ഇലക്ട്രോണിക് ഉപകരണഭാഗങ്ങളും അര്‍ധചാലക വസ്തുക്കളും ഉല്‍പ്പാദിപ്പിക്കുന്നതിനു പ്രോല്‍സാഹനം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ഇലക്ട്രോണിക് ഉല്‍പ്പന്ന വിതരണ ശൃംഖല രൂപപ്പെടുത്തുന്നതിന് നിര്‍മാണ വസ്തുക്കളുടെ മൂലധനച്ചെലവിന്റെ 25 ശതമാനം സാമ്പത്തിക ആനുകൂല്യമായി നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കുറവ് പരിഹരിക്കുന്നതിന് ഈ പദ്ധതി സഹായകമാകും.
സാമ്പത്തിക ബാധ്യത:
പദ്ധതിയുടെ ആകെ ചെലവ് ആനുകൂല്യം നല്‍കാന്‍ 3,252 കോടിയും ഭരണനിര്‍വഹണച്ചെലവ് 32 കോടിയും ഉള്‍പ്പെടെ ഏകദേശം 3,285 കോടി.
നേട്ടങ്ങള്‍:
1. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തിന് അനുകൂല സാഹചര്യം വികസിക്കും. പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ താഴെപ്പറയുന്നു.
2. ഇലക്ട്രോണിക് ഉപകരണ നിര്‍മാണം രാജ്യത്ത് കൂടുതല്‍ വര്‍ധിക്കുകയും ഇലക്ട്രോണിക് മൂല്യ ശൃംഖല ശക്തമാകുകയും ചെയ്യും.
3. 20,000 കോടിയോളം രൂപയുടെ പുതിയ നിക്ഷേപം ഇലക്ട്രോണിക്സ് മേഖലയില്‍ ഉണ്ടാകും.
4. ഈ പദ്ധതി നടപ്പാകുന്നതോടെ ഏകദേശം 1,50,000 നേരിട്ടുള്ള തൊഴില്‍ പ്രതീക്ഷിക്കപ്പെടുന്നു; ഇതിന്റെ മൂന്നിരട്ടി തൊഴിലുകള്‍ പരോക്ഷമായും ലഭിക്കും.
അതായത്, പദ്ധതിയുടെ ആകെ തൊഴില്‍സാധ്യത കണക്കാക്കുന്നത് ഏകദേശം 6,00,000.
5. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനാകും. ഇതും രാജ്യത്തെ ഡിജിറ്റല്‍ ശൃംഖലയുടെ സുരക്ഷ വര്‍ധിപ്പിക്കും.
പശ്ചാത്തലം:
2019 ഫെബ്രുവരി 25നു വിജ്ഞാപനം ചെയ്ത ഇലക്ട്രോണിക്സ് സംബന്ധമായ ദേശീയ നയം – 2019 ഇന്ത്യയെ ഇലക്ട്രോണിക് സംവിധാന രൂപകല്‍പ്പനയിലും ഉല്‍പ്പാദനത്തിലും ലോകത്തിന്റെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിടുന്നു. ഇതിന് ചിപ്സെറ്റുകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ഇലക്ട്രോണിക് ഉല്‍പ്പന്ന ഭാഗങ്ങളുടെ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുകയും ആഗോള തലത്തില്‍ ഈ വ്യവസായത്തെ മല്‍സരശേഷിയുള്ളതാക്കുകയും ചെയ്യണം.
രാജ്യത്ത് ഇലക്ട്രോണിക്സ് ഉല്‍പ്പാദനത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ വളര്‍ച്ച ഉണ്ടാകുന്നതിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ആകര്‍ഷകമായ അന്തരീക്ഷം പ്രധാനമാണ്; ഇതുവഴി കൃത്യമായ സാമ്പത്തിക ലാഭം നേടാനും സാധിക്കേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായാണ് ഉല്‍പ്പാദന കേന്ദ്രം, ഉപകരണങ്ങള്‍, വ്യവസായ സ്ഥാപനങ്ങളിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൃത്യമായി നിശ്ചയിച്ച കാര്യങ്ങള്‍ക്ക് മൂലധനച്ചെലവിന്റെ 25 ശതമാനം പ്രത്യേക ആനുകൂല്യം നല്‍കുന്നത്. മൊബൈല്‍ ഇലക്ട്രോണിക്സ്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, വ്യവസായ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഇലക്ട്രോണിക്സ്, തന്ത്രപ്രധാന ഇലക്ട്രോണിക്സ്, ഊര്‍ജ്ജ ഇലക്ട്രോണിക്സ്, ടെലികോം ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ വന്‍ കുതിപ്പുണ്ടാകാന്‍ ഇത് കാരണമാകും.