Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലെ ഗോവ പ്രഖ്യാപനം


· ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍, റഷ്യന്‍ ഫെഡറേഷന്‍, റിപ്പബ്ലിക് ഓഫ് ഇന്ത്യ, പീപ്പ്ള്‍സ് റിപ്പബ്ലിക് ഓഫ് ചൈന, റിപബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക എന്നിവയുടെ നേതാക്കളായ ഞങ്ങള്‍ ഉത്തരവാദിത്തമുള്ളതും ഉള്‍ച്ചേര്‍ന്നതും ഒരുമിച്ചുള്ളതുമായ പരിഹാരങ്ങള്‍ നിര്‍മ്മിക്കുക എന്ന പ്രമേയത്തിനുകീഴില്‍ ഗോവയില്‍ ഒക്ടോബര്‍ 15 മുതല്‍ 16 വരെ നടന്നഎട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഒരുമിച്ചു കൂടി.

· ഞങ്ങളുടെ എല്ലാ മുന്‍ പ്രഖ്യാപനങ്ങളും അനുസ്മരിച്ച് ബ്രിക്‌സിന്റെ ഐക്യവും സഹകരണവും കൂടുതല്‍ ശക്തമാക്കാനും തുറന്ന മനോഭാവം, ഐക്യം, സമത്വം, പരസ്പര ധാരണ, ഉള്‍ച്ചേര്‍ക്കല്‍, പരസ്പരം പ്രയോജനപ്പെടുന്ന സഹകരണം എന്നീ മേഖലകളില്‍ നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ പ്രധാന്യവും ഞങ്ങള്‍ ഊന്നിപ്പറയുന്നു. ആഗോള സമാധാനത്തിനും സുരക്ഷിതത്വത്തിനും സുസ്ഥിര വികസനത്തിനുമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് കൂടുതല്‍ യോജിച്ച പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.

· നമ്മുടെ പ്രകടമായ സഹകരണം വഴി ആഗോള തലത്തില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ സ്വാധീനമുള്ള ഒരു ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. ഈ സാഹചര്യത്തില്‍, പുതിയ വികസന ബാങ്ക് (ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്) പ്രവര്‍ത്തനക്ഷമമാവുന്നതും ആഗോള സമ്പദ് വ്യവസ്ഥക്ക് ഏറെ സംഭാവനകള്‍ നല്‍കുകയും അന്താരാഷ്ട്ര സാമ്പത്തിക രൂപകല്‍പ്പനയ്ക്ക് കരുത്തേകുകയും ചെയ്യുന്ന കണ്ടിജന്റ് റിസര്‍വ് അറെയ്ഞ്ച്‌മെന്റ് പ്രാവര്‍ത്തികമാവുന്നതും ഞങ്ങള്‍ ഏറെ സംതൃപ്തിയോടെ വീക്ഷിക്കുന്നു. ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് പുതിയ വികസന ബാങ്ക് പ്രസിഡന്റ് അവതരിപ്പിച്ച റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആഫ്രിക്ക റീജ്യണല്‍ സെന്റര്‍ പ്രാവര്‍ത്തികമാക്കുന്നതിലെ പുരോഗതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇതിന് എല്ലാ പിന്തുണയും നല്‍കുന്നു. വിവിധ മേഖലകളില്‍ കൂടുതല്‍ ബ്രിക്‌സ് ഉദ്യമങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഞങ്ങള്‍ ഉറ്റുനോക്കുന്നു.

· പുതിയ വികസന ബാങ്ക് ആദ്യ സെറ്റ് വായ്പകള്‍ക്ക് പ്രത്യേകിച്ച് ബ്രിക്‌സ് രാജ്യങ്ങളിലെ പുനരുല്‍പ്പാദന ഊര്‍ജ്ജ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത് , ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ആദ്യസെറ്റ് ഗ്രീന്‍ ബോണ്ടുകള്‍ ചൈനീസ് കറന്‍സിയില്‍ അനുവദിച്ചതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ബ്രിക്‌സ് കണ്ടിജെന്റ് റിസര്‍വ് അറേഞ്ച്‌മെന്റ് പ്രവര്‍ത്തനക്ഷമമായത് ആഗോള സാമ്പത്തിക ശൃംഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ ഏറെ സന്തോഷത്തോടെ വീക്ഷിക്കുന്നു.

· വളര്‍ന്നുകൊണ്ടിരിക്കുന്ന സമകാലികരായ സാമ്പത്തിക രംഗങ്ങളുമായുള്ള ധാരണ വര്‍ദ്ധിപ്പിക്കാന്‍ ബ്രിക്‌സ് നേതാക്കളും ബിംസ്‌റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍, ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് കോ ഓപറേഷന്‍) രാജ്യങ്ങളുടെ നേതാക്കളും തമ്മിലുള്ള ഒരു ഉച്ചകോടി സംഘടിപ്പിക്കും. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലാന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ബിംസ്റ്റെക് രാജ്യങ്ങള്‍. ബിംസ്റ്റെക് രാജ്യങ്ങളുമായുള്ള സൗഹൃദം പുതുക്കാനും ബ്രിക്‌സ്- ബിംസ്‌റ്റെക് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര, വാണിജ്യ, നിക്ഷേപ സഹകരണം വികസിപ്പിക്കാനും ഈ സമ്മേളനം സഹായിക്കും. സമാധാനം, വികസനം, ജനാധിപത്യം പുരോഗതി എന്നീ നമ്മുടെ പൊതുവായ ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുന്നതിനും ഇത് സഹായിക്കും

· കൂടുതല്‍ നീതിയുക്തവും, ജനാധിപത്യപരവും, ഭിന്ന ധ്രുവങ്ങളുള്ളതുമായ ലോകത്തിനു വേണ്ടിയുള്ള പൊതുവായ കാഴ്ചപ്പാട് നാം ഊന്നിപ്പറയുന്നു. ഐക്യരാഷ്ട്രസഭ മുഖ്യപങ്ക് വഹിക്കുന്ന, അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കുന്ന കാഴ്ചപ്പാടാണത്. അന്താരാഷ്ട്ര വിഷയങ്ങളിലും ഐക്യത്തിനുവേണ്ടിയുള്ള പ്രാവര്‍ത്തിക സഹകരണത്തിനും പരസ്പരം മനസ്സിലാക്കുന്നതിനും വിശ്വാസത്തിനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടത് ഞങ്ങള്‍ ഊന്നിപ്പറയുന്നു. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തര്‍ക്കങ്ങള്‍ രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങള്‍ വഴി സമാധാനപരമായി തീര്‍പ്പാക്കുന്നതിനുമുള്ള പ്രാധാന്യം ഞങ്ങള്‍ അടിവരയിട്ട് പറയുന്നു. ഈ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിനോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

· നിലവിലുള്ള സുരക്ഷാ വെല്ലുവിളികളും അന്താരാഷ്ട്രട്ര സമൂഹത്തെ ബാധിക്കുന്ന ഭീഷണികളും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. ഈ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍, സുസ്ഥിരമായ സമാധാനവും നീതിയുക്തവും ജനാധിപത്യപരവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള അന്താരാഷ്ട്രരംഗത്തിന് ഐക്യം, പരസ്പര വിശ്വാസവും പ്രയോജനവും, സമത്വവും സഹകരണവും, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ശക്തമായ പ്രതിബദ്ധത, അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും മനുശ്യാവകാശങ്ങളും കാത്തു സൂക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം എന്നിവയിലൂന്നിയുള്ള സമഗ്രവും യോജിച്ചുള്ളതുമായ സമീപനം ഞങ്ങള്‍ ഊന്നിപ്പറയുന്നു. നമ്മുടെ പരിശ്രമങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള്‍ അടിവരയിട്ട് പറയുന്നു.

· ന്യായപൂര്‍ണ്ണവും സമത്വമുള്ള അന്താരാഷ്ട്ര സംവിധാനത്തിനായി യു.എന്‍ ചാര്‍ട്ടറിനോടുള്ള പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലങ്ങള്‍ തെറ്റായി ചിത്രീകരിക്കാനുള്ള തുടര്‍ച്ചയായുള്ള ശ്രമങ്ങളെ നിരാകരിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയാനുള്ള സമര്‍പ്പണം ഞങ്ങള്‍ വ്യക്തമാക്കുന്നു.വികസനവും സുരക്ഷിതത്വവും ഏറെ അടുത്ത് ബന്ധപ്പട്ടിരിക്കുന്നുവെന്നും പരസ്പരം ശക്തിപ്പെടുത്തുന്നതാണെന്നും സുസ്ഥിര സമാധാനം കൈവരിക്കാന്‍ അത്യാവശ്യമാണെന്നും ഞങ്ങള്‍ അനുസ്മരിക്കുന്നു.

· അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യോജിച്ചുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്നും രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങള്‍ വഴി തര്‍ക്കങ്ങള്‍ പരിഹരിക്കാനാവുമെന്നുമുള്ള കാര്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഉറച്ച വിശ്യാസം, സംസ്ഥാനങ്ങളുടെ പരമാധികാരത്തിലുള്ള തുല്യത, രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഏകപക്ഷീയമായി ഇടപെടുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായുള്ള ഏകപക്ഷീയമായ പട്ടാള ഇടപെടലുകളെയും സാമ്പത്തിക അനുമതി നല്‍കലിനെയും ഞങ്ങള്‍ അപലപിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട്, സുരക്ഷയ്ക്കുള്ള അതീവ പ്രാധാന്യത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു.ഒരു രാഷ്ട്രവും മറ്റൊരു രാഷ്ട്രത്തിന്റെ ചെലവില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും ഞങ്ങള്‍ പറയുന്നു.

· 2015 ലെ ലോക ഉച്ചകോടിയുടെ അനന്തരഫലം വ്യക്തമാക്കുന്ന രേഖ ഞങ്ങള്‍ അനുസ്മരിക്കുന്നു. ഐക്യരാഷ്ട്രസഭ സമഗ്രമായി പരിഷ്‌കരിക്കേണ്ടതിന്റെ – രക്ഷാസമിതിയടക്കം, ആവശ്യകത ഞങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു. അത് കൂടുതല്‍ പ്രാതിനിധ്യമുള്ളതാക്കാനും പ്രയോജനമുള്ളതും കഴുവുറ്റതുമാക്കാനും വികസിത രാജ്യങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ആഗോള വെല്ലുവിളികള്‍ക്കനുസരിച്ച് പ്രതികരിക്കാനും പരിഷ്‌കരണം അത്യാവശ്യമാണ്. ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് അന്താരാഷ്ട്ര രംഗത്തുള്ള പങ്കും ഐക്യരാഷ്ട്രസഭയില്‍ കൂടുതല്‍ പങ്ക് വഹിക്കാനുള്ള അവരുടെ ആഗ്രഹത്തിനുള്ള പിന്തുണയും ചൈനയും റഷ്യയും ആവര്‍ത്തിച്ച് വ്യക്തമാക്കി..

· യു.എന്‍ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള നടപടിക്രമങ്ങള്‍ സുതാര്യവും ഏവര്‍ക്കും പങ്കാളിത്തവുമുള്ളതുമാക്കുന്നതിന് കൈക്കൊണ്ട നടപടികളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

· കഴിഞ്ഞ പത്തു വര്‍ഷത്തെ ചെയ്ത സേവനത്തിന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട അന്റോണിയോ ഗട്ടറസിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ പിന്തുണ അറിയിക്കുന്നു. അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാനാവുമെന്ന് കരുതുന്നു.
· യുഎന്‍ സമാധാന ദൗത്യങ്ങളില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ സുപ്രധാന സംഭാവനകള്‍ മനസ്സിലാക്കിക്കൊണ്ട്, അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും സംരക്ഷിക്കാന്‍ യു.എന്‍ സമാധാനസേനയുടെ പങ്ക്, ശേഷി, കഴിവ് എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. യു.എന്‍ സമാധാന ദൗത്യങ്ങളില്‍ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാമുഖ്യം നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു

· പശ്ചിമേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ വിഷമഘട്ടത്തിന് പരിഹാരമുണ്ടാക്കാന്‍ സഹായിക്കുന്ന, അന്താരാഷ്ട്ര നിയമങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്കുമനുസരിച്ചുള്ളതും മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നതുമായ എല്ലാ പരിശ്രമങ്ങളേയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സിറിയയില്‍ സമഗ്രവും സമാധാനപൂര്‍ണ്ണവുമായ ഒരു പ്രമേയത്തിന് എല്ലാ പാര്‍ട്ടികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദേശീയതലത്തിലുള്ള ചര്‍ച്ചകളിലൂടെ സിറിയയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ കണക്കിലെടുത്തും 2012 ജൂണ്‍ 30 ലെ ജനീവ പ്രഖ്യാപനം ആധാരമാക്കിയും ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2254, 2268 പ്രമേയങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നവിധമായിരിക്കണം ഇത് നടപ്പിലാക്കുന്നത്. ഐസില്‍, ജബാദ് അല്‍ നുസ്‌റ മറ്റ് ഭീകര പ്രസ്ഥാനങ്ങള്‍ എന്നിവക്കെതിരായ പോരാട്ടം യു.എന്‍ രക്ഷാ സമിതി നിര്‍ദ്ദേശിച്ചപോലെ തുടരണം.

· ഫലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍, മാഡ്രിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍, അറബ് പീസ് ഇനീഷ്യേറ്റീവ്, ഇസ്രയേലുമായി സഹവര്‍ത്തിത്തം പുലര്‍ത്തുന്ന സ്വതന്ത്ര്യവും ഭൂമിശാസ്ത്രപരമായി ചേര്‍ന്നിരിക്കുന്നതുമായ ഫലസ്തീന്‍ രാജ്യത്തിനായി മുന്‍പ് ഏര്‍പ്പെട്ടിട്ടുള്ള കരാറുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. അത് ഇരു രാജ്യങ്ങള്‍ക്കും സമ്മതമായ രീതിയിലും 1967 ലെ അംഗീകരിക്കപ്പെട്ട അതിര്‍ത്തി അസ്പദമാക്കിയും യു.എന്‍ പ്രഖ്യാപനങ്ങളില്‍ ആവശ്യപ്പെട്ടപോലെ ഈസ്റ്റ് ജറൂസലേം അതിന്റെ തലസ്ഥാനമാക്കിയും വേണം.

· അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളിലും വര്‍ദ്ധിച്ച ഭീകരവാദ പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ അതീവ ആശങ്ക രേഖപ്പെടുത്തുന്നു. അഫ്ഗാന്റെ നേതൃത്വത്തിലുള്ളതും ഉടമസ്ഥതയിലുള്ളതുമായ അനുരജ്ഞന ശ്രമങ്ങള്‍ക്കും ഭീകരതക്കെതിരായ പോരാട്ടത്തിനുമുള്ള അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടം, അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍മാണാത്മക സഹകരണം, അതിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക, ഭീകരതയില്‍നിന്നും മയക്കുമരുന്ന് കടത്തില്‍നിന്നും സ്വതന്ത്ര്യമാക്കുക എന്നിവയ്ക്കും സഹായം നല്‍കും. അഫ്ഗാനിസ്ഥാനില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിവുറ്റ അഫ്ഗാന്‍ ദേശീയ സേനകള്‍ നിര്‍ണ്ണായകമാണെന്ന് നേതാക്കള്‍ നിരീക്ഷിച്ചു. ഇതിനായി മേഖലയിലെ രാജ്യങ്ങളുടെയും നാറ്റോയുടെ നേതൃത്വത്തിലുള്ള സഹായക ദൗത്യത്തിന്റെയും ഭാഗത്തുനിന്ന് തുടര്‍ന്നും ആവശ്യമായ സമര്‍പ്പണം നേതാക്കള്‍ എടുത്തു പറഞ്ഞു. അഫ്ഗാന്‍ ദേശീയ സേനയുടെ നിര്‍മാണത്തില്‍ നാറ്റോ സഹായക ദൗത്യത്തിന് നിര്‍ണ്ണായക പങ്കുണ്ട്. അഫ്ഗാന്റെ അയല്‍ രാജ്യങ്ങളും ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍, കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി, ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് ഇതില്‍ ഏറെ പ്രാധാന്യമുണ്ട്.

· അഫ്രിക്കയുടെ വികസനത്തിനു വേണ്ടിയുള്ള ആഫ്രിക്കന്‍ യൂണിയന്റെ കാഴ്ചപ്പാട്, സ്വപ്‌നങ്ങള്‍, മുന്‍ഗണനകള്‍ എന്നിവയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. 2030 ലെ വികസന അജണ്ടയ്ക്ക് പൂരകമായ അജണ്ട 2063 ലെ ലക്ഷ്യങ്ങളായാണ് ഇവ പ്രഖ്യാപിച്ചിരിക്കുന്നത്. സമാധാനത്തിനും സാമൂഹിക, സാമ്പത്തിക വികസനത്തിനുമായി ആഫ്രിക്കയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ആഫ്രിക്കയുടെ ഐക്യവും ശക്തിയും വളര്‍ത്താനുള്ള ശ്രമങ്ങളില്‍ ഞങ്ങള്‍ തുടര്‍ന്നും പങ്കാളികളാവും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഈയിടെ നടന്ന സമാധാനപരമായ രീതിയിലുള്ള തെരഞ്ഞെടുപ്പുകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

· സ്ഥിരമായ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഐക്യരാഷ്ട്രസഭയും ഭൂഖണ്ഡത്തിലെ മേഖലാ സംഘടനകളുമായും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ സമാധാനത്തിന്റെയും സുരക്ഷയുടെയും മാര്‍ഗത്തില്‍ പരിഹരിക്കാനുള്ള ആഫ്രിക്കന്‍ യൂണിയന്റെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു.

· സമാധാന, സുരക്ഷാ ദൗത്യങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കാനുദ്ദേശിച്ച് സമാധാന ഫണ്ട് (പീസ് ഫണ്ട്) നടപ്പിലാക്കാനുള്ള ആഫ്രിക്കന്‍ യൂണിയന്‍ അസംബ്ലിയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.ആഫ്രിക്കന്‍ സ്റ്റാന്‍ഡ് ബൈ ഫോഴ്‌സ് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ആഫ്രിക്കന്‍ കപാസിറ്റി ഫോര്‍ ഇമ്മീഡിയറ്റ് റെസ്‌പോണ്‍സ് ടു ക്രൈസിസ് അടക്കം ഈ ദിശയില്‍ കൈവരിച്ച പുരോഗതി ഞങ്ങള്‍ നോക്കിക്കാണുന്നുണ്ട്.

· ഭീകരതയും തീവ്രവാദവും പിടിമുറുക്കിയ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹിക അസ്ഥിരതയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ വെല്ലുവിളികള്‍ നേടിടുന്നതിന് പിന്തുണ നല്‍കാന്‍ ഐക്യരാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന്‍, മേഖലാ, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവരുടെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷ ശേഷമുള്ള പുനര്‍ നിര്‍മ്മാണവും വികസന പരിശ്രമങ്ങളും ഉള്‍പ്പെടുന്നതാണിത്.

· സുസ്ഥിര വികസനത്തിനുള്ള 2030 ലെ അജണ്ട സ്വീകരിച്ചതിനും 2015 സെപ്റ്റംബര്‍ 25 ലെ സുസ്ഥിര വികസനത്തിനായുള്ള യു.എന്‍ ഉച്ചകോടിയുടെയും അഡിസ് അബാബ കര്‍മ പദ്ധതിയുടെയും വികസനത്തിന് പണം ലഭ്യമാക്കുന്നതിനുള്ള മൂന്നാമത് കോണ്‍ഫറന്‍സിന്റെയും തുടര്‍നടപടികള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. 2030 അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സമത്വം, എല്ലാവര്‍ക്കും നിലവാരമുള്ള ജീവിതം എന്നിവടയക്കമുള്ള പദ്ധതികള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. 2030 അജണ്ട നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശകതത്വങ്ങള്‍ -പൊതുവായ, എന്നാല്‍ വ്യത്യസ്ഥമായ ചുമതലകള്‍ എന്നിവയടക്കം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

· 2030 അജണ്ട ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് മുന്‍തൂക്കം നല്‍കുന്നു. സുസ്ഥിര വികസനത്തിന്റെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ അത് ശ്രദ്ധയൂന്നുന്നു. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കായി മൊത്തം ദേശീയ വരുമാനത്തിന്റെ 0.7% നീക്കിവെക്കാന്‍ വികസിത രാജ്യങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത്തരം സമര്‍പ്പണങ്ങള്‍ ആവശ്യമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഐക്യരാഷ്ട്രസഭക്കകത്തു സാങ്കേതിക വിദ്യാ ഫെസിലിറ്റേഷന്‍ സംവിധാനം സ്ഥാപിക്കുന്നതിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

· സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ട നടപ്പിലാക്കുന്നതില്‍ മാതൃക സൃഷ്ടിച്ചു മുന്നോട്ടു പോവുന്നതിന് നാം പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിര വികസനത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വശങ്ങള്‍ സംതുലനാവസ്ഥയില്‍നിര്‍ത്തിവേണം ഇത് ചെയ്യാന്‍. 2030 സുസ്ഥിര വികസനത്തിനായുള്ള അജണ്ട നടപ്പിലാക്കാനുള്ള ജി-20 കര്‍മ്മ പദ്ധതി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. 2020 ലെ ഹാങ്‌യു ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ജി 20 നടപ്പിലാക്കിയ വ്യക്തിപരവും യോജിച്ചുള്ളതുമായ ശക്തമായ, മാറ്റത്തിനുതകുന്ന നടപടികളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

· നമ്മള്‍ ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുന്നത് ആഗോള സാമ്പത്തിക രംഗം തിരിച്ചുവരവ് നടത്തുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്ന വേളയിലാണ്. പുതിയ വളര്‍ച്ചാ കേന്ദ്രങ്ങള്‍ ദൃശ്യമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണ് ഈ വളര്‍ച്ചയെന്നതിനാല്‍ ആഗോള സാമ്പത്തിക വ്യവസ്ഥക്കുള്ള വെല്ലുവിളികള്‍ ഇപ്പോഴും നിലവിലുണ്ട്. സാധനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന വില, ദുര്‍ബമായ വ്യാപാരം, ഉയര്‍ന്ന പൊതു, സ്വകാര്യ കടം, സാമ്പത്തിക വളര്‍ച്ചയിലുള്ള അസന്തുലിതത്വവും ഉള്‍ച്ചേര്‍ച്ചയില്ലായ്മയും എന്നിവയിലെല്ലാം ഇത് പ്രതിഫലിക്കുന്നുണ്ട്. അതേ സമയം വളര്‍ച്ചയുടെ പ്രയോജനം എല്ലാവര്‍ക്കും തുല്യമായി പങ്കു വെക്കേണ്ടതുണ്ട്. രാഷ്ട്രീയ-ഭൗമശാസ്ത്ര സംഘര്‍ഷങ്ങള്‍, ഭീകരത, അഭയാര്‍ത്ഥി പ്രവാഹങ്ങള്‍, നിയമവിരുദ്ധമായ പണമിടപാടുകള്‍, ബ്രിട്ടനിലെ ഹിത പരിശോധനയുടെ പ്രതിഫലനങ്ങള്‍ എന്നിവ സാമ്പത്തികരംഗത്തെ അസ്ഥിരതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

· ശക്തവും സുസ്ഥിരവും സംതുലനമുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക ക്രമത്തിനായി മോണിറ്ററി, ഫിസ്‌കല്‍, സ്ട്രക്ചറല്‍ എന്നിവയടക്കം എല്ലാ നയ ഉപകരണങ്ങളും ഒറ്റക്കും കൂട്ടായും ഉപയോഗപ്പെടുത്താനുള്ള നിശ്ചയദാര്‍ഡ്യം ഞങ്ങള്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശാനുസരണം ധനകാര്യ നയങ്ങള്‍ തുടര്‍ന്നും സാമ്പത്തിക പ്രക്രിയക്ക് പിന്തുണ നല്‍കും. സംതുലനമുള്ളതും സുസ്ഥിരവുമായ വികസനത്തിലേയ്ക്ക് നയിക്കാന്‍ ധനകാര്യ നയങ്ങള്‍ക്ക് മാത്രം സാധിക്കില്ല. പ്രധാനപ്പെട്ട ചില സാമ്പത്തിക വ്യവസ്ഥകളിലെ നയനിര്‍ദ്ദേശങ്ങളുടെ അതിരു കവിഞ്ഞൊഴുകല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കും.

