ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന വികസിത ഭാരത് സങ്കല്‍പ്പയാത്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. സ്റ്റാളുകള്‍ സന്ദര്‍ശിച്ച ശ്രീ മോദി വികസിത ഭാരത് യാത്രാ വാനും ക്വിസ് പരിപാടിയും സന്ദര്‍ശിച്ചു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചടങ്ങില്‍ അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. പരിപാടിയില്‍ വികസിത ഭാരത് സങ്കല്‍പ്പ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ഇന്ത്യയിലുടനീളം വികസിത ഭാരത് സങ്കല്‍പ്പ യാത്രയുടെ ഭാഗമാകുന്ന എല്ലാ പാര്‍ലമെന്റ് അംഗങ്ങളുടെയും പങ്കാളിത്തത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വാരണാസിയിലെ VBSY (വികസിത് ഭാരത് സങ്കല്‍പ്പ യാത്ര) ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും നഗരത്തിലെ ‘സേവകന്‍’ എന്ന നിലയിലുമാണ് താന്‍ പങ്കെടുക്കുന്നതെന്ന് പറഞ്ഞു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായും തടസ്സമില്ലാതെയും ഗവണ്‍മെന്റ് പദ്ധതികള്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി അടിവരയിട്ടു പറഞ്ഞു. ഗുണഭോക്താക്കള്‍ ഗവണ്‍മെന്റിനു ചുറ്റും ഓടേണ്ടതില്ല, പകരം ഗവണ്‍മെന്റ് ഗുണഭോക്താക്കളിലേക്ക് എത്തണം. പിഎംഎവൈ പ്രകാരം 4 കോടി കുടുംബങ്ങള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ കൈമാറിയതായി അറിയിച്ച ശ്രീ മോദി, ഏതു പദ്ധതിയും പൂര്‍ത്തീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും പിന്നാക്കം പോയ ജനങ്ങളിലേക്ക് എത്തിച്ചേരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഇതുവരെ ഈ പദ്ധതിയിൽ ഉൾപ്പെടാത്തവരെ ഉള്‍പ്പെടുത്തി ഗുണഭോക്താക്കളുടെ അനുഭവം രേഖപ്പെടുത്തുകയാണ് VBSY ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വികസിത് ഭാരത് സങ്കല്‍പ്പ യാത്ര എനിക്ക് ഒരു പരീക്ഷയാണ്’, ആഗ്രഹിച്ച ഫലങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍ ജനങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് മുമ്പ് ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയം അനുസ്മരിച്ചുകൊണ്ട് ആയുഷ്മാന്‍ ഭാരത്, ആയുഷ്മാന്‍ കാര്‍ഡുകള്‍ തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗവണ്‍മെന്റ് പദ്ധതികള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരില്‍ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന്റെ സ്വാധീനം എടുത്തുപറഞ്ഞുകൊണ്ട്, അത് അവര്‍ക്ക് നവോന്മേഷവും സംതൃപ്തിയും നല്‍കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ‘ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഫലപ്രാപ്തി ഗവണ്‍മെന്റ് ജീവനക്കാരില്‍ സന്തോഷത്തിന്റെ ഒരു പുതിയ മാനം തുറക്കുന്നു. വികസിത ഭാരത് സങ്കല്‍പ്പ യാത്രയിലൂടെ അത് സാധ്യമാക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
പരിവര്‍ത്തന ശക്തിയായി മാറുന്ന പദ്ധതികളുടെ ഫലം നേരിട്ടറിയുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അടുക്കളയില്‍ നിന്നു പുകയെ അകറ്റുന്നതും പുതിയ ആത്മവിശ്വാസം പകരുന്നതുമായ കെട്ടുറപ്പുള്ള വീടുകള്‍, പാവപ്പെട്ടവരുടെ ശാക്തീകരണം, പണക്കാരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം കുറയ്ക്കല്‍ എന്നിവയെല്ലാം വലിയ സംതൃപ്തിയുടെ ഉറവിടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയകരമായ പദ്ധതികള്‍ പൗരന്മാരില്‍ ഉടമസ്ഥതാബോധം സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വായ്പയും മറ്റ് സൗകര്യങ്ങളും ലഭിക്കുന്ന ഒരാള്‍ക്ക് ഇത് തന്റെ രാജ്യം, റെയില്‍വേ, ഓഫീസ്, ആശുപത്രി എന്നിങ്ങനെയാണ് തോന്നുന്നത്. ഉടമസ്ഥത എന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ഉദിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് വരും തലമുറകള്‍ക്ക് നല്ല ഭാവിക്കായി ജനങ്ങളില്‍ ആത്മവിശ്വാസം പകരും.
