Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധനചെയ്തുകൊണ്ട്
പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധനചെയ്തുകൊണ്ട്
പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ആദരണീയനായ പ്രസിഡന്റ് യുവേരി മുസവേനി,
ആദരണീയനായ വൈസ് പ്രസിഡന്റ്
ആദരണീയായ ഉഗാണ്ടന്‍ പാര്‍ലമെന്റ് സ്പീക്കര്‍, റെബേക്കാ കടാഗ
ബഹുമാനപ്പെട്ട മന്ത്രിമാരെ,
ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെ,
ആദരണീയരെ,
സഹോദരി, സഹോദരന്മാരെ,
നമസ്‌ക്കാരം,
ബാലാമ്യുസിജാ,
    ആദരണീയമായ ഈ സഭയെ അഭിസംബോധന ചെയ്യുന്നതിന് എന്നെ ക്ഷണിച്ചതില്‍ ഞാന്‍ അതീവ ബഹുമാന്യനാണ്. മറ്റ് പാര്‍ലമെന്റുകളിലും ഇതേതരത്തിലുള്ള വിശേഷാധികാരം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലും ഇത് അതിവിശിഷ്ടമാണ്. ഈ ആദരം ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിക്ക് ആദ്യമായി ലഭിക്കുന്നതാണ്. ഇത് ഇന്ത്യയിലെ 125 കോടി ജനതയ്ക്ക് ലഭിച്ച ആദരമാണ്. അവരുടെ ഉഷ്മളമായ ആശിര്‍വാദവും ആശംസകളും ഈ സഭയില്‍ ഉഗാണ്ടയിലെ എല്ലാ ജനങ്ങള്‍ക്കുമായി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.
    മാഡം സ്പീക്കര്‍, നിങ്ങളുടെ സാന്നിദ്ധ്യം എനിക്ക് എന്റെ ലോക്‌സഭയെ ഓര്‍മ്മിപ്പിക്കുകയാണ്, അതിനും വനിതാ സ്പീക്കറാണുള്ളത്. ധാരാളം യുവാക്കളായ പാര്‍ലമെന്റ് അംഗങ്ങളേയും ഞാന്‍ ഇവിടെ കാണുന്നുണ്ട്. ഇത് ജനാധിപത്യത്തിനുള്ള നല്ല സന്ദേശമാണ്. ഞാന്‍ ഉഗാണ്ടയില്‍ വരുമ്പോഴോക്കെ, ” ആഫ്രിക്കയുടെ മുത്ത്’ എന്ന് മന്ത്രിക്കാറുണ്ട്. ഈ ഭൂപ്രദേശം അതീവ സുന്ദരമാണ്, വിഭവങ്ങളുടെ സമ്പന്നതയും സമ്പന്നമായ പാരമ്പര്യവുമുള്ള ഭൂമി കൂടിയാണിത്. ഇവിടുത്തെ നദികളും തടാകങ്ങളുമാണ് വലിയൊരു പ്രദേശത്തിന്റെ സംസ്‌ക്കാരത്തെ പരിപോഷിപ്പിച്ചത്.
    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിലെ പ്രധാനമന്ത്രി, മറ്റൊരു പരമാധികാര രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിലെ അംഗങ്ങളോട് സംസാരിക്കുമ്പോള്‍ നമ്മെ ഈ ബിന്ദുവില്‍ കൊണ്ടുവന്ന ചരിത്രത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.
    നമ്മുടെ പ്രാചീന സമുദ്രബന്ധങ്ങള്‍, കോളനിവാഴ്ചയുടെ ഇരുണ്ട കാലങ്ങള്‍, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പങ്കാളിത്തപോരാട്ടം, വിഭജിപ്പിക്കപ്പെട്ട ലോകത്ത് സ്വതന്ത്രരാജ്യങ്ങളുടെ അനിശ്ചിതത്വപാതകള്‍, പുതിയ അവസരങ്ങളുടെ പ്രഭാതങ്ങള്‍, നമ്മുടെ യുവജനതയുടെ അഭിലാഷങ്ങളുടെ ഐക്യം, എന്നിവയെല്ലാം നമ്മെ ബന്ധിപ്പിക്കുന്നതാണ്. മിസ്റ്റര്‍ പ്രസിഡന്റ് ഇന്ത്യയും ഉഗാണ്ടയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി നൂലിഴകളില്‍ നമ്മുടെ ജനങ്ങളുമുണ്ട്. ഒരു നൂറ്റാണ്ടിന് മുമ്പ്, തന്നെ സാഹസികമായ പരിശ്രമത്തിലൂടെ ഉഗാണ്ടയെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളുമായി റെയില്‍വേ വഴി ബന്ധപ്പെടുത്തിയിരുന്നു.