· മധ്യ, ദീര്‍ഘകാല വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും പ്രധാന ചാലക ശക്തിയാണ് ഗവേഷണമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.വ്യവസായവത്കരണവും വ്യവസായ വികസനം പ്രോത്സാഹിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളും ഘടനാപരമായ മാറ്റത്തിന്റെ നെടുന്തൂണുകളാണെന്ന് നാം തിരിച്ചറിയുന്നു.

· സാമ്പത്തിക സാധ്യതകള്‍ കണ്ടറിഞ്ഞ് നികുതി നയവും പൊതുചെലവും വളര്‍ച്ചയ്ക്ക് അനുകൂലമാകുംവിധം ഉപയോഗപ്പെടുത്താന്‍ നമുക്കു സാധിക്കണം.

· ലോകത്താകെ മേഖലകള്‍ കേന്ദ്രീകരിച്ച്, വിശേഷിച്ച് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ സജീവമായി ഏകീകരണം നടക്കുന്നതു നാം തിരിച്ചറിയുന്നു. സമത്വം, സുതാര്യത, ഉള്‍ച്ചേര്‍ക്കല്‍ എന്നീ ആദര്‍ശങ്ങള്‍ക്കു വിധേയമായി മേഖലാതല വളര്‍ച്ച ഉറപ്പാക്കണമെന്ന ആശയത്തില്‍ നാം ഉറച്ചുവിശ്വസിക്കുന്നു. വര്‍ധിച്ച വ്യാപാരത്തിലൂടെയും വാണിജ്യ-നിക്ഷേപക ബന്ധത്തിലൂടെയും സാമ്പത്തിക വികസനം സുസാധ്യമാക്കാന്‍ ഇതു സഹായകമാകുമെന്നും നാം വിശ്വസിക്കുന്നു.

· ദീര്‍ഘകാല വളര്‍ച്ച ഉറപ്പുവരുത്താനായി കണക്റ്റിവിറ്റി, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളില്‍ പൊതു, സ്വകാര്യ നിക്ഷേപത്തിന്റെ പ്രാധാന്യം നാം ഉയര്‍ത്തിക്കാട്ടുന്നു. വിവിധോദ്ദേശ്യ വികസന ബാങ്കുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി അടിസ്ഥാനസൗകര്യ രംഗത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ നാം തേടുകയാണ്.

ആവശ്യമായിടത്തോളം വിഭവങ്ങള്‍ ലഭ്യമായ, ശക്തവും ക്വോട്ട അടിസ്ഥാനപ്പെടുത്തി ഉള്ളതുമായ ഐ.എം.എഫ്. വേണമെന്ന ആവശ്യം നാം ഗൗരവപൂര്‍വം വീണ്ടും ഉയര്‍ത്തുകയാണ്. തങ്ങള്‍ക്ക് ഉപകാരപ്രദമാകുംവിധം പുതിയ ക്വോട്ട വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തപ്പെട്ട് ക്വോട്ടകളുടെ പതിനഞ്ചാമത് പൊതു പുനഃപരിശോധന നിശ്ചിത സമയത്തിനകം അംഗീകരിക്കപ്പെടണമെന്ന വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ സംഘടിത ആവശ്യത്തെ പിന്‍തുണയ്ക്കാന്‍ നാം ബാധ്യസ്ഥരാണ്. ഒട്ടും വികസിച്ചിട്ടില്ലാത്തതും ദരിദ്രവുമായ രാഷ്ട്രങ്ങളുടെ സ്വരവും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് അവ നല്‍കുന്ന സംഭാവനകളും മാനിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.

· 2016 ഒക്ടോബര്‍ ഒന്നിന് ആര്‍.എം.ബിയെ സ്‌പെഷല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്.ഡി.ആര്‍.) നാണ്യക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതിനെ നാം സ്വാഗതം ചെയ്യുന്നു.

· ഐ.എം.എഫിന്റെ നിര്‍വാഹകസമിതിയിലെ രണ്ടു സീറ്റുകള്‍ വിട്ടുനല്‍കാമെന്ന വികസിത യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥകളുടെ വാഗ്ദാനം പാലിക്കണമെന്നു നാം ആവശ്യപ്പെടുകയാണ്. ആഫ്രിക്കയിലെ സഹാറ പ്രദേശത്ത് ഉള്‍പ്പെടെയുള്ള ദരിദ്ര അംഗരാഷ്ടങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുംവിധമായിരിക്കണം ഐ.എം.എഫ്. പരിഷ്‌കരിക്കുന്നത്.

· നാം, രാജ്യങ്ങളുടെ വായ്പ പുനഃക്രമീകരിക്കുന്നതിലുള്ള വെല്ലുവിളികള്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെക്കുകയും രാജ്യാന്തര മൂലധന വിപണികളിലേക്കു പ്രവേശനം ലഭിക്കാന്‍ ഏറ്റവും പ്രധാനം വായ്പ പുനഃക്രമീകരണമാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു. കൂടുതല്‍ വായ്പ നേടിയിട്ടുള്ള രാജ്യങ്ങള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടേണ്ടതുണ്ടെന്നും നാം തിരിച്ചറിയുന്നു. വായ്പാ പുനഃക്രമീകരണവും മറ്റും സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെ നാം സ്വാഗതം ചെയ്യുന്നു.

· ബഹുമുഖ വ്യാപാര സംവിധാനത്തിനുള്ള പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം വികസനം മുഖ്യ അജണ്ടയായി നിലനിര്‍ത്തിയുള്ള സുതാര്യവും വേര്‍തിരിവില്ലാത്തതുമായ എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വ്യാപാരത്തെ നിയന്ത്രിക്കുന്ന കേന്ദ്രബിന്ദുവായി ഡബ്ല്യു.ടി.ഒ. നിലകൊള്ളണമെന്ന നിലപാടും നാം കൈക്കൊള്ളുന്നു. കൂടുതല്‍ ഉഭയകക്ഷി, മേഖലാതല, ബഹുകക്ഷി വ്യാപാര കരാറുകള്‍ ഒപ്പുവെക്കപ്പെടുന്നതു നാം നിരീക്ഷിക്കുന്നു. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഡബ്ല്യു.ടി.ഒ. വ്യവസ്ഥകള്‍ക്കു വിധേയമായി സുതാര്യതയോടും ഉള്‍ച്ചേര്‍ക്കലോടും കൂടിയുള്ള ബഹുമുഖ വ്യാപാര സംവിധാനം സജീവമാക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാവണം.

· ബാലി, നയ്‌റോബി മന്ത്രിതല സമ്മേളനങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം നാം ഊന്നിപ്പറയുകയാണ്. ദോഹ വികസന അജണ്ടയില്‍ ബാക്കിയുള്ള വിഷയങ്ങള്‍ക്കു മുന്‍ഗണ നല്‍കി ചര്‍ച്ചകള്‍ മുന്‍പോട്ടു കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയുമാണ്. എം.സി.11നും അതിനപ്പുറത്തേക്കും വികസനോന്മുഖമായ കരുത്തേറിയ ഫലം ഉറപ്പാക്കാന്‍ യത്‌നിക്കണമെന്ന് എല്ലാ ഡബ്ല്യു.ടി.ഒ. അംഗങ്ങളോടും നാം അഭ്യര്‍ഥിക്കുകയാണ്.

· നാം ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്തത്തിനായുള്ള നയം നടപ്പാക്കുന്നതിലുള്ള പുരോഗതിയെ അഭിനന്ദിക്കുകയും 2020 വരെയുള്ള വ്യാപാര, സാമ്പത്തിക, നിക്ഷേപ സഹകരണത്തിനായുള്ള ബ്രിക്‌സ് പദ്ധതിക്കു മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. മേഖലാതല സഹകരണ സംവിധാനങ്ങള്‍ തമ്മിലുള്ള അടുത്ത സഹകരണവും സാമ്പത്തിക, വ്യാപാര പ്രശ്‌നങ്ങളില്‍ ബ്രിക്‌സ് സമ്പര്‍ക്ക കൂട്ടായ്മയും ബ്രിക്‌സ് ബിസിനസ് കൗണ്‍സിലും ന്യൂ ഡെവലപ്‌മെന്റ് ബാങ്കും ബ്രിക്‌സ് ഇന്റര്‍ ബാങ്ക് സഹകരണ സംവിധാനവും ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്തത്തിന്റെ വിജയത്തില്‍ നിര്‍ണായകമാണെന്നും നാം വിശ്വസിക്കുന്നു. ഇ-വാണിജ്യം, ഏകജാലകം, ബൗദ്ധികസ്വത്തവകാശ സഹകരണം, വ്യാപാരം പ്രോത്സാഹിപ്പിക്കല്‍, ചെറുകിട, ഇടത്തര സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പ്രധാന ബ്രിക്‌സ് സാമ്പത്തിക പദ്ധതികളെ ഈ സാഹചര്യത്തില്‍ നാം സ്വാഗതം ചെയ്യുകയാണ്. ചുങ്കങ്ങള്‍ ഒഴികെയുള്ള മാര്‍ഗങ്ങളും സേവന രംഗവും ക്രമവല്‍ക്കരണവുമൊക്കെയാണു ഭാവിസഹകരണത്തിനു സാധ്യതകളുള്ള മേഖലകളെന്നു നാം തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ 2016 ഒക്ടോബര്‍ 13നു ന്യൂഡെല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് വ്യാപാര മന്ത്രിമാരുടെ യോഗത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും അവിടെ ഉരുത്തിരിയാനിരിക്കുന്ന തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

· ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്തത്തിനായുള്ള തന്ത്രം നടപ്പാക്കുന്നതില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങളെയും മൂല്യവര്‍ധനവിനെയും ഒപ്പം നയരൂപീകരണത്തിനുള്ള സാധ്യതകളെ നിലനിര്‍ത്തിക്കൊണ്ട് വ്യാവസായിക വികസനത്തെ പ്രോത്സാഹിപ്പിക്കാനായി ആഗോള മൂല്യശൃംഖലയില്‍ നേടുന്ന പുരോഗതിയെയും സ്വാഗതം ചെയ്യുന്നു.

· പ്രഥമ ബ്രിക്‌സ് വ്യാപാര പ്രദര്‍ശനത്തിനു ന്യൂഡെല്‍ഹിയില്‍ ആതിഥ്യം നല്‍കാന്‍ ഇന്ത്യ മുന്നോട്ടുവന്നതിനെ നാം സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്തം നടപ്പാക്കുന്നതിനുള്ള തന്ത്രത്തില്‍ നിര്‍ണായക ചുവടാണിത്. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വാണിജ്യ, വ്യാപാര ബന്ധത്തെ കൂടുതല്‍ ദൃഢപ്പെടുത്താന്‍ ഇതു സഹായകമാകുമെന്നു നാം കരുതുന്നു.

· പ്രവര്‍ത്തന കൂട്ടായ്മകള്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് നാം ശ്രദ്ധിച്ചു. പരസ്പരം ഗുണകരമായിത്തീരുക വഴി ബ്രിക്‌സിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സഹായകമാകുംവിധം വികസനവും സംയുക്ത പദ്ധതികളും നടപ്പാക്കുന്നതിന്റെ വേഗം കൂട്ടണമെന്ന നിര്‍ദേശം കൗണ്‍സിലിനു നല്‍കുകയാണ്.

· ചെറുകിട, ഇടത്തര സംരംഭങ്ങള്‍ കുറഞ്ഞ മൂലധനച്ചെലവില്‍ കൂടുതല്‍ തൊഴിലസവരങ്ങള്‍ പ്രദാനം ചെയ്യുകയും സ്വയംതൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന വസ്തുത അംഗീകരിക്കുന്നു. ദേശീയതലത്തിലും ആഗോളതലത്തിനും സമ്പത്തിന്റെ തുല്യതയാര്‍ന്ന വിന്യാസം സാധ്യമാക്കാന്‍ ചെറുകിട, ഇടത്തര സംരംഭങ്ങള്‍ സഹായിക്കുന്നു. ചെറുകിട, ഇടത്തര സംരംഭ രംഗത്തുള്ള സാങ്കേതിക, വാണിജ്യ കൂട്ടായ്മകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ചെറുകിട, ഇടത്തര സംരംഭ രംഗത്തെക്കുറിച്ച് രണ്ടാം വട്ടമേശസമ്മേളനം സാധ്യമാക്കിയതിന് ഇന്ത്യയെ നാം അഭിനന്ദിക്കുന്നു. മേഖലാതല, ആഗോള മൂല്യശൃംഖലകളില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കൂടുതല്‍ സമഗ്രമാക്കുന്നതിനായി പ്രവര്‍ത്തിക്കാമെന്നു നാം പരസ്പരം സമ്മതിക്കുന്നു.

