Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍ പ്രദേശില്‍ 9 മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 

ഉത്തര്‍ പ്രദേശില്‍ 9 മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം 


 

ഭാരത് മാതാ കി ജയ്
ഭാരത് മാതാ കി ജയ്

സിദ്ധാര്‍ത്ഥ നഗറില്‍ നിന്ന്, ഭഗവാന്‍ ശ്രീബുദ്ധന്റെ വിശുദ്ധ നാട്ടില്‍ നിന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ശ്രീബുദ്ധന്‍ തന്റെ ആദ്യ വര്‍ഷങ്ങള്‍ ചെലവഴിച്ച ഈ ഭൂമിയില്‍ നിന്ന് ഒന്‍പതു മെഡിക്കല്‍ കോളജുകളുടെ ഉദ്്ഘാടനം നിര്‍വഹിക്കപ്പെടുകയാണ്. ആരോഗ്യ ഭാരതത്തിലേയ്ക്കുള്ള ഒരു വലിയ ചുവടുവയ്പാണ് ഇത്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, ഉത്തര്‍പ്രദേശിലെ ജനകീയനും കര്‍മ്മയോഗിയുമായ മുഖ്യമന്ത്രി യോഗി ആദിത്യാനന്ദജി, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ.മന്‍സുഖ് മാണ്ഡവ്യാജി, വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിലെ മറ്റ് മന്ത്രിമാരെ, മെഡിക്കല്‍ കോളജുകള്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സന്നിഹിതരായിരിക്കുന്ന ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരെ, എംപിമാരെ, എംഎല്‍എ മാരെ,ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് പൊതുജന പ്രതിനിധികളെ, എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,

പൂര്‍വാഞ്ചലിന്,   മുഴുവന്‍ ഉത്തര്‍ പ്രദേശിനും ഇരട്ട ആരോഗ്യ ഔഷധമാണ് ഇന്ന് ലഭിക്കുന്നത്. ഒപ്പം നിങ്ങള്‍ക്ക് ഒരു സമ്മാനവും. ഈ സിദ്ധാര്‍ത്ഥ നഗറില്‍ നിന്ന് ഒന്‍പതു മെഡിക്കല്‍ കോളജുകളാണ്  ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.  രാജ്യത്തിനാകമാനം സുപ്രധാനമായ മറ്റൊരു ബൃഹദ് ചികിത്സാ അടിസ്ഥാന സൗകര്യവികസന  പദ്ധതി പൂര്‍വഞ്ചാലില്‍ നിന്നു തന്നെ ആരംഭിക്കാന്‍ പോകുന്നു. നിങ്ങളുമായി സംസാരിച്ച ശേഷം, ഈ വിശുദ്ധ ഭൂമിയില്‍ നിന്ന് നിങ്ങളുടെ അനുഗ്രഹം തേടിയ ശേഷം  ആ പദ്ധതി ഞാന്‍ കാശിയില്‍  ഉദ്ഘാടനം ചെയ്യും.

സുഹൃത്തുക്കളെ,
നിരവധി കര്‍മയോഗികളുടെ അനേക പതിറ്റാണ്ടുകളിലെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന്‌ത്തെ ഉത്തര്‍ പ്രദേശിലെയും കേന്ദ്രത്തിലെയും ഗവണ്‍മെന്റുകള്‍. മാധവ പ്രസാദ് ത്രിപാധിജിയെ പോലെ  അര്‍പ്പിത മനസ്‌കനായ ഒരു ജനപ്രതിനിധിയെ സിദ്ധാര്‍ത്ഥനഗറിന് നല്‍കുവാനും സാധിച്ചു. അദ്ദേഹത്തിന്റെ വിശ്രമരഹിതമായ കഠിനാധ്വാനം ഇന്ന് രാജ്യത്തിന് പ്രയോജനപ്പെടുന്നു. രാഷ്ട്രീയത്തില്‍ കര്‍മയോഗ സ്ഥാപിക്കുന്നതിനാണ് മാധവ ബാബു തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത്. ഉത്തര്‍പ്രദേശ് ബിജെപിയുടെ പ്രഥമ പ്രസിഡന്റായും  പിന്നീട് കേന്ദ്ര മന്ത്രിയായും സേവനം അനുഷ്ടിച്ച അദ്ദേഹത്തിന് ഒരു ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു, അത് പൂര്‍വാഞ്ചലിന്റെ വികസനം ആയിരുന്നു.  അതിനാല്‍ സിദ്ധാര്‍ത്ഥ നഗറിലെ മെഡിക്കല്‍ കോളജിന് മാധവ ബാബുവിന്റെ നാമധേയം നല്‍കുന്നത് അദ്ദേഹത്തിന്റെ സേവനത്തിനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി ആയിരിക്കും. യോഗിജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. പൊതു സേവനത്തിനായി ഇവിടെ നിന്നു പഠിച്ചിറങ്ങുന്ന യുവ ഡോക്ടര്‍മാര്‍ക്ക്  മാധവ ബാബുവിന്റെ പേര് വലിയ പ്രചോദനവുമായിരിക്കും.