    താങ്കളുടെ സ്‌നേഹം നിറഞ്ഞ ഇന്നത്തെ സാന്നിദ്ധ്യം തന്നെ നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും ഐക്യത്തിന്റേയും അമൂല്യത വെളിവാക്കുന്നതാണ്.
    നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിനും ഈ മേഖലയ്ക്കും സമാധാനവും സ്ഥിരതയും കൊണ്ടുവന്നു. നിരവധി വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ ഇതിനെ വളര്‍ച്ചയുടെയും പുരോഗതിയുടെയും പാതയിലെത്തിച്ചിരിക്കുകയാണ്. നിങ്ങള്‍ സ്ത്രീകളെ ശാക്തീകരിച്ചുകൊണ്ട് രാജ്യത്തെ കൂടുതല്‍ സംശ്ലേഷിതമാക്കി.
    താങ്കളുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യന്‍ വംശജരായ ഉഗാണ്ടന്‍ ജനതയ്ക്ക് അവരുടെ അരുമയായ വീടുകളില്‍ തിരിച്ചുപോകുന്നതിനും ജീവിതം തിരിച്ചുപിടിക്കുന്നതിനും അവര്‍ അഗാധമായി സ്‌നേഹിക്കുന്ന രാജ്യം പുനര്‍നിര്‍മ്മിക്കുന്നതിനും സഹായിച്ചു.
    ദീപാവലി ആഘോഷത്തിനായി സ്‌റ്റേറ്റ് ഹൗസ് തുറന്നുകൊടുത്തതിലൂടെ താങ്കള്‍ ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി നൂലിഴകളാണ് കോര്‍ത്തത്.
    മഹാത്മാഗാന്ധിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം നിമജ്ജനം ചെയ്ത നൈല്‍ നദിയുടെ സ്രോതസിലുള്ള ജിഞ്ചയിലെ കാഴ്ചയായിരുന്നു ഏറ്റവും പരിപാവനമായത്.
    ജീവിതത്തിലും അതിനുശേഷവും ആഫ്രിക്കയോടും, ആഫ്രിക്കകാരോടുമൊപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
    ഇപ്പോള്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥിതിചെയ്യുന്ന ജിഞ്ചയിലെ ആ പരിപാവനമായ സ്ഥലത്ത് നാം ഒരു ഗാന്ധി പൈതൃക കേന്ദ്രം നിര്‍മ്മിക്കും.
    മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം അടുക്കുമ്പോള്‍, ഗാന്ധിജിയെ പരുവപ്പെടുത്തിയെടുത്തതില്‍ ആഫ്രിക്കയുടെ പങ്ക് നമ്മെ ഓര്‍മ്മിപ്പിക്കുന്നതിന് ഈ കേന്ദ്രത്തിനെക്കാള്‍ മികച്ച മറ്റൊരു ശ്രദ്ധാജ്ഞലിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ കാലതിവര്‍ത്തിയും സാര്‍വലൗകീകവുമായ മൂല്യങ്ങളും സന്ദേശങ്ങളും ഇന്നും ആഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും പ്രചോദിപ്പിക്കുന്നതുമായ   അദ്ദേഹത്തിന്റെ ദൗത്യങ്ങള്‍ക്ക് രൂപം നല്‍കുന്നതും ഓര്‍ക്കാന്‍ ഇതിനപ്പുറം ഒന്നുമില്ല.
ആദരണീയരെ,
    ഇന്ത്യയുടെ സ്വാതന്ത്ര്യസമര ഗാഥകള്‍ തന്നെ ആഫ്രിക്കയുമായി വളരെ ഇഴചേര്‍ന്നുകിടക്കുന്നതാണ്. അത് ഗാന്ധിജി ആഫ്രിക്കയില്‍ 21 വര്‍ഷം ചെലവഴിച്ചതിലോ, ആദ്യത്തെ നിസ്‌സഹകരണ പ്രസ്ഥാനത്തെ നയിച്ചതിലോ മാത്രമല്ല.
    ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാര്‍മ്മിക തത്വങ്ങളും സമാധാനത്തിലൂടെ അത് നേടിയെടുക്കുന്നതും  ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമോ ഇന്ത്യക്കാരുടെ ഭാവിയില്‍ മാത്രമോ ഒതുങ്ങി നില്‍ക്കുന്നതല്ല.
