ഭുവനേശ്വര്‍, ഗാന്ധിനഗര്‍, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോധ്പൂര്‍, മാണ്ടി, പട്‌ന, റോപാര്‍ എന്നിവിടങ്ങളിലായി എട്ട് ഐ.ഐ.ടികള്‍ സ്ഥാപിക്കുന്നതിനായുള്ള പുതുക്കിയ മതിപ്പു തുക പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2008-09 മുതല്‍ 2018-19 വരെയുള്ള 11 വര്‍ഷങ്ങളില്‍ എട്ട് ഐ.ഐ.ടികള്‍ സ്ഥാപിക്കാനുള്ള പുതുക്കിയ മതിപ്പു തുക 13,990 കോടി രൂപയാണ്. ആദ്യം 6080 കോടി രൂപയുടേതായിരുന്നു പദ്ധതി. സമയം നീളുകയും ചെലവു വര്‍ധിക്കുകയും ചെയ്തതിനാല്‍ ചെലവിലുണ്ടായ വര്‍ധന 7910 കോടി രൂപയുടേതാണ്.
പദ്ധതി പൂര്‍ണമാകുന്നതോടെ ഓരോ ഐ.ഐ.ടിയിലെയും വിദ്യാര്‍ഥികളുടെ എണ്ണം 2360 ആയിരിക്കും. 11ാം വര്‍ഷാന്ത്യത്തോടെ, അതായത് 2019 മാര്‍ച്ചില്‍, എട്ട് ഐ.ഐ.ടികളിലുംകൂടിയുള്ള ആകെ വിദ്യാര്‍ഥികളുടെ എണ്ണം 12880 ആയിരിക്കും.
പദ്ധതി കൊണ്ടു നേരിട്ടുള്ള നേട്ടം 12880 വിദ്യാര്‍ഥികള്‍ക്കായിരിക്കും. അതോടൊപ്പം, ഗവേഷണം, പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിക്കല്‍, റജിസ്റ്റര്‍ പേറ്റന്റുകളും ട്രേഡ് മാര്‍ക്കുകളും ഡിസൈനുകളും, മേന്മ ഉയര്‍ത്താനുള്ള പദ്ധതികള്‍ എന്നീ കാര്യങ്ങളില്‍ അളവിലും മികവിലും പുരോഗതി സൃഷ്ടിക്കുന്നതിന് എട്ടു പുതിയ ഐ.ഐ.ടികള്‍ സഹായകമാകും. വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി ലഭ്യമാക്കുക വഴി വ്യവസായ മേഖലയ്ക്കും സാമ്പത്തികരംഗത്തിനും ഏറെ സഹായങ്ങള്‍ നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ക്കു സാധിക്കും. മതിയായ അടിസ്ഥാനസൗകര്യത്തോടുകൂടി ഗവേഷണത്തിന് അവസരം ലഭ്യമാക്കുക വഴി ഗവേഷണത്തിനും വികസനത്തിനും സാഹചര്യമൊരുക്കുകയും ചെയ്യും.
ഐ.ഐ.ടികള്‍ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നു മാത്രമല്ല, ഐ.ഐ.ടികളില്‍ പഠിച്ചു പുറത്തിറങ്ങുന്നവര്‍ രാഷ്ട്രത്തിന് അഭിമാനം പകരുകയും ചെയ്യുന്നു. വലിയ വിഭാഗം പൂര്‍വ വിദ്യാര്‍ഥികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പത്ത് സൃഷ്ടിക്കുകയും സാങ്കേതിക വികസനം സാധ്യമാക്കുകയും വഴി രാഷ്ട്രത്തിനായി ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍നിന്നു വ്യത്യസ്തമായി ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലൂടെയും സാങ്കേതികവിദ്യയിലെ പരിഷ്‌കാരങ്ങള്‍ കൊണ്ടും സംരംഭകത്വ സന്നദ്ധത കൊണ്ടും രാഷ്ട്രത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു സംഭാവനകള്‍ അര്‍പ്പിച്ചിട്ടുമുണ്ട്.