Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-മലേഷ്യ സമഗ്ര നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന

ഇന്ത്യ-മലേഷ്യ സമഗ്ര നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന


ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്  2024 ഓഗസ്റ്റ് 20 ന്, മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദക്ഷിണേഷ്യന്‍ മേഖലയിലേക്കുള്ള ആദ്യ സന്ദര്‍ശനവും രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുമാണിത്. പരിഷ്‌ക്കരിച്ച നയതന്ത്ര ബന്ധങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ഇന്ത്യ-മലേഷ്യ ബന്ധം ബഹുതലവും ബഹുമുഖവുമാക്കുന്ന നിരവധി മേഖലകള്‍ വിപുലമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനൊപ്പം വിദേശകാര്യ മന്ത്രി ഡാറ്റോ സെരി ഉത്തമ ഹാജി മുഹമ്മദ് ബിന്‍ ഹാജി ഹസന്‍, നിക്ഷേപ വ്യാപാര വ്യവസായ മന്ത്രി തെങ്കു ദാതുക് സെരി സഫ്രുള്‍ അബ്ദുള്‍ അസീസ്, ടൂറിസം കല & സാംസ്‌കാരിക മന്ത്രി ഡാറ്റ് സെരി ടിയോങ് കിംഗ് സിംഗ്, ഡിജിറ്റല്‍ മന്ത്രി ഗോബിന്ദ് സിംഗ് ദിയോ, മാനവ വിഭവശേഷി മന്ത്രി ശ്രീ. സ്റ്റീവന്‍ സിം എന്നിവര്‍ അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. 

പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കി, അദ്ദേഹം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ രാജ് ഘട്ട് സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നത്. തുടര്‍ന്ന്, ഉഭയകക്ഷി രേഖകള്‍ കൈമാറുന്നതിന് പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി മോദി ഒരുക്കിയ വിരുന്നില്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പങ്കെടുത്തു. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു.  ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സില്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രസംഗിക്കുകയും ചെയ്തു.

ഇന്ത്യയും മലേഷ്യയും തമ്മില്‍ 2015ല്‍ സ്ഥാപിച്ച പരിഷ്‌ക്കരിച്ച നയതന്ത്ര പങ്കാളിത്തം ഉഭയകക്ഷി ബന്ധത്തെ ബഹുമുഖമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചതായി ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തി. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം വിശാലമായ മേഖലകളിലുടനീളം വികസിക്കുകയും പക്വത പ്രാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ ഇടപഴകലിന്റെ ആഴം ബന്ധങ്ങളെ ഗണ്യമായി വിപുലീകരിക്കുകയും തീവ്രമാക്കുകയും ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കിയ പ്രധാനമന്ത്രിമാര്‍, സമഗ്ര നയതന്ത്ര പങ്കാളിത്തം സാധ്യമാകുന്ന തരത്തില്‍ ബന്ധങ്ങള്‍  ഏകീകരിക്കുന്നതിന് ഇത് അനുയോജ്യമായ സമയമാണെന്നും വിലയിരുത്തി.

ഇന്ത്യയും മലേഷ്യയും അവിടത്തെ ജനങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാമൂഹികസാംസ്‌കാരിക ബന്ധങ്ങളുടെയും ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ ഇരു നേതാക്കളും സംതൃപ്തിയോടെ രേഖപ്പെടുത്തി. മലേഷ്യയിലെ ഊര്‍ജസ്വലരായ ഇന്ത്യന്‍ പ്രവാസികളുടെ സാന്നിധ്യത്താല്‍ സാര്‍ഥകമാകുന്ന രാജ്യങ്ങളുടെ പരസ്പര ബന്ധിത ചരിത്രം, സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും മേഖലയില്‍ ഇരു രാജ്യങ്ങളും വിശ്വസനീയ പങ്കാളികളായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ സഹകരണം, സാമ്പത്തിക, വ്യാപാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്, പുനരുപയോഗം ഉള്‍പ്പെടെയുള്ള ഊര്‍ജം, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സംസ്‌കാരം, വിനോദസഞ്ചാരം, ജനങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവന്‍ ശ്രേണിയെ കുറിച്ചും ജനങ്ങള്‍ തമ്മിലുളള ബന്ധങ്ങളെക്കുറിച്ചും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തി. 

 ലാബുവാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയും (LFSA) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (IFSCA) തമ്മിലുള്ള സാമ്പത്തിക സേവനങ്ങള്‍, തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, തൊഴില്‍, സ്വദേശിവല്‍ക്കരണം, ആയുര്‍വേദവും മറ്റ് പരമ്പരാഗത ഔഷധങ്ങളും; ഡിജിറ്റല്‍ ടെക്‌നോളജീസ്; സംസ്‌കാരം, കല, പൈതൃകം; ടൂറിസം; പൊതുഭരണവും ഭരണ പരിഷ്‌കാരങ്ങളും; യുവജനങ്ങളും കായികവും എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രങ്ങള്‍ കൈമാറുന്നതിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. 

വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മിറ്റ് (VOGSS) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയുടെ മുന്‍കൈയെ മലേഷ്യ അഭിനന്ദിച്ചു, ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ക്ക് അവരുടെ ആശങ്കകളും താല്‍പ്പര്യങ്ങളും മുന്‍ഗണനകളും ആശയങ്ങളും പരിഹാരങ്ങളും കൈമാറ്റം ചെയ്യാനും ചര്‍ച്ച ചെയ്യാനും കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു. VOGSS ന്റെ മൂന്ന് പതിപ്പുകളിലും മലേഷ്യയുടെ പങ്കാളിത്തത്തെ ഇന്ത്യ അഭിനന്ദിച്ചു.

