Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ‘കാശി തമിഴ് സംഗമം’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ‘കാശി തമിഴ് സംഗമം’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണി‌ത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ട് പഠനകേന്ദ്രങ്ങളാണ് തമിഴ്‌നാടും കാശിയും. ഇവയ്ക്കിടയിലുള്ള പഴയ ബന്ധങ്ങള്‍ പ്രകീര്‍ത്തിക്കൽ, പുനഃസ്ഥാപിക്കൽ, പുനരന്വേഷിക്കൽ എന്നതാണു പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള 2500ലധികം പ്രതിനിധികള്‍ കാശി സന്ദര്‍ശിക്കും.  13 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത ‘തിരുക്കുറല്‍’ ഗ്രന്ഥവും ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ആരതിക്കുശേഷം നടന്ന സാംസ്കാരിക പരിപാടിക്കും അദ്ദേഹം സാക്ഷിയായി.

ലോകത്തിലെ ഏറ്റവും പുരാതനമായ നഗരത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ സന്തോഷം സദസിനോടു പ്രധാനമന്ത്രി പ്രകടിപ്പിച്ചു. രാജ്യത്തു സംഗമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നദികളുടെ സംഗമസ്ഥാനമായാലും പ്രത്യയശാസ്ത്രത്തിന്റെയോ ശാസ്ത്രത്തിന്റെയോ വിജ്ഞാനത്തിന്റെയോ സംഗമസ്ഥാനമായാലും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓരോ സംഗമവും ഇന്ത്യയില്‍ ആഘോഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാസ്തവത്തില്‍ കാശി-തമിഴ് സംഗമത്തെ അതുല്യമാക്കുന്നത് ഇന്ത്യയുടെ ശക്തിയുടെയും സവിശേഷതകളുടെയും ആഘോഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരുവശത്ത് കാശി ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാണെന്നും തമിഴ്‌നാടും തമിഴ് സംസ്കാരവും ഇന്ത്യയുടെ പൗരാണികതയുടെയും അഭിമാനത്തിന്റെയും കേന്ദ്രമാണെന്നും കാശിയും തമിഴ്‌നാടും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ഗംഗ, യമുന നദികളുടെ സംഗമസ്ഥാനത്തോട് സാമ്യപ്പെടുത്തി കാശി-തമിഴ് സംഗമം അതുപോലെ പവിത്രമാണെന്നും, അതില്‍ അനന്തമായ അവസരങ്ങളും ശക്തിയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സുപ്രധാന സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചതിന് വിദ്യാഭ്യാസ മന്ത്രാലയത്തെയും ഉത്തര്‍പ്രദേശ് ഗവണ്മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും പരിപാടിക്ക് പിന്തുണ നല്‍കിയതിന് ഐഐടി, മദ്രാസ്, ബിഎച്ച്‌യു തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളോട് നന്ദി പറയുകയും ചെയ്തു. കാശിയിലെയും തമിഴ്നാട്ടിലെയും വിദ്യാർഥികള്‍ക്കും പണ്ഡിതര്‍ക്കും പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

