Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്‍-സ്പേസിന്റെ ആസ്ഥാനം അഹമ്മദാബാദിലെ ബോപലില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്‍-സ്പേസിന്റെ ആസ്ഥാനം അഹമ്മദാബാദിലെ ബോപലില്‍  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


അഹമ്മദാബാദിലെ ബോപലില്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്പേസ്) ആസ്ഥാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍-സ്പേസും സ്വകാര്യ മേഖലാ കമ്പനികളും തമ്മിലുള്ള ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും പരിപാടി സാക്ഷ്യം വഹിച്ചു. ബഹിരാകാശ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രോത്സാഹനവും പ്രാപ്തമാക്കലും ബഹിരാകാശ മേഖലയ്ക്ക് വലിയ കുതിപ്പ് നല്‍കുകയും രാജ്യത്തെ പ്രഗത്ഭരായ യുവാക്കള്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കുകയും ചെയ്യും. കേന്ദ്രമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ബഹിരാകാശ വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

21-ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയുടെ വികസന യാത്രയില്‍ അത്ഭുതകരമായ ഒരു അധ്യായം ചേര്‍ത്തിരിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്‌പെയ്‌സ്) ആസ്ഥാനം നിലവലില്‍ വന്നതില്‍ എല്ലാ ഇന്ത്യക്കാരെയും ശാസ്ത്ര സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. നിരവധി വികസനത്തിനും അവസരങ്ങള്‍ക്കും മുന്നോടിയാണ് ഇതെന്നതിനാല്‍ ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തിന്റെ ‘ഇവിടം ശ്രദ്ധിക്കൂ’ നിമിഷമാണ് ഇന്‍-സ്പേസിന്റെ സമാരംഭമെന്നാണു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “ഇന്ത്യയിലെ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ രാജ്യത്തെ വിദഗ്ധര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇന്‍-സ്‌പേസ് അവസരം നല്‍കും. അവര്‍ ഗവണ്‍മെന്റ്- സ്വകാര്യ മേഖലകളില്‍  ജോലി ചെയ്യുന്നവരായാലും, ഇന്‍-സ്‌പേസ് എല്ലാവര്‍ക്കും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കും.”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇന്‍-സ്പേസിന് കഴിവുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. അതുകൊണ്ട് ഞാന്‍ പറയുന്നത് ഇങ്ങനെയാണ്: ‘ഇവിടം ശ്രദ്ധിക്കൂ’. ഇന്‍-സ്പേസ് ബഹിരാകാശത്തിനാണ്, ഇന്‍-സ്പേസ് വേഗതയ്ക്കുള്ളതാണ്, ഇന്‍-സ്പേസ് പ്രാഗത്ഭ്യത്തിനുള്ളതാണ്. 

