Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ഉദ്യമി ഭാരത്’ (സംരംഭകത്വ ഭാരതം) പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

‘ഉദ്യമി ഭാരത്’ (സംരംഭകത്വ ഭാരതം) പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘ഉദ്യമി ഭാരത്’ (സംരംഭകത്വ ഭാരതം) പരിപാടിയില്‍ പങ്കെടുത്തു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രകടനത്തിലെ ഉയിര്‍ത്തെഴുന്നേല്‍പ്പും വേഗതയും പദ്ധതിയും (റൈസിങ് ആന്‍ഡ് ആക്സിലറേറ്റിങ് എം എസ് എം ഇ പെര്‍ഫോമന്‍സ്-റാംപ്), എം എസ് എം ഇ(സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം)യിലെ ആദ്യത്തെ കയറ്റുമതിക്കാരുടെ ശേഷിവര്‍ധിപ്പിക്കല്‍ (സി ബിഎഫ് ടി ഇ) പദ്ധതിയും പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പരിപാടിയുടെ (പി എം ഇ ജി പി) പുതിയ സവിശേഷതകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷത്തേക്കുള്ള പി എം ഇ ജി പിയുടെ ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം ഡിജിറ്റലായി സഹായം കൈമാറി. ‘എം എസ് എം ഇ ഐഡിയ ഹാക്കത്തോണ്‍ 2022’ന്റെ ഫലങ്ങളും പ്രഖ്യാപിച്ചു. 2022ലെ ദേശീയ എം എസ് എം ഇ പുരസ്‌കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. സ്വയംപര്യാപ്ത ഇന്ത്യ (എസ് ആര്‍ ഐ) ഫണ്ടില്‍ 75 എം എസ് എം ഇകള്‍ക്ക് ഡിജിറ്റല്‍ ഇക്വിറ്റി സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം കൈമാറി. കേന്ദ്രമന്ത്രിമാരായ ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിങ് വര്‍മ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭകര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

എം എസ് എം ഇ ഇന്ത്യയുടെ പ്രയത്‌നങ്ങള്‍ സ്വയംപര്യാപ്ത ഭാരതത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ എത്ര ഉയരത്തിലെത്തുന്നുവോ, അതൊക്കെയും എം എസ് എം ഇ മേഖലയുടെ വിജയത്തെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പുതിയ വിപണികളിലെത്തുന്നതിനും രാജ്യത്തിന്റെ എം എസ് എം ഇ മേഖല കരുത്താര്‍ജിക്കുന്നതു പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിങ്ങളുടെ കഴിവും ഈ മേഖലയിലെ വലിയ സാധ്യതകളും കണക്കിലെടുത്താണു നമ്മുടെ ഗവണ്മെന്റ് തീരുമാനങ്ങള്‍ എടുക്കുന്നതും പുതിയ നയങ്ങള്‍ക്കു രൂപംനല്‍കുന്നതും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നാരംഭിച്ച സംരംഭങ്ങളും ഗവണ്മെന്റ് ഏറ്റെടുക്കുന്ന മറ്റു നടപടികളും എം എസ് എം ഇയുടെ ഗുണനിലവാരവും പ്രോത്സാഹനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

എം എസ് എം ഇ എന്നു നാം പറയുമ്പോള്‍ അതു സാങ്കേതികമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലാണു വ്യാപിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി  പറഞ്ഞു. എന്നാല്‍ ഈ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാപാതയിലെ വലിയൊരു സ്തംഭമാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നും എം എസ് എം ഇ മേഖലയാണ്. എം എസ് എം ഇ മേഖലയ്ക്കു കരുത്തുപകരുമ്പോള്‍ സമൂഹത്തെ മുഴുവനുമാണു ശക്തിപ്പെടുത്തുന്നത്. എല്ലാവര്‍ക്കും വികസനത്തിന്റെ നേട്ടങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ മേഖലയ്ക്കു ഗവണ്മെന്റ് വലിയ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

എം എസ് എം ഇ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി, കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഗവണ്മെന്റ് ബജറ്റ് വിഹിതം 650 ശതമാനത്തിലധികം വര്‍ധിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങളെ സംബന്ധിച്ചിടത്തോളം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പരമാവധി പിന്തുണ നല്‍കുക എന്നതാണ് എം എസ് എം ഇയുടെ അര്‍ഥം”- പ്രധാനമന്ത്രി പറഞ്ഞു.

