Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഈജിപ്ത് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

ഈജിപ്ത് പ്രസിഡന്റുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം


യുവര്‍ എക്‌സലന്‍സി പ്രസിഡന്റ് ഫത്താ അല്‍-സീസി

ഈജിപ്റ്റിന്റെയും ഇന്ത്യയുടെയും പ്രതിനിധി സംഘങ്ങളിലെ വിശിഷ്ടരായ മന്ത്രിമാരെ, അംഗങ്ങളെ, മാധ്യമസുഹൃത്തുക്കളേ,

ഇന്ത്യയിലേക്ക് ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഹിസ് എക്‌സലന്‍സി അബ്ദല്‍ ഫത്താ അല്‍-സീസിയെ സ്വാഗതം ചെയ്യാന്‍ എനിക്ക് ഏറെ ആഹ്ലാദമുണ്ട്. എക്‌സലന്‍സി രാജ്യത്തിനകത്തും വിദേശത്തും നിരവധി നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണെന്ന് അങ്ങയെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കും സന്തോഷമുണ്ട്. ഏഷ്യയെ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന സ്വാഭാവിക പാലം തന്നെയാണ് ഈജിപ്ത്. ഇസ്ലാമിന്റെ മിതവാദ ശബ്ദമാണ് ഈജിപ്തിലെ ജനങ്ങളുടേത്. കൂടാതെ, ആഫ്രിക്കയിലെയും അറബ് ലോകത്തിലെയും മേഖലാ സമാധാനത്തിന്റെയും, സ്ഥിരതയുടെയും ഒരു ഘടകം കൂടിയാണ് അങ്ങയുടെ രാഷ്ട്രം. വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഈജിപ്ത് എന്നും പോരാടിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ സഹകരണത്തിന്റെ രൂപത്തെയും ഉള്ളടക്കത്തെയും കുറിച്ച് ഞാനും പ്രസിഡന്റും വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഞങ്ങളുടെ ഇടപാടുകള്‍ ആഴത്തിലാക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനോന്മുഖമായ ഒരു കാര്യപരിപാടിക്കും ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. ആ കാര്യപരിപാടി

* നമ്മുടെ സാമൂഹിക, സാമ്പത്തിക മുന്‍ഗണനകളോട് പ്രതികരിക്കുന്നതും

* വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും

* നമ്മുടെ സമൂഹങ്ങളെ സുരക്ഷിതമാക്കുന്നതും

* നമ്മുടെ മേഖലയില്‍ സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതും

* മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളില്‍ നമ്മുടെ ഇടപെടലുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതുമായിരിക്കും

ഞങ്ങളുടെ ചര്‍ച്ചയ്ക്കിടെ സഹകരണത്തിന്റെ നിരവധി തൂണുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ധാരണയിലെത്തി. ഉന്നതതല രാഷ്ട്രീയ വിനിമയങ്ങളുടെ കരുത്തും ചലനശക്തിയും പോഷിപ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. നമ്മുടെ സമൂഹങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കരുത്തുറ്റ വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ അനിവാര്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ രണ്ട് സമ്പദ്ഘടനകള്‍ക്കുമിടയില്‍ ചരക്കുകള്‍, സേവനങ്ങള്‍, മൂലധനം എന്നിവയുടെ വര്‍ദ്ധിച്ച ഒഴുക്കിനായിരിക്കണം മുന്‍ഗണനയെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഒപ്പുവച്ച സമുദ്രയാന മേഖയിലെ സഹകരണത്തിന് കരാര്‍ ഇത്തരം ശ്രമങ്ങള്‍ സുഗമമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ വ്യാപാര-വാണിജ്യ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍കൈയ്യെടുക്കാന്‍ നമ്മുടെ സ്വകാര്യമേഖലയെ ഞാന്‍ ആഹ്വാനം ചെയ്യുന്നു. സാമ്പത്തിക രംഗത്തെ ഇടപെടലുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൃഷി, നൈപുണ്യ വികസനം, ചെറുകിട-ഇടത്തരം വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നമ്മുടെ സഹകരണം ആഴത്തിലുള്ളതാക്കാനും ഞങ്ങള്‍ തീരുമാനിച്ചു.

