Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉഗാണ്ടയിലേക്കു പ്രധാനമന്ത്രി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പുറത്തിറക്കിയ ഇന്ത്യ-ഉഗാണ്ട സംയുക്ത പ്രസ്താവന


 

1. റിപ്പബ്ലിക് ഓഫ് ഉഗാണ്ടയുടെ പ്രസിഡന്റ് ബഹുമാനപ്പെട്ട യൊവേരി കഗുത മുസേവേനിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ജൂലൈ 24, 25 തീയതികളില്‍ ഉഗാണ്ടയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഉയര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വലിയ ബിസിനസ് പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിച്ചു. 21 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടയിലെത്തുന്നത്. 
2. ആഘോഷപൂര്‍ണമായ ഉന്നതതല സ്വീകരണമാണ് ഉഗാണ്ടയിലെത്തിയ പ്രധാനമന്ത്രി മോദിക്കു ലഭിച്ചത്. സന്ദര്‍ശനത്തിനിടെ, 2018 ജൂലൈ 24നു ബുധനാഴ്ച സ്‌റ്റേറ്റ് ഹൗസ് എന്റെബേയില്‍വെച്ച് അദ്ദേഹം പ്രസിഡന്റ് മൂസേവെനിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് മൂസേവെനി ഔദ്യോഗിക വിരുന്നൊരുക്കി. 
3. ഉഗാണ്ടന്‍ പാര്‍ലമെന്റില്‍ നടത്തിയതും ഇന്ത്യയിലും പല ആഫ്രിക്കന്‍ രാജ്യങ്ങൡും തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടതുമായ പ്രസംഗം ഉള്‍പ്പെടെ ഉള്ളതായിരുന്നു പ്രധാനമന്ത്രി മോദിയുടെ പരിപാടികള്‍. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. പ്രൈവറ്റ് സെക്റ്റര്‍ ഫൗണ്ടേഷന്‍ ഓഫ് ഉഗാണ്ട(പി.എസ്.എഫ്.യു.)യും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സി.ഐ.ഐ.) ചേര്‍ന്നു സംഘടിപ്പിച്ച ബിസിനസ് ചടങ്ങില്‍ ഇരു നേതാക്കളും സംബന്ധിച്ചു. ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. 
4. ചര്‍ച്ചകള്‍ക്കിടെ ഇന്ത്യയും ഉഗാണ്ടയുമായുള്ള ഊഷ്മളവും അടുപ്പമേറിയതുമായ പരമ്പരാഗത ബന്ധത്തെപ്പറ്റി ഇരു നേതാക്കളും ഗൗരവപൂര്‍വം പരാമര്‍ശിച്ചു. ഉഭയകക്ഷി ബന്ധങ്ങള്‍ക്കു സാധ്യതകള്‍ ഏറെയാണെന്ന് ഇരുപക്ഷവും പരസ്പരം സമ്മതിച്ചു. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, പ്രതിരോധ, സാങ്കേതിക, വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക സഹകരണത്തിനായുള്ള പരസ്പര താല്‍പര്യം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഉഗാണ്ടയുടെ ദേശീയ വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും 30,000 പേരടങ്ങുന്ന ഇന്ത്യന്‍ വംശജര്‍ നല്‍കിവരുന്ന സംഭാവനകളെ പ്രസിഡന്റ് മുസേവെനി പ്രശംസിച്ചു. മേഖലയില്‍ സാമ്പത്തിക ഉദ്ഗ്രഥനവും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ ഉഗാണ്ട നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ ഇന്ത്യ അഭിനന്ദിച്ചു.
5. ചര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യയും ഉഗാണ്ടയും
– നിലവിലുള്ള ഉഭയകക്ഷിസഹകരണത്തിന്റ നേട്ടങ്ങളും വിജയവും ഇനിയും മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു. 
– ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി. നിലവിലുള്ള ഉഭകക്ഷി വ്യാപാരത്തിന്റെ തോത് വിലയിരുത്തിയ നേതാക്കള്‍ വ്യാപാരത്തിലെ അസന്തുലിതാവസ്ഥ നീക്കുക വഴി ഉഭകക്ഷിവ്യാപാരം വര്‍ധിപ്പിക്കാനും വൈവിധ്യവല്‍ക്കരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 
– പരസ്പര വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കി പ്രധാന മേഖലകളില്‍ സ്വകാര്യമേഖലയുടെ നിക്ഷേപം വര്‍ധിപ്പിക്കണമെന്നതിനു പ്രാധാന്യം കല്‍പിച്ചു. 
– ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (ഐ.ടി.ഇ.സി.), ഇന്ത്യ ആഫ്രിക്ക ഫോറം സമ്മിറ്റ് (ഐ.എ.എഫ്.എസ്.), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ.സി.സി.ആര്‍.) തുടങ്ങിയവ പ്രകാരം ഉഗാണ്ടക്കാര്‍ പരിശീലന, സ്‌കോളര്‍ഷിപ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ അഭിനന്ദനപൂര്‍വം വിലയിരുത്തി. 
– ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്റെ കീഴിലുള്ള വിവിധ സൈനിക പരിശീലന കേന്ദ്രങ്ങളില്‍ നടക്കുന്ന ഉഗാണ്ട പീപ്പീള്‍സ് ഡിഫന്‍സ് ഫോഴ്‌സി(യു.പി.ഡി.എഫ്.)ന്റെ പരിശീലനത്തിലും കിമകയിലുള്ള ഉഗാണ്ടയുടെ സീനിയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ ഇന്ത്യന്‍ സൈനിക പരിശീലക സംഘത്തെ നിയോഗിക്കുന്നതിലും ഉള്‍പ്പെടെ പ്രതിരോധ മേഖലയില്‍ ഇന്ത്യ-ഉഗാണ്ട സഹകരണം വര്‍ധിച്ചുവരുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തി.
– ഇന്ത്യയും  ഉഗാണ്ടയും വിവരസാങ്കേതികവിദ്യാ രംഗത്തു സഹകരിക്കുന്നതിനെ പിന്‍തുണയ്ക്കാന്‍ തീരുമാനിച്ചു. പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി നടപ്പാക്കുന്നതോടൊപ്പം ഇന്ത്യയുടെ ചില ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ പദ്ധതികള്‍ മാതൃകയാക്കാനുള്ള ആഗ്രഹം ഉഗാണ്ട പ്രകടിപ്പിച്ചു. 
6. ഭീകരവാദം ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നു എന്നു പരസ്പരം സമ്മതിച്ച നേതാക്കള്‍ എല്ലാ തരത്തിലുമുള്ള ഭീകരതയെ നേരിടാനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചു. ഏതു പശ്ചാത്തലത്തിലായാലും ഭീകരതയെ ന്യായീകരിക്കാവുന്നതല്ലെന്ന് ഇരുവരും പ്രസ്താവിച്ചു. 
7. ഭീകരവാദികള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും അവരുടെ ശൃംഖലകള്‍ക്കും അവരെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കും പിന്‍തുണയ്ക്കുന്നവര്‍ക്കും ഭീകരവാദത്തിനു പണം നല്‍കുന്നവര്‍ക്കും ഭീകരവാദികള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും താവളം ഒരുക്കുന്നവര്‍ക്കും എതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നു നേതാക്കള്‍ ആവര്‍ത്തിച്ചു. 
8. പരസ്പര താല്‍പര്യമുള്ള രാജ്യാന്തര, മേഖലാതല വിഷങ്ങളില്‍ ഒരുമിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും അംഗീകരിച്ചു. 
9. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ സമഗ്രമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച നേതാക്കള്‍ കൗണ്‍സില്‍ വിസിപ്പിക്കുകയും കൂടുതല്‍ പ്രാതിനിധ്യസ്വഭാവവും ഉത്തരവാദിത്തവും ഉണ്ടാകേണ്ടതിന്റെയും 21ാം നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളോടു പ്രതികരണാത്മകമായി പ്രവര്‍ത്തിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനും രാജ്യാന്തര, മേഖലാതല സമാധാനവും സുരക്ഷയും സുസ്ഥിര വികസനവും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭിലും മറ്റു ബഹുരാഷ്ട്ര സംഘടനകളിലുമുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ആവര്‍ത്തിച്ചു. 
10. ഉഭയകക്ഷിബന്ധങ്ങള്‍ മൊത്തത്തില്‍ അവലോകനം ചെയ്യുന്നതിനും സഹകരിച്ചുള്ള സാമ്പത്തിക, വികസന പദ്ധതികളുടെ നടത്തിപ്പിനും വിദേശകാര്യ മന്ത്രിതലത്തില്‍ ഉള്‍പ്പെടെ ഉള്ള ഉഭയകക്ഷി സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ പരസ്പരം സമ്മതിച്ചു. 
11. സന്ദര്‍ശനത്തിനിടെ താഴെപ്പറയുന്ന ധാരണാപത്രങ്ങളും രേഖകളും ഒപ്പുവെക്കപ്പെട്ടു. 
