Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്റെ മിത്രവും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ ബഹുമാന്യരായ അംഗങ്ങളെ,


മഹതികളെ, മഹാന്മാരെ,

നമസ്‌തെ,

പ്രസിഡന്റ് ട്രംപിനെയും, അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഒരിക്കല്‍ കൂടി ഇന്ത്യയിലേയ്ക്കു ഊഷ്മളമായി സാ്വാഗതം ചെയ്യുന്നു. ഈ യാത്രയില്‍ അദ്ദേഹം കുടുംബസമേതമാണ് വന്നിരിക്കുന്നത് എന്നതില്‍ എനിക്ക് പ്രത്യേകം സന്തോഷമുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്റ് ട്രംപും ഞാനും തമ്മില്‍ ഇത് അഞ്ചാം തവണയാണ് കണ്ടുമുട്ടുന്നത്. മൊട്ടേറ സ്റ്റേഡിയിത്തില്‍ ഇന്നലെ പ്രസിഡന്റ് ട്രംപിനു നല്കിയ അഭൂതപൂര്‍വവും ചരിത്രപരവുമായ സ്വീകരണം എക്കാലത്തും സ്മരിക്കപ്പെടും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം രണ്ടു ഗവണ്‍മെന്റുകള്‍ തമ്മിലുള്ളതു മാത്രമല്ല, അതു ജനങ്ങളാല്‍ നയിക്കപ്പെടുന്നതും ജന കേന്ദ്രീകൃതവുമാണ് എന്ന് ഇന്നലെ വീണ്ടും വ്യക്തമായി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിത്തമാണ് ഈ ബന്ധം. അതുകൊണ്ട് നമ്മുടെ ഈ സൗഹൃദബന്ധത്തെ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തത്തിന്റെ തലത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ ഇന്ന് പ്രസിഡന്റ് ട്രംപും ഞാനും തീരുമാനിച്ചിരിക്കുകയാണ്. ഈ ബന്ധത്തെ ഈ തലത്തിലേയ്ക്ക് ഉയര്‍ത്തുന്നതില്‍ പ്രസിഡന്റ് ട്രംപ് അമൂല്യമായ സംഭാവനയാണ് നല്‍കിയത്.

സുഹൃത്തുക്കളെ,

ഇന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ ഈ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളും, അത് പ്രതിരോധവും സുരക്ഷയുമാകട്ടെ, ഊര്‍ജ്ജ നയതന്ത്ര പങ്കാളിത്തമാകട്ടെ, സാങ്കേതിക സഹകരണമാകട്ടെ, ആഗോള ബന്ധങ്ങളാകട്ടെ, വാണിജ്യ ബന്ധങ്ങളാകട്ടെ, അല്ലെങ്കില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളാകട്ടെ ഞങ്ങള്‍ വ്യക്തമായി ചര്‍ച്ച ചെയ്തു. നമ്മുടെ നയതന്ത്ര പങ്കാളിത്തത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ സുരക്ഷാ മേഖലയില്‍ വര്‍ധിച്ചു വരുന്ന സഹകരണം. ഈ സഹകരണം വഴി ഇന്ത്യയുടെ പ്രതിരോധ ശേഷി ആയുധങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ചതായിരിക്കുന്നു. നമ്മുടെ ആയുധ നിര്‍മ്മാതാക്കള്‍ ഇരു രാജ്യങ്ങളുടെയും വിതരണ ശൃംഖലയായിരിക്കുന്നു. ഇന്ത്യന്‍ സൈന്യം ഇന്നു മിക്കവാറും പരിശീലന അഭ്യാസങ്ങള്‍ നടത്തുന്നത് അമേരിക്കന്‍ സൈന്യത്തിന് ഒപ്പമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരു സൈന്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ അഭൂതപൂര്‍വമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

സുഹൃത്തുക്കളെ,

നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണ് നാം സഹകരണം കൂടുതല്‍ ശക്തമാക്കുന്നത്. ഇന്നും മാതൃരാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച തീരുമാനം ഈ സഹകരണത്തിന് കൂടുതല്‍ പ്രചോദനം നല്‍കുന്നു. ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഞങ്ങള്‍ ഇന്നും തീരുമാനിച്ചു. മയക്കു മരുന്നുകളും കറുപ്പും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനാണ് പ്രസിഡന്റ് ട്രംപ് മുന്‍ഗണന നല്കുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നു മൂലമുള്ള ഭീകര പ്രര്‍വത്തനങ്ങള്‍, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയ പ്രശ്‌നങ്ങളെ പുതിയ രീതിയില്‍ സമീപിക്കുന്നതിനും ഞങ്ങള്‍ തീരുമാനത്തിലെത്തി. സുഹൃത്തുക്കളെ, അടുത്തനാളില്‍ സ്ഥാപിതമായ നമ്മുടെ നയതന്ത്ര ഊര്‍ജ്ജ പങ്കാളിത്തം കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുകയാണ്. ഈ മേഖലയിലെ പരസ്പര സഹകരണവും വര്‍ധിച്ചു. ഇന്ത്യയിലെ എണ്ണ, വാതകം എന്നിവയുടെ സുപ്രധാന സ്രോതസായി അമേരിക്ക മാറിയിരിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ വ്യാപാരം ഏകദേശം 20 ബില്യണ്‍ ഡോളറായിട്ടുണ്ട്. അത് പുനരുല്‍പ്പാദന ഊര്‍ജ്ജമാകട്ടെ, ആണവ ഊര്‍ജ്ജമാകട്ടെ നമ്മുടെ സഹകരണത്തിന് കൂടുതല്‍ പുതിയ ഊര്‍ജ്ജം ലഭിക്കുകയാണ്.

