ആദരണീയനായ അധ്യക്ഷന്‍,
ദീര്‍ഘ കാലത്തെ പൊതു സേവനത്തിനു ശേഷം ഇന്ന് അങ്ങ് പുതിയ ഒരു പ്രവര്‍ത്തന മേഖലയിലേയ്ക്കു കടക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അങ്ങ് ഇപ്പോഴും ശാരീരികമായി വളരെ ആരോഗ്യവാനാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നീണ്ട ചരിത്രമുള്ള കുടുംബ പശ്ചാത്തലമാണ് അങ്ങയുടെത്. പിതാമഹന്‍ ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു, കോണ്‍സ്റ്റിറ്റ്വന്‍റ് സഭാംഗമായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, പൊതുജീവിതത്തില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സുപ്രധാന പങ്കു വഹിച്ച പൂര്‍വികരുടെ കുടുംബത്തില്‍ നിന്നാണ് അങ്ങു വരുന്നത്.
താങ്കള്‍ ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നു. ആരാണ് ഒരു നയതന്ത്രജ്ഞന്‍? പ്രധാനമന്ത്രി ആയതിനു ശേഷം മാത്രമാണ് എനിക്ക് ഇതു മനസിലായത്. കാരണം ഒരാള്‍ ചിരിക്കുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്; അല്ലെങ്കില്‍ ഹസ്തദാനം ചെയ്യുന്നതിന്റെ അര്‍ത്ഥം എന്താണ് എന്നൊന്നും ആര്‍ക്കും പെട്ടന്ന് മനസിലാവില്ല. ഇതിനു കാരണം ഇപ്രകാരം ചെയ്യാനാണ് അവര്‍ക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്. പക്ഷെ കഴിഞ്ഞ പത്തു വര്‍ഷമായി ഈ ശേഷി ഇവിടെ പ്രയോഗിക്കപ്പെടേണ്ടതായിരുന്നു, എങ്കില്‍ അത് സഭയ്ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടുമായിരുന്നു. ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ അങ്ങയുടെ ഔദ്യോഗിക ജീവിതം പശ്ചിമേഷ്യയുമായിരുന്നല്ലോ കൂടുതല്‍ ബന്ധപ്പെട്ടിരുന്നത്. പൊതു ജീവിതത്തില്‍ ഒരേ മേഖലയില്‍ , ഒരേ സാഹചര്യത്തില്‍, ഒരേ ചിന്തകളും ചര്‍ച്ചകളുമായി അങ്ങ് അനേകം വര്‍ഷങ്ങള്‍ ചെലവഴിച്ചു. അത്തരം ആളുകളുമായിട്ടായിരുന്നു അങ്ങയുടെ സഹവാസം. വിരമിച്ച ശേഷവും അങ്ങയുടെ പ്രവര്‍ത്തന മണ്ഡലം അതായിരുന്നുല്ലോ. അത് ന്യൂനപക്ഷ കമ്മിഷനായാലും അലിഗഡ് മുസ്ലീം സര്‍വകലാശാല ആയാലും. എന്നാല്‍ ആ പത്തു വര്‍ഷത്തെ ഉത്തരവാദിത്തം തികച്ചും ഭിന്നമായിരുന്നു. ഒരു ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനം. പക്ഷെ അത് നന്നായി ചെയ്യുവാന്‍ അങ്ങു കഠിനമായി അധ്വാനിച്ചു.
ഒരു പക്ഷെ പലര്‍ക്കും ബുദ്ധിമുട്ടാവാം, എന്നാല്‍ അങ്ങേയ്ക്ക് ഇതു പ്രശ്‌നമാവില്ല, കാരണം അങ്ങ് ഈ സ്വാതന്ത്ര്യം ആസ്വദിക്കും. മാത്രവുമല്ല അങ്ങയുടെ സ്വതന്ത്രചിന്താ ധാരകള്‍ക്കൊത്തു പ്രവര്‍ത്തിക്കാനുള്ള അവസരമാകും ഇനി അങ്ങേയ്ക്കു ലഭിക്കുക.
നമുക്കു വളരെയധികമൊന്നും പരസ്പരം അടുത്ത് ഇടപഴകാന്‍ സാധിച്ചില്ലെങ്കിലും, തമ്മില്‍ കാണുമ്പോഴെല്ലാം എനിക്ക് അങ്ങില്‍ നിന്നു പഠിക്കാന്‍ ധാരാളം ഉണ്ടായിരുന്നു. വിദേശയാത്രകള്‍ക്കു മുമ്പും അതിനു ശേഷവും അങ്ങുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം, അങ്ങയുടെ ഉള്‍ക്കാഴ്ച്ച എനിക്ക് കൃത്യമായി അനുഭവപ്പെട്ടു. എന്റെ ധാരണകള്‍ കൂടുതല്‍ വിസ്തൃതമാക്കാന്‍ ഇത് എന്നെ വളരെ സഹായിച്ചു. അതിന്റെ പേരില്‍ എനിക്ക് അങ്ങയോട് വലിയ കടപ്പാടുണ്ട്. എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്നുള്ള കൃതജ്ഞത ഞാന്‍ അറിയിക്കട്ടെ.
രാജ്യത്തിന്റെ ഉപരാഷ്ട്രപതി എന്ന നിലയില്‍ അങ്ങനുഷ്ഠിച്ച സേവനത്തിന് ഇരു സഭകളുടെയും, ഈ രാജ്യത്തെ ജനങ്ങളുടെയും പേരില്‍ ഞാന്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങയുടെ നേട്ടങ്ങള്‍, അനുഭവം, വിരമിച്ച ശേഷമുള്ള പദവി എന്നിവയ്ക്ക് വലിയ പ്രസക്തിയുണ്ട്. ഭരണ ഘടന പിന്തുടര്‍ന്നുകൊണ്ട് തുടര്‍ന്നുള്ള അങ്ങയുടെ സമയവും ഊര്‍ജ്ജവും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സഹായകമാകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ശുഭാശംസകള്‍.
വളരെ നന്ദി.
******