സഹോദരി സഹോദരന്മാരെ,
വിശ്വാസം, ആദ്ധ്യാത്മികത, സാമൂഹിക ജീവിതം ഇങ്ങനെ ഏതു മണ്ഡലമായാലും ഉത്തര്‍പ്രദേശിനും പൂര്‍വാഞ്ചലിനും വലിയ ഒരു പൈതൃകം അവകാശപ്പെടാനുണ്ട്.  ഈ പരാമ്പര്യം ഭാവി ഉത്തര്‍പ്രദേശിന്റെ  ആരോഗ്യവും പുരോഗതിയും ശക്തിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഒന്‍പതു ജില്ലകളിലും അതു പ്രതിഫലിക്കുകയും ചെയ്യുന്നു. സിദ്ധാര്‍ത്ഥ നഗറിലെ മാധവ പ്രസാദ് ത്രിപാധി മെഡിക്കല്‍ കോളജ്, ദയോറിയയിലെ മഹര്‍ഷി ദയോറ ബാബ മെഡിക്കല്‍ കോളജ്, ഗാസിപ്പൂരിലെ മഹര്‍ഷി വിശ്വാമിത്ര മെഡിക്കല്‍ കോളജ്,  മിര്‍സാപ്പൂരിലെ മാ വിന്ധ്യാവാസിനി  മെഡിക്കല്‍ കോളജ്, പ്രതാപ്ഗ്രായിലെ ഡോ. സോണെലാല്‍ പട്ടേല്‍ മെഡിക്കല്‍ കോളജ്, എഠയിലെ അവന്തി ബായി ലോഥി മെഡിക്കല്‍ കോളജ്,  ഫത്തേപ്പൂരില്‍ വീരയോധാക്കളായ  അമര്‍ഷഹീദ് ജോഥയുടെയും ഠാക്കൂര്‍ ദരിയവാന്‍ സിങ്ങിന്റെയും പേരിലുള്ള മെഡിക്കല്‍ കോളജ്,  ജൗണ്‍പൂരില്‍ ഉമാനാഥ് സിംങ് മെഡിക്കല്‍ കോളജ്, ഹര്‍ദോയി മെഡിക്കല്‍ കോളജും എല്ലാം പൂര്‍വഞ്ചാലിലെ ജനങ്ങളെ സേവിക്കുന്നതിനായി തയാറായികഴിഞ്ഞിരിക്കുന്നു. ഈ ഒന്‍പതു മെഡിക്കല്‍ കോളജുകളിലും 2500 കിടക്കകള്‍ വീതമുണ്ട്. ഇവിടെ 5000 ഡോക്ടര്‍മാര്‍ക്കാണ് പുതിയ തൊഴില്‍ അവസരങ്ങള്‍. കൂടാതെ മറ്റ് വിഭാഗങ്ങളില്‍ വേറെയും, അതിനുമപ്പുറം  നൂറുകണക്കിന് യുവാക്കള്‍ക്കാണ് ഓരോ വര്‍ഷവും ഇവിടെ വൈദ്യശാസ്ത്ര പരിശീലനം ലഭിക്കുക.

