Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉജ്ജ്വല യോജന എട്ട് കോടി എല്‍പിജി കണക്ഷനെന്ന ലക്ഷ്യം ഏഴ് മാസം മുമ്പേ കൈവരിച്ചു ;


മഹാരാഷ്ട്ര ഗ്രാമീണ ഉപജീവന ദൗത്യം ഔറംഗബാദില്‍ ഇന്ന് സംഘടിപ്പിച്ച വനിതാ സ്വയം  സഹായ ഗ്രൂപ്പുകളുടെ സംസ്ഥാനതല സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി സ്വന്തമായി ശാക്തീകരിക്കുന്നതിലും, തങ്ങളുടെ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും വനിതകളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 
ഔറംഗബാദ് വ്യവസായ നഗരം (ഔറിക്) സമീപ ഭാവിയില്‍ തന്നെ ഔറംഗബാദ് നഗരത്തിന്റെ ഒരു പ്രധാന ഭാഗവും രാജ്യത്തെ തന്നെ ഒരു പ്രധാന വ്യവസായ കേന്ദ്രവുമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി – മുംബൈ വ്യാവസായിക ഇടനാഴിയുടെ ഒരു പ്രധാന ഭാഗം കൂടിയാണ് ഔറംഗബാദെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔറിക്കില്‍ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങള്‍ ഒപ്പം ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ എട്ട് കോടി എല്‍പിജി കണക്ഷനെന്ന ലക്ഷ്യം വളരെ നേരത്തെ കരസ്ഥമാക്കിക്കൊണ്ട്, അഞ്ച് ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി പാചകവാതക കണക്ഷനുകള്‍ വിതരണം ചെയ്തു. നേരത്തെ നിശ്ചയിച്ചിരുന്നതിലും ഏഴ് മാസം മുമ്പ് ലക്ഷ്യം കൈവരിച്ചത് ചൂണ്ടിക്കാണിച്ച് കൊണ്ട് മഹാരാഷ്ട്രയില്‍ മാത്രം 44 ലക്ഷം ഉജ്ജ്വല കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാധ്യമാക്കിയ തന്റെ സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ചൂളകളില്‍ നിന്ന് വമിക്കുന്ന പുക മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളുടെ ആരോഗ്യത്തോടുള്ള നമ്മുടെ ആശങ്ക മൂലമാണ് ഇത് കഴിഞ്ഞതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേവലം കണക്ഷനുകള്‍ നല്‍കുക മാത്രമല്ല, ഗ്രാമീണ മേഖലയില്‍ 10,000 പുതിയ എല്‍പിജി വിതരണക്കാരെ നിയമിച്ചുകൊണ്ട് സമഗ്രമായ അടിസ്ഥാന സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ ബോട്ടിലിംഗ് പ്ലാന്റുകള്‍ നിര്‍മ്മിച്ചും തുറമുഖങ്ങള്‍ക്കടുത്തുള്ള ടെര്‍മിനലുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും പൈപ്പ് ലൈനുകള്‍ വലുതാക്കുകയും ചെയ്തു. അഞ്ച് കിലോ സിലിണ്ടറുകള്‍ വ്യാപകമാക്കി. പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണവും സാധ്യമാക്കി. പാചക വാതക കണക്ഷനില്ലാത്ത ഒരു വീടുപോലും ഉണ്ടാവരുതെന്ന് ഉറപ്പ് വരുത്തുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വെള്ളം കൊണ്ടുവരാന്‍ നേരിടുന്ന കഷ്ടപ്പാടില്‍ നിന്ന് സ്ത്രീകളെ മുക്തരാക്കുന്നതിനാണ് ജല്‍ ജീവന്‍ ദൗത്യത്തിന് തുടക്കമിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടിവെള്ളം സംരക്ഷിക്കുന്നതിനും വീട്ടുപടിക്കല്‍ എത്തിക്കുന്നതിനും  ലക്ഷ്യമിട്ടാണ് ദൗത്യം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഈ പദ്ധതിക്കായി ഗവണ്‍മെന്റ് അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 3.5 ലക്ഷം കോടി രൂപ ചെലവിടും.
ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങള്‍ കുടിവെള്ളവും, ശൗചാലയവുമാണെന്ന ശ്രീ. റാം മനോഹര്‍ ലോഹ്യയുടെ പ്രസ്താവനയെ അനുസ്മരിച്ചുകൊണ്ട്, ഈ രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടാല്‍ വനിതകള്‍ക്ക് രാജ്യത്തെ നയിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജല്‍ ജീവന്‍ ദൗത്യം മറാത്ത്‌വാഡ മേഖലയ്ക്ക് വലിയ തോതില്‍ പ്രയോജനപ്പെടും. രാജ്യത്തെ ആദ്യ ജല ഗ്രിഡ് ഇവിടെ സ്ഥാപിക്കുന്നതോടെ ഈ മേഖലയിലെ ജലലഭ്യത വര്‍ദ്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 
ഗവണ്‍മെന്റ് പദ്ധതികളില്‍ പൊതുജനപങ്കാളിത്തം ചൂണ്ടിക്കാണിച്ചുകൊണ്ട് അറുപത് വയസ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും ഗവണ്‍മെന്റ് പെന്‍ഷന്‍ നല്‍കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം വനിതകള്‍ക്ക് വരുമാനത്തിനുള്ള അവസരം സൃഷ്ടിക്കുന്നു. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റും സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് പലിശ സബ്‌സിഡി നല്‍കാന്‍ പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം സഹായ ഗ്രൂപ്പുകളിലെ ജന്‍ ധന്‍ അക്കൗണ്ടുള്ളവര്‍ക്ക് അയ്യായിരം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവര്‍ക്ക് സ്വകാര്യ പണമിടപാടുകാരെ സമീപിക്കേണ്ടതില്ല. 