കാശിയും തമിഴ്‌നാടും ഇന്ത്യന്‍ സംസ്കാരത്തിന്റെയും നാഗരികതയുടെയും കാലാതീതമായ കേന്ദ്രങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്കൃതവും തമിഴും നിലവിലുള്ള ഏറ്റവും പ്രാചീനമായ ഭാഷകളില്‍ ഉള്‍പെടുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. ”കാശിയില്‍ ബാബ വിശ്വനാഥനുണ്ട്, തമിഴ്നാട്ടിൽ രാമേശ്വരത്ത് ഭഗവാന്റെ അനുഗ്രഹമുണ്ട്. കാശിയും തമിഴ്‌നാടും ശിവനില്‍ മുഴുകിയിരിക്കുന്നു. സംഗീതമോ സാഹിത്യമോ കലയോ ആകട്ടെ, കാശിയും തമിഴ്നാടും എന്നും കലയുടെ ഉറവിടമാണ്”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശി, കാശിയും തമിഴ്‌നാടും ഇന്ത്യയിലെ ഏറ്റവും മികച്ച ആചാര്യരുടെ ജന്മസ്ഥലമായും പ്രവർത്തനകേന്ദ്രമായും അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശിയിലും തമിഴ്നാട്ടിലും സമാനമായ ഊര്‍ജ്ജം അനുഭവിക്കാന്‍ സാധിക്കും. ഇന്നും പരമ്പരാഗത തമിഴ് വിവാഹ ഘോഷയാത്രയില്‍ കാശി യാത്രയുടെ പ്രസക്തി കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ നിന്നുള്ള കാശിയോടുള്ള അനന്തമായ സ്നേഹം നമ്മുടെ പൂര്‍വ്വികരുടെ ജീവിതരീതിയായിരുന്ന ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വികാരത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാശിയുടെ വികസനത്തിന് തമിഴ്നാടിന്റെ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തമിഴ്നാട്ടില്‍ ജനിച്ച ഡോക്ടര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ബിഎച്ച്‌യു വൈസ് ചാന്‍സലറായിരുന്നുവെന്ന് അനുസ്മരിച്ചു. തമിഴ്‌നാട്ടില്‍ വേരുകളുണ്ടെങ്കിലും കാശിയില്‍ താമസിച്ചിരുന്ന വേദപണ്ഡിതനായ രാജേശ്വര്‍ ശാസ്ത്രിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കാശിയിലെ ഹനുമാന്‍ ഘട്ടില്‍ താമസിച്ചിരുന്ന പട്ടാഭിരാം ശാസ്ത്രിയെ കാശിക്കാര്‍ ഇന്നും ഓര്‍ക്കുന്നു. ഹരിശ്ചന്ദ്രഘട്ടിന്റെ തീരത്തുള്ള തമിഴ് ക്ഷേത്രമായ കാശി കാമകോടീശ്വരം പഞ്ചായതന്‍ ക്ഷേത്രം, കേദാര്‍ഘട്ടിലെ ഇരുനൂറ് വര്‍ഷം പഴക്കമുള്ള കുമാരസ്വാമി മഠം, മാര്‍ക്കണ്ഡേയ ആശ്രമം എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള നിരവധിപേർ കേദാര്‍ ഘട്ടിന്റെയും ഹനുമാന്‍ ഘട്ടിന്റെയും തീരത്ത് താമസിക്കുന്നു. അവര്‍ നിരവധി തലമുറകളായി കാശിക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് സ്വദേശിയാണെങ്കിലും വര്‍ഷങ്ങളോളം കാശിയില്‍ താമസിച്ചിരുന്ന മഹാകവിയും വിപ്ലവകാരിയുമായ സുബ്രഹ്മണ്യ ഭാരതിയെപറ്റിയും പ്രധാനമന്ത്രി ഓര്‍ത്തു. സുബ്രഹ്മണ്യ ഭാരതിക്കായി ‌ഒരു സ്ഥാനം സമര്‍പ്പിക്കാൻ ബിഎച്ച്‌യുവിനു കഴിഞ്ഞതിലുള്ള അഭിമാനത്തെക്കുറിച്ചും പെരുമയെകുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