– പ്രതിരോധ സഹകരണത്തിനായുള്ള ധാരണാപത്രം
– നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്കു വീസ ഇളവു ചെയ്യുന്നതിനുള്ള ധാരണാപത്രം
– സാംസ്‌കാരിക വിനിമയ പരിപാടി സംബന്ധിച്ചുള്ള ധാരണാപത്രം
– മെറ്റീരിയല്‍ ടെസ്റ്റിങ് ലബോറട്ടറി സംബന്ധിച്ച ധാരണാപത്രം
12. ധാരണാപത്രങ്ങളെ സ്വാഗതം ചെയ്ത ഇരു നേതാക്കളും നിലവിലുള്ള കരാറുകളും ധാരണാപത്രങ്ങളും സഹകരണത്തിനായുള്ള മറ്റു ചട്ടക്കൂടുകളും അതിവേഗം നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വ്യക്തികളോടു നിര്‍ദേശിച്ചു. 
13. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി താഴെപ്പറയുന്ന പ്രഖ്യാപനങ്ങള്‍ നടത്തി. 
– വൈദ്യുതി ലൈനുകളും സബ്‌സ്റ്റേഷനുകളും സ്ഥാപിക്കുന്നതിനായി 14.1 കോടി യു.എസ്. ഡോളര്‍ വായ്പയും കൃഷി, ക്ഷീരോല്‍പാദന മേഖലകള്‍ക്കായി 6.4 കോടി യു.എസ്. ഡോളര്‍ വായ്പയും. 
– ജിന്‍ജയില്‍ മഹാത്മാഗാന്ധി കണ്‍വെന്‍ഷന്‍/ ഹെറിറ്റേജ് കേന്ദ്രം നിര്‍മിക്കുന്നതിനായി സംഭാവന.
– ഇപ്പോള്‍ ഉഗാണ്ട അധ്യക്ഷപദവി അലങ്കരിക്കുന്ന ഈസ്റ്റ് ആഫ്രിക്കന്‍ കമ്മ്യൂണിറ്റിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമായി 9,29,705 യു.എസ്.ഡോളറിന്റെ സാമ്പത്തിക സഹായം
– ക്ഷീരമേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഐ.ടി.ഇ.സി. പദ്ധതി പ്രകാരം ക്ഷീരോല്‍പാദന സഹകരണ മേഖലയില്‍ പരിശീലനത്തിനായി 25 ഇടങ്ങളില്‍ സൗകര്യം
– ഉഗാണ്ടന്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോര്‍സസിനും ഉഗാണ്ടന്‍ ഗവണ്‍മെന്റിനും 44 വീതം വാഹനങ്ങള്‍ സമ്മാനിക്കല്‍
– അര്‍ബുദമെന്ന ശാപത്തെ ഇല്ലാതാക്കുന്നതിനായുള്ള ഉഗാണ്ടയുടെ ശ്രമങ്ങളെ പിന്‍തുണച്ചുകൊണ്ട് ഭാഭാട്രോണ്‍ അര്‍ബുദ ചികില്‍സാ മെഷിന്‍ സമ്മാനിക്കല്‍. 
– ഉഗാണ്ടയിലെ സ്‌കൂള്‍കുട്ടികള്‍ക്കായി 1,00,000 പുസ്തകങ്ങള്‍ സമ്മാനിക്കല്‍. 
കാര്‍ഷിക വികസനത്തിന് ഉഗാണ്ടയ്ക്കു സഹായം നല്‍കുന്നതിനായി 100 സൗരോര്‍ജ ജലസേചന പമ്പുകള്‍ സമ്മാനിക്കല്‍. 
14. പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനങ്ങളെ സ്വാഗതംചെയ്ത പ്രസിഡന്റ് ബഹുമാനപ്പെട്ട യൊവേരി മുസേവെനി ഉഭയകക്ഷിബന്ധം ഏറെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നു വെളിപ്പെടുത്തി. 
15. തനിക്കും പ്രതിനിധിസംഘത്തിനും ഊഷ്മളമായ സ്വീകരണം നല്‍കിയതിനു പ്രസിഡന്റ് ശ്രീ. യൊവേരി മൂസെവെനിക്കു നന്ദി പറഞ്ഞ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു. പ്രസിഡന്റ് മുസേവെനി ആഹ്ലാദപൂര്‍വം ക്ഷണം സ്വീകരിച്ചു. നയതന്ത്ര ചര്‍ച്ചകളിലൂടെ സന്ദര്‍ശനത്തീയതി പ്രഖ്യാപിക്കും.