വനിതാ സ്വയംസഹായ ഗ്രൂപ്പുകളുടെ ശാക്തീകരണത്തിനുളള മറ്റ് ഉദ്യമങ്ങളെക്കുറിച്ച് സംസാരിക്കവെ, പ്രധാനമന്ത്രി പറഞ്ഞു : ‘മുദ്ര പദ്ധതിക്ക് കീഴില്‍ ഓരോ സ്വയം സഹായ ഗ്രൂപ്പിലെയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ ലഭിക്കും. ഇതുവഴി അവര്‍ക്ക് സ്വന്തമായി സംരംഭമോ, ബിസിനസ്സോ തുടങ്ങാനാകും. ഇതുവരെ ഈ പദ്ധതിക്ക് കീഴില്‍ ഇരുപത് കോടിയോളം രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. അതില്‍ 14 കോടിയോളം രൂപ വനിതകള്‍ക്കാണ്. മഹാരാഷ്ട്രയില്‍ 1.5 കോടി മുദ്ര ഗുണഭോക്താക്കളുണ്ട്. ഇതില്‍ 1.25 കോടിയോളം പേര്‍ വനിതകളാണ്. ”
സമൂഹത്തില്‍  ഗുണകരമായ മാറ്റം കൊണ്ടുവരുന്നതില്‍ സ്ത്രീകളുടെ പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ‘പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്കുന്നതില്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സാമൂഹിക കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതില്‍ വനിതകള്‍ക്ക് പ്രധാന പങ്കുണ്ട്. മുത്തലാഖ് എന്ന ദുരാചാരത്തില്‍ നിന്ന് മുസ്ലീം വനിതകളെ രക്ഷിച്ചു. ഇതേക്കുറിച്ച് നിങ്ങള്‍ അവബോധം സൃഷ്ടിക്കണം.”
ചന്ദ്രയാന്‍-2 ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു :  ‘നമ്മുടെ ശാസ്ത്രജ്ഞര്‍ ഒരു വലിയ നേട്ടം കൈവരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ അന്ന് അവരോടൊപ്പമായിരുന്നു. അവര്‍ വളരെ വികാരപരവശരായിരുന്നെങ്കിലും അവരുടെ ഉത്സാഹം അജയ്യമാണ്. വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ അവര്‍ ആഗ്രഹിക്കുന്നു.’ 
ഇന്ത്യ അടുത്തുതന്നെ വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേവലം വീടുകളല്ല, ഭവനങ്ങളാണ് ഗവണ്‍മെന്റ്  നല്‍കാനുദ്ദേശിക്കുന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതും കൂട്ടിച്ചേര്‍ത്തു : ‘നിങ്ങളുടെ സ്വപ്നത്തിലുള്ള ഒരു ഭവനം നിങ്ങള്‍ക്ക്  നല്‍കാനാണ്  ഞങ്ങളുടെ ആഗ്രഹം. അല്ലാതെ നാല് ചുമരുകളുള്ള ഒരു കെട്ടിടം മാത്രമല്ല. അതില്‍ നിരവധി സൗകര്യങ്ങള്‍ നല്‍കേണ്ടതുണ്ട്. വിവിധ പദ്ധതികള്‍ക്ക് കീഴില്‍ എല്ലാത്തരം അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. 1 കോടി 80 ലക്ഷം വീടുകള്‍ ഇതുവരെ ഞങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. 2022 -ല്‍ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ എല്ലാവര്‍ക്കും കെട്ടുറപ്പുള്ള വീട് നല്‍കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.’
വീടുകള്‍ക്കുള്ള സഹായത്തെ പരാമര്‍ശിക്കവെ പ്രധാനമന്ത്രി പറഞ്ഞു : ‘ഒന്നരലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് പലിശ ഒഴിവ് നല്‍കിയതുവഴി ഇടത്തരക്കാര്‍ക്ക് സ്വന്തമായ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാകും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കാന്‍ ഞങ്ങള്‍ റെറ (rera) നിയമം കൊണ്ടുവന്നു. ഈ നിയമം പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ഫ്‌ളാറ്റുകള്‍ ഇപ്പോള്‍ ഈ നിയമത്തിന് കീഴില്‍ വന്നിട്ടുണ്ട്.’
വികസനത്തിനായി എല്ലാ പദ്ധതികളേയും ഒരുമിച്ച് കൊണ്ടുവരാനാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇവയുടെ വിജയത്തിനായി ജനങ്ങളും സഹകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
മഹാനായ സ്വാതന്ത്ര്യസമര സേനാനി ശ്രീ. ഉമംഗ് നായിക്കിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ‘മാറിക്കൊണ്ടിരിക്കുന്ന ഗ്രാമീണ മഹാരാഷ്ട്ര’ എന്ന പുസ്തകവും തദവസരത്തില്‍ പ്രകാശനം ചെയ്തു. 
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ഭഗത് സിംഗ് കോഷ്യാരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്‌നവിസ്, കേന്ദ്ര വാണിജ്യ, വ്യവസായ, റെയില്‍വേ മന്ത്രി ശ്രീ. പീയുഷ് ഗോയല്‍, മഹാരാഷ്ട്രയിലെ ഗ്രാമ വികസന വനിതാ ശിശു വികസന മന്ത്രി ശ്രീമതി. പങ്കജാ മുണ്ടെ, സംസ്ഥാന വ്യവസായ ഖനന മന്ത്രി ശ്രീ. സുഭാഷ് ദേശായി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. 

***