സുഹൃത്തുക്കളെ,
ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ മുന്‍ ഗവണ്‍മെന്റുകള്‍ ഉപേക്ഷിച്ചിരുന്ന പൂര്‍വാഞ്ചല്‍ ഇന്ന് പൂര്‍വേന്ത്യയിലെ മെഡിക്കല്‍ ഹബ്ബായി മാറിയിരിക്കുന്നു.  വിവിധ  രോഗങ്ങളില്‍ നിന്നു രാജ്യത്തെ രക്ഷിക്കുവാന്‍ ഇനി ഇവിടെ ഈ ഭൂമിയില്‍  നിന്നു ഡോക്ടര്‍മാര്‍ വരും. മസ്തിഷ്‌കവീക്ക രോഗം മൂലം അനേകം കുഞ്ഞുങ്ങള്‍  മരിച്ച,  അതിന്റെ പേരില്‍ ദുഷ്‌പേര് കേള്‍പ്പിച്ച,  മൂന്‍ ഗവണ്‍മെന്റുകളാല്‍ അപകീര്‍ത്തിക്കപ്പെട്ട  അതെ പൂര്‍വാഞ്ചല്‍ അതെ ഉത്തര്‍ പ്രദേശ് പൂര്‍വേന്ത്യയുടെ ആരോഗ്യ മേഖലയില്‍ പുതിയ വെളിച്ചമായി ഉദയം ചെയ്യാന്‍ പോകുന്നു.

സുഹൃത്തുളെ,
ഉത്തര്‍ പ്രദേശിലെ അപര്യാപ്തമായ ചികിത്സാ സംവിധാനത്തിന്റെ യാതനകളെ സംബന്ധിച്ച് പാര്‍ലമെന്റില്‍ അന്ന് യോഗിജി നടത്തിയ വിവരണം ഈ നാട്ടിലെ സഹോദരങ്ങള്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. യോഗിജി അന്നു മുഖ്യ മന്ത്രിയല്ല, വെറും ഒരു എം പി മാത്രം. വളരെ ചെറുപ്പത്തിലെ അദ്ദേഹം എം പി ആയതാണ്.  അദ്ദേഹത്തിന് ജനങ്ങളെ സേവിക്കുന്നതിന് ഒരു അവസരം നല്‍കിയപ്പോള്‍ എപ്രകാരം അദ്ദേഹം മസ്തിഷ്‌ക്ക വീക്ക വ്യാപനം  തടയുകയും ഈ മേഖലയിലെ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു എന്നതിന്  ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ സാക്ഷികളായിരിക്കുന്നു. ഗവണ്‍മെന്റ് സംവേദനക്ഷമമാവുകയും പാവങ്ങളുടെ വേദന അറിയുന്നതിന് ആര്‍ദ്രത ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഇത്തരം കാര്യസിദ്ധികള്‍ സംഭവിക്കും.