വളരെക്കാലമായി, ബഹിരാകാശ വ്യവസായത്തിലെ സ്വകാര്യമേഖലയെ വ്യവഹാരി എന്ന നിലയിലാണ് കണ്ടുകൊണ്ടിരുന്നതെന്നും വ്യവസായത്തിലെ സ്വകാര്യമേഖലയുടെ പുരോഗതിയുടെ വഴികള്‍ എപ്പോഴും തടഞ്ഞിരുന്ന ഒരു സംവിധാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ ആശയങ്ങള്‍ മാത്രമാണ് വിജയികളെ സൃഷ്ടിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയെ നവീകരിച്ച്, എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിച്ച്, ഇന്‍-സ്പേസിലൂടെ സ്വകാര്യ വ്യവസായത്തെ പിന്തുണച്ച്, രാജ്യം ഇന്ന് വിജയികളാക്കാനുള്ള കാമ്പെയ്ന്‍ ആരംഭിക്കുകയാണ്. സ്വകാര്യമേഖല ഒരു വ്യവഹാരി മാത്രമായി നിലനില്‍ക്കില്ല, ബഹിരാകാശ മേഖലയില്‍ ഒരു വലിയ ജേതാവിന്റെ പങ്ക് വഹിക്കും. ഗവണ്‍മെന്റ് ബഹിരാകാശ സ്ഥാപനങ്ങളുടെ ശക്തിയും ഇന്ത്യയുടെ സ്വകാര്യ മേഖലയുടെ അഭിനിവേശവും ചേരുമ്പോള്‍ ആകാശം പോലും അതിരുകളാകാതെ വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുന്‍കാല വ്യവസ്ഥിതിയില്‍, ഇന്ത്യയിലെ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായി തിരിച്ചറിയാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ യുവാക്കള്‍ അവരോടൊപ്പം പുതുമയും ഊര്‍ജവും പര്യവേക്ഷണ മനോഭാവവും കൊണ്ടുവരുന്നു. കാലക്രമേണ  നിയന്ത്രണവും പ്രതിബന്ധങ്ങളും തമ്മിലുള്ള വ്യത്യാസം വിസ്മരിക്കപ്പെട്ടത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. അവരുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റിലൂടെ മാത്രമേ കഴിയൂ എന്ന വ്യവസ്ഥ ഇന്ന് നമ്മുടെ യുവാക്കളുടെ മുന്നില്‍ വയ്ക്കാന്‍ കഴിയില്ല- പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങളുടെ യുഗം അവസാനിച്ചെന്നും നമ്മുടെ യുവാക്കളുടെ പാതയില്‍ നിന്ന് അത്തരം നിയന്ത്രണങ്ങളെല്ലാം ഗവണ്‍മെന്റ് നീക്കം ചെയ്യുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിരോധ ഉല്‍പ്പാദനം, ആധുനിക ഡ്രോണ്‍ നയം, ജിയോ-സ്‌പേഷ്യല്‍ ഡാറ്റാ മാര്‍ഗനിര്‍ദേശങ്ങള്‍, ടെലികോം/ഐടി മേഖലയിലെ എവിടെനിന്നും ജോലി ചെയ്യാന്‍ കഴിയുന്ന സൗകര്യങ്ങള്‍ എന്നിവ ഗവണ്‍മെന്റ് ഉദ്ദേശ്യങ്ങളുടെ ഉദാഹരണങ്ങളായി അദ്ദേഹം പട്ടികപ്പെടുത്തി. ഇന്ത്യയിലെ സ്വകാര്യ മേഖലയ്ക്ക് വ്യവസായം ചെയ്യാന്‍ കഴിയുന്ന പരമാവധി അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 

ശാസ്ത്രജ്ഞനോ അല്ലെങ്കില്‍ കര്‍ഷകത്തൊഴിലാളിയോ ആകട്ടെ, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കുകയോ മനസിലാക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനെയെല്ലാം മറികടന്ന് നമ്മുടെ ബഹിരാകാശ ദൗത്യം രാജ്യത്തെ എല്ലാ ജനങ്ങളുടെയും ദൗത്യമായി മാറുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഈ വൈകാരിക ഐക്യദാര്‍ഢ്യം ചാന്ദ്രയാന്‍ ദൗത്യ വേളയില്‍ നാം കണ്ടു. നൂതനമായ തയ്യാറെടുപ്പോടെ 60ലധികം സ്വകാര്യ കമ്പനികള്‍ രാജ്യത്തിന്റെ ബഹിരാകാശ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയില്‍ ഈ സുപ്രധാന മാറ്റം കൊണ്ടുവന്നതിന് ഐഎസ്ആര്‍ഒയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബഹിരാകാശ മേഖല തുറന്നുകൊടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ആവര്‍ത്തിക്കുകയും ഈ സംരംഭത്തിന് ഐഎസ്ആര്‍ഒയുടെ വൈദഗ്ധ്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഏറ്റവും വലിയ വ്യക്തിത്വമെന്നും അദ്ദേഹം പറഞ്ഞു. 