 

11 കോടിയിലധികം പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എം എസ് എം ഇ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയുടെ സമയത്ത്, ചെറുകിട സംരംഭങ്ങളെ സംരക്ഷിക്കാനും അവര്‍ക്കു പുതുജീവനേകാനും ഗവണ്മെന്റ് തീരുമാനിച്ചു. അടിയന്തര വായ്പാ സഹായപദ്ധതി (ഇ സി എല്‍ ജി എസ്) പ്രകാരം, എം എസ് എം ഇകള്‍ക്കായി കേന്ദ്രഗവണ്മെന്റ് 3.5 ലക്ഷം കോടി രൂപ ഉറപ്പാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് ഏകദേശം 1.5 കോടി തൊഴിലവസരങ്ങള്‍ക്കു കാരണമായതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ‘അമൃതകാലത്തിന്റെ’ പ്രതിജ്ഞകള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് എം എസ് എം ഇയെന്നും അദ്ദേഹം പറഞ്ഞു.

 

മുന്‍ ഗവണ്മെന്റുകള്‍ ഈ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നും ചെറുകിട സംരംഭങ്ങളെ ചെറുതായിത്തന്നെ നിലനിര്‍ത്തുന്ന നയങ്ങള്‍ സ്വീകരിച്ച് ഈ മേഖലയെ തളച്ചിട്ടതായും ശ്രീ മോദി പറഞ്ഞു. ഇതു പരിഹരിക്കാന്‍, എം എസ് എം ഇയുടെ നിര്‍വചനം പരിഷ്‌കരിച്ചു. ഏതെങ്കിലും വ്യവസായം വളരാനും വികസിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, ഗവണ്മെന്റ് അതിനെ പിന്തുണയ്ക്കുക മാത്രമല്ല ചെയ്യുന്നത്, നയങ്ങളില്‍ ആവശ്യമായ മാറ്റങ്ങളും വരുത്തുന്നു- പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിനു ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി ഏറെ കരുത്തുറ്റ ഒരു പ്ലാറ്റ്‌ഫോം ജി ഇ എമ്മിലൂടെ എം എസ് എം ഇക്കു ലഭിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ എം എസ് എം ഇകളും ജി ഇ എം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ, 200 കോടിയില്‍ താഴെയുള്ള പദ്ധതികളുടെ ആഗോള ടെന്‍ഡറുകള്‍ നിരോധിക്കുന്നതും എം എസ് എം ഇയ്ക്കു സഹായകമാകും.

 

കയറ്റുമതി വര്‍ധിപ്പിക്കാനായി എം എസ് എം ഇയെ സഹായിക്കുന്നതിനുള്ള നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യന്‍ ദൗത്യസംഘങ്ങളോട് ഇക്കാര്യത്തിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നീ മൂന്നു ഘടകങ്ങളിലാണു ദൗത്യങ്ങളെ വിലയിരുത്തുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

2008-2012 കാലഘട്ടത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാതിരുന്നതിനാലാണ് 2014നുശേഷം പ്രധാനമന്ത്രി റോസ്ഗാര്‍ സൃജന്‍ കാര്യക്രം നവീകരിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014നുശേഷം ഈ പദ്ധതിക്കുകീഴില്‍ 40 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇക്കാലയളവില്‍ ഈ സംരംഭങ്ങള്‍ക്ക് 14,000 കോടി രൂപയുടെ മാര്‍ജിന്‍ മണി സബ്സിഡി നല്‍കി. ഈ പദ്ധതിയില്‍ വരുന്ന ഉല്‍പ്പന്നങ്ങളുടെ വിലയുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തെക്കുറിച്ചു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

 

ഇപ്പോള്‍ ഇതാദ്യമായി ഖാദി- ഗ്രാമവ്യവസായ മേഖലയുടെ വിറ്റുവരവ് ഒരുലക്ഷംകോടി രൂപ കടന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഗ്രാമങ്ങളിലെ നമ്മുടെ ചെറുകിട സംരംഭകരും നമ്മുടെ സഹോദരിമാരും വളരെയേറെ പ്രയത്നിച്ചതിലൂടെയാണ് ഇതു സാധ്യമായത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഖാദി വില്‍പ്പന 4 മടങ്ങു വര്‍ധിച്ചു.”