സഹോദരി സഹോദരന്മാരെ,
സ്വാതന്ത്ര്യത്തിനു ശേഷവും അതിനു മുമ്പും അടിസ്ഥാന ചികിത്സാ ആരോഗ്യ സൗകര്യങ്ങള്‍ക്ക് ഒരിക്കലും  ഇവിടെ മുന്‍ഗണന  ഉണ്ടായിരുന്നില്ല.നിങ്ങള്‍ക്ക് നല്ല് ചികിത്സ വേണമെന്നുണ്ടെങ്കില്‍ വലിയ നഗരങ്ങളിലേയ്ക്കു പോകണം. നല്ല ഡോക്ടര്‍മാരുടെ ചികിത്സ വേണമെങ്കിലും വലിയ നഗരങ്ങളിലേയ്ക്കു പോകണം. രാത്രിയിലെങ്ങാനും ആര്‍ക്കെങ്കിലും അസുഖം മൂര്‍ഛിച്ചാല്‍ കാര്‍ ഏര്‍പ്പാടാക്കി നഗരത്തിലെത്തണം. അതായിരുന്നു ഗ്രാമങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും അവസ്ഥ. ഗ്രാമങ്ങളിലും പട്ടണങ്ങളിലും എന്തിനു ജില്ലാ ആസ്ഥാനങ്ങളില്‍ പോലും മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. എനിക്ക് ഇത് അനുഭവമുണ്ട്.  രാജ്യത്തെ പാവങ്ങള്‍ക്ക്, ദളിത് വിഭാഗങ്ങള്‍ക്ക്, ചൂഷിതര്‍ക്ക്, അവഗണിക്കപ്പെട്ടവര്‍ക്ക്, കൃഷിക്കാര്‍ക്ക്, ഗ്രാമീണര്‍ക്ക്, മുലയൂട്ടുന്ന അമ്മമാര്‍ക്ക്, നമ്മുടെ വൃദ്ധ ജനങ്ങള്‍ക്ക്, അവര്‍ ചികിത്സക്കായി ഗവണ്‍മെന്റ് സംവിധാനത്തെ സമീപിക്കുമ്പോള്‍ നിരാശ മാത്രമാണ് അനുഭവം. എന്റെ എത്രയോ പാവപ്പെട്ട സഹോദരി സഹോദരന്മാര്‍  ഈ നിരശായെ  സ്വന്തം വിധിയായി അംഗീകരിച്ചു. നിങ്ങള്‍ 2014 ല്‍ രാജ്യത്തെ സേവിക്കുവാന്‍ എനിക്ക് അവസരം നല്‍കിയപ്പോള്‍  നിലവിലുള്ള സാഹചര്യം മാറ്റുന്നതിനായി ഞങ്ങളുടെ ഗവണ്‍മെന്റ് 24 മണിക്കൂറും ജോലി ചെയ്തു.സാധാരണക്കാരുടെ ദുരിതങ്ങള്‍ മനസിലാക്കി ഞങ്ങള്‍ അവരുടെ ക്ലേശങ്ങളിലും സങ്കടങ്ങളിലും പങ്കു ചേര്‍ന്നു. ഞങ്ങള്‍ ഒരു മഹായത്‌നം തുടങ്ങി.  രാജ്യത്തെ ചികിത്സാ സൗകര്യങ്ങള്‍ ആധുനിക വത്ക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കുറെ പദ്ധതികള്‍ ആരംഭിച്ചു. എന്നാല്‍ ഈ സംസ്ഥാനം ഭരിച്ചിരുന്ന അന്നത്തെ ഗവണ്‍മെന്റ് ഞങ്ങള്‍ക്കു പിന്തുണ നല്‍കിയില്ല എന്നതില്‍ എനിക്ക് എന്നും ഖേദമുണ്ട്.  അവര്‍ വികസനത്തെ രാഷ്ട്രിയവത്ക്കരിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതികള്‍ ഇവിടെ പുരോഗമിക്കാന്‍ അനുവദിച്ചില്ല.

സുഹൃത്തുക്കളെ,
ഇവിടെ വിവിധ പ്രായക്കാരായ സഹോദരി സഹോദരന്മാര്‍ ഇരിപ്പുണ്ട്. ഉത്തര്‍ പ്രദേശിന്റെ ചരിത്രത്തില്‍ ഇത്രയധികം മെഡിക്കല്‍ കോളജുകള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്തതായി നിങ്ങളുടെ ഓര്‍മ്മയില്‍ ഉണ്ടോ. അങ്ങിനെ സംഭവിച്ചിട്ടുണ്ടോ. ഇല്ല. അങ്ങിനെ ഒരിക്കലും സംഭവിച്ചിട്ടില്ല.എന്തുകൊണ്ട് ഇത് നേരത്തെ സംഭവിച്ചില്ല. എന്തുകൊണ്ട് ഇപ്പോള്‍ സംഭവിക്കുന്നു. ഒറ്റ കാരണം മാത്രം. രാഷ്ടിയ ഇഛയും രാഷ്ട്രിയ മുന്‍ഗണനയും. മുന്‍ ഗവണ്‍മെന്റില്‍ ഉണ്ടായിരുന്നവരുടെ മുന്‍ഗണന പണം സമ്പാദിക്കുന്നതിലായിരുന്നു, അവരുടെ കുടംബ ഭണ്ഡാരങ്ങള്‍ നിറയ്ക്കുന്നതിലായിരുന്നു. ഞങ്ങളുടെ മുന്‍ഗണനയാകട്ടെ പാവങ്ങള്‍ക്കായി പണം സൂക്ഷിക്കുന്നതിലും അത് പാവപ്പെട്ട കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ലഭ്യമാക്കുന്ന തിലുമാണ്.