‘ആസാദി കാ അമൃത കാലത്താണ്  കാശി-തമിഴ് സംഗമം നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”അമൃതകാലത്തില്‍, നമ്മുടെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ ഐക്യത്തിലൂടെ നിറവേറ്റപ്പെടും”- അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളായി സ്വാഭാവികമായ സാംസ്കാരിക ഐക്യത്തോടെ ജീവിച്ച രാഷ്ട്രമാണ് ഇന്ത്യ. രാവിലെ ഉറക്കമുണര്‍ന്നശേഷം 12 ജ്യോതിര്‍ലിംഗങ്ങളെ സ്മരിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തെ ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ ആത്മീയ ഐക്യത്തെ ഓര്‍ത്തുകൊണ്ടാണ് നാം നമ്മുടെ ദിവസം ആരംഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷത്തെ ഈ പാരമ്പര്യവും പൈതൃകവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകാത്തതില്‍ ശ്രീ മോദി ഖേദം പ്രകടിപ്പിച്ചു. കാശി-തമിഴ് സംഗമം ഇന്ന് ഈ ദൃഢനിശ്ചയത്തിന്റെ വേദിയായി മാറും. ഈ സംഗമത്തിലൂടെ നാം നമ്മുടെ കടമകള്‍ തിരിച്ചറിഞ്ഞ് ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഊര്‍ജസ്രോതസ്സായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഷയെ തകര്‍ത്ത് ബൗദ്ധിക അകലം മറികടക്കാനുള്ള ഈ മനോഭാവത്തിലൂടെയാണ് സ്വാമി കുമാരഗുരുപരാര്‍ കാശിയിലെത്തി അത് തന്റെ കര്‍മ്മഭൂമിയാക്കിയതും കാശിയില്‍ കേദാരേശ്വര മന്ദിരം പണികഴിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യര്‍ കാവേരി നദിയുടെ തീരത്ത് തഞ്ചാവൂരില്‍ കാശി വിശ്വനാഥ ക്ഷേത്രം നിര്‍മ്മിച്ചു. കാശിയുമായുള്ള തന്റെ ഗുരുവിന്റെ ബന്ധത്തെക്കുറിച്ച് എഴുതിയ, തമിഴ് സംസ്ഥാന ഗാനം രചിച്ച, മനോന്മണിയം സുന്ദരനാറിനെപ്പോലുള്ള വ്യക്തികളെ ചൂണ്ടിക്കാട്ടി തമിഴ് പണ്ഡിതരും കാശിയും തമ്മിലുള്ള ബന്ധത്തെപറ്റി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വടക്കും തെക്കും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ രാജാജി രചിച്ച രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പങ്ക് പ്രധാനമന്ത്രി അനുസ്മരിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാമാനുജന്‍, ശങ്കരാചാര്യ, രാജാജി മുതല്‍ സര്‍വേപള്ളി രാധാകൃഷ്ണന്‍ വരെയുള്ള പണ്ഡിതരെ മനസ്സിലാക്കാതെ നമുക്ക് ഇന്ത്യന്‍ തത്വചിന്ത മനസ്സിലാക്കാന്‍ കഴിയില്ലെന്നതാണ് തന്റെ അനുഭവമെന്നും ശ്രീ മോദി പറഞ്ഞു.

സമ്പന്നമായ പൈതൃകമുള്ള രാജ്യം അതിന്റെ പൈതൃകത്തിൽ അഭിമാനിക്കണമെന്നു ‘പഞ്ച് പ്രാൺ’ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്നായ, തമിഴുണ്ടായിട്ടും, അതിനെ പൂർണമായി ആദരിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “തമിഴിന്റെ പൈതൃകം സംരക്ഷിക്കലും അതിനെ സമ്പന്നമാക്കലും 130 കോടി ഇന്ത്യക്കാരുടെയും ഉത്തരവാദിത്വമാണ്. തമിഴിനെ അവഗണിച്ചാൽ നാം രാഷ്ട്രത്തോടു ചെയ്യുന്ന വലിയ ദ്രോഹമാകും. തമിഴിനെ നിയന്ത്രണങ്ങളോടെ ഒതുക്കിനിർത്തിയാൽ അതിനു വലിയ ദോഷംചെയ്യും. ഭാഷാപരമായ വ്യത്യാസങ്ങൾ നീക്കി വൈകാരികമായ ഐക്യം സ്ഥാപിക്കാൻ നാം ശ്രദ്ധിക്കണം”- പ്രധാനമന്ത്രി പറഞ്ഞു.

