Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡെല്‍ഹിയില്‍ നടന്ന എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തന്റേതായ വ്യക്തിത്വവും സ്വത്വവുമുള്ളവരാണ് റാലിക്കെത്തിയ ഓരോ യുവ എന്‍.സി.സി. കെഡറ്റുകളുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഒരു മാസത്തിനുള്ളില്‍ പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുകയും പരസ്പരം പല കാര്യങ്ങളും പഠിക്കുകയും ചെയ്തിട്ടുണ്ടാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്‍.സി.സി. ക്യാംപുകള്‍ ഓരോ യുവാവിനും ഇന്ത്യയിലുള്ള വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തിനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു രാഷ്ട്രത്തിനായി എന്തെങ്കിലും നന്മ ചെയ്യാന്‍ ഓരോ ചെറുപ്പക്കാരനെയും പ്രേരിപ്പിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു.
എന്‍.സി.സി. ക്യാംപുകളില്‍നിന്ന് ഉള്‍ക്കൊള്ളുന്ന ഈ ആവേശം കെഡറ്റുകളില്‍ ജീവിതാന്ത്യംവരെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നതു കേവലം യൂണിഫോമോ ഐകരൂപ്യമോ അല്ല, മറിച്ച് ഏകതയാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ദൗത്യമായി കണ്ടു പ്രവര്‍ത്തിക്കുകയും അതേസമയം, മറ്റുള്ളവര്‍ക്കു പ്രചോദനമേകുകയും ചെയ്യുന്ന സംഘങ്ങളെയാണ് എന്‍.സി.സി. വളര്‍ത്തിയെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴു സുവര്‍ണ ദശാബ്ദങ്ങള്‍ പിന്നിട്ട എന്‍.സി.സി. ഏറെപ്പേര്‍ക്കു സന്നദ്ധതയുടെ ഊര്‍ജം പകര്‍ന്നുനല്‍കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ നാം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച നേട്ടം ആഘോഷിക്കുകയും വരുംവര്‍ഷങ്ങളില്‍ എന്‍.സി.സിയുടെ പ്രവര്‍ത്തനം എങ്ങനെ കൂടുതല്‍ ഫലവത്താക്കാമെന്നു ചിന്തിക്കുകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.സി.സി. 75 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനി ബാക്കിയുള്ള അഞ്ചു വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിയെക്കുറിച്ചു ബന്ധപ്പെട്ടവരെല്ലാം ആലോചിക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തിന് അഴിമതി സ്വീകാര്യമല്ലെന്നു ശ്രീ. നരേന്ദ്ര മോദി ആവര്‍ത്തിച്ചു. അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ യുവത്വത്തിന്റെ ഭാവിക്കായുള്ള പോരാട്ടമായി ഇതിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
കെഡറ്റുകള്‍, ഭീം ആപ് ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തണമെന്നും ഈ രീതി പിന്‍തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സുതാര്യതയിലേക്കും ഉത്തരവാദിത്തബോധത്തിലേക്കുമുള്ള നിര്‍ണായക ചുവടാണിതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ യുവത്വം തീരുമാനിച്ചാല്‍ എന്തും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനികര്‍ക്കും അധികാരമുള്ളവര്‍ക്കും ഒന്നും ഭയക്കാനില്ലെന്ന ചിന്തയായിരുന്നു മുന്‍കാലങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിരുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നവര്‍ അഴിമതിക്കുറ്റത്തിനു ജയിലിലായെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആധാറിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യയുടെ വികസനത്തിന് ആധാര്‍ വലിയ കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങള്‍ അനര്‍ഹമായ കരങ്ങളില്‍ എത്തുന്നതു നിലയ്ക്കുകയും ശരിയായ ഗുണഭോക്താക്കളിലേക്ക് അവ എത്തിത്തുടങ്ങുകയും ചെയ്തുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.