷണത്തിനും മൂല്യനിര്‍ണ്ണയത്തിനുമുള്ള  സൗകര്യങ്ങള്‍, വിദ്യാഭ്യാസ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യ പരിചരണ വ്യവസായത്തിന് മൊത്തത്തില്‍ ഇത് കുതിപ്പേകും.

കൂടാതെ ആരോഗ്യ പരിരക്ഷ ഗവണ്‍മെന്റ് ഉറപ്പാക്കുന്നതിലൂടെ ഒരു കുടുംബത്തിന്റെ സമ്പാദ്യം മറ്റ് നിക്ഷേപങ്ങള്‍ക്കായി മെച്ചപ്പെട്ട രൂപത്തില്‍ വിനിയോഗിക്കാം. പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന ഈ വര്‍ദ്ധന സമ്പദ്ഘടനയില്‍ ഡിമാന്റ് വര്‍ദ്ധിപ്പിക്കും. നിക്ഷേപകര്‍ക്ക് ഈ രംഗത്തും വന്‍ സാധ്യതകളാണ് ഞാന്‍ കാണുന്നത്.

സുഹൃത്തുക്കളെ,

സാമ്പത്തിക പുനരുദ്ധാനത്തിന്റെ ഇന്ത്യന്‍ഗാഥ ഏഷ്യയിലെ മറ്റ് പല രാജ്യങ്ങളുടേതിനും സമാനമാണ്. ഇപ്പോള്‍ ഈ ഭൂഖണ്ഡം തന്നെ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ സുപ്രധാന വളര്‍ച്ച കേന്ദ്രമായും അത് മാറിക്കഴിഞ്ഞു. പലരും വിശേഷിപ്പിച്ചതു പോലെ ‘ഏഷ്യന്‍ നൂറ്റാണ്ടിലാണ്’ നാം ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.

ഒരു നവ ഇന്ത്യ ഉദിച്ചുയരുകയാണ്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും വൈജ്ഞാനിക സമ്പദ്ഘടനയുടെയും, സമഗ്ര വികസനത്തിന്റെയും എല്ലാവര്‍ക്കും സാമ്പത്തിക അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന തൂണുകളില്‍ നിലകൊള്ളുന്ന ഒരു ഇന്ത്യയായിരിക്കും അത്. എഐഐബി ഉള്‍പ്പെടെയുള്ള വികസന പങ്കാളികളുമായുള്ള നമ്മുടെ തുടര്‍ന്നുള്ള ഇടപെടലുകള്‍ ഞങ്ങള്‍ ഉറ്റുനോക്കുകയാണ്. 

ചുരുക്കത്തില്‍ ഈ വേദിയിലെ ആശയ വിനിമയങ്ങള്‍ ഏവര്‍ക്കും ഫലപ്രദവും സമ്പുഷ്ടവുമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

നന്ദി’

.
*****