· ഹാങ്‌സുവില്‍ വിജയകരമായി നടന്ന 11ാമതു ജി20 നേതൃതല ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനും ഉച്ചകോടിയില്‍ ഇടക്കാല, ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാനായി പുതുമ, ഘടനാപരമായ പരിഷ്‌കരണം, വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കാന്‍ സാധിച്ചതിനും ചൈനയെ അഭിനന്ദിക്കുകയാണ്. രാജ്യാന്തര സാമ്പത്തിക സഹകരണത്തിനുള്ള ഉയര്‍ന്ന വേദിയാണ് ജി20 എന്നു നാം തിരിച്ചറിയുന്നു. ജി20യുടെ ഹാങ്‌സു ഉച്ചകോടിയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും അതു കരുത്തുറ്റതും സുസ്ഥിരവും സമീകൃതവും ഉള്‍ച്ചേര്‍ത്തുള്ളതുമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ ഉച്ചകോടിയും തുടര്‍പ്രവര്‍ത്തനങ്ങളും ആഗോള സാമ്പത്തിക പരിപാലനവും വികസ്വര രാഷ്ട്രങ്ങളുടെ പദവിയും മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നുമുണ്ട്.

· പുതുമയും ഊര്‍ജസ്വലതയുമുള്ളതും പരസ്പരബന്ധിതവുമായ, ഉള്‍ച്ചേര്‍ത്തുള്ള ലോകസമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തിനു നാം ഊന്നല്‍ നല്‍കുകയാണ്. ജി20 അജണ്ടയെക്കുറിച്ചുള്ള ചര്‍ച്ചകളും ഏകോപനവും നാം വര്‍ധിപ്പിക്കും. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കു താല്‍പര്യമുള്ള വിഷയങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കുകയും കരുത്താര്‍ജിച്ചുവരുന്ന വിപണികള്‍ക്കും വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്കും ബാധകമായ പ്രധാന പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയും ചെയ്യും. വിശാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താന്‍ ജി20 അംഗങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയും ആഗോളവളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ആഗോള സാമ്പത്തിക പരിപാലനം മെച്ചപ്പെടുത്താനും വികസ്വര രാഷ്ട്രങ്ങളുടെ പദവി ഉയര്‍ത്താനും രാജ്യാന്തര സാമ്പത്തിക ചട്ടക്കൂടിനെ ശക്തിപ്പെടുത്താനും ആഫ്രിക്കയിലെയും മറ്റുമുള്ള തീര്‍ത്തും വികസ്വരമായ രാഷ്ട്രങ്ങളിലെ വ്യവസായവല്‍ക്കരണത്തെ പിന്തുണയ്ക്കാനും ഊര്‍ജലഭ്യതയിലെയും പ്രയോഗക്ഷമതയിലെയും സഹകരണം വര്‍ധിപ്പിക്കാനും കരുത്തേറിയതും സുസ്ഥിരവുമായ വ്യാപാരത്തെയും നിക്ഷേപത്തെയും പ്രോല്‍സാഹിപ്പിക്കും. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള അനധികൃത പണമൊഴുക്കും നികുതിവെട്ടിപ്പും കള്ളക്കച്ചവടവും നിയന്ത്രിക്കാന്‍ വര്‍ധിച്ച തോതിലുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്നു നാം ഊന്നിപ്പറയുകയാണ്.

· സാമ്പത്തിക സഹകരണത്തില്‍ ബ്രിക്‌സിന്റെ പങ്കും സംഘടിത ശ്രമവും ഗുണം ചെയ്യുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ സുസ്ഥിരപ്പെടുത്തുന്നതിനും വളര്‍ച്ച പുനരുജ്ജീവിപ്പിക്കു ന്നതിനുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു നാം കരുതുന്നു.

· ആഗോള ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി വിപണിയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്ര ബ്രിക്‌സ് റേറ്റിങ് ഏജന്‍സി സ്ഥാപിക്കുന്നതിനായുള്ള സാധ്യതകള്‍ വിദഗ്ധര്‍ തേടുന്നതിനെ നാം സ്വാഗതം ചെയ്യുന്നു.

· നമ്മുടെ വിദഗ്ധര്‍ക്ക് കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനുള്ള വിലപ്പെട്ട വേദിയായിത്തീര്‍ന്ന ബ്രിക്‌സ് വിദഗ്ധസമിതി കൗണ്‍സിലിന്റെയും ബ്രിക്‌സ് അക്കാദമിക ഫോറത്തിന്റെയും റിപ്പോര്‍ട്ടുകള്‍ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സിലെയും വികസ്വര രാഷ്ട്രങ്ങളിലെയും വിപണി ഗവേഷണവും വിലയിരുത്തലും പ്രോല്‍സാഹിപ്പിക്കാനും ഇതു സംബന്ധിച്ച പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപാകാനുമുള്ള വിലപ്പെട്ട അഭിപ്രായങ്ങള്‍ അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള സമ്പദ്‌രംഗത്തെ ന്യായം, സമത്വം എന്നീ ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാക്കി മാറ്റുക എന്ന നമ്മുടെ പൊതുതാല്‍പര്യം പ്രാവര്‍ത്തികമാക്കുന്നതില്‍ ബ്രിക്‌സ് സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കല്‍ നിര്‍ണായകമാണെന്നു നാം വിശ്വസിക്കുന്നു.

· ബ്രിക്‌സ് വ്യവസായ മന്ത്രിതല യോഗങ്ങളിലൂടെ ഉള്‍പ്പെടെ ബ്രിക്‌സ് അംഗങ്ങള്‍ തമ്മിലുള്ള വ്യാവസായിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തിനു നാം ഊന്നല്‍ നല്‍കുന്നുണ്ട്. ഇതു സുസ്ഥിരവും വേഗത്തിലുള്ളതുമായ സാമ്പത്തിക വളര്‍ച്ചയ്ക്കും സമഗ്ര വ്യാവസായിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതുമയും തൊഴിലവസര സൃഷ്ടിയും പ്രോല്‍സാഹിപ്പിക്കുന്നതിനും ബ്രിക്‌സ് രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.

· അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയെ നാം അനുമോദിക്കുന്നു. ഉള്‍ച്ചേര്‍ത്തുള്ളതും സുസ്ഥിരവുമായ വ്യവസായ വികസനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിലും ആഫ്രിക്കയെ വ്യവസായവല്‍ക്കരിക്കുന്നതിലും സംഘടന വഹിച്ച സവിശേഷമായ പങ്ക് അനുസ്മരിക്കുന്നു.

· യുനിഡോ-ബ്രിക്‌സ് സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതി നാം വിലയിരുത്തുന്നു.

· ബ്രിക്‌സിന്റെ തീരുവ സഹകരണ സമിതി രൂപീകരിച്ചതിനു നമ്മുടെ കസ്റ്റംസ് വകുപ്പുകളെ അഭിനന്ദിക്കുന്നു. ചുങ്കം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒരുക്കുന്നതിനും ചുങ്കത്തിന്റെ കാര്യത്തില്‍ സഹകരിക്കുന്നതിനും നിയമസംവിധാനം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള ഭാവിയിലെ സഹകരണ സാധ്യതകള്‍ തേടുന്നതിനും വകുപ്പുകളെ അഭിനന്ദിക്കുന്നു. കസ്റ്റംസ് അധികൃതര്‍ തമ്മിലുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനായി, ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്തത്തിനായുള്ള നയത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി, ബ്രിക്‌സ് തീരുവ സഹകരണ സമിതി സംബന്ധിച്ച നിയന്ത്രണങ്ങളില്‍ പൊതുധാരണയിലെത്തി ഒപ്പുവെച്ചതു നാം ഓര്‍ക്കുന്നു.

· ബ്രിക്‌സ് ഇന്‍ഷുറന്‍സിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഫോര്‍ട്ടാലെസാ പ്രഖ്യാപനം നാം അനുസ്മരിച്ച് കൊണ്ട് ഇത് ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ മേഖലകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

· ആഗോളതലത്തില്‍ നീതിപൂര്‍വകവും ആധുനികവുമായ നികുതി സമ്പ്രദായത്തോടുള്ള നമ്മുടെ പ്രതിബന്ധതയും അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ക്രമങ്ങളുടെ ഫലപ്രദവും ദൂരവ്യാപകവുമായ നടപ്പാക്കലിലെ പുരോഗതിക്കൊപ്പമുള്ള നിലയും നാം ആവര്‍ത്തിച്ചുറപ്പിക്കുന്നു. അടിസ്ഥാനപരമായി നഷ്ടത്തിലുള്ളവയെ ലാഭകരമാക്കി മാറ്റുന്ന പദ്ധതികള്‍ക്കും (ബിഇപിഎസ്) ഒപ്പം രാജ്യങ്ങളുടെ ദേശീയ യാഥാര്‍ത്ഥ്യങ്ങളെ വേണ്ടവിധം അംഗീകരിച്ച് നാം നിലകൊള്ളും. നികുതിവ്യാപ്തി കെട്ടുറപ്പുള്ളതാക്കുംവിധം വികസ്വര സമ്പദ്ഘടനയെ സഹായിക്കുന്നതിന് രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടകളെയും നാം പ്രോല്‍സാഹിപ്പിക്കും.

· അക്രമോല്‍സുകമായ നികുതി ആസൂത്രണം നീതിപൂര്‍വകമായ വികസനത്തെയും സാമ്പത്തിക വളര്‍ച്ചയെയും പരിക്കേല്‍പ്പിക്കുന്നുവെന്നത് നാം തിരിച്ചറിയുന്നു. അടിസ്ഥാന നഷ്ടവും ലാഭകരമായ പരിവര്‍ത്തനവും നിര്‍ബന്ധമായും ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികവോടെ നടക്കുകയും മൂല്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നിടത്തുതന്നെ ലാഭത്തിന്മേല്‍ നികുതി ഈടാക്കുന്നുവെന്നും നമ്മള്‍ ഉറപ്പു വരുത്തുന്നു. നികുതി വിവരങ്ങള്‍ സ്വയം കൈമാറുന്നതു സംബന്ധിച്ച പൊതു അറിയിപ്പ് ക്രമങ്ങളില്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സഹകരണത്തെ പിന്തുണക്കാനുള്ള പ്രതിബദ്ധത നമ്മള്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.

· അന്താരാഷ്ട്ര നികുതി കാര്യങ്ങളില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ നമ്മള്‍ ശ്രദ്ധിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍, വികസ്വര രാജ്യങ്ങളുടെ വര്‍ധിച്ച പങ്കാളിത്തത്തോടെയും ആവശ്യത്തിനും ന്യായമായും ഭൂമിശാസ്ത്രപരമായ വിതരണത്തോടെയും വ്യത്യസ്ഥമായ നുകുതി സമ്പ്രദായങ്ങളെ പ്രതിനിധീകരിച്ചും അന്തര്‍ദേശീയ നികുതി കാര്യങ്ങളില്‍ ദേശീയ നികുതി വിദഗ്ധര്‍ നടത്തുന്ന എല്ലാവിധ സഹകരണവും സംഭാഷണവും ഉള്‍പ്പെടെ, വികസനത്തെ സാമ്പത്തികമായി സഹായിക്കുന്ന ആഡിസ് അബാബ പ്രവര്‍ത്തന പദ്ധതി നമ്മള്‍ തിരികെക്കൊണ്ടുവരുന്നു.

· സ്വത്തിന്മേലുള്ള ജപ്തി, വ്യക്തിപരമായ അഴിമതി തുടങ്ങി എല്ലാത്തിലും, ബ്രിക്‌സ് അഴിമതി വിരുദ്ധ പ്രവര്‍ത്തന ഗ്രൂപ്പ് മുഖേനയുള്‍പ്പെടെ അഴിമതിക്കെതിരായ അന്തര്‍ദേശീയ സഹകരണം ശക്തിപ്പെടുത്തുന്നതിനെ നമ്മള്‍ പിന്തുണക്കുന്നു. നിയമവിരുദ്ധമായ പണവും അതിന്റെ ഒഴുക്കും വിദേശരാജ്യങ്ങളില്‍ അനധികൃത സമ്പത്ത് ഒളിച്ചുവച്ചിരിക്കുന്നതും ഉള്‍പ്പെടെയുള്ള അഴിമതി ഒരു ആഗോള വെല്ലുവിളിയാണെന്നും അത് സാമ്പത്തിക വളര്‍ച്ചയെയും സുസ്ഥിര വികസനത്തെയും നിഷേധാത്മകമായി ബാധിക്കുമെന്നും നമ്മള്‍ സമ്മതിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നമ്മുടെ സമീപനം ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയും ഐക്യരാഷ്ട്ര കണ്‍വന്‍ഷനുകളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരായ പോരാടാനും അത് തടയാനുമുള്ള അന്താരാഷ്ട്ര പ്രതിബദ്ധതയ്ക്ക് ധൈര്യം പകരുകയും പ്രസക്തമായ അന്തര്‍ദേശീയ നിയമങ്ങളെ ഇതിന് ഉപയോഗിക്കുകയും ചെയ്യും.

· ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആഗോള ഹരിതവാതക നിര്‍ഗ്ഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 2015 ലെ പാരീസ് കരാറിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലും ചില ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം സുപ്രധാന പങ്ക് വഹിക്കുമെന്ന് നമ്മള്‍ അംഗീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ബ്രിക്‌സ് രാജ്യങ്ങള്‍ക്കു സുസ്ഥിര വികസനം സംഭാവന ചെയ്യുന്ന സൈനികേതര ആണവോര്‍ജ്ജ ശക്തി വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യയും പണവും കണ്ടെത്തുന്നതിലെ ദീര്‍ഘദര്‍ശനത്തിന്റെ പ്രസക്തിക്ക് നാം അടിവരയിടുന്നു.

· സമാധാനപരമായ പര്യവേഷണത്തിനും അന്താരാഷ്ട്രനിയമ പ്രകാരമുള്ള തുല്യതയുടെ അടിസ്ഥാനത്തില്‍ എല്ലാ ഭരണകൂടങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലും ബഹിരാകാശം സ്വതന്ത്രമാക്കണമെന്ന് നാം ആവര്‍ത്തിച്ച് പറയുന്നു. ഏതുതരത്തിലുള്ള ആയുധങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തില്‍ ശക്തി കാട്ടുന്നതില്‍ നിന്നും ബഹിരാകാശത്തെ ഒഴിവാക്കുമെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. ബഹിരാകാശത്തെ നിരായുധീകരിക്കാനുള്ള ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ ബഹിരാകാശത്ത് ആയുധ മല്‍സരം തടയുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നാം ഊന്നല്‍ കൊടുക്കുന്നു. ചൈനയും റഷ്യന്‍ ഫെഡറേഷനും സമര്‍പ്പിച്ച, ബഹിരാകാശത്ത് ആയുധങ്ങള്‍ സ്ഥാപിക്കുന്നതും ഈ ഉദ്ദേശ്യങ്ങള്‍ക്കെതിരെ ബലപ്രയോഗമോ ബലപ്രയോഗ ഭീഷണിയോ തടയുന്നതുമായ കരട് ഉടമ്പടിയെ അടിസ്ഥാനമാക്കിക്കൂടിയാണിത്. ബഹിരാകാശത്ത് ആരും ആദ്യം ആയുധവല്‍ക്കരണം നടത്തില്ലെന്ന രാഷ്ടീയ ഉറപ്പ് രൂപപ്പെടുത്താനുള്ള അന്തര്‍ദേശീയ ശ്രമം നടക്കുന്നതും നാം കണക്കിലെടുക്കുന്നു.

· ഭാവി തലമുറകള്‍ക്കു വേണ്ടി ബഹിരാകാശം എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുന്നതുള്‍പ്പെടെ ദീര്‍ഘകാല സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിന് മുന്‍ഗണന നല്‍കും. ബഹിരാകാശത്തിന്റെ സമാധാനപരമായ വിനിയോഗം സംബന്ധിച്ച യുഎന്‍ സമിതിയുടെ സമകാലിക കാര്യപരിപാടിയില്‍ ഇതൊരു പ്രധാന ലക്ഷ്യമാണെന്നും നമ്മള്‍ കണക്കിലെടുക്കുന്നു. ഈ അടിസ്ഥാനത്തില്‍, ബഹിരാകാശത്തെ സമാധാനപരമായ സൂക്ഷ്മപര്യവേഷണങ്ങളുടെ അന്‍പതാം വാര്‍ഷികം 2018ല്‍ നടക്കാനിരിക്കെ, അതിനൊപ്പം വിദൂരപ്രദേശങ്ങളിലെ ദീര്‍ഘകാല സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്താനുള്ള സമവായ ചര്‍ച്ചകള്‍ യുഎന്‍ സമിതിയുടെ ശാസ്ത്രീയ, സാങ്കേതിക ഉപസമിതി പ്രവര്‍ത്തക ഗ്രൂപ്പുകള്‍ പൂര്‍ത്തീകരിക്കുന്നതിനെ നമ്മള്‍ സ്വാഗതം ചെയ്യുന്നു.

· ഇന്ത്യ ഉള്‍പ്പെടെയുള്ള ചില ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ സമീപകാലത്ത് തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളെ നാം ശക്തമായി അപലപിക്കുന്നു. ഭീകരപ്രവര്‍ത്തനത്തിന്റെ എല്ലാ രൂപങ്ങളെയും നമ്മള്‍ അപലപിക്കുന്നു. ആദര്‍ശപരമോ മതപരമോ രാഷ്ട്രീയപരമോ ജാതിയമോ വംശീയമോ മറ്റെന്തു കാരണങ്ങളുടെയോ പേരിലുള്ളതാണെങ്കിലും ഭീകരതയുടെ ന്യായീകരണങ്ങള്‍ നിലനില്‍ക്കുന്നതല്ല. ഉഭയകക്ഷി അടിസ്ഥാനത്തിലും അന്താരാഷ്ട്ര തലത്തിലും ആഗോളഭീകരതക്കെതിരായ പോരാട്ടത്തില്‍ സഹകരണം ശക്തിപ്പെടുത്താന്‍ നാം യോജിക്കുന്നു.

· രാസ, ജൈവ ഭീകരതകളുടെ ഭീഷണി നേരിടുന്നതിനും അടിച്ചമര്‍ത്തുന്നതിനും അന്താരാഷ്ട്ര കൂടിച്ചേരലുകളും ബഹുതല ചര്‍ച്ചകളും നടക്കേണ്ടതിന്റെ ആവശ്യകതയെ നാം ഊന്നിപ്പറയുകയും പിന്തുണക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍, ഭീകരരും വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങളുമായുള്ള (ഡബ്ല്യു.എം.ഡി) ചങ്ങാത്തത്തിന്റെ വെല്ലുവിളി നേരിടുന്നതിനുള്ള അന്താരാഷ്ട നിശ്ചയദാര്‍ഢ്യം ഉറപ്പാക്കാനുള്ള സമ്മേളനത്തിന് 2018ല്‍ ആഥിത്യം വഹിക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നമ്മള്‍ സ്വാഗതം ചെയ്യുന്നു.

· ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന അക്രമോല്‍സുക തീവ്രവാദം, പരിഷ്‌കരണ തീവ്രവാദം, ആളെച്ചേര്‍ക്കല്‍, വിദേശ ഭീകരരരുമായി ചേര്‍ന്നുള്ള ഭീകരമുന്നേറ്റങ്ങള്‍ എന്നിവ തടയുന്നതുള്‍പ്പെടെ ഭീകരതക്കെതിരായ സമഗ്രസമീപനം നടപ്പാക്കണമെന്ന് നാം എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളിലൂടെ ഉള്‍പ്പെടെ ഭീകരപ്രവര്‍ത്തനത്തിനു ലഭിക്കുന്ന സാമ്പത്തിക സ്രോതസുകള്‍ തടയല്‍, ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കല്‍, ഏറ്റവും പുതിയ വിവരകൈമാറ്റ ആശയവിനിമയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും സാമൂഹിക മാധ്യമങ്ങളെ ഉള്‍പ്പെടെ ഉപയോഗിച്ചും ഇന്റനെറ്റിനെ ദുരുപയോഗം ചെയ്യുന്നത് ചെറുക്കലും ഇതിന്റെ ഭാഗമാണ്. എല്ലാ ഭീകരവിരുദ്ധ നടപടികളും അന്തരാഷ്ട്ര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും മനുഷ്യാവകാശങ്ങളെ മാനിച്ചുമാകണം.

· ദേശീയ സുരക്ഷ സംബന്ധിച്ച് സമീപകാലത്ത് ചേര്‍ന്ന ബ്രിക്‌സ് ഉന്നതതല യോഗവും അതിന്റെ പശ്ചാത്തലത്തില്‍ ഭീകരതക്കെതിരായ സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ ആദ്യ യോഗം 2016 സെപ്റ്റംബര്‍ 14 ന് ന്യൂഡല്‍ഹിയില്‍ വിൡച്ചു ചേര്‍ക്കാന്‍ കഴിഞ്ഞതും നമ്മള്‍ സ്വാഗതം ചെയ്യുന്നു. ഭീകരതയുടെ ഉപദ്രവം നേരിടാനുള്ള പ്രയത്‌നം ഏകോപിപ്പിക്കുന്നതുള്‍പ്പെടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംഭാഷണങ്ങളും പരസ്പരം മനസിലാക്കലും ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ഇനി വേണ്ടതെന്ന് നമ്മള്‍ വിശ്വസിക്കുന്നു.

· അന്താരാഷ്ട്ര ഭീകരത, പ്രത്യേകിച്ചും ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നും ദായിഷ് എന്നും അറിയപ്പെടുന്ന ഭീകരസംഘടനയും അതുമായി ബന്ധപ്പെട്ട ഭീകര ഗ്രൂപ്പുകളും വ്യക്തികളും ചേര്‍ന്ന് ആഗോളതലത്തില്‍ സമാധാനത്തിനും സുരക്ഷ്‌ക്കും മുമ്പില്ലാത്ത തരം ഭീഷണി ഉണ്ടാക്കുന്നു എന്ന് നമ്മള്‍ സമ്മതിക്കുന്നു. ഭീകരതക്കെതിരായ ഐക്യരാഷ്ട്രസഭയുടെ മുന്‍കൈയില്‍ ബഹുതല ഏകോപനം ഉണ്ടാക്കുന്നതിലും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും ഭീകരതക്കെതിരായ യുഎന്‍ പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനോടുള്ള വര്‍ധിച്ച പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പാക്കുന്നതിലും നാം ഊന്നല്‍ നല്‍കുന്നു. യാതൊരു വിധ കാലതാമസവും വരുത്താതെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അന്താരാഷ്ട്ര ഭീകരതക്കെതിരേ സമഗ്ര സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കൂട്ടായി ശ്രമിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും നാം ആഹ്വാനം ചെയ്യുന്നു. സ്വന്തം പ്രദേശത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഓരോ രാജ്യത്തിനുമുള്ള ഉത്തരവാദിത്തം നമ്മള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.

· കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനും ഭീകരത സര്‍വ വ്യാപിയാകുന്നതിനും എതിരായ എഫ്എറ്റിഎഫ് അന്തര്‍ദേശീയ ക്രമത്തോടുള്ള പ്രതിബദ്ധത നമ്മള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. അതിവേഗത്തിലുള്ളതും ഫലപ്രദവുമായ എഫ്എറ്റിഎഫ് നടപ്പാക്കലിലൂടെയേ ഇത് വിജയത്തിലെത്തുകയുള്ളൂ. എഫ്എറ്റിഎഫിലും അതുപോലുള്ള മേഖലാരമായ കൂട്ടായ്മകളിലും നമ്മുടെ സഹകരണം ബലപ്പെടുത്തേണ്ടതുണ്ട്.

· ആഗോള മയക്കുമരുന്ന് പ്രശ്‌നത്തില്‍ 2016 ഏപ്രില്‍19 മുതല്‍ 21 വരെ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ പൊതുസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ച രേഖയെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. നിയമവിരുദ്ധമായ ലഹരിമരുന്നുകള്‍ പ്രത്യേകിച്ചും ഉറക്കമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതും കടത്തുന്നതും ആഗോളഭീഷണിയായി കണ്ട് തടയുന്നതിനുള്ള അന്തര്‍ദേശീയവും മേഖലാപരവുമായ സഹകരണവും ഏകോപനവും ശക്തിപ്പെടുത്താന്‍ നമ്മള്‍ ആഹ്വാനം ചെയ്യുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി മയക്കുമരുന്ന് കടത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ബന്ധത്തെക്കുറിച്ച് നമ്മള്‍ ആഴത്തിലുള്ള ഉത്കണ്ഠ അറിയിക്കുന്നു. ബ്രിക്‌സിന്റെ മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സികള്‍ക്കിടയിലെ സഹകരണത്തെ നമ്മള്‍ അഭിനന്ദിക്കുന്നു. 2016 ജൂലൈ 8ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തക ഗ്രൂപ്പിന്റെ രണ്ടാം സമ്മേളനത്തെ നമ്മള്‍ സ്വാഗതം ചെയ്യുന്നു.