സ്വാതന്ത്ര്യത്തിനുമുമ്പ് രാജ്യത്ത് ആരംഭിച്ച ഓരോ പ്രവര്‍ത്തനവും സ്വതന്ത്ര ഇന്ത്യ കൈവരിക്കുക എന്ന പൊതുലക്ഷ്യത്തിനുവേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ‘ഓരോ പൗരനും അവരവരുടെ വഴിയില്‍ സ്വാതന്ത്ര്യത്തിനായി സംഭാവനകള്‍ നല്‍കുകയായിരുന്നു’, അത് ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇത് ആത്യന്തികമായി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിലേക്ക് നയിച്ചു. വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയം നിറവേറ്റുന്നതിനും എല്ലാ വ്യക്തികളോടും ആദരവോടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സമാനമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ‘വികസിത ഭാരതത്തിന്റെ വിത്ത് പാകിയാല്‍, അടുത്ത 25 വര്‍ഷത്തെ ഫലം നമ്മുടെ ഭാവി തലമുറകള്‍ കൊയ്യുമെന്ന്’ അദ്ദേഹം പറഞ്ഞു, ‘ഓരോ ഇന്ത്യക്കാരനും ഇന്ന് ഈ ചിന്തയും ദൃഢനിശ്ചയവും ആവശ്യമാണ്’,
വികസിത് ഭാരത് സങ്കല്‍പ്പ യാത്ര ഒരു ദേശീയ ഉദ്യമമാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനമല്ല, പവിത്രമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുക്കണം. ‘പത്രങ്ങളില്‍ വായിച്ചുകൊണ്ട് ഒരാള്‍ തൃപ്തനാണെങ്കില്‍, അയാള്‍ക്ക് പ്രധാനപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടും’, പ്രധാനമന്ത്രി പറഞ്ഞു. യാത്രയുടെ വിവിധ തലങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അദ്ദേഹം വ്യക്തിപരമായ സംതൃപ്തിയും പ്രകടിപ്പിച്ചു.
ഗുണഭോക്താക്കളോടും പൗരന്മാരോടും യാത്രയെക്കുറിച്ചു സജീവമായി പ്രചരിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു, ‘പോസിറ്റിവിറ്റി പ്രസാദാത്മകമായ അന്തരീക്ഷം ജനിപ്പിക്കുന്നു’, അദ്ദേഹം പറഞ്ഞു. VBSY മഹത്തായ ദൃഢനിശ്ചയമെന്ന് വിളിച്ച പ്രധാനമന്ത്രി, അത് ‘എല്ലാവരുടെയും വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്നതിലൂടെ’ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ബോധിപ്പിച്ചു. സാമ്പത്തികമായി ശക്തമാകുന്ന ഒരു വികസിത ഭാരതം അതിലെ പൗരന്മാരുടെ എല്ലാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉപസംഹരിച്ചു.
‘എല്ലാ പ്രയാസങ്ങളില്‍ നിന്നും മുക്തി നേടാനുള്ള പാത വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയത്തിലൂടെ കടന്നുപോകുന്നു. ഞാന്‍ ഒരു ശ്രമവും ഒഴിവാക്കില്ലെന്ന് നിങ്ങളുടെ പ്രതിനിധി എന്ന നിലയിലും നിങ്ങള്‍ നല്‍കിയ ദേശീയ ഉത്തരവാദിത്തത്തിന്റെ പേരിലും കാശിയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു,” അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥും പ്രധാനമന്ത്രിയെ അനുഗമിച്ചു.
Interacting with beneficiaries of Viksit Bharat Sankalp Yatra in Varanasi. https://t.co/H9crhvRr7U
— Narendra Modi (@narendramodi) December 17, 2023
NK
Interacting with beneficiaries of Viksit Bharat Sankalp Yatra in Varanasi. https://t.co/H9crhvRr7U
— Narendra Modi (@narendramodi) December 17, 2023