Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തൊഴില്‍ മന്ത്രിമാരുടെ ദേശീയ തൊഴില്‍ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തൊഴില്‍ മന്ത്രിമാരുടെ ദേശീയ തൊഴില്‍ സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നമസ്‌കാരം!
ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ബന്‍വാരി ലാല്‍ പുരോഹിത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ശ്രീ ഭൂപേന്ദര്‍ യാദവ് ജി, ശ്രീ രാമേശ്വര്‍ തേലി ജി, എല്ലാ സംസ്ഥാനങ്ങളിലെയും ബഹുമാനപ്പെട്ട തൊഴില്‍ മന്ത്രിമാരെ, തൊഴില്‍ സെക്രട്ടറിമാരെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മഹാന്‍മാരേ! ഒന്നാമതായി, തിരുപ്പതി ബാലാജി ഭഗവാന്റെ പാദങ്ങളില്‍ വണങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും സന്നിഹിതരാകുന്ന പുണ്യസ്ഥലം ഇന്ത്യയുടെ അധ്വാനത്തിനും കഴിവിനും സാക്ഷിയാണ്. ഈ സമ്മേളനത്തില്‍ നിന്നുയരുന്ന ആശയങ്ങള്‍ രാജ്യത്തിന്റെ തൊഴില്‍ ശക്തിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പരിപാടി സംഘടിപ്പിച്ചതിന് നിങ്ങളെയും, പ്രത്യേകിച്ച് തൊഴില്‍ മന്ത്രാലയത്തെയും, ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തില്‍ പ്രവേശിച്ചു. ‘അമൃത് കാല’ത്തില്‍ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതില്‍ ഇന്ത്യയുടെ തൊഴില്‍ ശക്തിക്ക് വലിയ പങ്കുണ്ട്. ഈ ചിന്തയോടെ സംഘടിത, അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്കായി രാജ്യം അഭംഗുരം പ്രവര്‍ത്തിക്കുന്നു.
പ്രധാനമന്ത്രി ശ്രം-യോഗി മന്ധന്‍ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന തുടങ്ങിയ വിവിധ സംരംഭങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരു തരം സുരക്ഷാ പരിരക്ഷ നല്‍കി. ഇത്തരം പദ്ധതികള്‍ മൂലം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ തങ്ങളുടെ കഠിനാധ്വാനത്തെ രാജ്യം ഒരുപോലെ മാനിക്കുന്നു എന്ന വിശ്വാസമുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അത്തരം എല്ലാ സംരംഭങ്ങളെയും നാം അങ്ങേയറ്റം സംവേദനക്ഷമതയോടെ വിന്യസിക്കണം, അതുവഴി തൊഴിലാളികള്‍ക്ക് അവയില്‍ നിന്ന് പരമാവധി പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളെ,
കൊറോണ കാലഘട്ടത്തില്‍ പോലും രാജ്യത്തിന്റെ ഈ ശ്രമങ്ങള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനത്തിന് നാം സാക്ഷികളായി. ‘എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം’ ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങളെ സഹായിച്ചിട്ടുണ്ട്. ഒരു പഠനമനുസരിച്ച്, ഈ പദ്ധതി ഏകദേശം 1.5 കോടി ആളുകളുടെ തൊഴില്‍ സംരക്ഷിച്ചു. ആയിരക്കണക്കിന് കോടി രൂപ മുന്‍കൂറായി നല്‍കിയതിനാല്‍ ഇപിഎഫ്ഒയും കൊറോണ കാലത്ത് ജീവനക്കാര്‍ക്ക് വളരെയധികം സഹായകമായി. സുഹൃത്തുക്കളേ, രാജ്യം തൊഴിലാളികളെ അവരുടെ അവശ്യസമയത്ത് പിന്തുണച്ചതുപോലെ, ഈ മഹാമാരിയില്‍ നിന്ന് കരകയറാന്‍ തൊഴിലാളികള്‍ അവരുടെ മുഴുവന്‍ ശക്തിയും വിനിയോഗിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ഇന്ന് ഇന്ത്യ വീണ്ടും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു, കൂടാതെ ധാരാളം മികവു നമ്മുടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നു.