    ആഗോളതലത്തില്‍ സ്വാതന്ത്ര്യം, അഭിമാനം, സമത്വം ഓരോ മനുഷ്യര്‍ക്കുമുളള അവസരം എന്നിവയ്ക്കുള്ള ആഗോള അന്വേഷണമാണത്. ആഫ്രിക്കയെക്കാള്‍ കൂടുതലായി ഇത് പ്രയോഗിക്കാന്‍ കഴിയുന്ന മറ്റൊരിടമില്ല.
    നമ്മുടെ സ്വാതന്ത്ര്യത്തിന് 20 വര്‍ഷത്തിന് മുമ്പ് തന്നെ നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ലോകത്താകമാനമുള്ള പ്രത്യേകിച്ച് ആഫ്രിക്കയിലെ കോളനി ഭരണത്തിനെതിരായ പേരാട്ടവുമായി ബന്ധിപ്പിച്ചിരുന്നു.
    സ്വാതന്ത്ര്യത്തിന്റെ പടിവാതലില്‍ നില്‍ക്കുമ്പോഴും ആഫ്രിക്കയുടെ ഭാഗധേയവും നമ്മുടെ മനസില്‍ നിന്നും വലിയ അകലെയായിരുന്നില്ല. ആഫ്രിക്ക ബന്ധനത്തിലിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ സ്വാതന്ത്ര്യം അപൂര്‍ണ്ണമായിരിക്കുമെന്ന് മഹാത്മാഗാന്ധി ദൃഢമായി വിശ്വസിച്ചിരുന്നു.
    സ്വതന്ത്ര ഇന്ത്യ ആ വാക്കുകള്‍ മറക്കില്ല.
    ബന്ദൂംഗില്‍ ആഫ്രോ-ഏഷ്യന്‍ ഐക്യം ഇന്ത്യ മുന്നോട്ടുകൊണ്ടുപോയി. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഞങ്ങള്‍ ശക്തമായി നിലകൊണ്ടു. ഇപ്പോള്‍ സിംബാബ്‌വേ എന്നറിയപ്പെടുന്ന റൊഡേഷ്യ, ഗയാനാ ബാസോ, അംഗോള, നമീബിയ എന്നീ രാജ്യങ്ങളില്‍ നാം നേതൃത്വപരവും വളരെ ശക്തവുമായ നിലപാടാണ് സ്വീകരിച്ചത്.
    ഗാന്ധിജിയുടെ സമാധാനപരമായ പ്രതിരോധം നെല്‍സണ്‍ മണ്ഡേല, ഡെസ്മണ്ട് ടുട്ടു, ആല്‍ബര്‍ട്ട് ലുത്തിലി, ജൂലിയസ് നെരേരെ, ക്വാമെ എന്‍ക്രുമ തുടങ്ങിയ നേതാക്കളെ പ്രചോദിപ്പിച്ചു.
    ഇന്ത്യയുടെയും ആഫ്രിക്കയുടെയും പ്രാചീന ജ്ഞാനത്തിന്റേയും സമാധാനപരമായ പ്രതിരോധത്തിനുള്ള സഹനശക്തിയുടെയും വിജയത്തിന് ചരിത്രം സാക്ഷിയാണ്. ആഫ്രിക്കയിലെ ചില പരമമായ മാറ്റങ്ങള്‍ ഉണ്ടായത് ഗാന്ധിയന്‍ മാതൃകയിലൂടെയുമാണ്.
    ആഫ്രിക്കയുടെ മോചന പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയുടെ ചില താത്വികമായ പിന്തുണകള്‍ വന്നത് രാജ്യത്തിന്റെ വ്യാപാരത്തിന്റെ ചെലവിലായിരുന്നു. എന്നാല്‍ ആഫ്രിക്കയുടെ സ്വാതന്ത്ര്യവുമായി അതിനെയൊന്നും തുലനം ചെയ്യാനാവില്ല.
ആദരണീയരെ,
    കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായുള്ള നമ്മുടെ സാമ്പത്തികവും അന്തര്‍ദ്ദേശീയവുമായ ബന്ധങ്ങളെല്ലാം പ്രചോദിപ്പിച്ചിരുന്നത് സാമ്പത്തിക പ്രേരണയോടൊപ്പം ധാര്‍മ്മികതത്വങ്ങളും വൈകാരിക ബന്ധങ്ങളുമാണ്.
    ന്യായവും തുല്യവുമായ  വിപണികളെയും വിഭവങ്ങളെയുമാണ് നാം തേടിയിരുന്നത്. ആഗോള വ്യാപാരത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിനായി നാം ഒന്നിച്ചു പോരാടി.
    ദക്ഷിണരാജ്യങ്ങളുടെ സാമ്പത്തിക പങ്കാളിത്തം വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനായി നാം പ്രവര്‍ത്തിച്ചു.
