Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടിയോടനുബന്ധിച്ച് 2017 ഒക്ടോബര്‍ ആറിനു പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവനയുടെ പരിഭാഷ

ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടിയോടനുബന്ധിച്ച് 2017 ഒക്ടോബര്‍ ആറിനു പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവനയുടെ പരിഭാഷ

ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടിയോടനുബന്ധിച്ച് 2017 ഒക്ടോബര്‍ ആറിനു പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവനയുടെ പരിഭാഷ

ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടിയോടനുബന്ധിച്ച് 2017 ഒക്ടോബര്‍ ആറിനു പ്രധാനമന്ത്രി പുറപ്പെടുവിച്ച മാധ്യമപ്രസ്താവനയുടെ പരിഭാഷ


ബഹുമാന്യരേ, പ്രസിഡന്റ് ടസ്‌ക്, പ്രസിഡന്റ് ജങ്കര്‍,
വിശിഷ്ടരായ പ്രതിനിധികളേ, മാധ്യമപ്രവര്‍ത്തകരേ,
14ാമത് ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടിയിലേക്ക് പ്രസിഡന്റ് ടസ്‌കിനെയും പ്രസിഡന്റ് ജങ്കറിനെയും സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ എനിക്കേറെ ആഹ്ലാദമുണ്ട്.
യൂറോപ്യന്‍ യൂണിയനുമായുള്ള ബഹുമുഖ പങ്കാളിത്തത്തിന് വില കല്‍പിക്കുന്നു എന്നു മാത്രമല്ല, ഇന്ത്യ നാം തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തിനു വലിയ പ്രധാന്യം കല്‍പിക്കുകയും ചെയ്യുന്നു. 1962ല്‍ യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ.
ഏറെക്കാലത്തേക്ക് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളില്‍ ഒന്നുമാണ് യൂറോപ്യന്‍ യൂണിയന്‍.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയില്‍ നാം സ്വാഭാവികമായും പങ്കാളികള്‍ തന്നെ. നാം തമ്മിലുള്ള അടുത്ത ബന്ധം ജനാധിപത്യം, നിയമവ്യവസ്ഥകള്‍, അടിസ്ഥാനപരമായ സ്വാതന്ത്ര്യം ബഹുസാംസ്‌കാരികത എന്നീ പൊതു മൂല്യങ്ങളില്‍ ഊന്നിയുള്ളതാണ്.
ബഹുധ്രൂവങ്ങളോടുകൂടിയതും നിയമാനുസൃതവുമായ രാജ്യാന്തര ക്രമത്തെ സംബന്ധിച്ചും നമുക്ക് ഒരേ കാഴ്ചപ്പാടാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സില്‍ നടന്ന 13ാമത് ഉച്ചകോടി മുതല്‍ നാം തമ്മിലുള്ള ബന്ധം പടിപടിയായി മെച്ചപ്പെട്ടുവരികയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ജങ്കര്‍ ഉപയോഗിച്ച വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിന് ഇന്നു കൂടുതല്‍ക്കൂടുതല്‍ ഊര്‍ജം ലഭിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,
ഇന്ന് ഏറെ വിഷയങ്ങളെക്കുറിച്ചു നടത്തിയ ചര്‍ച്ച സൃഷ്ടിപരമായിരുന്നു എന്നതിനു പ്രസിഡന്റ് ടസ്‌കിനോടും പ്രസിഡന്റ് ജങ്കറിനോടും എനിക്കു നന്ദിയുണ്ട്.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധം പുതിയ പല മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കുകയും പരസ്പരം വിശ്വസിച്ചും മനസ്സിലാക്കിയും ബന്ധം കൂടുതല്‍ സമഗ്രവും ഉപയോഗപ്രദവും ആക്കിത്തീര്‍ക്കാനായി പരിശ്രമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം അജണ്ട 2020 എന്ന നിലയില്‍ പ്രഖ്യാപിച്ച തീരുമാനങ്ങളുടെ നടത്തിപ്പു ഞങ്ങള്‍ വിലയിരുത്തി.
