Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രായേല്‍ – സാങ്കേതികവിദ്യയുടെ ശക്തികേന്ദ്രം: പ്രധാനമന്ത്രി മോദി

149906876372410583a_b

Israel Hayom Editor-in-Chief Boaz Bismuth with Prime Minister Narendra Modi


ഇന്ത്യ- ഇസ്രായേല്‍  ബന്ധം പുതിയ തലത്തിലേയ്ക്ക് കൊണ്ടു പോകാന്‍ ഇരു രാജ്യങ്ങളും തയാറാണെന്നും അനേകം പ്രതിസന്ധികളെ അതിജീവിച്ച ഇസ്രായേല്‍ വിസ്മയകരമായ നേട്ടങ്ങളാണ് ഇതിനോടകം കൈവരിച്ചിരിക്കുന്നത് എന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ചരിത്രപ്രസിദ്ധമായ തന്‍റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇസ്രായേല്‍ ദിനപ്പത്രമായ ഇസ്രായേല്‍ ഹെയോമിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്..

120 കോടി ജനങ്ങളുടെ പ്രതിനിധിയായ അതും സ്വദേശത്തും വിദേശത്തും അതിപ്രശസ്തനായ ഒരു പ്രധാനമന്ത്രി എന്നും കാണാന്‍ സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടായിരിക്കാം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കഴ്ചയ്ക്ക് പ്രത്യേകത അനുഭവപ്പെട്ടത്.

2017 ജൂലൈ 4നാണ് മോദി തന്‍റെ ചരിത്രപ്രസിദ്ധമായ സന്ദര്‍ശനത്തിനായി ഇസ്രായേലില്‍ എത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. വിസ്തൃതിയില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ അന്തരം ഉണ്ടെങ്കിലും അദ്ദേഹത്തെ സംബന്ധിച്ച് ഉഭയകക്ഷി ബന്ധങ്ങളില്‍ ഇരുവരും തുല്യരാണ്.

 

മോദി തികച്ചും വ്യത്യസ്തനായ ഒരു നേതാവാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ കീര്‍ത്തി വാനോളം ഉയരത്തിലാണ്. അദ്ദേഹം ആഗ്രഹിക്കുന്നത് എന്തും പറയാം, ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താം. ഇന്ത്യയെ ആഗോള നേതൃനിരയിലേയ്ക്കു എത്തിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ ലക്ഷ്യം നേടുന്നതിനുള്ള മാര്‍ഗ്ഗം കടന്ന് പോകുന്നത് ഇസ്രയേലില്‍ കൂടിയാണ്. ഇസ്രായേലികള്‍ക്കാകട്ടെ ഇത് ഒരു ബഹുമതിയും.  ഇന്ത്യക്കാര്‍ തന്നെ സ്‌നേഹിക്കുന്നു എന്ന് അദ്ദേഹത്തിന് അറിയാം. താന്‍ പരാജയപ്പെടാന്‍ പാടില്ല എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ഇതാണ് അദ്ദേഹം നേരിടുന്ന വലിയ വെല്ലുവിളി.

 

ഞാന്‍ മോദിയുടെ ഔദ്യോഗിക വസതിയില്‍ എത്തുമ്പോള്‍ ഒരു കാര്യം  ശ്രദ്ധിച്ചു. ക്യാമറകള്‍ക്കു മുന്നില്‍ വളരെ ഗൗരവക്കാരനായി കാണപ്പെടുന്ന ഈ മനുഷ്യന്‍ വശ്യമായി പുഞ്ചിരിക്കാനറിയുന്ന, സ്‌നേഹമുള്ള വ്യക്തിയാണ്. ദാരിദ്ര്യത്തിലേയ്ക്കു പിറന്നു വീണിട്ടും അതിനെ അതിജീവിച്ച് സ്വയം ഉയര്‍ന്ന് ജീവിതത്തില്‍ സമുന്നത പദവിയിലെത്തിയ അദ്ദേഹം നേടിയ വിജയം അത്യന്തം അഭിമാനകരമാണ്.