സുഹൃത്തുക്കളെ,
രോഗത്തിന് പണക്കാരനെന്നോ പാവപ്പെവനെന്നോ ഭേദമില്ല. അതിനു മുന്നില്‍ എല്ലാവനരും സമന്മാര്‍.  അതിനാല്‍ ഈ സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കെന്ന പോലെ ഇടത്തരക്കാര്‍ക്കും  പ്രയോജനപ്രദമാണ്.

സുഹൃത്തുക്കളെ,
ഡല്‍ഹിയിലെ ഗവണ്‍മെന്റ് ഏഴു വര്‍ഷം മുമ്പും, ഉത്തര്‍ പ്രദേശിലെ ഗവണ്‍മെന്റ് നാലു വര്‍ഷം മുമ്പും ഉത്തരാഞ്ചലില്‍ നടപ്പാക്കിയത്. മുമ്പ് ഗവണ്‍മെന്റില്‍ ഉണ്ടായിരുന്നവര്‍ വോട്ടുകള്‍ക്കു വേണ്ടി ഒരു ചെറിയ ഡിസ്പന്‍സറിയോ ആശുപത്രിയെ പ്രഖ്യാപിക്കും. ജനം പ്രതീക്ഷയോടെ ഇരിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും കെട്ടിടം നിര്‍മ്മാണം പോലും പൂര്‍ത്തിയാവില്ല. ഇനി കെട്ടിടം പൂര്‍ത്തിയായാല്‍  തന്നെ, അവിടെ ഉപകരണങ്ങള്‍ എത്തില്ല. ഇനി ഉപകരണങ്ങളും എത്തിയെന്നു കരുതുക,  അവിടെ ഡോക്ടര്‍മാരോ മറ്റ്  ജോലിക്കാരോ ഉണ്ടാവില്ല. മറിച്ച്  പാവങ്ങളെ കൊള്ളയടിക്കുന്ന  അഴിമതിയുടെ ചക്രം 24 മണിക്കൂറും കറങ്ങിക്കൊണ്ടിരിക്കും. അതില്‍  ഉത്തരാഞ്ചലിലെ  പാവപ്പെട്ട എത്രയോ കുടംബങ്ങള്‍ ഞെരിഞ്ഞമര്‍ന്നു പോയി.

‘जाके पाँव न फटी बिवाई, वो क्या जाने पीर पराई’
സ്വയം ക്ലേശിക്കാത്തവന് മറ്റുള്ളവരുടെ ക്ലേശങ്ങള്‍ മനസിലാക്കാനാവില്ല എന്ന ചൊല്ല് എത്രയോ വാസ്തവം.

സുഹൃത്തുക്കളെ,
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റ്  എല്ലാ പാവപ്പെട്ടവര്‍ക്കും മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് തുടര്‍ച്ചയായി, വളരെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങള്‍ രാജ്യത്ത് പുതിയ ആരോഗ്യ നയം നടപ്പിലാക്കി.  അതുവഴി പാവങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിക്കുന്നു. രോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ അവര്‍ക്കും സാധിക്കുന്നു.  ഉത്തര്‍ പ്രദേശില്‍ 90 ലക്ഷം രോഗികള്‍ ആയൂഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ സൗജന്യം ചികിത്സ നേടിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ പാവങ്ങള്‍ സമ്പാദിച്ചത് ചികിത്സയ്ക്കു ചെലവാക്കേണ്ടിയിരുന്ന 1000 കോടി രൂപയാണ്. ഇന്ന് ആയിരക്കണക്കിനു ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നു. കാന്‍സര്‍ ചികിത്സ. ഡയാലസിസ്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവയ്ക്കു ചെലവു കുറഞ്ഞിരിക്കുന്നു. ശുചിമുറി സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ അനേകം പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമായിരിക്കുന്നു. കൂടാതെ ഭാവിയെ മുന്നില്‍ കണ്ട് മിക്ച്ച ആശുപത്രികള്‍ രാജ്യമെമ്പാടും നിര്‍മ്മിച്ചു വരുന്നു. അവിടെ മികച്ച ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരെയും നിയമിക്കുകയും ചെയ്യുന്നു.   ഇപ്പോള്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും തറക്കല്ലിടുക മാത്രമല്ല സമയബന്ധിതമായി അവയുടെ നിര്‍മ്മാണ് പൂര്‍ത്തിയാക്കി ഉദ്ഘാടനവും നടത്തുന്നു. യോഗിജി ഗവണ്‍മെന്റിനു മുമ്പുണ്ടായിരുന്ന ഗവണ്‍മെന്റ്  അവരുടെ കാലത്ത് ഉത്തര്‍ പ്രദേശില്‍ ആകെ നിര്‍മ്മിച്ചത് ആറ് മെഡിക്കല്‍ കോളജുകളാണ്. യോഗിജിയുടെ കാലത്ത് ഇതിനോടകം പുതിയ 16 മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 30 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. റായ്ബലേറിയിലും ഗോരഘ്പൂരിലും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന എഐഐഎംഎസുകള്‍ ഉത്തര്‍ പ്രദേശിന് ബോണസാണ്.