    വെറും തൊഴിലവസരം തേടി മാത്രമായിരുന്നില്ല, നമ്മുടെ ഡോക്ടര്‍മാരും അദ്ധ്യാപകരും ആഫ്രിക്കയിലേക്ക് പോയത്. സ്വതന്ത്രരാജ്യങ്ങളുടെ വികസനം എന്ന പൊതു ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൂടിയായിരുന്നു.
    2015ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന മൂന്നാമത് ഇന്ത്യാ ആഫ്രിക്കന്‍ ഉച്ചകോടിയില്‍  പ്രസിഡന്റ് മുസവേനി പറഞ്ഞത് ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ് ” നമ്മള്‍ കോളനി വാഴ്ചയ്‌ക്കെതിരെ ഒന്നിച്ചുപോരാടി. ഇനി നമുക്ക് പരസ്പര സമൃദ്ധിക്ക് വേണ്ടി ഒന്നിച്ചുപോരാടാം.”
ആദരണീയരെ,
    ദൃഢവിശ്വാസവും, സുരക്ഷയും യുവത്വവും, നൂതനാശയക്കാരും ഊര്‍ജ്ജസ്വലരുമായ ജനങ്ങളുടെ രൂപത്തില്‍ ഇന്ന് ഇന്ത്യയിലും ആഫ്രിക്കയും വളരെ മഹത്തായ ഒരു ഭാവി വാഗ്ദാനത്തിന്റെ പടിവാതില്‍ക്കലില്‍ നില്‍ക്കുകയാണ്.
    ആഫ്രിക്കയുടെ മുന്നോട്ടുപോക്കിന്റെ ഉദാഹരണമാണ്  ഉഗാണ്ട.
    വര്‍ദ്ധിച്ചുവരുന്ന ലിംഗസമത്വം, വിദ്യാഭ്യാസ, ആരോഗ്യനിലവാരങ്ങളുടെ വളര്‍ച്ച, അടിസ്ഥാനസൗകര്യത്തിന്റെയും ബന്ധിപ്പിക്കലിന്റെയും വികസനം ഒക്കെ ഇന്ന് സാക്ഷീകരിക്കുകയാണ്.
    വ്യാപാരവും നിക്ഷേപവും വളരുന്ന ഒരു മേഖലയാണിത്. നൂതനാശയങ്ങളുടെ ഒരു തരംഗം തന്നെ നാം കാണുന്നുണ്ട്.
    സൗഹൃദത്തിന്റെ അഗാധമായ ബന്ധമുള്ളതുകൊണ്ട് ആഫ്രിക്കയുടെ ഓരോ വിജയത്തിലും ഞങ്ങള്‍ ഇന്ത്യയില്‍ ആനന്ദിക്കാറുണ്ട്.

ആദരണീയരെ,
    ആഫ്രിക്കയുടെ പങ്കാളിയാകുന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്.
    ഈ ഭുഖണ്ഡത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വത്തിന്റെ കേന്ദ്രം ഉഗാണ്ടയുമാണ്.
    ഇന്നലെ ഞാന്‍ ഉഗാണ്ടയ്ക്ക് വേണ്ടി രണ്ടു വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തേത് വൈദ്യുതിലൈനുകള്‍ക്ക് വേണ്ടി 141 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റേത്. രണ്ടാമത്തേത് കാര്‍ഷിക, ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി 64 മില്യണ്‍ യു.എസ്. ഡോളറിന്റേത്.
    മുമ്പത്തേപ്പോലെ കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, പരിശീലന, അടിസ്ഥാനസൗകര്യ വികസന, ഊര്‍ജ്ജ, ഗവണ്‍മെന്റിന്റെ കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രതിരോധത്തിലെ പരിശീലനം എന്നിവയില്‍ ഉഗാണ്ടയിലെ ജനങ്ങളുടെ അഭിലാഷങ്ങളെ നാം തുടര്‍ന്നും പിന്തുണയ്ക്കും.
    അന്താരാഷ്ട്രീയ സൗര കൂട്ടായ്മയില്‍ ചേരാന്‍ തീരുമാനിച്ചതിന് പ്രസിഡന്റ് മുസവേനിയേയും ഈ സഭയേയും ഞാന്‍ അഭിനന്ദിക്കുന്നു.
ആദരണീയരെ,
    ഉഗാണ്ടയിലേതുപോലെ നമ്മള്‍ ആഫ്രിക്കയുടെ ഈ വിശാല മേഖലയിലെല്ലാം നമ്മള്‍ നമ്മുടെ പങ്കാളിത്തവും ബന്ധവും ആഴത്തിലുള്ളതാക്കി.
    കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നമ്മുടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പിന്നെ ഞാന്‍ എല്ലാം കൂട്ടായി ആഫ്രിക്കയിലെ 25ല്‍ കുറയാത്ത രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നമ്മുടെ മന്ത്രിമാര്‍ മിക്കവാറും എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്.
    മൊത്തം 54 രാജ്യങ്ങള്‍ 40 ലേറെ രാജ്യങ്ങളുടെതലവന്മാര്‍ ഉള്‍ക്കൊള്ളുന്ന മൂന്നാമത് ആഫ്രിക്ക-ഇന്ത്യാ ഉച്ചകോടിക്ക് 2015 ഒക്‌ടോബറില്‍ ആതിഥ്യമരുളാന്‍ കഴിഞ്ഞത് നമ്മുടെ ബഹുമതിയായിരുന്നു.
    അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയുടെ ഉദ്ഘാടന ഉച്ചകോടിയില്‍ നിരവധി ആഫ്രിക്കന്‍ നേതാക്കള്‍ക്ക് ആതിഥ്യമരുളുന്നതിനുള്ള വിശേഷഭാഗ്യവും നമുക്ക് ലഭിച്ചിരുന്നു.
    ഇതിനെല്ലാം പുറമെ രാജ്യത്തിന്റെയോ ഗവണ്‍മെന്റിന്റേയോ തലവന്മാരായ 32 പേര്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു.
    കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ വികസന ബാങ്കിന്റെ ഇന്ത്യയിലെ ആദ്യ യോഗത്തിന് ആതിഥേയത്വം വഹിച്ചതിന്റെ ബഹുമതി എന്റെ ജന്മനാടായ ഗുജറാത്തിനാണ്.
    ഞങ്ങള്‍ ആഫ്രിക്കയില്‍ 18 പുതിയ എംബസികള്‍ തുറക്കുന്നുമുണ്ട്.
ആദരണീയരെ,
    നമ്മുടെ വികസന പങ്കാളിത്തം നിലവില്‍ 40 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 11 ബില്യണ്‍ യു.എസ്. ഡോളര്‍ വരുന്ന 180 വായ്പാകരാറുകള്‍ നടപ്പാക്കലാണ്.
    കഴിഞ്ഞ ഇന്ത്യാ ആഫ്രിക്കാ ഫോറം ഉച്ചകോടിയില്‍ 10 ബില്യണ്‍ യു.എസ്. ഡോളറിന്റെ കണ്‍സഷണല്‍ ലൈന്‍ ഓഫ് ക്രെഡിറ്റും 600 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് സഹായവും നാം ഏറ്റെടുത്തിട്ടുണ്ട്.
    ഓരോ വര്‍ഷവും 8000 ആഫ്രിക്കന്‍ യുവാക്കള്‍ക്ക് വിവിധ പദ്ധതികളില്‍ പരിശീലനം നല്‍കുന്നുണ്ട്.
    ഏല്ലായ്‌പ്പോഴും പോലെ നിങ്ങളുടെ മുന്‍ഗണനകളാണ് ഞങ്ങളുടെ പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
    ഇന്ത്യന്‍ കമ്പനികള്‍ 54 ബില്യണ്‍ യു.എസ്. ഡോളര്‍ ആഫ്രിക്കയില്‍ നിക്ഷേപിച്ചിട്ടുണ്ട്.
    ഇപ്പോള്‍ ആഫ്രിക്കയുമായുള്ള നമ്മുടെ വ്യാപാരം 62 ബില്യണ്‍ യു.എസ്. ഡോളറിന് മുകളിലാണ്.
    നമ്മുടെ സാമ്പത്തിക ബന്ധങ്ങളെ ഇപ്പോള്‍ അധികവും മുന്നോട്ടുകൊണ്ടുപോകുന്നത് ഡിജിറ്റല്‍ സമ്പദ്ഘടനയിലെ നൂതനാശയ പങ്കാളിത്തമാണ്.
    പാന്‍ ആഫ്രിക്കന്‍ ഇ-നെറ്റ്‌വര്‍ക്ക്  48 ആഫ്രിക്കന്‍ രാജ്യങ്ങളെ ഇന്ത്യയുമായും ഒന്നിനെ മറ്റൊന്നുമായും അവതമ്മിലും ബന്ധപ്പിക്കുന്നു. ഇതിന് ആഫ്രിക്കയുടെ ഡിജിറ്റല്‍ നൂതനാശയത്തിന്റെ പുതിയ നട്ടെല്ലാകാന്‍ കഴിയും.