 

തികഞ്ഞ ആത്മവിശ്വാസത്തോടെ തന്‍റെ വിജയ മന്ത്രമായി ഉരുവിടുന്ന ചൊല്ല് അദ്ദേഹം ആവര്‍ത്തിച്ചു: സര്‍വജന്‍ ഹിതം, സര്‍വജന്‍ സൗഖ്യം, സബ്കാ സാഥ്, സബ്കാ വികാസ്. ലളിതമായി പരിഭാഷപ്പെടുത്തിയാല്‍ ‘ എല്ലാവരുടെയും താല്പര്യം, എല്ലാവര്‍ക്കും പ്രയോജനം. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം’ .

 

അഭിമുഖത്തിലുടനീളം ഇന്ത്യയുടെയും ഇസ്രായേലിന്‍റെയും ജനതകള്‍‌ തമ്മിലുള്ള ആഴമേറിയ ബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം വളരെ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടായിരുന്നു. ഇരു രാജ്യങ്ങളും ആത്മസുഹൃത്തുക്കളാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അവരവരുടേതായ  മാനങ്ങളില്‍ സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന സംരംഭകത്വത്തിന്‍റെയും നവീകരണത്തിന്‍റെയും മനോഭാവമാണ് രണ്ടു രാജ്യങ്ങളും പങ്കുവയ്ക്കുന്നത്. ഈ വികാരം പ്രകടിപ്പിക്കുന്നതിനായി ജൂലൈ 5 ന് ടെല്‍ അവീവില്‍ ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ അദ്ദേഹവും അദ്ദേഹത്തിന്‍റെ ജനങ്ങളും ഒരു റാലി സംഘടിപ്പിക്കുന്നുണ്ട്. മോദി അത് നയിക്കും. ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള തന്‍റെ യാത്രയുടെ വളരെ പ്രധാനപ്പെട്ട ഘടകമാണ് ഇത് എന്ന് അദ്ദേഹം കരുതുന്നു.

ചോദ്യം: ഇസ്രായേലിനെ കുറിച്ച് അങ്ങേയ്ക്ക് എന്തറിയാം? അങ്ങ് ഇതിനുമുമ്പ് എന്നെങ്കിലും ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുണ്ടോ?

“  ഉവ്വ്. ഇസ്രായേലിനെ കുറിച്ച് നേരിട്ടുള്ള അനുഭവം എനിക്ക് ലഭിച്ചത് 2006 ല്‍ ഒരു കാര്‍ഷിക പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ്. അന്ന് ഞാന്‍ ഇന്ത്യയിലെ ഗുജറാത്ത് എന്ന സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ഈ രാജ്യത്ത് തിരിച്ചെത്താന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അതിനു ശേഷം ഇസ്രായേല്‍ കൈവരിച്ച വികസനവും പുരോഗതിയും നേരിട്ടു കാണുകയാണ് ഇത്തവണത്തെ എന്‍റെ ലക്ഷ്യം.

ഇസ്രയേലിനെ കുറിച്ചുള്ള എന്‍റെ കാഴ്ച്ചപ്പാടുകള്‍ ഞാന്‍ എന്‍റെ രാജ്യത്തെ അനേകം പൗരന്മാരുമായി പങ്കുവച്ചിട്ടുള്ളതാണ്. ഇന്ത്യ ഇസ്രായേലിനെ കാണുന്നത് സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജ സ്രോതസ് എന്ന നിലയിലാണ്. അനേകം പ്രതിസന്ധികളെ തരണം ചെയ്ത ഒരു രാജ്യം എന്ന നിലയിലാണ്. മനുഷ്യരാശിക്ക് പ്രയോജനപ്പെട്ട എത്രയോ സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനം ഇസ്രായേലിലെ സര്‍വകലാശാലകളിലും പരീക്ഷണ ശാലകളിലുമാണ്. കമ്പ്യൂട്ടറിന്‍റെ യുഎസ്ബി ഫ്‌ളാഷ് ഡ്രൈവ് മുതല്‍ ചെറി തക്കാളി വരെ നീളുന്നു ആ കണ്ടുപിടിത്തങ്ങള്‍. ജലദരിദ്രമായ ഒരു രാജ്യത്തെ നിങ്ങള്‍ ജലസമൃദ്ധ രാജ്യമാക്കി മാറ്റി. നിങ്ങളുടെ മരുഭൂമികളെ നിങ്ങള്‍ പൂവാടികളാക്കി, അങ്ങനെ എന്തെല്ലാം നേട്ടങ്ങള്‍. ഈ ചിത്രങ്ങളെല്ലാം എന്‍റെ മനസില്‍ ആഴത്തില്‍ പതിഞ്ഞവയാണ്”

ചോദ്യം: ചരിത്രപരമായ ഈ സന്ദര്‍ശനവുമായി മുന്നോട്ടു പോകാന്‍ അങ്ങ് തീരുമാനിച്ചത് എന്തുകൊണ്ടാണ്?

