Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ – യുഎസ്എ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള വാർത്താക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ

ഇന്ത്യ – യുഎസ്എ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള വാർത്താക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ


ബഹുമാന്യ പ്രസിഡന്റ് ട്രംപ്,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളെ,

അഭിവാദ്യങ്ങൾ! (ഹലോ!)

എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപ് നൽകിയ ഹൃദ്യമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും, ഞാൻ ആദ്യമായി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തെ വിലമതിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ആദ്യ ടേമിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ അതേ ആവേശം, അതേ ഊർജ്ജം, അതേ പ്രതിബദ്ധത എന്നിവ ഇന്ന് എനിക്ക് അനുഭവപ്പെട്ടു.

ഇന്നത്തെ ചർച്ചകൾ അദ്ദേഹത്തിന്റെ ആദ്യ ടേമിലെ നമ്മുടെ സംതൃപ്തമായ നേട്ടങ്ങളോടും ആഴത്തിലുള്ള പരസ്പര വിശ്വാസത്തോടും ബന്ധപ്പെട്ടതായിരുന്നു. അതേസമയം, പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള യോജിച്ച പ്രവർത്തനങ്ങളും സഹകരണവും പൂർവാധികം മെച്ചപ്പെട്ട ഒരു ലോകത്തെ രൂപപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

പ്രസിഡന്റ് ട്രംപിന്റെ മുദ്രാവാക്യമായ “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” അഥവാ “മാഗ” (എംഎജിഎ) അമേരിക്കക്കാർക്ക് സുപരിചിതമാണ്. “വികസിത് ഭാരത് 2047″എന്ന ദൃഢനിശ്ചയത്തോടെ ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിന്റെയും വികസനത്തിന്റെയും പാതയിൽ വികസനത്തിലേക്ക് അതിവേഗം നീങ്ങുകയാണ്.

അമേരിക്കയുടെ ഭാഷയിൽ പറഞ്ഞാൽ, വികസിത ഇന്ത്യ എന്നാൽ മെയ്‌ക്ക് ഇന്ത്യ ഗ്രേറ്റ് എഗൈൻ എന്നാണ്, അതായത് “MIGA” എന്നാണ്. അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അതായത് “MAGA” പ്ലസ് “MIGA”, അഭിവൃദ്ധിക്കായുള്ള “MEGA” പങ്കാളിത്തം രൂപപ്പെടുന്നു. ഈ മെഗാ വീര്യം നമ്മുടെ ലക്ഷ്യങ്ങൾക്ക് പുതിയ മാനവും വ്യാപ്തിയും നൽകുന്നു.

സുഹൃത്തുക്കളേ,

2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് നമുക്കിപ്പോഴുള്ളത്. പരസ്പരം  പ്രയോജനകരമായ ഒരു വ്യാപാര കരാർ എത്രയും നേരത്തെ അന്തിമമാക്കുന്നതിനായി നമ്മുടെ ടീമുകൾ പ്രവർത്തിക്കും.

ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ എണ്ണ-പ്രകൃതി വാതക വ്യാപാരം ശക്തിപ്പെടുത്തും. ഊർജ്ജ അടിസ്ഥാന സൗകര്യമേഖലകളിലെ നിക്ഷേപവും വർദ്ധിക്കും.

ആണവോർജ്ജ മേഖലയിൽ, ചെറുകിട മോഡുലാർ റിയാക്ടറുകളുടെ ദിശയിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ പ്രതിരോധമേഖല ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിൽ അമേരിക്കയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. തന്ത്രപരവും വിശ്വസനീയവുമായ പങ്കാളികൾ എന്ന നിലയിൽ, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ ദിശകളിലേക്ക് ഞങ്ങൾ സജീവമായി നീങ്ങുകയാണ്.

പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും വരും കാലങ്ങളിൽ ഞങ്ങളുടെ ശേഷി വർദ്ധിപ്പിക്കും. ഓട്ടോണമസ് സിസ്റ്റംസ് ഇൻഡസ്ട്രി അലയൻസ് ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

അടുത്ത ദശകത്തിലേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂട് സൃഷ്ടിക്കപ്പെടും. പ്രതിരോധ പ്രവർത്തന സഹകരണക്ഷമത, ലോജിസ്റ്റിക്സ് പിന്തുണ, അറ്റകുറ്റപ്പണികളും പരിപാലനവും എന്നിവ ഇതിന്റെ പ്രധാന ഘടകങ്ങൾ ആയിരിക്കും.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു നൂറ്റാണ്ടാണ്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള സാങ്കേതിക മേഖലയിലെ അടുത്ത സഹകരണം മനുഷ്യരാശിക്ക് മുഴുവനും പുതിയ ദിശയും ശക്തിയും അവസരങ്ങളും നൽകും.

നിർമ്മിത ബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കും.

തന്ത്രപരമായ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പരസ്പര ബന്ധത്തെ പരിവർത്തനം ചെയ്യുന്നതിൽ വിശ്വാസമർപ്പിച്ചിരിക്കുന്നതായി ഇന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇതിന് കീഴിൽ, നിർണായക ധാതുക്കൾ, നൂതന വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ശക്തമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകും. ലിഥിയം, റെയർ എർത്ത് പോലുള്ള തന്ത്രപ്രധാന ധാതുക്കൾ വീണ്ടെടുക്കുകയും  സംസ്കരിക്കുകയും ചെയ്യുന്ന ഒരു പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിരിക്കുന്നു.

ബഹിരാകാശ മേഖലയിൽ യുഎസുമായി ഞങ്ങൾക്ക് അടുത്ത സഹകരണമുണ്ട്. “ISRO”, “NASA” എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച “NISAR” ഉപഗ്രഹം ഉടൻ തന്നെ ഇന്ത്യൻ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് പറക്കും.

സുഹൃത്തുക്കളേ,

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും അതിന്റെ സംവിധാനങ്ങളെയും അടിവരയിടുന്നു. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ഇതിൽ ക്വാഡിന് ഒരു പ്രത്യേക പങ്ക് വഹിക്കാനാകും.

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ, പുതിയ മേഖലകളിൽ പങ്കാളിത്ത രാജ്യങ്ങളുമായുള്ള സഹകരണം ഞങ്ങൾ വർദ്ധിപ്പിക്കും. “IMEC”, “I2U2” സംരംഭത്തിന് കീഴിൽ, സാമ്പത്തിക ഇടനാഴികളിലും ഗതാഗതബന്ധത്തിലെ അടിസ്ഥാന സൗകര്യങ്ങളിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഉറച്ചുനിൽക്കുന്നു. അതിർത്തി കടന്നുള്ള ഭീകരത ഇല്ലാതാക്കാൻ യോജിച്ച നടപടി ആവശ്യമാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു.

2008 ൽ ഇന്ത്യയിൽ കൊലപാതകങ്ങൾ നടത്തിയ കുറ്റവാളികളെ ഇപ്പോൾ ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനിച്ചതിന് പ്രസിഡന്റിനോട് ഞാൻ നന്ദിപറയുന്നു. ഇന്ത്യൻ കോടതികൾ അതിന് ഉചിതമായ നടപടികൾ സ്വീകരിക്കും.

സുഹൃത്തുക്കളേ,

അമേരിക്കയിലെ ഇന്ത്യൻ സമൂഹം നമ്മുടെ ബന്ധത്തിലെ ഒരു പ്രധാന കണ്ണിയാണ്. നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി, ലോസ് ഏഞ്ചൽസിലും ബോസ്റ്റണിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ ഉടൻ തുറക്കും.

ഇന്ത്യയിൽ ഓഫ്-ഷോർ കാമ്പസുകൾ തുറക്കാൻ ഞങ്ങൾ അമേരിക്കൻ സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

പ്രസിഡന്റ് ട്രംപ്,

ഇന്ത്യയോടുള്ള താങ്കളുടെ സൗഹൃദത്തിനും ഉറച്ച പ്രതിബദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു. 2020 ലെ അങ്ങയുടെ സന്ദർശനം ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും ഓർക്കുകയും പ്രസിഡന്റ് ട്രംപ് വീണ്ടും അവരുടെ അടുത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിൽ, ഞാൻ അങ്ങയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു.

വളരെ നന്ദി.

നിരാകരണം – പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവനകൾ ഹിന്ദിയിലാണ് നടത്തിയത്.

***

SK