Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


 

ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കംപാലയില്‍ നടന്ന ചടങ്ങില്‍ ഉഗാണ്ടന്‍ പ്രസിഡന്റ് മുസേവെനിയും സംബന്ധിച്ചു.
ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരുമായി താദാത്മ്യം അനുഭവപ്പെടുന്നുവെന്നു പ്രസംഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനതയോടും ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരോടും പ്രസിഡന്റ് മുസേവെനിക്കുള്ള സ്‌നേഹമാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ വെളിപ്പെടുന്നതെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ബുധനാഴ്ച ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കിയതിനു പ്രസിഡന്റ് മൂസേവെനിക്കും ഉഗാണ്ടന്‍ ജനതയ്ക്കും അദ്ദേഹം നന്ദിപറഞ്ഞു.
ഇന്ത്യയും ഉഗാണ്ടയുമായുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കോളനിവല്‍ക്കരണത്തിനെതിരെയുള്ള സമരം, ഉഗാണ്ടയിലെ റെയില്‍ നിര്‍മാണം തുടങ്ങിയ മേഖലകള്‍ ഉദാഹരണങ്ങളായി ഉയര്‍ത്തിക്കാട്ടി, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. ഉഗാണ്ടയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഭാരതീയര്‍ നിരവധിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങിനിടെ അവതരിപ്പിക്കപ്പെട്ട കലാപരിപാടികളെക്കുറിച്ചു പരാമര്‍ശിക്കവേ, ഭാരതീയത നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ വംശജരെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉഗാണ്ട ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെല്ലാം പ്രധാനമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കോളനിവല്‍ക്കരണത്തിനെതിരെയുള്ള സമരത്തിന്റെ ചരിത്രം, അംഗസംഖ്യ ഏറെയുള്ള ഇന്ത്യന്‍ വംശജര്‍, വികസനത്തിന്റെ കാര്യത്തിലുള്ള പൊതുവായ വെല്ലുവിളികള്‍ എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യയുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോള്‍ കാറുകളും സ്മാര്‍ട്ട്‌ഫോണുകളും കയറ്റുമതി ചെയ്തു തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനതയെ ശാക്തീകരിക്കുന്നതിനുള്ള ഒരു ഉപാധിയായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ വികസിച്ചുവെന്നും സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന കേന്ദ്രമായി രാജ്യം വികസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വിദേശ നയത്തില്‍ ആഫ്രിക്കയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 2015ല്‍ ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഉഭയകക്ഷി ചര്‍ച്ചകളാണു പ്രധാനമന്ത്രി ഓര്‍മിപ്പിച്ച മറ്റൊരു വിഷയം.
മുന്നൂറു കോടി ഡോളറിന്റെ വായ്പ, സ്‌കോളര്‍ഷിപ്പുകള്‍, ഇ-വിസ സജ്ജീകരണങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പകുതിയോളം അംഗങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
നവലോക ക്രമത്തില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍ ശക്തമായ പങ്കു വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.