സുഹൃത്തുക്കളേ,

വളര്‍ന്നുവരുന്ന തീവ്രവാദ പ്രവണതകള്‍, വര്‍ദ്ധിച്ചുവരുന്ന അക്രമം, വ്യാപിക്കുന്ന ഭീകരവാദം എന്നിവ ഉയര്‍ത്തുന്ന ഭീഷണി കേവലം നമ്മുടെ രണ്ടുരാജ്യങ്ങള്‍ക്കു മാത്രമല്ല മറിച്ച്, മേഖലയിലൊട്ടാകെയുള്ള രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നേരെയാണെന്നുള്ളതിലും എനിക്കും പ്രസിഡന്റിനും ഒരേ കാഴ്ചപ്പാടാണുള്ളത്.

ഈ പശ്ചാത്തലത്തില്‍ നമ്മുടെ പ്രതിരോധ, സുരക്ഷാ ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി

* പ്രതിരോധ മേഖലയിലെ വ്യാപാരം, പരിശീലനം, ശേഷി വികസനം തുടങ്ങിയവ വിപുലപ്പെടുത്തും

* ഭീകരവാദത്തെ നേരിടുന്നതിന് വര്‍ദ്ധിച്ച തോതിലുള്ള വിവരകൈമാറ്റം സാധ്യമാക്കും

* സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ സഹകരണം ഉറപ്പാക്കും

* ലഹരി കടത്ത്, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്‌ക്കെതിരെ യോജിച്ചു പോരാടും

പുരാതനവും പ്രൗഢവും, സമ്പന്നമായ സാംസ്‌കാരിക പൈതൃകവുമുള്ള രണ്ട് സംസ്‌ക്കാരങ്ങള്‍ എന്ന നിലയ്ക്ക് ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സാംസ്‌ക്കാരിക വിനിമയവും കൂടുതല്‍ പരിപോഷിപ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

എക്‌സലന്‍സി,

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ ഈജിപ്ത് കാഴ്ചവയ്ക്കുന്ന മികച്ച പ്രവര്‍ത്തനങ്ങളെ ഇന്ത്യ അഭിനന്ദിക്കുന്നു. മേഖല, ആഗോള വിഷയങ്ങളില്‍ ഐക്യരാഷ്ട്രസഭയ്ക്ക് അകത്തും പുറത്തും കൂടുതല്‍ അടുത്ത് കൂടിയാലോചനകള്‍ നടത്താനുള്ള നമ്മുടെ തീരുമാനം നമ്മുടെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമായിരിക്കും. ഈ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിക്കത്തക്ക തരത്തില്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതി പുന:സംഘടിപ്പിക്കണമെന്നതില്‍ ഞങ്ങള്‍ക്ക് യോജിപ്പാണുള്ളത്. അടുത്തയാഴ്ചത്തെ ജി-20 ഉച്ചകോടിയില്‍ ഈജിപ്തിന്റെ പങ്കാളിത്തത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ജി-20 ചര്‍ച്ചകളുടെ സത്തയ്ക്ക് അത് മൂല്യവര്‍ദ്ധന നല്‍കി സമ്പുഷ്ടമാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

യുവര്‍ എക്‌സലന്‍സി പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍-സിസി,

അങ്ങേയ്ക്കും അങ്ങയുടെ പ്രതിനിധി സംഘത്തിനും ഞാന്‍ ഒരിക്കല്‍ക്കൂടി ഹാര്‍ദ്ദവമായ സ്വാഗതമോതുന്നു. അങ്ങേയ്ക്കും ഈജിപ്ഷ്യന്‍ ജനതയ്ക്കും എല്ലാവിധ വിജയങ്ങളും ഞാന്‍ ആശംസിക്കുന്നു. താങ്കളുടെ വികസന, സാമ്പത്തിക, സുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു വിശ്വസ്ത പങ്കാളിയായി നിലകൊള്ളാന്‍ ഇന്ത്യ തയ്യാറാണ്.

നന്ദി,

വളരെയേറെ നന്ദി