 

ഈടുകളില്ലാതെ വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടു സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കു സംരംഭകത്വത്തിന്റെ പാത പിന്തുടരുന്നതിനു വലിയ തടസമായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014നു ശേഷം ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പ്രയത്‌നം’ എന്ന നയത്തിലൂടെ സംരംഭകത്വത്തിന്റെ പരിധി വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഓരോ പൗരനും സംരംഭകത്വം സുഗമമാക്കുന്നതില്‍ മുദ്ര യോജനയ്ക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈടില്ലാതെ ബാങ്ക് വായ്പ നല്‍കുന്ന ഈ പദ്ധതി രാജ്യത്തു വലിയൊരു വിഭാഗം വനിതാ സംരംഭകരെയും ദളിത്, പിന്നാക്ക, ഗിരിവര്‍ഗ സംരംഭകരെയും സൃഷ്ടിച്ചു. ഇതുവരെ ഏകദേശം 19 ലക്ഷം കോടി രൂപ ഈ പദ്ധതിയില്‍ വായ്പയായി നല്‍കിയിട്ടുണ്ട്. വായ്പയെടുക്കുന്നവരില്‍, ആദ്യമായി ഒരു സംരംഭത്തിനു തുടക്കം കുറിച്ച, പുതിയ സംരംഭകരായി മാറിയ 7 കോടിയോളം പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 18 ശതമാനത്തിലധികവും വനിതാസംരംഭകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സംരംഭകത്വത്തിലെ ഈ ഉള്‍പ്പെടുത്തല്‍, ഈ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാമൂഹ്യനീതിയാണ്”- അദ്ദേഹം പറഞ്ഞു.

 

“നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും നിങ്ങള്‍ക്കൊപ്പം സജീവ ഇടപെടല്‍ നടത്താനുമായുള്ള നയങ്ങള്‍ക്കു രൂപംനല്‍കുന്നതിനു ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് എംഎസ്എംഇ മേഖലയ്ക്ക്, ഇന്ന് ഈ പരിപാടിയില്‍ ഞാന്‍ ഉറപ്പുനല്‍കുകയാണ്. സംരംഭകത്വ ഇന്ത്യയുടെ ഓരോ നേട്ടവും നമ്മെ സ്വയംപര്യാപ്ത ഭാരതത്തിലേക്കു നയിക്കും. നിങ്ങളിലും നിങ്ങളുടെ കഴിവുകളിലും ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

 

പരിപാടിയുടെ പശ്ചാത്തലം:

ആദ്യ ദിവസം മുതല്‍ എം എസ് എം ഇകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ‘ഉദ്യമി ഭാരത്’. മുദ്ര യോജന, അടിയന്തര വായ്പാസഹായപദ്ധതി, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ഫണ്ട് പദ്ധതി (എസ് എഫ് യു ആര്‍ ടി ഐ) തുടങ്ങി, എം എസ് എം ഇ മേഖലയ്ക്ക് ആവശ്യമായതും സമയബന്ധിതവുമായ പിന്തുണ നല്‍കുന്നതിനു ഗവണ്മെന്റ് കാലാകാലങ്ങളില്‍ നിരവധി സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്തുടനീളം കോടിക്കണക്കിനുപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

 