    നിരവധി തീരദേശ രാജ്യങ്ങളോടൊപ്പമുള്ള നമ്മുടെ പങ്കാളിത്തം ഇപ്പോള്‍ നീല സമ്പദ്ഘടനയുടെ ഗുണത്തെ സുസ്ഥിരമായ രീതിയില്‍ കൊയ്യുന്നതിനുള്ള അന്വേഷണം വര്‍ദ്ധിപ്പിക്കുകയാണ്.
    ഒരിക്കല്‍ ആഫ്രിക്കയുടെ ഭാവിക്ക് ഭീഷണിയായിരുന്ന രോഗങ്ങളുടെ പ്രവാഹത്തെ മാറ്റിമറിയ്ക്കാന്‍ ഇന്ത്യന്‍ ഔഷധങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത് നിരവധി പേര്‍ക്ക് ആരോഗ്യസംരക്ഷണം താങ്ങാവുന്ന രീതിയില്‍ ലഭ്യമാക്കുന്നത് തുടരുകയും ചെയ്യും.
ആദരണീയരെ,
    സമൃദ്ധിക്ക് വേണ്ടി നാം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതുപോലെ, സമാധാനത്തിന് വേണ്ടി നാം ഒന്നിച്ചു നില്‍ക്കുകയാണ്.
    ഇന്ത്യന്‍ സൈനികര്‍ നീല ഹെല്‍മെറ്റിലാണ് സേവനം നടത്തുന്നത്, അതുകൊണ്ട് ആഫ്രിക്കന്‍ കുട്ടികള്‍ക്ക് സമാധാനത്തിന്റെ ഭാവിയിലേക്ക് നോക്കാം.
    കോംഗോയിലെ 1960ലെ ആദ്യ ദൗത്യത്തിന് ശേഷം ആഫ്രിക്കയില്‍ ഐക്യരാഷ്ട്രസഭയുടെ ഒരു ഡസനിലധികം സമാനദൗത്യങ്ങള്‍ ഇന്ത്യന്‍ സമാധാനസേന ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
    ലോകത്തെ യു.എന്‍. സമാധാന ദൗത്യത്തിലാകെയായി 163 ഇന്ത്യന്‍ സൈനികരാണ് പരമത്യാഗം അനുഷ്ഠിച്ചത്. ഇത് ഏത് രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഇവരില്‍ 70% വും ആഫ്രിക്കയിലാണ് രക്തസാക്ഷിത്വം വരിച്ചത്.
    ഇന്ന് ആഫ്രിക്കയിലെ അഞ്ച് സമാധാന സംരക്ഷണ ദൗത്യങ്ങളില്‍ 6000 ലധികം ഇന്ത്യാക്കാര്‍ സേവനമനുഷഠിക്കുന്നുണ്ട്.
    ലിബിയന്‍ ഐക്യനാടുകളില്‍ അവിടുത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാപോലീസ് യൂണിറ്റ് എന്ന നാഴികകല്ല് ഇന്ത്യന്‍ വനിതകള്‍ സ്ഥാപിച്ചു.
    നമ്മുടെ പ്രതിരോധ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളര്‍ന്നുവരികയാണ്. തീവ്രവാദത്തേയും കടല്‍ക്കൊള്ളയേയും തടയുന്നതിനും നമ്മുടെ സമുദ്രങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും നാം ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണ്.
ആദരണീയരെ,
    ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം 10 തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരുന്നത്.
    ഒന്നാമതായി, നമ്മുടെ മുന്‍ഗണനകളില്‍ ഏറ്റവും മുകളില്‍ ആഫ്രിക്കയായിരിക്കും. ആഫ്രിക്കയുമാുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢവും ആഴത്തിലുമുളളതാക്കുന്നത് തുടരും. നമ്മള്‍ കാണിച്ചുതന്നിട്ടുള്ളതുപോലെ അത് സുസ്ഥിരവും നിരന്തരവുമായിരിക്കും.