“ നമ്മുടെ രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ എന്നും വളരെ ശക്തമായിരുന്നു.  സത്യത്തില്‍ വര്‍ഷങ്ങളായി അത് വളരുകയും വൈവിധ്യവത്ക്കരിക്കപ്പെടുകയാമായിരുന്നു. അടുത്ത കാലത്ത്  അതിശക്തമായ നമ്മുടെ ബന്ധങ്ങള്‍ ഉന്നത തല സന്ദര്‍ശനങ്ങള്‍ കൊണ്ട് നാം ദൃഢപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നാം തമ്മിലുള്ള കൈമാറ്റങ്ങളുടെ ഇടവേളകള്‍ വളരെ അടുത്തടുത്തായി. 2015 ല്‍ ഇന്ത്യന്‍ പ്രസിഡന്‍റ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് ഒരിന്ത്യന്‍ പ്രസിഡന്‍റോ, പ്രധാനമന്ത്രിയോ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടില്ല.  പ്രസിഡന്‍റ് റ്യൂവന്‍ റിവ്‌ലിന്‍ 2016 ല്‍ ഇന്ത്യ സന്ദര്‍ശിച്ചു.  ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രസിഡന്‍റാണ് അദ്ദേഹം. ഞാന്‍ നടത്താന്‍ പോകുന്ന ഈ സന്ദര്‍ശനം ഇരു സമൂഹങ്ങള്‍ക്കുമിടയില്‍  നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആഴത്തിലുള്ള ബന്ധത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ഈ കാഴ്ച്ചപ്പാടിലാണ് നമ്മുടെ ബന്ധങ്ങള്‍ നമ്മുടെ സംരംഭങ്ങളിലും സ്ഥിരമായ ഉന്നത തല ഇടപെടലുകളിലും  പ്രതിഫലിക്കേണ്ടത്. ഈ വര്‍ഷം നാം നമ്മുടെ നയതന്ത്ര ബന്ധങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആചരിക്കുകയാണല്ലോ. നമ്മുടെ ബന്ധങ്ങള്‍ പുതിയ ഒരു തലത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഉചിതമായ അവസരമാണിത്”.

 

ചോദ്യം: ഈ തീരുമാനം ഐക്യരാഷ്ട്രസഭയില്‍ കൂടുതല്‍ ഇസ്രായേല്‍ അനുകൂല നിലപാടുകളുടെ സൂചനയാണോ?

“ ഐക്യരാഷ്ട്രസഭയില്‍ ഞങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ചില പ്രത്യേക വിഷയങ്ങളെ അടിസഥാനമാക്കിയുള്ളതാണ്.  ഞങ്ങളുടെ രാജ്യത്തിന്‍റെ പൈതൃകമായ മൂല്യങ്ങളും തത്വങ്ങളുമാണ് അവയെ നയിക്കുന്നത്. അതിനാല്‍  ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ പങ്കാളികള്‍ക്കൊപ്പം ഞങ്ങള്‍ ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുമുഖ വേദികളിലും നമ്മുടെ പൊതുവായ വിഷയങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കുമായി നിലക്കൊള്ളും. ഐക്യരാഷ്ട്രസഭയില്‍ ഒരു രാജ്യത്തെയും ഒറ്റപ്പെടുത്തുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല”.

 

ചോദ്യം: പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളുമായി ഇപ്പോഴും ചേരിചേരാ നയമാണോ ഇന്ത്യ പിന്തുടരുന്നത്?

വസുധൈവ കുടുംബകം അഥവ ലോകം ഒരു കുടുംബം എന്ന തത്വത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍ പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളുമായി ക്രിയാത്മമകമായ ഇടപെടലുകളാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

 

ചോദ്യം: ഭീകരവാദത്തില്‍ ഇന്ത്യയും ഇസ്രായേലും സമാന ഭീഷണിയാണോ നേരിടുന്നത്?