ഏകദേശം 6000 കോടി രൂപ അടങ്കലുള്ള ‘റൈസിങ് ആന്‍ഡ് ആക്സിലറേറ്റിങ് എം എസ് എം ഇ പെര്‍ഫോമന്‍സ്’ (റാംപ്) പദ്ധതി, നിലവിലുള്ള എം എസ് എം ഇ പദ്ധതികളുടെ സ്വാധീനം വര്‍ധിപ്പിച്ചു സംസ്ഥാനങ്ങളിലെ എം എസ് എം ഇകളുടെ നിര്‍വഹണശേഷിയും പരിധിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. നൂതനാശയങ്ങള്‍, ആശയവല്‍ക്കരണം എന്നിവ പ്രോത്സാഹിപ്പിച്ചും ഗുണനിലവാരം വര്‍ധിപ്പിച്ചും സമ്പ്രദായങ്ങളും പ്രക്രിയകളും മെച്ചപ്പെടുത്തിയും വിപണിപ്രവേശനം വര്‍ധിപ്പിച്ചും സാങ്കേതിക ഉപകരണങ്ങള്‍, വ്യവസായം 4.0 എന്നിവ വിന്യസിപ്പിച്ചുകൊണ്ട് എം എസ് എം ഇകളെ മത്സരാധിഷ്ഠിതവും സ്വയംപര്യാപ്തവുമാക്കുന്നതിലൂടെ ഇത് ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്’ പൂര്‍ണതയേകും.

 

ആഗോള വിപണിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ എം എസ് എം ഇകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് ‘കപ്പാസിറ്റി ബില്‍ഡിങ് ഓഫ് ഫസ്റ്റ്-ടൈം എം എസ് എം ഇ എക്സ്പോര്‍ട്ടേഴ്സ്’ (എം എസ് എം ഇയിലെ ആദ്യതവണ കയറ്റുമതിക്കാരുടെ കാര്യശേഷി വര്‍ധിപ്പിക്കല്‍- സി ബി എഫ് ടി ഇ) പദ്ധതിക്കുള്ളത്. ഇത് ആഗോള മൂല്യശൃംഖലയില്‍ ഇന്ത്യന്‍ എം എസ് എം ഇകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും കയറ്റുമതി സാധ്യതകള്‍ തിരിച്ചറിയാന്‍ അവരെ സഹായിക്കുകയും ചെയ്യും.

 

ഉല്‍പ്പാദന മേഖലയ്ക്ക് പരമാവധി പദ്ധതിച്ചെലവ് 50 ലക്ഷം രൂപയായും (25 ലക്ഷം രൂപയില്‍ നിന്ന്) സേവന മേഖലയില്‍ 20 ലക്ഷം രൂപയായും (10 ലക്ഷം രൂപയില്‍ നിന്ന്) വര്‍ധിപ്പിക്കുന്നതുമാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പരിപാടിയുടെ (പി എം ഇ ജി പി) പുതിയ സവിശേഷതകള്‍. ഉയര്‍ന്ന സബ്സിഡി ലഭിക്കുന്നതിനായി പ്രത്യേക വിഭാഗ അപേക്ഷകരില്‍ വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍മാരായ അപേക്ഷകരെ ഉള്‍പ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ബാങ്കിങ്, സാങ്കേതിക/വിപണി വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി അപേക്ഷകര്‍ക്ക്/സംരംഭകര്‍ക്ക് സഹായമൊരുക്കുകയും ചെയ്യും.

 

2022-ലെ എം എസ് എം ഇ ഐഡിയ ഹാക്കത്തോണ്‍, വ്യക്തികളുടെ ഉപയോഗിക്കപ്പെടാത്ത സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും, എം എസ് എം ഇകള്‍ക്കിടയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുത്ത  ആശയങ്ങളില്‍ ഒരു അംഗീകൃത ആശയത്തിന് 15 ലക്ഷം രൂപ ധനസഹായം നല്‍കും.

 

ഇന്ത്യയുടെ ചലനാത്മകമായ എം എസ് എം ഇ മേഖലയുടെ വളര്‍ച്ചയിലും വികാസത്തിലും മികച്ച പ്രകടനം കാഴ്ചവച്ച എം എസ് എം ഇകള്‍, സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍, ബാങ്കുകള്‍ എന്നിവയുടെ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് 2022ലെ ദേശീയ എം എസ് എം ഇ പുരസ്‌കാരം.

-ND-