Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എവിടെ ജോലി ചെയ്താലും ജീവിച്ചാലും മാതൃരാജ്യത്തിന്റെ ആവശ്യകതകള്‍ ഓര്‍ക്കണമെന്നു പ്രധാനമന്ത്രി


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്റെ 56ാമതു ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘എന്റെ മുന്നില്‍ ഇരിക്കുന്നതു മിനി ഇന്ത്യയും നവ ഇന്ത്യയുടെ ആവേശവുമാണ്. ഊര്‍ജവും സജീവതയും പ്രതീക്ഷയും അനുഭവപ്പെടുന്നു. നിങ്ങളുടെ കണ്ണുകളില്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ എനിക്കു സാധിക്കുന്നു. ഇന്ത്യയുടെ ഭാവി നിങ്ങളുടെ കണ്ണുകളില്‍ കാണാന്‍ എനിക്കു സാധിക്കുന്നു.’ ബിരുദം നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കവേ, മറ്റു ജീവനക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘പിന്‍തുണ നല്‍കുന്ന ജീവനക്കാര്‍ വഹിച്ച പങ്കിനെയും ഞാന്‍ പ്രശംസിക്കുന്നു. അവരാണു നിശ്ശബ്ദം നിങ്ങള്‍ക്കു ഭക്ഷണം തയ്യാറാക്കുകയോ ക്ലാസ്മുറികള്‍ ശുചിയായി സൂക്ഷിക്കുകയോ ഹോസ്റ്റലുകള്‍ വൃത്തിയാക്കുകയോ ചെയ്യുന്നത്.’

ഇന്ത്യയിലെ യുവാക്കളുടെ കഴിവിനെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ചര്‍ച്ചകളില്‍ ഒരു പൊതുകാര്യം ഉണ്ടായിരുന്നു. അതു നവ ഇന്ത്യയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ്. ഇന്ത്യന്‍ വംശജര്‍ ലോകത്താകമാനം സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്; വിശേഷിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയം എന്നിവയില്‍. ആരാണ് ഇതിന് ഊര്‍ജം പകരുന്നത്? അവരില്‍ പലരും ഐ.ഐ.ടികളില്‍നിന്നു പഠിച്ചിറങ്ങിയ നിങ്ങളുടെ മുന്‍ഗാമികളാണ്. നിങ്ങള്‍ ബ്രാന്‍ഡ് ഇന്ത്യയെ ആഗോളതലത്തില്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.’

‘ഇന്ന് ഇന്ത്യ 500 കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറാന്‍ തയ്യാറെടുക്കുമ്പോള്‍ നിങ്ങളുടെ നവീനാശയങ്ങളും സാങ്കേതികവിദ്യയോടുള്ള താല്‍പര്യവും ഊര്‍ജമേകും. ഏറ്റവും മല്‍സരക്ഷമതയാര്‍ന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്നതിന് ഇന്ത്യക്കുള്ള അടിത്തറയായി അതു തീരും. സമ്പദ്‌വ്യവസ്ഥയും പ്രയോജനത്വവും കൂട്ടിയിണക്കുക എന്നത് ഇന്ത്യയുടെ നവീനാശയമാണ്.’

രാജ്യത്തു ഗവേഷണവും നവീനാശയവും സംബന്ധിച്ച ഗവേഷണത്തിനു യോജിച്ച കരുത്തുറ്റ സാഹചര്യം സൃഷ്ടിക്കുന്നതിനായി നാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളിലും അടല്‍ ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കു വിപണി കണ്ടെത്തലാണ് അടുത്ത പടിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
‘നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ അസാധ്യമായതു സാധ്യമായി. എല്ലാം എളുപ്പമാര്‍ന്നവ അല്ലെങ്കിലും ഒട്ടേറെ അവസരങ്ങളാണു നിങ്ങളെ കാത്തിരിക്കുന്നത്. സ്വപ്‌നങ്ങളെ ഒരിക്കലും കൈവിടരുത്; എല്ലായ്‌പ്പോഴും സ്വയം വെല്ലുവിളികളെ സൃഷ്ടിച്ചുകൊണ്ടിരിക്കണം. അതു നന്നാകാന്‍ നിങ്ങളെ സഹായിക്കും.’, ശ്രീ. മോദി ആവശ്യപ്പെട്ടു.

‘നിങ്ങള്‍ എവിടെ ജോലി ചെയ്താലും എവിടെ ജീവിച്ചാലും മാതൃരാജ്യമായ ഇന്ത്യയുടെ ആവശ്യങ്ങള്‍ മനസ്സില്‍ കരുതണം. നിങ്ങളുടെ ജോലിയും ഗവേഷണവും നവീനാശയങ്ങളും എങ്ങനെ മാതൃരാജ്യത്തിന് ഉപയുക്തമാകുമെന്നു ചിന്തിക്കൂ. അതു നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തംകൂടിയാണ്.’, അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഇന്ന് ഒരു സമൂഹമെന്ന രീതിയില്‍ നമുക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ നീങ്ങേണ്ടതുണ്ട്. ഇതേ ഗുണങ്ങള്‍ ഉള്ളതും എന്നാല്‍ പാരിസ്ഥിതികമായി സമാനമായ ദോഷങ്ങള്‍ ഇല്ലാത്തതുമായ പരിസ്ഥിതിസൗഹൃദപൂര്‍ണമായ എന്താണു പകരം ഉപയോഗിക്കാന്‍ സാധിക്കുക? ഈ ഘട്ടത്തിലാണു നിങ്ങളെപ്പോലെ നവ ആശയങ്ങള്‍ കയ്യില്‍ ഉള്ളവരെക്കുറിച്ചു ഞങ്ങള്‍ ചിന്തിക്കുക. ഡാറ്റ സയന്‍സ്, ഡയഗ്നോസ്റ്റിക്‌സ്, ബിഹേവിയറല്‍ സയന്‍സ്, വൈദ്യശാസ്ത്രം എന്നിവയും സാങ്കേതികവിദ്യയും ചേരുമ്പോള്‍ കൗതുകമുണര്‍ത്തുന്ന ഉള്‍ക്കാഴ്ചകള്‍ ലഭിക്കും.’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘രണ്ടു തരം ആള്‍ക്കാരുണ്ട്- ജിവിക്കുന്നവരും നിലനില്‍ക്കുന്നവരും.’ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രി, മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്കാണു സന്തോഷവും സംതൃപ്തിയും ലഭിക്കുക എന്നു ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസവും പഠനവും തുടര്‍പ്രക്രിയയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കലാലയപഠനം അവസാനിപ്പിച്ച ശേഷവും പഠനവും അന്വേഷണവും തുടരണമെന്നു വിദ്യാര്‍ഥികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

**************