സുഹൃത്തുക്കളെ,
രാജ്യത്തെ ഓരോ തൊഴിലാളിയെയും സാമൂഹിക സുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ‘ഇ-ശ്രം പോര്‍ട്ടല്‍’. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ആധാറുമായി ബന്ധിപ്പിച്ച ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 400 മേഖലകളിലായി 28 കോടി തൊഴിലാളികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്തത്. ഇപ്പോള്‍ ഇത്തരക്കാര്‍ക്കും യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ പോലുള്ള സൗകര്യങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി നാഷണല്‍ കരിയര്‍ സര്‍വീസ്, അസീം പോര്‍ട്ടല്‍, ഉദയം പോര്‍ട്ടല്‍ എന്നിവയുമായും ‘ഇ-ശ്രം പോര്‍ട്ടല്‍’ ബന്ധിപ്പിക്കുന്നു.

സംസ്ഥാന പോര്‍ട്ടലുകളെ ദേശീയ പോര്‍ട്ടലുകളുമായി സംയോജിപ്പിക്കാന്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കുകയും എല്ലാ സംസ്ഥാനങ്ങള്‍ക്കും രാജ്യത്തെ തൊഴില്‍ശക്തിയുടെ ഫലപ്രദമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ബ്രിട്ടീഷ് ഭരണകാലം മുതല്‍ നമ്മുടെ രാജ്യത്ത് നിരവധി തൊഴില്‍ നിയമങ്ങള്‍ നിലവിലുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അടിമ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന നിയമങ്ങള്‍ അടിമത്തത്തിന്റെ കാലഘട്ടത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങള്‍ മുന്‍കൈയെടുത്തു. രാജ്യം ഇപ്പോള്‍ അത്തരം തൊഴില്‍ നിയമങ്ങള്‍ മാറ്റുകയും പരിഷ്‌കരിക്കുകയും ലളിതമാക്കുകയും ചെയ്യുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, 29 തൊഴില്‍ നിയമങ്ങള്‍ നാല് ലളിതമായ തൊഴില്‍ കോഡുകളാക്കി മാറ്റി. ഇതോടെ, മിനിമം വേതനം, തൊഴില്‍ സുരക്ഷ, സാമൂഹിക സുരക്ഷ, ആരോഗ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ നമ്മുടെ തൊഴിലാളി സഹോദരങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടും. പുതിയ ലേബര്‍ കോഡുകളില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ നിര്‍വചനവും ലളിതമാക്കിയിട്ടുണ്ട്. ‘ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയിലൂടെ നമ്മുടെ കുടിയേറ്റ തൊഴിലാളി സഹോദരങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,
ഒരു കാര്യം കൂടി നാം ഓര്‍ക്കണം. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ വേഗത്തില്‍ തയ്യാറായില്ലെങ്കില്‍ പിന്നിലായിപ്പോകുന്ന അപകടമുണ്ടാകും. ഒന്നും രണ്ടും മൂന്നും വ്യാവസായിക വിപ്ലവങ്ങള്‍ മുതലെടുക്കുന്നതില്‍ ഇന്ത്യ പിന്നിലായി. നാലാം വ്യാവസായിക വിപ്ലവകാലത്ത് ഇന്ത്യയും പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കുകയും വേഗത്തില്‍ നടപ്പിലാക്കുകയും വേണം. മാറുന്ന കാലത്തിനനുസരിച്ച് ജോലിയുടെ സ്വഭാവവും മാറുന്നത് കാണാം.