“ഭീകരവാദം ഒരു ആഗോള ഭീഷണിയാണ്. ഇന്ത്യയ്ക്കും ഇസ്രായേലിനും ഇതില്‍ നിന്നു മോചനമില്ല. നിരപരാധികളായ മനുഷ്യരുടെ നേര്‍ക്കുള്ള ആക്രമണം വളരുവാന്‍ നാം അനുവദിച്ചുകൂടാ. അതാണ് നാം തമ്മിലുള്ള ഉടമ്പടിയുടെ പ്രധാന ഘടകം. അതിര്‍ത്തി കടന്നുള്ള ഭീകരതയാണ് നാം നേരിടുന്ന മുഖ്യ വെല്ലുവിളി. അതിര്‍ത്തിക്കപ്പുറത്തുള്ള തിന്മയുടെ ശക്തികള്‍ നുഴഞ്ഞുകയറി നമ്മുടെ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ ദുഷ്ടശക്തികള്‍ മതത്തിന്‍റെ പേരും പറഞ്ഞ് നമ്മുടെ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതവുമായി ഭീകരതയെ തിലനം ചെയ്യാന്‍ പാടില്ല. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയും ഇസ്രായേലും കൂടുതല്‍ ഒരുമിച്ച് സഹകരിക്കണം, പരസ്പരം സഹായിക്കണം”.

 

ചോദ്യം:  ഇത് ബന്ധങ്ങളുടെ പുനക്രമീകരണമോ നവീകരണമോ ആണോ?

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ എന്‍റെ സന്ദര്‍ശനത്തിന് അതിന്‍റെതായ പ്രസക്തിയുണ്ട്. വ്യത്യസ്ത മേഖലകളില്‍ നാം തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും, സഹകരണത്തില്‍ പൂതിയ മുന്‍ഗണനകള്‍ തുറക്കുന്നതിനും  എന്‍റെ സന്ദര്‍ശനം കാരണമാകും എന്നാണ് ഞാന്‍ കരുതുന്നത്’.

 

ചോദ്യം: അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ പോലെ അങ്ങും വെസ്‌റ്റേണ്‍ മതിലും ജറുസലേമും സന്ദര്‍ശിക്കുമോ?

“ എന്‍റെ സന്ദര്‍ശനത്തിന്‍റെ മുഖ്യ ലക്ഷ്യം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ സുദൃഢമാക്കുക എന്നതാണ്. ഞാന്‍ തീര്‍ച്ചയായും ജറുസലേം സന്ദര്‍ശിക്കും. കൃഷി, സാങ്കേതിക, നവീന ആശയ ബന്ധങ്ങള്‍ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങി എല്ലാ മേഖലകളിലും ഇസ്രായേലുമായുള്ള ഞങ്ങളുടെ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊന്നല്‍ നല്‍‌കുന്ന തരത്തിലാണ് എന്‍റെ സന്ദര്‍ശന പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്”.

 

ചോദ്യം: ജറുസലേമിന്‍റെ പരമാധികാരത്തെ സംബന്ധിച്ച് എന്താണ് അങ്ങയുടെ നിലപാട്. ഇന്ത്യ അതിന്‍റെ നയതന്ത്രകാര്യാലയം അവിടെ നിന്ന് മാറ്റുമോ?

“ ഇസ്രയേലും പലസ്തീനും സമാധാനത്തോടെ കഴിയുന്ന ഒരു ഭാവിയാണ് അതിനുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.  എല്ലാവരുടെയും വികാരങ്ങള്‍ മാനിക്കപ്പെടുന്ന ഒരു പരിഹാരമാര്‍ഗ്ഗം ഉണ്ടാകണം. ഇത് നിങ്ങള്‍ ഇരുവരുടെയും കൈകളിലാണ്. ഇത്തരത്തിലുള്ള, ജറുസലേം പ്രശ്‌നത്തിന് ഉള്‍പ്പെടെയുള്ള   പരിഹാരമാര്‍ഗ്ഗത്തെ ഇന്ത്യ സര്‍വാത്മനാ പിന്തുണയ്ക്കും.  ഞങ്ങളുടെ ടെല്‍ അവീവിലുള്ള നയതന്ത്ര കാര്യാലയത്തെ കുറിച്ചാണ് ചോദ്യം എന്ന് ഞാന്‍ ഊഹിക്കുന്നു. ഇരു കൂട്ടരും ജറുസലേമിന്‍റെ കാര്യത്തില്‍ ധാരണയിലെത്തുമ്പോള്‍ ഞങ്ങള്‍ ഇതെക്കുറിച്ച് തീരുമാനിക്കും”.