സഹോദരി സഹോദരന്മാരെ,
മെഡിക്കല്‍ കോളജുകളില്‍ മികച്ച ചികിത്‌സ മാത്രമല്ല ലഭിക്കുക,  അവ പുതിയ ഡോക്ടര്‍മാരെ സൃഷ്ടിക്കുക കൂടി ചെയ്യുന്നു. ഒരു പുതിയ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കുമ്പോള്‍ പ്രത്യേക ലബോറട്ടറി പരിശീലന കേന്ദ്രങ്ങള്‍ നഴ്‌സിങ് യൂണിറ്റ്, മെഡിക്കല്‍ യൂണിറ്റ്,  പുതിയ തൊഴില്‍ അവസരങ്ങള്‍ എന്നിവയെല്ലാം അനുബന്ധമായി സൃഷ്ടിക്കപ്പെടുന്നു. ദൗര്‍ഭാഗ്യവശാല്‍ രാജ്യത്തെ ഡോക്ടര്‍മാരുടെ കുറവ് നികത്താനുള്ള ഒരു നയവും ദേശവ്യാപകമായി കഴിഞ്ഞ പതിറ്റാണ്ടുകളായി ഇല്ല. മെഡിക്കല്‍ കോളജുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍ നോട്ടത്തിനായി   പതിറ്റാണ്ടുകള്‍ക്കു മുമ്പ് സൃഷ്ടിക്കപ്പെട്ട കുറെ നിയമങ്ങളും ചട്ടങ്ങളും പഴയ മട്ടില്‍ മുന്നോട്ടു പോകുന്നുണ്ടായിരുന്നു എന്നു മാത്രം. പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവിക്കാന്‍ അവ തടസവുമായിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ തടസമായി നിന്ന കാലഹരണപ്പെട്ട എല്ലാ സംവിധാനങ്ങള്‍ക്കും പകരം കഴിഞ്ഞ ഏഴു വര്‍ഷമായി  പുതിയവ പുനസ്ഥാപിച്ചു. മെഡിക്കല്‍ സീറ്റുകളുടെ കാര്യത്തിലും ഇത് പ്രതിഫലിച്ചു.  2014 നു മുമ്പ് രാജ്യത്ത് ാകെ 90,000 മെഡിക്കല്‍ സീറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 60,000 പുതിയ സീറ്റുകള്‍ മെഡിക്കല്‍ കോളജുകളില്‍ വര്‍ധിപ്പിച്ചു.  ഉത്തര്‍ പ്രദേശില്‍ മാത്രം 1900 സീറ്റുകളാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളില്‍ 2017 വരെ വര്‍ധിപ്പിച്ചത്.  അതായത് ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ച മെഡിക്കല്‍ സീറ്റുകള്‍ 1,900.

സുഹൃത്തുക്കളെ,
മെഡിക്കല്‍ കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ ഡോക്ടര്‍മാരാകുന്നു എന്നതാണ് പ്രധാന കാര്യം.  പാവപ്പെട്ട അമ്മമാരുടെ മക്കളും ഡോക്ടര്‍മാരാകുന്നു.  സ്വാതന്ത്ര്യത്തിനു ശേഷം ഇവിടെ ഉണ്ടായതിനെക്കാള്‍  അടുത്ത 10 -12 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ സുഷ്ടിക്കുക എന്നതാണ്  ഗവണ്‍മെന്റിന്റെ ലക്ഷ്യം.