· മനുഷ്യാവകാശം, അന്തര്‍ദേശീയ സമാധാനം, സുരക്ഷ എന്നിവയുടെ സുസ്ഥിര വികസനത്തിന് വിവരസാങ്കേതികവിദ്യയുടെ വ്യാപനം പ്രധാനമാണെന്ന് നമ്മള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. ക്രിമിനല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരേ വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുതന്നെ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നമ്മള്‍ അംഗീകരിക്കുന്നു. ഒപ്പം, വിവരസാങ്കേതികവിദ്യാ രംഗത്ത് നമ്മുടെ സാങ്കേതിക, നിയമം നടപ്പാക്കല്‍, ആര്‍ ആന്‍ഡ് ഡി, മികവ് ശക്തിപ്പെടുത്തല്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ സഹകരണവും മെച്ചപ്പെടുത്തും. വികസിത, വികസ്വര രാജ്യങ്ങള്‍ക്കിടയിലെ ഡിജിറ്റലും സാങ്കേതികവുമായ വേര്‍തിരിവുകള്‍ നികത്താനുള്ള പ്രതിബദ്ധത നമ്മള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. നമ്മുടെ സമീപനം ബഹുതല മാനങ്ങള്‍ ഉള്ളതും സമ്പൂര്‍ണവും ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ എന്തൊക്കെ തരത്തിലുള്ള പരസ്പരധാരണകളാണ് വേണ്ടതെന്ന് തിരിച്ചറിയുന്നതുമാകണം എന്ന് നമ്മള്‍ അംഗീകരിക്കുന്നു.

· ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും യുഎന്‍ ചാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ അന്തര്‍ദേശീയവും ദേശീയവുമായ സഹകരണത്തിലൂടെ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് നമ്മള്‍ ആവര്‍ത്തിക്കുന്നു; പ്രത്യേകിച്ചും സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പെടെ മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും മാനിക്കുന്നതുള്‍പ്പെടെ രാഷ്ട്രീയ സ്വാതന്ത്ര്യം, ദേശീയോദ്ഗ്രഥനം. പരമാധികാരം, രാഷ്ട്രങ്ങള്‍ക്കിടയിലെ തുല്യത, തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ തീര്‍പ്പ്, മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവ സമാധാനപരവും സുരക്ഷിതവുമായ വിവരസാങ്കേതികവിദ്യ തുറക്കലിനും സഹകരണത്തിനും അതീവപ്രധാനമാണ്.

· ഭീകരപ്രവര്‍ത്തനത്തിനു വേണ്ടി വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിലെ വര്‍ധന അന്തര്‍ദേശീയ തലത്തില്‍ സമാധാനത്തിനും സുരക്ഷക്കും വലിയ ഭീഷണിയാണ്. വിവരസാങ്കേതികവിദ്യയുടെ കുറ്റകരമായ ദുരുപയോഗത്തിനെതിരായ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയില്‍ നമ്മള്‍ ഉറച്ചു നില്‍ക്കുന്നു. ഇ തെക്വിനി, ഫോര്‍ട്ടാലെസ, ഉഫ പ്രഖ്യാപനങ്ങളുടെ പൊതുസമീപനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും നാം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള മുഖ്യ പങ്ക് നാം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തപൂര്‍ണമായ പെരുമാറ്റത്തിന്റെ ചട്ടങ്ങളും മാനദണ്ഡങ്ങളും തത്വങ്ങളും നടപ്പാക്കുന്നതിന് യോജിച്ചുള്ള പ്രവര്‍ത്തനം നാം തുടരും. വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് നമ്മള്‍ അംഗീകരിക്കുന്നു.

· തുറന്നതും മുറിയാത്തതുമായ ഇന്റര്‍നെറ്റ് സുരക്ഷക്കു വേണ്ടി നമ്മള്‍ വാദിക്കുകയും ഇന്റര്‍നെറ്റ് ഒരു ആഗോള വിഭവമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും അതിന്റെ വികാസത്തിലും നടത്തിപ്പിലുമുള്ള തുല്യ പദവിയില്‍ രാഷ്ട്രങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കുകയും ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തവും പങ്കും ശരിയായി നിര്‍വഹിക്കുകയും വേണമെന്ന് നമ്മള്‍ വാദിക്കുന്നു.
· സുസ്ഥിര സാമ്പത്തിക വികസനം ഉറപ്പാക്കുന്നതില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെയും ഊര്‍ജ്ജ ക്ഷമതയുടെയും പ്രാധാന്യം നമ്മള്‍ അംഗീകരിക്കുന്നു; ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണാപത്രത്തെ സ്വാഗതം ചെയ്യുന്നു.

· വൈദ്യുതോല്‍പാദനത്തിന്റെ തോതിലും കാര്യക്ഷമമായ വിതരണത്തിലുമുള്ള വെല്ലുവിളി നമ്മള്‍ അംഗീകരിക്കുന്നു. കാര്‍ബണ്‍ ഇന്ധനങ്ങളും മറ്റും കുറയ്ക്കുകയും വേണം. പുനരൂര്‍ജ്ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതാണെന്നും നമ്മള്‍ അംഗീകരിക്കുന്നു. പുതിയ ഊര്‍ജ്ജ സാങ്കേതികവിദ്യയും അതിനുള്ള സാമ്പത്തികവും സംബന്ധിച്ച മേഖലയില്‍ അന്തരാഷ്ട്ര സഹകരണത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും നമ്മള്‍ വിശ്വസിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ പുതിയ ഊര്‍ജ്ജത്തിന്റെ പ്രധാന്യവും നമ്മള്‍ കണക്കിലെടുക്കുന്നു. സുസ്ഥിര വികസനം, ഊര്‍ജ്ജത്തിലേക്കുള്ള വഴി, ഊര്‍ജ്ജ സുരക്ഷ എന്നിവ ഭാവിയുടെ സമൃദ്ധി പങ്കുവയ്ക്കലിനു നിര്‍ണായകമാണ്. പുതിയതും പുതുക്കാവുന്നതുമായ ഊര്‍ജ്ജം എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്നും നമ്മള്‍ അംഗീകരിക്കുന്നു.

· സാമ്പത്തിക ക്ഷമതയുള്ളതും സുസ്ഥിര വികസനത്തിനുള്ള വെടിപ്പുള്ള ഇന്ധനം എന്ന നിലയിലും സ്വാഭാവിക വാതകത്തിന്റെ വ്യാപക ഉപയോഗത്തെ നമ്മള്‍ പിന്തുണക്കുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി പ്രകാരമുള്ള ഹരിതവാതക നിര്‍ഗ്ഗമനത്തെ കുറയ്ക്കാനും ഇതുപകരിക്കും.

· എച്ച്‌ഐവിയും ക്ഷയവും ഉള്‍പ്പെടെയുള്ള സംക്രമിക രോഗങ്ങളുടെ വെല്ലുവിളികള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്നത് നമ്മള്‍ കണക്കിലെടുക്കുന്നു. എച്ച്‌ഐവി ചികില്‍സയില്‍ 2020 ഓടെ 90-90-90 എന്ന ലക്ഷ്യം നേടുന്നതിന് ബ്രിക്‌സ് ആരോഗ്യ മന്ത്രിമാര്‍ ശ്രദ്ധ വയ്ക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. ഗുണനിലവാരമുള്ള ഔഷധങ്ങളും രോഗപരിശോധനയും ഉള്‍പ്പെടെ ബ്രിക്‌സ് രാജ്യങ്ങളിലെ എച്ച്‌ഐവി, ക്ഷയ രോഗ ചികില്‍സയില്‍ സുപ്രധാനമായ സഹകരണവും പ്രവര്‍ത്തനവും വേണമെന്നതിന് നമ്മള്‍ അടിവരയിടുന്നു.

· എയിഡ്‌സ് ഇല്ലാതാക്കുന്നതിനു 2016 ജൂണില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഉന്നതതല യോഗവും 2017ല്‍ ലോകാരോഗ്യ സംഘടന മോസ്‌കോയില്‍ ക്ഷയത്തിനെതിരേ നടത്താനിരിക്കുന്ന സമ്മേളനവും നമ്മള്‍ കണക്കിലെടുക്കുന്നു.

· മാറുന്ന ആഗോള ആരോഗ്യ വെല്ലുവിളികള്‍ മനസിലാക്കി ബ്രിക്‌സ് രാജ്യങ്ങള്‍ ഔഷധങ്ങളുടെയും രോഗനിര്‍ണയ ഉപകരണങ്ങളുടെയും ഗവേഷണവും വികസനവും പ്രോല്‍സാഹിപ്പിക്കണം. പകര്‍ച്ചവ്യാധികള്‍ തടയാനും സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരമുള്ളതും എല്ലാവര്‍ക്കും പ്രാപ്യവുമായ അവശ്യ മരുന്നുകളും ഉറപ്പാക്കണം.

· ഐക്യരാഷ്ട്ര ജനറല്‍ കൗണ്‍സില്‍ – 71ലെ ഉന്നതതല യോഗത്തെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. അത് പൊതുജനാരോഗ്യത്തെ ഗൗരവപൂര്‍വമായാണ് അഭിമുഖീകരിച്ചത്. പൊതുജനാരോഗ്യം, ആഗോള സാമ്പത്തിക സുസ്ഥിരതയ്ക്കും വളര്‍ച്ചക്കും ആവശ്യമാണ്. സഹകരണം സാധ്യമാകുന്ന രോഗനിയന്ത്രണ സംവിധാനങ്ങള്‍ കണ്ടെത്തി സഹകരിക്കാനും വെല്ലുവിളികളും മികച്ച അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കാനും ശ്രദ്ധിക്കണം; പ്രത്യേകമായി കൂട്ടായി നീങ്ങാവുന്ന മേഖലകള്‍ കണ്ടെത്തുകയും വേണം.

· ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതും നിയന്ത്രിതവുമായ ജനസംഖ്യാവികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ പ്രതിബദ്ധത നമ്മള്‍ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. 2015- 2020 കാലയളവില്‍ ജനസംഖ്യാ വിഷയത്തില്‍ ബ്രിക്‌സ് സഹകരണം സാധ്യമാക്കുന്ന കാര്യപരിപാടിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരണം തുടരുകയും ചെയ്യും.

· 2016 ജൂണ്‍ 9ന് ജനീവയിലും 2016 സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ന്യൂഡല്‍ഹിയിലും ചേര്‍ന്ന ബ്രിക്‌സ് തൊഴില്‍ ഉദ്യോഗ മന്ത്രിമാരുടെ സമ്മേളനഫലത്തെ നാം സ്വാഗതം ചെയ്യുന്നു.ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ സാമൂഹിക സുരക്ഷാ കരാര്‍ ഉണ്ടാക്കാനുള്ള സാധ്യത ആരായും. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ മികച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കാനും കൈമാറാനും മികവ് കെട്ടിപ്പടുക്കലിനെ പ്രോല്‍സാഹിപ്പിക്കാനുമായി തൊഴില്‍ ഗവേഷണ, പരിശീലന സ്ഥാപനങ്ങളുടെ ശൃംഖല സ്ഥാപിക്കാനുള്ള പ്രതിബദ്ധതയുടെ കൂടി ഭാഗമാണിത്. അന്തസുള്ള തൊഴില്‍ അന്തരീക്ഷത്തോടുകൂടിയ ഗുണനിലവാരമുള്ള തൊഴില്‍, സുസ്ഥിരമായ സാമൂഹിക സംരക്ഷണം, തൊഴില്‍ ചെയ്യാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കല്‍ എന്നിവ അംഗീകരിക്കുന്നതിനൊപ്പം സുസ്ഥിര വികസനത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നും തിരിച്ചറിയുന്നു.

