Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉജ്വല യോജന ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു


പ്രധാനമന്ത്രി ഉജ്വല യോജനയുടെ 100 ഗുണഭോക്താക്കള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

രാഷ്ട്രപതി ഭവനില്‍ നേരത്തേ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ് ആതിഥ്യമരുളിയ എല്‍.പി.ജി. പഞ്ചായത്തില്‍ പങ്കെടുക്കാനാണു വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ ഗുണഭോക്താക്കള്‍ ന്യൂഡെല്‍ഹിയിലെത്തിയത്.

പാചകവാതക സിലിണ്ടര്‍ ലഭ്യമായതോടെ തങ്ങളുടെ ജീവിതം എത്രമാത്രം മെച്ചപ്പെട്ടുവെന്നു ശ്രീ. നരേന്ദ്ര മോദിയുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ അവര്‍ വിശദീകരിച്ചു. നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ അവരെ പ്രധാനമന്ത്രി പ്രോല്‍സാഹിപ്പിച്ചു. അവരുടെ നിരീക്ഷണങ്ങളോടു പ്രതികരിക്കവേ, എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച സൗഭാഗ്യ യോജനയെക്കുറിച്ചു പ്രധാനമന്ത്രി സൂചിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കു നേരെയുള്ള എല്ലാ വിധത്തിലുമുള്ള വിവേചനം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഗ്രാമങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് അവരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഉജ്വല യോജന തങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം ഏതു വിധത്തില്‍ മെച്ചപ്പെടുത്തിയോ, സമാനമായി ഗ്രാമത്തിന്റെയാകെ ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ സഹായകമാണു ശുചിത്വമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഉജ്വല യോജന നടപ്പാക്കിയതിനു പ്രധാനമന്ത്രിയെ പ്രശംസിക്കുകയും അദ്ദേഹത്തോടു നന്ദി അറിയിക്കുകയും ചെയ്ത ചില ഗുണഭോക്താക്കള്‍ അവരവരുടെ മേഖലകളില്‍ വികസനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉപയോഗപ്പെടുത്തി.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.