 

ചോദ്യം: സമൂഹത്തിന്‍റെ നിമ്‌ന ശ്രേണിയില്‍ ജനിച്ച്, ദാരിദ്ര്യം അനുഭവിച്ച് വളര്‍ന്ന്, കഠിനാധ്വാനത്തിലൂടെ പടിപടിയായി ഉയര്‍ന്ന് രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റിന്‍റെ നായകനായി മാറിയ  അങ്ങയുടെ ജീവിത ചരിത്രം  എല്ലാ അര്‍ത്ഥത്തിലും മനുഷ്യമനസുകളെ സ്വാധീനിക്കുന്നതാണ്. എന്നാല്‍ അങ്ങയുടെ കഴിഞ്ഞകാല നിലപാടുകള്‍ക്കു വിരുദ്ധമായി ഇന്നു അങ്ങ് മുതലാളിത്ത വ്യവസ്ഥിതിയുടെ ശക്തനായ വക്താവായി മാറിയിരിക്കുന്നു,  സമ്പദ് വ്യവസ്ഥയെ ഉദാരീകരിക്കാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ എന്താണ് അങ്ങയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തിയത്.?

“ ഞാന്‍ ….. ഇസങ്ങളില്‍ വിശ്വസിക്കുന്നില്ല. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവുമായാണ് ഞാനും എന്‍റെ ഗവണ്‍മെന്‍റും പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ യുവാക്കള്‍ വെറും തൊഴില്‍ അന്വേഷകരായി മാറാതെ തെഴില്‍ ദാതാക്കളാകണം എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ യുവാക്കള്‍ക്ക് സംരംഭക സാധ്യതകള്‍ തുറന്നുകൊടുക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും. ഞങ്ങളുടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ മൂല്യം,  അതിനുള്ള നടപടി , അതുമാത്രമണ് ഇക്കാര്യത്തില്‍ ഞാന്‍ സ്വീകരിക്കുന്ന മാനദണ്ഡം. ഈ പരിഗണന ആദ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ അതിന്‍റെ ഫലം വളരെ വലുതായിരിക്കും. ഇത് ഞാന്‍ എന്‍റ് സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കണ്ടതാണ്. അവിടെ 13 വര്‍ഷം ഞാന്‍ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ദേശീയ തലത്തില്‍ ഇന്ത്യയുടെയും”.

 

ചോദ്യം: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയുടെ സമൂഹത്തില്‍  പ്രത്യേകിച്ച്  ശുചിത്വ സൗകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമീണ മേഖലകളില്‍ നവീകരണം കൊണ്ടുവരാന്‍ അങ്ങ് ശ്രമിക്കുകയാണല്ലോ.ഇതില്‍ ഇസ്രായേലിന് എന്തെങ്കിലും സഹകരിക്കാന്‍ സാധിക്കുമോ?

“തീര്‍ച്ചയായും. ഈ പരിവര്‍ത്തന പ്രക്രിയയില്‍ സാങ്കേതികമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇസ്രായേലിന് സാധിക്കും. ഗംഗാ ശുചീകരണം, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ സുപ്രധാന പദ്ധതികളില്‍ ഇസ്രായേലിന്‍റെ സഹകരണം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.  ഇസ്രായേലിന്‍റെ സാങ്കേതിക വിദ്യ ഞങ്ങളുടെ രാജ്യത്തെ നൂറായിരക്കണക്കിന് സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായകരമാണ്.  ഞങ്ങളുടെ ഗ്രാമീണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഇസ്രായേലിന്‍റെ സാങ്കേതിക വിദ്യയെ പുനക്രമീകരിച്ചാല്‍ മാത്രം മതി”.