ഇന്ന് ലോകം ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്, ആഗോള പരിസ്ഥിതി മുഴുവന്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഗിഗ്, പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥ എന്നീ രൂപങ്ങളില്‍ തൊഴിലിന്റെ ഒരു പുതിയ മാനത്തിന് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഓണ്‍ലൈന്‍ ആരോഗ്യ സേവനങ്ങള്‍, ഓണ്‍ലൈന്‍ ടാക്‌സി, ഭക്ഷണ വിതരണം എന്നിവയാകട്ടെ, ഇന്ന് നഗരജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ദശലക്ഷക്കണക്കിന് യുവാക്കളാണ് ഈ സേവനങ്ങളും ഈ പുതിയ വിപണിയും നയിക്കുന്നത്. ഈ പുതിയ സാധ്യതകള്‍ക്കായുള്ള നമ്മുടെ ശരിയായ നയങ്ങളും പരിശ്രമങ്ങളും ഇന്ത്യയെ ഈ രംഗത്ത് ആഗോള നേതാവാക്കി മാറ്റാന്‍ സഹായിക്കും.

സുഹൃത്തുക്കളെ,
രാജ്യത്തെ തൊഴില്‍ മന്ത്രാലയവും ‘അമൃത് കാല’ത്തില്‍ 2047-ലേക്കുള്ള വീക്ഷണം തയ്യാറാക്കുകയാണ്. ഭാവിയില്‍ സ്വാതന്ത്ര്യമുള്ള ജോലിസ്ഥലങ്ങള്‍, വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന സംവിധാനം, സ്വാതന്ത്ര്യമുള്ള ജോലി സമയം എന്നിവ ആവശ്യമാണ്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിനുള്ള അവസരങ്ങളായി നമുക്ക് സ്വാതന്ത്ര്യമുള്ള ജോലിസ്ഥലങ്ങള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാം.

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തിന്റെ സ്ത്രീശക്തിയുടെ പൂര്‍ണ പങ്കാളിത്തത്തിനായി ഞാന്‍ ആഹ്വാനം ചെയ്തു. സ്ത്രീശക്തിയുടെ ശരിയായ വിനിയോഗത്തിലൂടെ ഇന്ത്യക്ക് അതിന്റെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാനാകും. രാജ്യത്ത് പുതുതായി ഉയര്‍ന്നുവരുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കായി എന്തുചെയ്യാന്‍ കഴിയും എന്ന ദിശയിലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വിജയം നമ്മുടെ ജനസംഖ്യാപരമായ ലാഭവിഹിതം എത്ര നന്നായി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഉയര്‍ന്ന നിലവാരമുള്ള നൈപുണ്യമുള്ള തൊഴിലാളികളെ സൃഷ്ടിച്ചുകൊണ്ട് നമുക്ക് ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. ലോകത്തെ പല രാജ്യങ്ങളുമായും ഇന്ത്യ കുടിയേറ്റ, മൊബിലിറ്റി പങ്കാളിത്ത കരാറുകളില്‍ ഒപ്പുവെക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് നാം നമ്മുടെ ശ്രമങ്ങള്‍ വേഗത്തിലാക്കുകയും പരസ്പരം മനസ്സിലാക്കുകയും വേണം.

സുഹൃത്തുക്കളെ,
ഇന്ന്, ഇത്തരമൊരു സുപ്രധാന അവസരത്തില്‍ നാമെല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ എല്ലാ സംസ്ഥാനങ്ങളോടും ഒപ്പം നിങ്ങളോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ ശക്തിയുടെ അവിഭാജ്യ ഘടകമാണെന്ന് നിങ്ങള്‍ക്കറിയാം. അവര്‍ക്കായി ഉണ്ടാക്കിയിട്ടുള്ള ‘സെസ്’ പൂര്‍ണമായി വിനിയോഗിക്കണം.

ഈ സെസിന്റെ 38,000 കോടി രൂപ ഇപ്പോഴും സംസ്ഥാനങ്ങള്‍ വിനിയോഗിച്ചിട്ടില്ലെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി്ക്കൊപ്പം ഇഎസ്ഐസിയും കൂടുതല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് നന്ദി! ദ്വിദിന സമ്മേളനത്തില്‍ പുതിയ ദൃഢനിശ്ചയങ്ങളും ആത്മവിശ്വാസവും ഉപയോഗിച്ച് രാജ്യത്തെ തൊഴില്‍ ശക്തിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഒത്തിരി നന്ദി ! 

–ND–