    രണ്ടാമതായി,  നമ്മുടെ വികസന പങ്കാളിത്തത്തെ നയിക്കുന്നത് നിങ്ങളുടെ മുന്‍ഗണകളായിരിക്കും. അതിന്റെ നിബന്ധനകള്‍ നിങ്ങള്‍ക്ക് സുഗമമായിരിക്കുകയെന്നതായിരിക്കും, അത് നിങ്ങളുടെ ശേഷിയെ സ്വതന്ത്രമാക്കുന്നതും നിങ്ങളുടെ ഭാവിയെ ഞെരുക്കുന്നതുമായിരിക്കരുത്. നമ്മള്‍ ആഫ്രിക്കന്‍ പ്രതിഭകളേയും വൈദഗ്ധ്യങ്ങളേയുമായിരിക്കും ആശ്രിക്കുക. നാം കഴിയുന്നത്ര പ്രാദേശിക ശേഷി നിര്‍മ്മിക്കുകയും കഴിയുന്നത്ര പ്രാദേശിക അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
    മൂന്നാമതായി, ഞങ്ങള്‍ ഞങ്ങളുടെ വിപണികള്‍ തുറന്നിടുകയും ഇന്ത്യയുമായുള്ള വ്യാപാരം കൂടുതല്‍ ആകര്‍ഷകവും സുഗമമാക്കുകയും ചെയ്യും.
    നാലമതായി, ആഫ്രിക്കയുടെ വികസനത്തെ സഹായിക്കാനായി ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ പരിചയം പരമാവധി പ്രയോജനപ്പെടുത്തും. പൊതുസേവനങ്ങള്‍ ലഭ്യമാക്കുന്നത് മികച്ചതാക്കുക, ആരോഗ്യവും വിദ്യാഭ്യാസവും വിപുലീകരിക്കുക, ഡിജിറ്റല്‍ സാക്ഷരത വ്യാപിപ്പിക്കുക, സാമ്പത്തികാശ്ലേഷണം വിപുലമാക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരിക എന്നിവയ്ക്കായി അത് ഉപയോഗിക്കും. ഇത് യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള പങ്കാളിത്തം മാത്രമല്ല, മറിച്ച് ആഫ്രിക്കന്‍ യുവതയെ ഈ ഡിജിറ്റല്‍ യുഗത്തില്‍ അവരുടെ സ്ഥാനം കരസ്ഥമാക്കുന്നതിന് തയ്യാറാക്കുക കൂടിയാണ്.
    അഞ്ചാമതായി, ലോകത്തിലെ കൃഷിയോഗ്യമായ ഭൂമിയുടെ 60% വും ആഫ്രിക്കയിലാണ്, എന്നാല്‍ ആഗോള ഉല്‍പ്പാദനത്തിന്റെ 10% മാത്രമാണ് അവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ആഫ്രിക്കയുടെ കൃഷി മെച്ചമാക്കുന്നതിന് നാം നിങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
    ആറാമതായി, കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ നമ്മുടെ പങ്കാളിത്തം ചര്‍ച്ചചെയ്യും. മാന്യമായ ഒരു അന്തര്‍ദ്ദേശീയ കാലാവസ്ഥ വ്യവസ്ഥ ഉറപ്പാക്കാനും, ജൈവവൈവിദ്ധ്യം സംരക്ഷിക്കാനും, ശുദ്ധവും കാര്യക്ഷമവുമായ ഊര്‍ജ്ജ സ്രോതസുകള്‍ സ്വീകരിക്കുന്നതിനും നാം ആഫിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
    ഏഴാമതായി, തീവ്രവാദത്തേയും ഭീകരവാദത്തേയും നേരിടുന്നതിനും നമ്മുടെ സൈബര്‍ മേഖല സുരക്ഷിതമാക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിന് യു.എന്നിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും  നമ്മള്‍ തമ്മിലുള്ള സഹകരണവും പരസ്പരശേഷിയും വര്‍ദ്ധിപ്പിക്കും.
    എട്ടാമതായി, എല്ലാ രാജ്യങ്ങളുടെയും ഗുണത്തിനായി സമുദ്രങ്ങള്‍ സ്വതന്ത്രമായി തുറന്നിടുന്നതിനായും ഞങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഫ്രിക്കയുടെ ഈ കിഴക്കന്‍ തീരങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കീഴക്കും ലോകം സഹകരണമാണ് ആഗ്രഹിക്കുന്നത്. അല്ലാതെ മത്സരമല്ല. അതുകൊണ്ടാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ വീക്ഷണം സുരക്ഷയിലും ഈ മേഖലയിലെ എല്ലാവരുടെയും വളര്‍ച്ചയിലും വേരൂന്നിക്കൊണ്ടുള്ള സഹകരണപരവും സംശ്ലേഷിതവുമാകുന്നത്.
    ഒന്‍പതാമതായി, ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് പ്രാധാന്യമുള്ളതാണ്. ആഫ്രിക്കയിലുള്ള ലോകത്തിന്റെ ഇടപാടുകള്‍ വര്‍ദ്ധിക്കുമ്പോള്‍, വിപരീത അഭിലാഷങ്ങളങ്ങളുടെ ഭീഷണിയിലേക്ക് ഒരിക്കല്‍ കൂടി ആഫ്രിക്ക വീണുപോകാതിരിക്കാന്‍ നാം നിര്‍ബന്ധമായും ഒന്നിച്ചുപ്രവര്‍ത്തിക്കണം. എന്നാല്‍ ആഫ്രിക്കന്‍ യുവത്വത്തിന്റെ അഭിലാഷങ്ങളുടെ ഒരു നഴ്‌സറിയാകുകയും വേണം.