സുഹൃത്തുക്കളെ,
രാജ്യമെമ്പാടും പലതരം പ്രവേശന പരീക്ഷകള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം ഒഴിവാക്കുന്നതിനായി ഒരിന്ത്യ ഒരു പരീക്ഷ എന്ന സംവിധാനം നാം നടപ്പിലാക്കി. ഇതു മൂലം പരീക്ഷ ചെലവും കുറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ഫീസ് നിയന്ത്രിച്ച് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിന് നിയമ വ്യവസ്ഥകളും എര്‍പ്പെടുത്തി. പ്രാദേശിക ഭാഷമൂലമുള്ള പ്രശ്‌നങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായിരുന്നു.  ഇപ്പോള്‍ ഇതും പരിഹരിക്കപ്പെട്ടിരിക്കുന്നു.  ഹിന്ദി ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ പഠനത്തിനു മാധ്യമായി തെരഞ്ഞെടുക്കാന്‍ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞു. യുവാക്കള്‍ പ്രാദേശിക ഭാഷയില്‍ കാര്യങ്ങള്‍ പഠിച്ചാല്‍ സേവനം കൂടുതല്‍ എളുപ്പാമാകും.

സുഹൃത്തുക്കളെ,
സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങള്‍ അതിവേഗം മെച്ചപ്പെടുത്താന്‍ സാധിക്കും എന്ന് ഉത്തര്‍ പ്രദേശിലെ ആളുകള്‍ ഈ കൊറോണകാലത്തും  തെളിയിച്ചിരിക്കുന്നു.നാലു ദിവസം മുമ്പാണ്  രാജ്യം 100 കോടി വാക്‌സിന്‍ എന്ന ലക്ഷ്യം നേടിയത്.  ഈ നേട്ടത്തില്‍ ഉത്തര്‍ പ്രദേശിന്റെ സംഭാവന വളരെ വലുതാണ്. ഉത്തര്‍ പ്രദേശിലെ ജനങ്ങളെ, കൊറോണ പോരാളികളെ, ഗവണ്‍മെന്റിനെ  ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് രാജ്യത്തിന് മേല്‍ 100  കോടി ഡോസ് കൊറോണ വാക്‌സിന്റെ രക്ഷാ കവചം ഉണ്ട്. ഇതിനുമപ്പുറം ഉത്തര്‍ പ്രദേശില്‍ കൊറോണയ്ക്ക് എതിരെയുള്ള തയാറെടുപ്പുകളും തിരക്കിട്ടു നടക്കുന്നു. സംസ്ഥാനത്തെ ഓരോ ജില്ലകളിലും കുട്ടികള്‍ക്കുള്ള സംരക്ഷണ യൂണിറ്റ് തയാറായി വരുന്നുണ്ട്.  ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് 60 കോവിഡ് പരിശോധനാ ശാലകള്‍ ഉണ്ട്. 500 പുതുയ ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

സുഹൃത്തുക്കളെ,
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബാകാ പ്രയാസ്- ഇതാണ് നമ്മുടെ മുന്നോട്ടുള്ള വഴി. ഓരോരുത്തരും ആരോഗ്യമുള്ള വരാകുമ്പോഴും ഓരോരുത്തര്‍ക്കും അവസരങ്ങള്‍ ലഭിക്കുമ്പോഴും ഓരോരുത്തരുടെയും പ്രത്‌നം രാജ്യത്തിന് ഉപകാരമാണ്. ഇക്കുറി ദീപാവലിയും ചാട്ടും  പൂര്‍വാഞ്ചലലില്‍ ആരോഗ്യകാര്യത്തില്‍ പുതിയ ധാരണ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ തീവ്ര വികസനത്തിന്റെ അടിസ്ഥാനമാകട്ടെ എന്ന വിശ്വാസത്തോടെ  ആശംസയോടെ  പുതിയ മെഡിക്കല്‍ കോളജുകളുടെ പേരില്‍ ഉത്തര്‍ പ്രദേശിലെ മുഴുവന്‍ ജനങ്ങള്‍ക്കും,  ഇവിടെ ഞങ്ങളെ അനുഗ്രഹിക്കാന്‍ എത്തിയ നിങ്ങള്‍ക്ക് പ്രത്യേകമായും അഭിനന്ദനങ്ങളും നന്ദിയും അര്‍പ്പിക്കുന്നു.  വളരെ നന്ദി.

*****