സുരക്ഷാ രംഗത്തുള്ള സഹകരണം ശക്തിപ്പെടുത്താനും തീവ്രവാദത്തിനെതിരെ ഒന്നിച്ചുനീങ്ങാനും തീരുമാനിച്ചു. ഈ രംഗത്ത് ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുമെന്നു മാത്രമല്ല, ബഹുമുഖമായ സഹകരണവും ഏകോപവും വര്‍ധിപ്പിക്കുകയും ചെയ്യും.
മാലിന്യ മുക്ത ഊര്‍ജവും കാലാവസ്ഥാവ്യതിയാനവും സംബന്ധിച്ച കാര്യങ്ങളില്‍ പാരീസ് കരാര്‍ 2015 നടപ്പാക്കാന്‍ ഇരുവിഭാഗവും പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ വ്യതിയാനം, സുരക്ഷിതവും ചെലവു കുറഞ്ഞതും സുസ്ഥിരവുമായ ഊര്‍ജലഭ്യത എന്നീ കാര്യങ്ങളെ അഭിസംബോധന ചെയ്യുകയെന്നതു നമ്മുടെ പൊതു മുന്‍ഗണനാ വിഷയമാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജം വ്യാപകമാക്കുന്നതിനുള്ള ചെലവു കുറച്ചുകൊണ്ടുവരുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത പുതുക്കുകയും ചെയ്തു.
നിര്‍മാണത്തിലുള്ള സ്മാര്‍ട്ട് സിറ്റികളിലും നഗര അടിസ്ഥാന സൗകര്യ വികസനത്തിലും യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ഇന്ത്യ ശക്തിപ്പെടുത്തും.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഹൊറിസോണ്ടല്‍ വ്യോമഗത കരാര്‍ നടപ്പാക്കപ്പെട്ടു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഇതു വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കാനും അതുവഴി നമ്മുടെ ജനതകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടാനും സഹായകമാകും എന്ന ആത്മവിശ്വാസം എനിക്കുണ്ട്.
നാം തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ശാസ്ത്ര, സാങ്കേതിക രംഗത്തും ഗവേഷണത്തിലും പുതുമയിലുമുള്ള സഹകരണമാണ്. ഈ സാഹചര്യത്തില്‍, ഇന്നലെ ഒപ്പുവെക്കപ്പെട്ട യുവ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സംബന്ധിച്ച കരാറിനെ ഞാന്‍ സ്വാഗതംചെയ്യുന്നു.
ഇന്ത്യയിലെ പദ്ധതികള്‍ക്കായി യൂറോപ്യന്‍ നിക്ഷേപക ബാങ്കുമായി വായ്പാ കരാറുകള്‍ ഒപ്പുവെക്കപ്പെട്ടതും സ്വാഗതാര്‍ഹമായ ഒരു ചുവടുവെപ്പാണ്.
രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ക്കു സൗരോര്‍ജ പദ്ധതികള്‍ക്കായി ഫണ്ട് ലഭ്യമാക്കാനുള്ള യൂറോപ്യന്‍ നിക്ഷേപക ബാങ്കിന്റെ തീരുമാനത്തെ ഞാന്‍ പ്രശംസിക്കുന്നു.
വാണിജ്യവും നിക്ഷേപവും വര്‍ധിപ്പിക്കാനായി യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ബഹുമാന്യരേ,
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ നിങ്ങളുട നേതൃത്വത്തില്‍ നല്‍കപ്പെട്ട സംഭാവനകള്‍ക്കു ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങളുടെ അടുത്ത ഇന്ത്യാ സന്ദര്‍ശനം വളരെ ചുരുങ്ങിയ സമയത്തേക്കുള്ളതായിരിക്കില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു!
നന്ദി.
വളരെയധികം നന്ദി.