    പത്താമതായി, കോളനി വാഴ്ചയ്‌ക്കെതിരെ ഇന്ത്യയും ആഫ്രിക്കയും ഒന്നിച്ചുനിന്നു പേരാടിയതുപോലെ,  ആഫ്രിക്കയിലും ഇന്ത്യയിലുമായി ജീവിക്കുന്ന മൂന്നില്‍ ഒന്ന് വരുന്ന മാനവികതയുടെ ശബ്ദവും രൂപവുമായ പ്രാതിനിധ്യവും ജനാധിപത്യ ആഗോള വ്യവസ്ഥിതിക്ക് വേണ്ടിയും നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. രാജ്യാന്തര സംഘടനകളുടെ പരിഷ്‌ക്കരണത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണം ആഫ്രിക്കയ്ക്ക് തുല്യസ്ഥാനമില്ലെങ്കില്‍ പൂര്‍ണ്ണതയില്‍ എത്തില്ല. അതാണ് നമ്മുടെ വിദേശനയത്തിന്റെ പ്രധാന ഉദ്ദേശ്യം.
ആദരണീയരെ,
    സ്വാതന്ത്ര്യത്തിലും സമത്വത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു രാജ്യത്തിന്റെ നൂറ്റാണ്ടാണ് ഇതെങ്കില്‍;
    എല്ലാ മനുഷ്യരിലും അവസരങ്ങളുടെ പ്രഭാതരശ്മികള്‍ പതിക്കുന്ന കാലമാണ് ഇതെങ്കില്‍;
    ഭൂമിക്ക് കൂടുതല്‍ ശോഭനമായ ഭാവിയുള്ള സമയമാണിതെങ്കില്‍; എന്നാല്‍ ഈ അതിശകരമായ ആഫ്രിക്കന്‍ ഭൂഖണ്ഡവും ലോകത്തെ മറ്റ് രാജ്യങ്ങളോടൊപ്പം സഞ്ചരിക്കണം.
    ഇന്ത്യ നിങ്ങളോടൊപ്പവും നിങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കും.
    നമ്മുടെ പങ്കാളിത്തം ആഫ്രിക്കയെ ശാക്തീകരിക്കുന്നതിനുള്ള ഒരു ഉപകരണമായിരിക്കും.
    നിങ്ങളുടെ പ്രയത്‌നങ്ങളില്‍, സുതാര്യതയില്‍, ബഹുമാനത്തോടെയും സമത്വത്തിന്റെ തത്വത്തിലധിഷ്ഠിതമായും ഞങ്ങള്‍ നിങ്ങളോട് ഒന്നിച്ചുനില്‍ക്കും.
    ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയൂം നിങ്ങളോടൊപ്പവും സംസാരിക്കും.
    ഇന്ത്യയുടെ മൂന്നില്‍ രണ്ടും ആഫ്രിക്കയുടെ മൂന്നില്‍ രണ്ടും 35 വയസില്‍ താഴേയുള്ളവരാണ്. ഭാവി യുവത്വത്തിനുള്ളതാണെങ്കില്‍, നിര്‍മ്മിക്കുന്നതിനും രൂപകല്‍പ്പനചെയ്യുന്നതിനും ഈ നൂറ്റാണ്ട് നമ്മുക്കുള്ളതാണ്.
    ” അധികപരിശ്രമം നടത്തുന്നവര്‍ക്ക് ഗുണുമുണ്ടാകും” എന്ന് അര്‍ത്ഥം വരുന്ന ” അന്യേജിതാഹിദിഹു ഫെയിദി” എന്ന ഉഗാണ്ടന്‍ പഴഞ്ചൊല്ല് നമ്മെ നയിക്കട്ടെ,
    ആഫ്രിക്കയ്ക്കുവേണ്ടി ഇന്ത്യ ആ അമിത പ്രയ്‌നം നടത്തിയിട്ടുണ്ട്. അത് എപ്പോഴും തുടരുകയും ചെയ്യും. ആഫ്രിക്കയുടെ നേട്ടത്തിന് വേണ്ടി.
വളരെയധികം നന്ദി. നിങ്ങള്‍ക്ക് വളരെയധികം നന്ദി.
സാന്റേ സാനാ.