വാക്കുകളേക്കാൾ കൂടുതൽ അനുഭവിച്ചറിയേണ്ട കാര്യമാണ് ഈ സംഗമമെന്നു പറഞ്ഞ പ്രധാനമന്ത്രി, അവിസ്മരണീയമായ ആതിഥ്യം ഉറപ്പാക്കുന്നതിൽ കാശിയിലെ ജനങ്ങൾ വിട്ടുവീഴ്ച കാട്ടില്ലെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. തമിഴ്‌നാട്ടിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള യുവാക്കൾ അവിടം സന്ദർശിച്ച് അവിടങ്ങളിലെ സംസ്കാരം ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സംഗമത്തിന്റെ നേട്ടങ്ങൾ ഗവേഷണത്തിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഈ വിത്തു വളർന്നു വലിയൊരു വൃക്ഷമായി മാറണം- പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്രമന്ത്രിമാരായ ഡോ. എൽ മുരുകൻ, ധർമേന്ദ്ര പ്രധാൻ, പാർലമെന്റ് അംഗം ഇളയരാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം: 

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ആശയത്തിന്റെ പ്രചാരണം ഗവൺമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ഈ കാഴ്ചപ്പാടു പ്രതിഫലിപ്പിക്കുന്ന സംരംഭങ്ങളുടെ ഭാഗമായാണു കാശിയിൽ (വാരാണസി) ഒരുമാസംനീളുന്ന ‘കാശി തമിഴ് സംഗമം’ പരിപാടി സംഘടിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ടു പഠനകേന്ദ്രങ്ങളായ തമിഴ്‌നാടിനും കാശിക്കുമിടയിലുള്ള പുരാതനബന്ധം ആഘോഷിക്കൽ, പുനഃസ്ഥാപിക്കൽ, പുനരന്വേഷിക്കൽ എന്നതാണു പരിപാടിയുടെ ലക്ഷ്യം. ഇരുനാടുകളിലെയും പണ്ഡിതർ, വിദ്യാർഥികൾ, തത്വചിന്തകർ, വ്യാപാരികൾ, കരകൗശലവിദഗ്ധർ, കലാകാരർ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും ഒത്തുചേരാനും, അവരുടെ അനുഭവങ്ങളിലൂടെ നേടിയ അറിവും സംസ്കാരവും മികച്ച പ്രവർത്തനങ്ങളും പങ്കുവയ്ക്കാനും പരസ്പരം പഠിക്കാനും അവസരമൊരുക്കുകയാണു പരിപാടി ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള 2500ലധികം പ്രതിനിധികൾ കാശി സന്ദർശിക്കും. സമാനതരത്തിലുള്ള വ്യാപാരം, തൊഴിൽ, താൽപ്പര്യം എന്നിവയുള്ള പ്രാദേശികജനവിഭാഗവുമായി സംവദിക്കുന്നതിനു സെമിനാറുകൾ, പ്രദേശസന്ദർശനങ്ങൾ തുടങ്ങിയവയിൽ അവർ പങ്കെടുക്കും. കൈത്തറി, കരകൗശലവസ്തുക്കൾ, ഒഡിഒപി ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, പാചകരീതികൾ, കലാരൂപങ്ങൾ, ചരിത്രം, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ഒരുമാസത്തെ പ്രദർശനവും കാശിയിൽ ഒരുക്കും.

ആധുനിക വിജ്ഞാനസംവിധാനങ്ങളുമായി ഇന്ത്യയുടെ വിജ്ഞാനസംവിധാനങ്ങളുടെ കാതൽ സമന്വയിപ്പിക്കുന്നതിന്, എൻഇപി 2020 ഊന്നൽനൽകുന്നതുമായി ഈ ഉദ്യമം സമന്വയിപ്പിച്ചിരിക്കുന്നു. ഐഐടി മദ്രാസിനും ബിഎച്ച്‌യുവിനുമാണു പരിപാടിയുടെ നടത്തിപ്പ് ചുമതല.

–ND–