സുഹൃത്തുക്കളെ,

അതുപോലെ തന്നെ ഇന്‍ഡസ്ട്രി 4.0 യും 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതിക വിദ്യകളും ഇന്ത്യാ അമേരിക്ക പങ്കാളിത്തത്തില്‍ പുതിയ പദവികള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രതിഭകള്‍ അമേരിക്കന്‍ കമ്പനികളുടെ സാങ്കേതിക നേതൃത്വത്തെ ശക്തിപ്പെടുത്തിയിരിക്കുന്നു.

സുഹൃത്തുക്കളെ,

സാമ്പത്തിക മേഖലയില്‍ സന്തുലിതവും തുറന്നതും മികച്ചതുമായ വ്യാപാരത്തിന് ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലെ നമ്മുടെ ഉക്ഷയകക്ഷി വാണിജ്യം ഇരട്ട അക്ക വളര്‍ച്ച അടയാളപ്പെടുത്തുകയും കൂടുതല്‍ സന്തുലിതമാവുകയും ചെയ്തിരിക്കുന്നു. ഊര്‍ജ്ജം, യാത്രാ വിമാന നിര്‍മ്മാണം, പ്രതിരോധം, ഉന്നത വിദ്യാഭ്യാസം, എന്നീ നാലു മേഖലകള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യാ അമേരിക്ക സാമ്പത്തിക ബന്ധത്തിന് 70 ബില്യണ്‍ ഡോളറാണ് സംഭാവന ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പ്രസിഡന്റ് ട്രംപിന്റെ നയങ്ങളും തീരുമാനങ്ങളും മൂലം സാധ്യമായതാണ്. വരും കാലങ്ങളില്‍ ഈ സംഖ്യ ഇനിയും കൂടുതലായി ഉയരുമെന്നാണ് എന്റെ ആത്മവിശ്വാസം. ഉഭയ കക്ഷി വാണിജ്യത്തെ സംബന്ധിച്ചിടത്തോളം, നമ്മുടെ വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ സാര്‍ത്ഥകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വാണിജ്യമന്ത്രിമാര്‍ ചര്‍ച്ചകളിലൂടെ എത്തി ചേര്‍ന്ന ധാരണയെ ഇനി നമ്മുടെ സംഘങ്ങള്‍ നിയമാനുസൃതമാക്കട്ടെ എന്നാണ് ട്രംപും ഞാനും ഇന്ന് തീരുമാനിച്ചിരിക്കുന്നത്. മറ്റൊരു വലിയ വാണിജ്യ ഇടപാടിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. അത് പരസ്പര താല്പര്യത്തില്‍ നല്ല ഫലങ്ങള്‍ ലഭ്യമാക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സുഹൃത്തുക്കളെ, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം ആഗോളതലത്തില്‍ നമ്മുടെ പൊതുവായ ജനാധിപത്യ മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും അടിയുറച്ചുള്ളതാണ്. ഈ സഹകരണം അന്താരാഷ്ട്ര നിയമവാഴ്ച്ചാ ക്രമത്തിന് പ്രത്യേകിച്ചു ഇന്ത്യാ പസഫിക്ക് മേഖലയ്ക്കു വളരെ പ്രധാനപ്പെട്ടതാണ്. ആഗോളതലത്തില്‍ അടിസ്ഥാന യാത്രാ സൗകര്യ വികസനത്തിന് സുസ്ഥിരവും സുതാര്യവുമായ സാമ്പത്തിക സഹായം പ്രധാനപ്പെട്ടതാണ് എന്ന് ഞങ്ങള്‍ ഇരുവരും സമ്മതിച്ചു. ഈ ഉഭയ ധാരണ ഇരു രാജ്യങ്ങള്‍ക്കു മാത്രമായിട്ടല്ല പക്ഷെ ആഗോള താല്പര്യത്തിനു വേണ്ടിയാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പ്രത്യേക സൗഹൃദത്തിന്റെ ഏറ്റവും പ്രത്യേക അടിസ്ഥാനം നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. അത് തൊഴില്‍ വിദഗ്ധരാകട്ടെ വിദ്യാര്‍ത്ഥികളാകട്ടെ, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഇതില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നവരാണ്. ഇന്ത്യയുടെ ഈ സ്ഥാനപതികള്‍ അവരുടെ കഴിവും കഠിനാധ്വാനവും കൊണ്ട് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല സംഭാവന നല്‍കുന്നത്, ഒപ്പം അവരുടെ ജനാധിപത്യ മൂല്യങ്ങള്‍ കൊണ്ടും സമ്പന്നമായ സംസ്‌കാരം കൊണ്ടും അമേരിക്കന്‍ സമൂഹത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യ സുരക്ഷയില്‍ നമ്മുടെ പ്രൊഫഷണലുകള്ളുടെ സംഭാവനയുടെ മൊത്തം വശങ്ങളും കൂടി പരിഗണിക്കണം എന്ന് ഞാന്‍ പ്രസിഡന്റ് ട്രംമ്പിനോട് അഭ്യര്‍ത്ഥിക്കുകയാണ്. അത് പരസ്പര താല്പര്യത്തിലാകാം.

സുഹൃത്തുക്കളെ,

ഈ മാനങ്ങളിലെല്ലാം നോക്കുമ്പോള്‍ നാം തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതില്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനം ചരിത്ര ദൗത്യമാണ് നിറവേറ്റിയിരിക്കുന്നത്. ഇന്ത്യയില്‍ വന്നതിന്, ഇന്ത്യാ അമേരിക്ക ബന്ധങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിച്ചതിന് ഒരിക്കല്‍ കൂടി ഞാന്‍ പ്രസിഡന്റ് ട്രംപിന് ഹൃദയംഗമമായി നന്ദി പറയുന്നു.

നിങ്ങള്‍ക്കു നന്ദി.

****