Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണ നടപടികള്‍ എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണ നടപടികള്‍ എന്നീ മേഖലകളില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഊര്‍ജ മന്ത്രാലയത്തിലെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ ഊര്‍ജ പ്രകൃതി വിഭവ മന്ത്രാലയത്തിലെ ഊര്‍ജ വകുപ്പും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി വികസിപ്പിച്ചെടുത്ത സ്റ്റാര്‍ ലേബലിംഗ് പദ്ധതി പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗാര്‍ഹിക മേഖലയിലെ ഊര്‍ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഭൂട്ടാനെ സഹായിക്കാനാണ് ധാരണാപത്രത്തിന്റെ ഭാഗമായി ഇന്ത്യ ലക്ഷ്യമിടുന്നത്. ഭൂട്ടാനിലെ കാലാവസ്ഥാ സാഹചര്യത്തിന് അനുയോജ്യമായ കെട്ടിട കോഡുകളുടെ രൂപീകരണം ഇന്ത്യയുടെ അനുഭവത്തെ അടിസ്ഥാനമാക്കി സുഗമമാക്കും. ഊര്‍ജ ഓഡിറ്റര്‍മാരുടെ പരിശീലനം സ്ഥാപനവല്‍ക്കരിക്കുന്നതിലൂടെ ഭൂട്ടാനില്‍ ഊര്‍ജ പ്രൊഫഷണലുകളുടെ ഒരു സംഘം  സൃഷ്ടിക്കാനും വിഭാവനം ചെയ്യുന്നു.

സ്റ്റാര്‍ റേറ്റഡ് വീട്ടുപകരണങ്ങളില്‍ നിന്നുള്ള ലാഭം സംബന്ധിച്ച് ഉപഭോക്തൃ പ്രേക്ഷകരുമായി ഊര്‍ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ചില്ലറ വ്യാപാരികൾക്കുള്ള പരിശീലനം സഹായിക്കും. സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ലേബലിംഗ് സ്‌കീം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ശ്രമത്തില്‍ ഭൂട്ടാനെ പിന്തുണയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഗാര്‍ഹിക അല്ലെങ്കില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉപഭോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങളാണ് ഊര്‍ജ തീവ്രതയുള്ള ഉപകരണങ്ങള്‍. ഊര്‍ജ്ജാധിഷ്ഠിത ഉപഭോക്തൃ വസ്തുക്കളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്ത്, വൈദ്യുതോര്‍ജ്ജത്തിന്റെ ആവശ്യം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള വീട്ടുപകരണങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ വര്‍ധിച്ചുവരുന്ന ആവശ്യത്തിന് അനുസൃതമായി കാര്യക്ഷമമായി ഉപയോഗിക്കാനാകും. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന 37 ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ സ്റ്റാര്‍-ലേബലിംഗ് പ്രോഗ്രാമിന് ബിഇഇ നേതൃത്വം നല്‍കുന്നു.

വിദേശകാര്യ മന്ത്രാലയവും (എംഇഎ), വ്യവസായ, ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പുമായി (ഡിപിഐഐടി) കൂടിയാലോചിച്ചാണ് ഊര്‍ജ മന്ത്രാലയം ധാരണാപത്രം തയ്യാറാക്കിയത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഡാറ്റ, സാങ്കേതിക വിദഗ്ധര്‍ എന്നിവയുടെ കൈമാറ്റം ഈ ധാരണാപത്രം സാധ്യമാക്കും. വിപണിയില്‍ ഊര്‍ജക്ഷമതയുള്ള ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇത് ഭൂട്ടാനെ സഹായിക്കും. ഊര്‍ജ കാര്യക്ഷമതാ നയങ്ങളും ഊര്‍ജ കാര്യക്ഷമത ഗവേഷണം, സാങ്കേതിക വിന്യാസം എന്നീ മേഖലകളിലെ സഹകരണവും ധാരണാപത്രം വിശകലനം ചെയ്യും.

 

NK