· 2016 സെപ്റ്റംബര്‍ 30ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന നാലാമത് വിദ്യാഭ്യാസ മന്ത്രിമരുടെ നാലാമത് ഫലങ്ങളെ, വിദ്യാഭ്യാസംസംബന്ധിച്ച ന്യൂഡല്‍ഹി പ്രഖ്യാപനം ഉള്‍പ്പെടെ, നാം സ്വാഗതം ചെയ്യുന്നു. സാമ്പത്തിക വികാസത്തില്‍ വിദ്യാഭ്യാസത്തിനും മികവിനുമുള്ള പ്രാധാന്യത്തില്‍ നാം ഊന്നുകയും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ആഗോള ആവശ്യകത ആവര്‍ത്തിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു. ബ്രിക്‌സ് രാജ്യങ്ങളിലെല്ലാം 2017ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന ബ്രിക്‌സ് യൂണിവേഴ്‌സിറ്റി ലീഗ് (ബ്രിക്‌സല്‍) ഉള്‍പ്പെടെയുള്ള ബ്രിക്‌സ് നെറ്റ്‌വര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നാം തൃപ്തരാണ്. ഈ രണ്ട് സംരംഭങ്ങളും ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കും.

· 2016 സെപ്റ്റംബര്‍ 3 മുതല്‍ 6 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യുവ നയതന്ത്രജ്ഞരുടെ ഫോറം രൂപീകരണത്തെ നാം അഭിനന്ദിക്കുന്നു. ബ്രിക്‌സ് ഡിപ്ലോമാറ്റ് അക്കാദമികളുമായി അറിവും അനുഭവങ്ങളും കൈമാറാന്‍ ധാരണാപത്രം ഒപ്പുവച്ചതിനെയും നാം സ്വാഗതം ചെയ്യുന്നു.

· 2016 ഒക്ടോബര്‍ 8ന് ചേര്‍ന്ന ബ്രിക്‌സ് എസ്റ്റിഐ മന്ത്രിതല സമ്മേളനത്തിന്റെ ഫലങ്ങളെ നാം സ്വാഗതം ചെയ്യുന്നു; ശാസ്ത്ര , സാങ്കേതിക, നൂതന സംരംഭ രംഗങ്ങളിലെ പ്രവര്‍ത്തന പദ്ധതി (2015-2018)അംഗീകരിച്ച് പുതുക്കാനുള്ള ജയ്പൂര്‍ പ്രഖ്യാപനത്തെയും സ്വാഗതം ചെയ്യുന്നു. ഇത് സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് യുവശാസ്ത്രജ്ഞരെ പ്രാപ്തരാക്കുകയും ബ്രിക്‌സ് യുവ ശാസ്ത്രജ്ഞരുടെ ശൃംഖല ഉള്‍പ്പെടുന്ന വേദി ഉണ്ടാക്കുകയും പുതിയ അറിവുകളുടെയും നവീന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രക്രിയകളുടെയും ഏകോപനം സാധ്യമാക്കുകയും പൊതുവായ ആഗോളവും മേഖലാപരവുമായ സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അനുഭവങ്ങളും അഭിനന്ദനങ്ങളും പങ്കുവയ്ക്കലിന് വിനിയോഗിക്കുകയും ചെയ്യും.

· ബ്രിക്‌സ് ഗവേഷണത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും മുന്‍കൈശ്രമങ്ങള്‍ നടപ്പാക്കുന്നതിന്റെ പ്രാധാന്യത്തിന് നാം ഊന്നല്‍ നല്‍കുന്നു. യുവശാസ്ത്രജ്ഞര്‍ക്ക് ബ്രിക്‌സ് നവീനാശയ സമ്മാനം നല്‍കുന്ന ബ്രിക്‌സിന്റെ ആദ്യ യുവ ശാസ്ത്രജ്ഞ സമ്മേളനത്തിന് ഇന്ത്യ ആഥിത്യം വഹിക്കുന്നതിനെ നാം സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് എസ്റ്റിഐ ചട്ടക്കൂട് പരിപാടിക്കു കീഴില്‍ പത്ത് വിഷയങ്ങളിലൂന്നി ആദ്യമായി അഭിപ്രായങ്ങള്‍ ക്ഷണിച്ചതിലെ പുരോഗതിയെ നാം കണക്കിലെടുക്കുന്നു. അഞ്ച് ബ്രിക്‌സ് എസ്റ്റിഐ മന്ത്രാലയങ്ങളുടെ സാമ്പത്തിക പിന്തുണ വാഗ്ദാനം ഇതിനുണ്ട്. ബ്രിക്‌സ് ഗ്ലോബല്‍ റിസര്‍ച്ച് അഡ്വാന്‍സ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ നെറ്റുവര്‍ക്ക് വീണ്ടും നടപ്പാക്കുന്നതിന് ഗവേഷണ അടിസ്ഥാനസൗകര്യം, വന്‍കിട ശാസ്ത്രം എന്നിവയില്‍ ബ്രിക്‌സ് പ്രവര്‍ത്തക ഗ്രൂപ്പ് രൂപീകരിച്ചതിനെ നാം സ്വാഗതം ചെയ്യുന്നു.

· 2016 സെപ്റ്റംബര്‍ 23നു ചേര്‍ന്ന കൃഷി മന്ത്രിമാരുടെ സമ്മേളനത്തെയും അതിന്റെ സംയുക്ത പ്രഖ്യാപനത്തെയും നമ്മള്‍ സ്വാഗതം ചെയ്യുന്നു; വര്‍ധിച്ച കാര്‍ഷികോല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ കൈകാര്യം ചെയ്യല്‍, ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ കാര്‍ഷിക വ്യാപാരം എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പോഷകാഹാരക്കുറവിനെ നേരിടാനും വിശപ്പിനെയും പട്ടിണിയെയും നേരിടാനുമുള്ള പ്രഖ്യാപനത്തിന്റെ പ്രാധാന്യം നാം എടുത്തു പറയുന്നു. ലോകത്തിലെ മുന്‍നിര കാര്‍ഷികോല്‍പ്പാദകര്‍ എന്ന നിലയിലും ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളെന്ന നിലയിലും കാര്‍ഷിക മേഖലയിലെ ബ്രിക്‌സ് സഹകരണത്തിന്റെ പ്രാധാന്യം നാം ഉയര്‍ത്തിപ്പിടിക്കുന്നു. ശാസ്ത്രാധിഷ്ഠിത കൃഷിയെയും അതില്‍ വിവര, ആശയ വിനിമയ സാങ്കേതികവിദ്യയെ വിന്യസിക്കുന്നതിനെയും നമ്മള്‍ അംഗീകരിക്കുന്നു.

· കാര്‍ഷിക ഗവേഷണ നയം, ശാസ്ത്രം, സാങ്കേതിക വിദ്യ, നവീന കണ്ടുപിടുത്തങ്ങള്‍, ബ്രിക്‌സ് രാജ്യങ്ങളിലെ ചെറുകിട കൃഷിസാധ്യതയുള്ള രാജ്യങ്ങള്‍ക്കുവേണ്ടി സാങ്കേതിക വിദ്യയിലുള്‍പ്പെടെ മികവ് ശക്തിപ്പെടുത്തല്‍ എന്നിവയിലെ സഹകരണത്തിനാണ് ഇനി ബ്രിക്‌സ് രാജ്യങ്ങള്‍ ശ്രദ്ധ നല്‍കേണ്ടത്. ബ്രിക്‌സ് കാര്‍ഷിക ഗവേഷണ വേദി സ്ഥാപിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചതിനെ നാം സ്വാഗതം ചെയ്യുന്നു.

· കൃഷിക്ക് വെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നത് പരിഗണിച്ച്, കര്‍ഷകരെ വരള്‍ച്ചാ കാലത്ത് സഹായിക്കുന്നതിന് ജലസേചന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ഈ മേഖലയിലെ അനുഭവ സമ്പത്തും വൈദഗ്ധ്യവും പങ്കുവയ്ക്കാനും നമ്മള്‍ ആഹ്വാനം ചെയ്യുന്നു.

· ഇ ഗവേണന്‍സ്, സാമ്പത്തികമായ ഉള്‍ക്കൊള്ളല്‍, ഉന്നമിടുന്ന നേട്ടങ്ങളുടെ വിതരണം, ഇ കൊമേഴ്‌സ്, തുറന്ന സര്‍ക്കാര്‍, ഡിജിറ്റല്‍ ഉള്ളടക്കവും സേവനങ്ങളും, ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കല്‍ എന്നീ കാര്യങ്ങളിലെ വൈദഗ്ധ്യവും അനുഭവ സമ്പത്തും ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ക്കും ആശയവിനിമയത്തിനുമായി പങ്കുവയ്ക്കുന്നതിലെ മൂല്യങ്ങളെ നമ്മള്‍ സത്യസന്ധമായി കാണുന്നു. ഇ കൊമേഴ്‌സ് വ്യാപാരത്തിലെ ലാഭം പങ്കുവയ്ക്കുന്നതിലെ ഫലപ്രദമായ പങ്കാളിത്തത്തിന് മികവ് കെട്ടിപ്പടുക്കാനുള്ള പ്രയത്‌നത്തെ നാം പിന്തുണക്കുന്നു.

· വരാന്‍പോകുന്ന ബ്രിക്‌സ് വാര്‍ത്താവിനിമയ മന്ത്രിതല സമ്മേളനത്തെ നാം സ്വാഗതം ചെയ്യുന്നു. അത് സാങ്കേതികവിദ്യയിലെ പുതിയ പ്രവണതകള്‍, നിലവാര വികസനം, മികവ് വികസിപ്പിക്കല്‍, നയരൂപീകരണം എന്നിവയിലുള്‍പ്പെടെ നമ്മുടെ സഹകരണം ശക്തിപ്പെടുത്തും.

· സോഫ്റ്റുവെയറിന്റെയും ഐടി ഉപകരണങ്ങളുടെയും ലോക വിപണി വഴിതിരിച്ചുവിടാനുള്ള യോജിച്ച ശ്രമങ്ങള്‍ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് നാം വിശ്വസിക്കുന്നു. ബ്രിക്‌സ് പ്രവര്‍ത്തക ഗ്രൂപ്പ് ചട്ടക്കൂടില്‍ വിവരസാങ്കേതിക വിദ്യാ മേഖലയിലെ സഹകരണം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നാം ആഹ്വാനം ചെയ്യുന്നു.

· 2016 ഏപ്രില്‍ 19, 20 തീയതികളില്‍ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലും 2016 ആഗസ്റ്റ് 22ന് ഉദയ്പ്പൂരിലും ചേര്‍ന്ന ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ബ്രിക്‌സ് മന്ത്രിമാരുടെ സമ്മേളന ഫലങ്ങളെ നാം സ്വാഗതം ചെയ്യുന്നു. ദുരന്തനിവാരണ മേഖലയ്ക്ക് ബ്രിക്‌സ് സംയുക്ത കര്‍മസേന രൂപീകരിച്ച രണ്ടാം സമ്മേളനത്തിന്റെ ഉദയ്പ്പൂര്‍ പ്രഖ്യാപനത്തെയും നാം സ്വാഗതം ചെയ്യുന്നു.

· മാത്യു ചുഴലിക്കാറ്റില്‍ ഹെയ്തിയിലെയും കരീബിന്‍ ദ്വീപുകളിലെയും ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ നാം അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുരന്തത്തോട് പ്രതികരിച്ച് ഇടപെടല്‍ നടത്തിയ ഐക്യരാഷ്ട്രസഭയുടെ പ്രയത്‌നത്തെയും മാനുഷിക പങ്കാളികളെയും നാം പിന്തുണയ്ക്കുന്നു.

· 2016 സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഗോവയില്‍ ചേര്‍ന്ന ബ്രിക്‌സ് പരിസ്ഥിതികാര്യ മന്ത്രിമാരുടെ സമ്മേളന ഫലങ്ങളെയും ഗോവ പ്രഖ്യാപനത്തെയും നാം സ്വാഗതം ചെയ്യുന്നു. വായുവിലെയും ജലത്തിലെയും മലിനീകരണത്തിനെതിരായ സാങ്കേതിക വൈദഗ്ധ്യം പങ്കുവയ്ക്കാനും കാര്യക്ഷമമായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സുസ്ഥിര ജൈവ വൈവിധ്യത്തിന് അത് വിനിയോഗിക്കുന്നതിനുമുള്ള തീരുമാനത്തെയും നാം സ്വാഗതം ചെയ്യുന്നു. പാരിസ്ഥിതികമായ സാങ്കേതിക വിദ്യയുടെ കരുത്തുള്ള പൊതുവേദി രൂപപ്പെടുത്തി ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക സഹകരണം ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യത്തെയും നാം അംഗീകരിക്കുന്നു.

· ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ചേര്‍ന്ന വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വന്യജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച 17ാം അന്തര്‍ദേശീയ സമ്മേളനത്തിന്റെ (സിഐറ്റിഇഎസ്) ഫലങ്ങളെ നാം സ്വാഗതം ചെയ്യുന്നു. സുഗന്ധദ്രവ്യങ്ങളുടെ അന്തര്‍ദേശീയ വ്യാപാരത്തില്‍ 2016 സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 4 വരെ ചേര്‍ന്ന ആ സമ്മേളനം ഒരു നാഴികക്കല്ലായിരുന്നു.

· 2016 ഏപ്രില്‍ 22ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് യുഎന്‍ നയരേഖക്കുള്ളില്‍ നിന്നുകൊണ്ട് ഉണ്ടാക്കിയ പാരീസ് കരാറും അതില്‍ നിരവധി രാജ്യങ്ങള്‍ ഒപ്പുവച്ചതും നമ്മള്‍ സ്വാഗതം ചെയ്യുന്നു. വ്യത്യസ്ഥരാജ്യങ്ങളുടെ വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഓരോരുത്തരുടെയും തുല്യത നിലനിര്‍ത്തിയും പരസ്പരം അംഗീകരിച്ചും അതിന്റെ സമഗ്രതയും സന്തുലനവും നിലനിര്‍ത്തുന്നതിലാണ് നമ്മുടെ ഊന്നല്‍.

· പാരിസ് കരാറിനെയും 2016 നവംബര്‍ 4 മുതല്‍ അത് നടപ്പില്‍ വരുത്തുന്നതിനെയും നാം സ്വാഗതം ചെയ്യുന്നു. അനിവാര്യമായ സാമ്പത്തിക വിഭവങ്ങള്‍, സാങ്കേതിക വിദ്യ, മികവ് കെട്ടിപ്പടുക്കല്‍ എന്നിവയിലൂന്നി വികസ്വര രാജ്യങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതില്‍ വികസിത രാജ്യങ്ങള്‍ അവരുടെ ഉത്തരവാദിത്തം പൂര്‍ത്തീകരിക്കണമെന്ന് നാം ആഹ്വാനം ചെയ്യുന്നു. പാരീസ് കരാറിന്റെ നടപ്പാക്കലില്‍ ഇത് പ്രതിഫലിക്കണം.

· 2030 എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലിംഗസമത്വം, എല്ലാ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം എന്നീ കാര്യങ്ങളിലുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിക്കുന്നു. വികസനത്തിന്റെ സന്ദേശവാഹകര്‍ എന്ന നിലയില്‍ സ്ത്രീകള്‍ വലിയ പങ്ക് വഹിക്കുന്നതായി നാം അംഗീകരിക്കുന്നു. ഒപ്പം, അവരുടെ തുല്യതയും ആകമാന പങ്കാളിത്തവും അംഗീകരിക്കുകയും സുസ്ഥിര വികസനവും പുരോഗതിയും പരക്കെ വ്യാപിപ്പിച്ച് ലക്ഷ്യങ്ങളിലെത്തുന്നതിലുള്ള അവരുടെ നിര്‍ണായക പങ്ക് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഈ പ്രതിബദ്ധതകള്‍ നടപ്പാക്കുന്നതില്‍ പ്രകടമാക്കേണ്ട ഉത്തരവാദിത്തബോധത്തിന്റെ പ്രാധാന്യം നാം ഉയര്‍ത്തിപ്പിടിക്കുന്നു.

· നമ്മുടെ രാജ്യങ്ങളിലെ യുവജനങ്ങളുടെ ബോധ്യപ്പെട്ടുകഴിഞ്ഞ കഴിവും വൈവിധ്യവും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നാം മാനിക്കുകയും ഗുവാഹത്തിയില്‍ ചേര്‍ന്ന ബ്രിക്‌സ് യുവജന ഉച്ചകോടിയുടെ ഫലങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനുള്ള ഗുവാഹത്തി ബ്രിക്‌സ് യുവജന ഉച്ചകോടി 2016 ആഹ്വാനം ഉള്‍പ്പെടെ. അത്, വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും സംരംഭകത്വത്തിന്റെയും പരിശീലനത്തിന്റെയും പ്രാധാന്യം അംഗീകരിക്കുന്നു.

· ടൂറിസം സംബന്ധിച്ച് 2016 സെപ്റ്റംബര്‍ 1 നും 2 നും മധ്യപ്രദേശിലെ ഖജുരാഹോയില്‍ സംഘടിപ്പിച്ച ബ്രിക്‌സ് കണ്‍വന്‍ഷനെ നാം സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതില്‍ അത് വലിയ പങ്ക് വഹിക്കും.

· ലോകത്തിലെ ആകെ ജനസംഖ്യയുടെ 43% ഉള്‍പ്പെടുന്നതും വളരെ വേഗം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സമൂഹങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ നഗരവല്‍ക്കരണത്തിന്റെ അവസരങ്ങളെയും വെല്ലുവിളികളെയും ബഹുതല മാനങ്ങളില്‍ നാം അംഗീകരിക്കുന്നു. 2016 ഒക്ടോബര്‍ 17 മുതല്‍ 20 വരെ ക്വിറ്റോയില്‍ ചേരുന്ന ഭവന നിര്‍മാണവും സുസ്ഥിര വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനത്തില്‍ ഒരു പുതിയ സുസ്ഥിര നഗര കാര്യപരിപാടി അംഗീകരിക്കേണ്ടതുണ്ട്. ബ്രിക്‌സ് നഗരവല്‍ക്കരണ ഫോറം വിശാഖട്ടണത്ത് 2016 സെപ്റ്റംബര്‍ 14 മുതല്‍ 16 വരെയും 2016 ഏപ്രില്‍ 14 മുതല്‍ 16 വരെ മുംബൈയിലും സംഘടിപ്പിച്ച ബ്രിക്‌സ് സൗഹൃദ നഗര സമ്മേളനങ്ങളെ നാം സ്വാഗതം ചെയ്യുന്നു. നമ്മുടെ നഗരങ്ങള്‍ക്കിടിലും പങ്കാളികള്‍ക്കിടയിലും അത് മികച്ച ബന്ധം വളര്‍ത്താന്‍ ഉപകരിച്ചു. നഗരഭരണം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ യോജിച്ച സഹകരണത്തിന് നാം ആഹ്വാനം ചെയ്യുന്നു. നമ്മുടെ നഗരങ്ങള്‍ അതുവഴി സുരക്ഷിതവും മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങളുള്ളതുമാകണം. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തെ സാമ്പത്തികമായി സഹായിച്ച് സുസ്ഥിരപ്പെടുത്താനും അത് സഹായകമാകും.

· പ്രാദേശിക ബഡ്ജറ്റിംഗില്‍ ഉള്‍പ്പെടെയുള്ള വൈദഗ്ധ്യവും മികച്ച അനുഭവങ്ങളും വരാന്‍പോകുന്ന ബ്രിക്‌സ് തദ്ദേശഭരണ സമ്മേളനത്തില്‍ കൈമാറാനുള്ള ഇന്ത്യയുടെ താല്‍പര്യത്തെ നാം മാനിക്കുന്നു.

· ക്രമപ്രകാരവും സുരക്ഷിതമായും തുടര്‍ച്ചയായ ഉത്തരവാദിത്തത്തോടെയും കുടിയേറ്റം നടക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, 2015 ഒക്ടോബര്‍ 8ന് റഷ്യന്‍ ഫെഡറേഷനിലെ സോച്ചിയില്‍ നടന്ന ബ്രിക്‌സ് കുടിയേറ്റകാര്യ മന്ത്രിമാരുടെ സമ്മേളനഫലങ്ങളെ നാം സ്വാഗതം ചെയ്യുന്നു.

· നമ്മുടെ ജനങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും അടുത്ത സഹകരണവും ഉണ്ടാകുന്നതിന് സംസ്‌കാരത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പങ്ക് നാം അംഗീകരിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക വിനിമയങ്ങള്‍ നടക്കുന്നതിനെ നാം പ്രോല്‍സാഹിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍, 2016 സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ ആദ്യ ബ്രിക്‌സ് ചലച്ചിത്രോല്‍സവം ന്യൂഡല്‍ഹിയില്‍ നടന്നതില്‍ നമുക്ക് സന്തോഷമുണ്ട്.

· 2016 ഒക്ടോബര്‍ 23ന് ജനീവയില്‍ നടക്കുന്ന രണ്ടാം ബ്രിക്‌സ് പാര്‍ലമെന്ററി ഫോറം സമ്മേളനത്തെ നാം സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് പാര്‍ലമെന്ററി സഹകരണം’ എന്ന വിഷയത്തിലാണ് സമ്മേളനം.

· 2016 ആഗസ്റ്റ് 20നും 21നും ജയ്പൂരില്‍ ചേര്‍ന്ന ബ്രിക്‌സ് വനിതാ പാര്‍ലമെന്റേറിയന്മാരുടെ സമ്മേളനത്തെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. ലിംഗസമത്വം, സ്ത്രീശാക്തീകരണം, സുസ്ഥിര വികസനം എന്നീ മൂന്ന് വിഷയങ്ങളിലൂന്നി ആ സമ്മേളനം നടത്തിയ ജയ്പൂര്‍ പ്രഖ്യാപനം നടപ്പാക്കാനുള്ള പ്രതിബദ്ധത നാം പ്രഖ്യാപിക്കുന്നു.

· കുറഞ്ഞ ചെലവിലും എന്നാല്‍ സുസ്ഥിര അടിത്തറയിലും സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്ന വിധം റയില്‍ മേഖലയില്‍ ഗവേഷണ,വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു ബ്രിക്‌സ് റെയില്‍വേസ് ഗവേഷണ ശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ നാം അഭിനന്ദിക്കുന്നു.

· 2016 ഒക്ടോബര്‍ 5 മുതല്‍ 15 വരെ ഗോവയില്‍ 17 വയസില്‍ താഴെയുള്ളവരുടെ ഒന്നാം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച ഇന്ത്യയെ നാം അഭിനന്ദിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ കൈമാറ്റം പ്രോല്‍സാഹിപ്പിക്കുന്നതിന് ബ്രിക്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കാനും ഇത് വഴിവച്ചു.

· ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വ്യാപാരം, കച്ചവടനിക്ഷേപവും ബ്രിക്‌സ് അന്തര്‍ ബാങ്ക് സഹകരണ സംവിധാനത്തിന്റെ പ്രാധാന്യവും അംഗീകരിച്ചുകൊണ്ട് ബ്രിക്‌സ് രാജ്യങ്ങളും ദേശീയ വികസന ബാങ്കുകളും ന്യൂ ഡെവലപ്‌മെന്റ് ബാങ്കും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചതിനെ നാം സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് രാജ്യങ്ങളിലെ സാമ്പത്തിക ചലനങ്ങളേക്കുറിച്ച് ഗവേഷണം നടത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും എല്ലാ വര്‍ഷവും ബ്രിക്‌സ് ഇക്കണോമിക് റിസര്‍ച്ച് അവാര്‍ഡ് നല്‍കാനുള്ള എക്‌സ്‌പോര്‍ട്ട്- ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യാ തീരുമാനത്തെ നാം സ്വാഗതം ചെയ്യുന്നു.

· പൊതുവായ വികസനത്തിനു പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത നാം ആവര്‍ത്തിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഗോവ കര്‍മ പദ്ധതി നാം അംഗീകരിക്കുന്നു.

· ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷ പദവിയെ ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ അഭിനന്ദിച്ചിട്ടുണ്ട്; ബ്രിക്‌സ് സഹകരണ കാര്യപരിപാടിയിലെ നല്ല ചുവടുവയ്പിനെയും.

· ബ്രിക്‌സ് ഉച്ചകോടികളുടെ പ്രഖ്യാപന രേഖകളും തീരുമാനങ്ങളും നടപ്പാക്കുന്നതിലെ തുടര്‍നടപടികളുടെ പ്രാധാന്യത്തിന് നാം ഊന്നല്‍ കൊടുക്കുന്നു. ആ കടമ നാം ഭംഗിയായി മുന്നോട്ടുകൊണ്ടു പോകും.

· എട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ നല്‍കിയ ആതിഥ്യത്തിന് ചൈന, ദക്ഷിണാഫ്രിക്ക,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങള്‍ ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്.

· ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടിക്ക് 2017ല്‍ ആഥിത്യമേകുന്ന ചൈനയെ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു; പൂര്‍ണ പിന്തുണയും പ്രഖ്യാപിക്കുന്നു.