ബഹുമാന്യരേ,
വെല്ലുവിളി നിറഞ്ഞ ആഗോള-പ്രാദേശികപരിതസ്ഥിതിയിലും ഇക്കൊല്ലം എസ്സിഒയെ ഫലപ്രദമായി നയിക്കുന്നതിനു പ്രസിഡന്റ് മിർസിയോയേവിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
മഹാമാരിക്കുശേഷം ലോകംമുഴുവൻ ഇന്നു സാമ്പത്തികവീണ്ടെടുക്കലുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, എസ്സിഒയുടെ പങ്കു വളരെ പ്രധാനമാണ്. എസ്സിഒ അംഗരാജ്യങ്ങളാണ് ആഗോള ജിഡിപിയുടെ ഏകദേശം 30 ശതമാനം സംഭാവനചെയ്യുന്നത്. മാത്രമല്ല, ലോകജനസംഖ്യയുടെ 40 ശതമാനവും എസ്സിഒ രാജ്യങ്ങളിലാണു വസിക്കുന്നതും. എസ്സിഒ അംഗങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കുന്നതിനും പരസ്പരവിശ്വാസത്തിനും ഇന്ത്യ പിന്തുണയേകുന്നു. മഹാമാരിയും യുക്രൈൻ പ്രതിസന്ധിയും ആഗോള വിതരണശൃംഖലയിൽ നിരവധി തടസങ്ങൾ സൃഷ്ടിച്ചു. ഇതിനാൽ ലോകംമുഴുവൻ അഭൂതപൂർവമായ ഊർജ-ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്. നമ്മുടെ മേഖലയിൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണവുമായ വിതരണശൃംഖല വികസിപ്പിക്കുന്നതിന് എസ്സിഒ പരിശ്രമിക്കണം. ഇതിനു മികച്ച സമ്പർക്കസൗകര്യങ്ങൾ വേണ്ടതുണ്ട്. അതുപോലെതന്നെ ഗതാഗതത്തിനുള്ള പൂർണ അവകാശം നാമെല്ലാവരും പരസ്പരം നൽകേണ്ടതും പ്രധാനമാണ്.
ബഹുമാന്യരേ,
ഉൽപ്പാദനകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ യുവ-വൈദഗ്ധ്യ തൊഴിൽശക്തി ഞങ്ങളെ സ്വാഭാവികമായും മത്സരത്തിനു കെൽപ്പുള്ളവരാക്കുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഈ വർഷം 7.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതു ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലെതന്നെ ഏറ്റവും ഉയർന്ന നിലയിലാകും. ഞങ്ങളുടെ ജനകേന്ദ്രീകൃത വികസനമാതൃകയിൽ സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗത്തിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നു. എല്ലാ മേഖലയിലും ഞങ്ങൾ നവീകരണത്തെ പിന്തുണയ്ക്കുന്നു. ഇന്ന്, ഇന്ത്യയിൽ 70,000ത്തിലധികം സ്റ്റാർട്ടപ്പുകൾ ഉണ്ട്. അതിൽ 100ലധികം യൂണികോണുകളാണ്. ഞങ്ങളുടെ അനുഭവങ്ങൾ എസ്സിഒയിലെ മറ്റു പല അംഗങ്ങൾക്കും ഉപയോഗപ്രദമാകും. ഈ ആവശ്യത്തിനായി, സ്റ്റാർട്ടപ്പുകളിലും നവീകരണത്തിലും പ്രത്യേകമായി പുതിയ പ്രവർത്തകസംഘത്തിനു രൂപംനൽകി എസ്സിഒ അംഗരാജ്യങ്ങളുമായി അനുഭവം പങ്കിടാൻ ഞങ്ങൾ തയ്യാറാണ്.
ബഹുമാന്യരേ,
ലോകം ഇന്നു മറ്റൊരു പ്രധാന വെല്ലുവിളി നേരിടുന്നു – നമ്മുടെ പൗരന്മാർക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണത്. ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രശ്നത്തിനു സാധ്യമായ പരിഹാരം. എസ്സിഒ രാജ്യങ്ങളിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ആയിരക്കണക്കിനു വർഷങ്ങളായി വളരുന്ന ഭക്ഷ്യയോഗ്യമായ ഒന്നാണു ചെറുധാന്യങ്ങൾ. ഭക്ഷ്യപ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള പരമ്പരാഗതവും പോഷകസമൃദ്ധവും ചെലവുകുറഞ്ഞതുമായ ബദൽകൂടിയാണിത്. 2023 ചെറുധാന്യങ്ങൾക്കായുള്ള അന്താരാഷ്ട്ര വർഷമായിഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. എസ്സിഒയുടെ കീഴിൽ ‘ചെറുധാന്യ ഭക്ഷ്യോത്സവം’ സംഘടിപ്പിക്കുന്നതു പരിഗണിക്കണം.
ചികിത്സാ-സൗഖ്യ വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ ലോകത്ത് ഏറ്റവുമധികം പ്രാപ്തിയുള്ള സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ പരമ്പരാഗതവൈദ്യത്തിനായുള്ള ആഗോളകേന്ദ്രം 2022 ഏപ്രിലിൽ ഗുജറാത്തിൽ ഉദ്ഘാടനംചെയ്തു. പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ആദ്യത്തേതു മാത്രമല്ല, ഒരേയൊരു ആഗോള കേന്ദ്രംകൂടിയാണിത്. എസ്സിഒ രാജ്യങ്ങൾക്കിടയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ സഹകരണം വർധിപ്പിക്കണം. ഇതിനായി, പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ പുതിയ എസ്സിഒ പ്രവർത്തകസംഘത്തിന് ഇന്ത്യ മുൻകൈയെടുക്കും.
ഉപസംഹരിക്കുംമുമ്പ്, ഇന്നത്തെ യോഗം മികച്ച രീതിയിൽ നടത്തിയതിനും ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് മിർസിയോയേവിനു ഞാൻ വീണ്ടും നന്ദിപറയുന്നു.
വളരെ നന്ദി!
-ND-
My remarks at the SCO Summit in Samarkand. https://t.co/6f42ycVLzq
— Narendra Modi (@narendramodi) September 16, 2022
With SCO leaders at the Summit in Samarkand. pic.twitter.com/nBQxx8IVEe
— Narendra Modi (@narendramodi) September 16, 2022
At the SCO Summit in Samarkand, emphasised on the constructive role SCO can play in the post-COVID era particularly in furthering economic recovery and strengthening supply chains. Highlighted India’s emphasis on people-centric growth which also gives importance to technology. pic.twitter.com/kwF5bDESkR
— Narendra Modi (@narendramodi) September 16, 2022
At the SCO Summit, also emphasised on tackling the challenge of food security. In this context, also talked about India's efforts to further popularise millets. SCO can play a big role in marking 2023 as International Year of Millets.
— Narendra Modi (@narendramodi) September 16, 2022
PM @narendramodi at the SCO Summit in Samarkand, Uzbekistan. pic.twitter.com/A1h7h7Pvnw
— PMO India (@PMOIndia) September 16, 2022