”21-ാം നൂറ്റാണ്ടിലെ വലിയ വിപ്ലവത്തിന്റെ അടിസ്ഥാനമായി ബഹിരാകാശ-സാങ്കേതികവിദ്യ മാറുകയാണ്. ബഹിരാകാശ-സാങ്കേതികവിദ്യ ഇപ്പോള്‍ ദൂരെ ബഹിരാകാശത്തിന്റെ മാത്രമല്ല, നമ്മുടെ സ്വകാര്യ ഇടത്തിന്റെ ഒരു സാങ്കേതികവിദ്യയായി മാറാനും പോകുകയാണ്”- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഇന്‍-സ്പേസ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ബഹിരാകാശ കമ്പനികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഭാവിയില്‍ അവര്‍ക്ക് വലിയ കരുത്തുപകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള ബഹിരാകാശ വ്യവസായത്തിന്റെ മൂല്യം 400 ബില്യണ്‍ യുഎസ് ഡോളറാണെന്നും 2040 ഓടെ ഒരു ട്രില്യണ്‍ ഡോളറിന്റെ വ്യവസായമായി മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള ബഹിരാകാശ വ്യവസായത്തില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും സ്വകാര്യ മേഖല അതില്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശ വിനോദസഞ്ചാരം, ബഹിരാകാശ നയതന്ത്രം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കു ശക്തമായ പങ്കു വഹിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് അനന്തമായ സാധ്യതകളുണ്ടെന്നും എന്നാല്‍ പരിമിതമായ പരിശ്രമങ്ങള്‍ കൊണ്ട് ഒരിക്കലും അനന്തമായ സാധ്യതകള്‍ സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശ മേഖലയിലെ ഈ പരിഷ്‌കാരങ്ങള്‍ തടസ്സമില്ലാതെ തുടരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖല പറയുന്നതു കേള്‍ക്കുകയും മനസ്സിലാക്കുകയും വേണം. വ്യവസായ സാധ്യതകള്‍ ശരിയായി വിശകലനം ചെയ്യണം. ഇതിനായി ശക്തമായ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍-സ്‌പേസ് സ്വകാര്യമേഖലയുടെ എല്ലാ ആവശ്യങ്ങളും പരിപാലിക്കുന്നതിനുള്ള സ്വതന്ത്ര നോഡല്‍ ഏജന്‍സി എന്ന നിലയില്‍ ഏകജാലകമായി പ്രവര്‍ത്തിക്കും- അദ്ദേഹം പറഞ്ഞു. 

ഗവണ്‍മെന്റ് കമ്പനികള്‍, ബഹിരാകാശ വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള ഏകോപനത്തിനായി ഒരു പുതിയ ഇന്ത്യന്‍ ബഹിരാകാശ നയത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ബഹിരാകാശ മേഖലയില്‍ വ്യവസായം സുഗമമാക്കല്‍ നയം ഉടന്‍ കൊണ്ടുവരും-  പ്രധാനമന്ത്രി അറിയിച്ചു.

മനുഷ്യരാശിയുടെ ഭാവി, അതിന്റെ വികസനം… എന്നിവയില്‍ വരും ദിവസങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ പോകുന്ന രണ്ട് മേഖലകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശവും കടലുമാണവ. ഈ മേഖലകളില്‍ കാലതാമസമില്ലാതെ ഇന്ത്യ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെയും പരിഷ്‌കാരങ്ങളെയും കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ അടല്‍ ടിങ്കറിങ് ലാബുകള്‍ ഇതില്‍ മികച്ച പങ്കുവഹിക്കുന്നുണ്ടെന്നും ശ്രീഹരിക്കോട്ടയില്‍ ഉപഗ്രഹ വിക്ഷേപണം കാണാന്‍ 10,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി സൃഷ്ടിക്കാന്‍ മുന്‍കൈയെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. 

ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള ബൃഹദ് സ്ഥാപനങ്ങളുടെ കേന്ദ്രമായി ഗുജറാത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “ജാംനഗറിലെ ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ആഗോള കേന്ദ്രം, രാഷ്ട്രീയ രക്ഷ സര്‍വകലാശാല, പണ്ഡിറ്റ് ദീന്‍ദയാല്‍ ഊര്‍ജ സര്‍വകലാശാല, നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍, കുട്ടികളുടെ സര്‍വകലാശാല, ഭാസ്‌കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ്-ബിസാഗ്, ഇപ്പോഴിതാ ഇന്‍-സ്‌പെയ്‌സ്” – അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെമ്പാടുമുള്ള, പ്രത്യേകിച്ച് ഗുജറാത്തില്‍ നിന്നുള്ള യുവാക്കളെ ഈ സ്ഥാപനങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനായി അദ്ദേഹം ക്ഷണിച്ചു.

2020 ജൂണിലാണ് ഇന്‍-സ്‌പേസ് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചത്. ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബഹിരാകാശ വകുപ്പില്‍ സ്വയംഭരണാധികാരമുള്ളതും ഏകജാലകവുമായ നോഡല്‍ ഏജന്‍സിയാണിത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഐഎസ്ആര്‍ഒ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും ഇത് പിന്തുണയേകും.

-ND-