 

ചോദ്യം:  വ്യവസായം, കൃഷി മറ്റ് മേഖലകള്‍ എന്നിവയില്‍ ഇന്ത്യക്കാരുടെയും ഇസ്രായേലികളുടെയും സമീപനത്തിലെ അന്തരം എന്താണ്?

“സമൂഹം എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കും ഇസ്രായേലികള്‍ക്കും പൊതുവായുള്ള സ്വഭാവം ശക്തമായ സംരംഭക മനസ്സാണ്. ഇരു രാജ്യങ്ങളുടെയും വ്യാപാര സംസ്‌കാരം വ്യത്യസ്തമാണ്. അത് ഓരോ സമൂഹങ്ങളും ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യങ്ങളില്‍ നിന്ന് ക്രമാനുഗതമായി വികസിച്ചതാണ്. സമീപനങ്ങളില്‍ ഭിന്നത ഉണ്ടാകാം. പക്ഷെ  ഇന്ത്യയിലെയും ഇസ്രായേലിലെയും എനിക്കറിയാവുന്ന വ്യവസായികള്‍ പറഞ്ഞതു പ്രകാരം രണ്ടു പേര്‍ക്കും ഒരേ ശാസ്ത്രീയ സ്വഭാവമാണ്”.

 

ചോദ്യം:  ഇന്ത്യക്കാര്‍ക്കും ഇസ്രായേലികള്‍ക്കും ഇടയില്‍ എന്തു നൂതന ബന്ധമാണ് ഉള്ളത് എന്ന് സാധാരണക്കാരോട് നമുക്ക് എങ്ങനെ വിശദീകരിക്കാം?

“ഇന്ന് സാധാരണ വ്യക്തികള്‍ പോലും നൂതന ആശയങ്ങളിലെ  ബന്ധങ്ങളെ സംബന്ധിച്ച് വളരെ ബോധവാന്മാരാണ് എന്നാണ് എനിക്കു തോന്നുന്നത്. കാരണം അതിന്‍റെ ഫലങ്ങള്‍ അവരുടെയും ജീവിതങ്ങളെ സ്പര്‍ശിക്കുന്നു. നവീകരണത്തെ സംബന്ധിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് വ്യത്യസ്ഥമായിരിക്കാം. പക്ഷെ നാം അതിനെ തന്നെ ആശ്രയിക്കുന്നു. സമൂഹത്തിന്‍റെ മൂല്യവും  സമ്പത്തും  സമാഹരിക്കുന്നു. ഇസ്രായേലികളും ഇന്ത്യക്കാരും ജന്മാന പരിഷ്‌കരണ സ്വഭാവമുളളവരാണ്. തനതായ സുസ്ഥിര പരിഷ്‌കരണ ആവാസ വ്യവസ്ഥയെ ഇസ്രായേലികളും ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു. സംരംഭകത്വത്തിന്‍റെ ഊര്‍ജ്ജവുമായി  പരിഷ്‌കരണത്തിന്‍റെ ക്രിയത്മകതയെ ബന്ധിപ്പിക്കുക എന്നതാണ് നമ്മുടെ പൊതു ലക്ഷ്യം”.

 

ചോദ്യം:  എന്തു തരത്തിലുള്ള ഇസ്രായേലി ഇറക്കുമതിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്?

“ഇസ്രായേലുമായി പരമ്പരാഗത കയറ്റുമതി – ഇറക്കുമതി വ്യാപാരമല്ല ഇന്ത്യ പ്രതീക്ഷിക്കുന്നത്. കേവലം വില്ക്കല്‍ വാങ്ങല്‍ ബന്ധത്തിനുമപ്പുറമുള്ളതാണ് അത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊന്നല്‍ നല്കുന്ന സാങ്കേതികാടിസ്ഥാന പങ്കാളിത്തമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഗംഗാ ശുചീകരണം പോലുള്ള ഇന്ത്യയുടെ  സുപ്രധാന  പദ്ധതികളുമായി ഇസ്രായേലിന്‍റെ വ്യവസായങ്ങള്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ ഇത്തരം  സുപ്രധാന പദ്ധതികളുമായുള്ള സഹകരണത്തിന്‍റെ വലിയ സാധ്യത ഞാന്‍ കാണുന്നു”

Source