രാജ്യങ്ങള്‍ തമ്മിലുള്ള ഉന്നതതല സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റത്തില്‍ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. അടുത്തിടപഴകലിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, സംയുക്ത കമ്മീഷന്‍ യോഗങ്ങളും (ജെസിഎം) വിദേശകാര്യ ഓഫീസ് കണ്‍സള്‍ട്ടേഷനുകളും പതിവായി വിളിക്കുന്നതുള്‍പ്പെടെ, പരസ്പര താല്‍പ്പര്യമുള്ള ഉഭയകക്ഷി, ബഹുരാഷ്ട്ര, ബഹുമുഖ വിഷയങ്ങളില്‍ പതിവായി വിനിമയങ്ങളും സംഭാഷണങ്ങളും നടത്താന്‍ അവര്‍ സമ്മതിച്ചു.

ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ഇരുരാജ്യങ്ങളുടെയും പാര്‍ലമെന്റുകള്‍ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും  ഇരു പ്രധാനമന്ത്രിമാരും പ്രോത്സാഹിപ്പിച്ചു.

രാജ്യങ്ങളുടെ വികസനത്തില്‍ യുവാക്കളുടെ പ്രധാന പങ്ക് ഇരു പ്രധാനമന്ത്രിമാരും തിരിച്ചറിഞ്ഞു, ഇതിനായി ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് സമ്മതിച്ചു.

രണ്ട് പ്രധാനമന്ത്രിമാരും ഉഭയകക്ഷി വ്യാപാരത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും വ്യാപാരം ഇരുരാജ്യങ്ങളുടെയും മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തത്തിന്റെ സുപ്രധാന ഘടകമാണെന്ന് അംഗീകരിക്കുകയും ഉഭയകക്ഷി വ്യാപാരം 19.5 ബില്യണ്‍ യുഎസ് ഡോളറിന്റെ റെക്കോര്‍ഡ് നിലയിലേക്കെത്തിയതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി സുസ്ഥിരമായ രീതിയില്‍ ഉഭയകക്ഷി വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇരുവശത്തുമുള്ള വ്യവസായത്തെ അവര്‍ പ്രോത്സാഹിപ്പിച്ചു. ഇക്കാര്യത്തില്‍, അവര്‍ ഉന്നതതല സിഇഒ ഫോറത്തെ അഭിനന്ദിക്കുകയും 2024 ഓഗസ്റ്റ് 19 ന് ന്യൂഡല്‍ഹിയില്‍ ഒമ്പതാമത് (9) യോഗം വിളിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന ഉഭയകക്ഷി നിക്ഷേപങ്ങളെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്യുകയും ഒന്നിലധികം മേഖലകളിലെ സഹകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ബിസിനസ്സുകള്‍് കൂടുതല്‍ ഫലപ്രദവും ഉപയോക്തൃ സൗഹൃദവും ലളിതവും വ്യാപാര സൗകര്യവുമുള്ളതുമാക്കുന്നതിനും 2025ല്‍ കാര്യമായ ഒരു നിഗമനത്തിലെത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ആസിയാന്‍ ഇന്ത്യ ട്രേഡ് ഇന്‍ ഗുഡ്‌സ് കരാറിന്റെ (AITIGA) അവലോകന പ്രക്രിയയെ പിന്തുണയ്ക്കാനും വേഗത്തിലാക്കാനും ഇരുപക്ഷവും സമ്മതിച്ചു. 
    
ഇരു രാജ്യങ്ങളുടേയും സമകാലിക സാമ്പത്തിക മുന്‍ഗണനകളെക്കുറിച്ച് പ്രതിഫലിപ്പിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ട്, മലേഷ്യ-ഇന്ത്യ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (MICECA) രണ്ടാമത് സംയുക്ത സമിതി യോഗം വിളിക്കുന്നതിനുള്ള ചര്‍ച്ചകളെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു.

ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപങ്ങളിലും പ്രാദേശിക കറന്‍സി സെറ്റില്‍മെന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് നെഗാര മലേഷ്യയും തമ്മിലുള്ള സഹകരണത്തെ ഇരു പ്രധാനമന്ത്രിമാരും അഭിനന്ദിക്കുകയും പ്രാദേശിക കറന്‍സികളിലെ (രൂപയും മലേഷ്യന്‍ റിംഗിറ്റും) ഇന്‍വോയ്‌സിംഗും സെറ്റില്‍മെന്റും സുഗമമാക്കുന്നതിന് ഇരുവശത്തുമുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. .

ഡിജിറ്റല്‍ സഹകരണ മേഖലയില്‍ ഇരു പ്രധാനമന്ത്രിമാരും ഡിജിറ്റല്‍ ടെക്‌നോളജീസ് സംബന്ധിച്ച ധാരണാപത്രം ഒപ്പു വെച്ചതിനെ സ്വാഗതം ചെയ്യുകയും ഡിജിറ്റല്‍ മേഖലയിലുള്ള ഇടപഴകലിന് മാര്‍ഗനിര്‍ദേശം നല്‍കാനും ഇരു രാജ്യങ്ങളും തമ്മില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ ബി 2 ബി പങ്കാളിത്തം, ഡിജിറ്റല്‍ കപ്പാസിറ്റി ബില്‍ഡിംഗ്, സൈബര്‍ സുരക്ഷ, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളായ 5ജി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ  മേഖലയിലെ സഹകരണം ത്വരിതപ്പെടുത്താനും മലേഷ്യ-ഇന്ത്യ ഡിജിറ്റല്‍ കൗണ്‍സിലിന്റെ നേരത്തെയുള്ള സമ്മേളനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

നേതാക്കള്‍ ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്‍ഗണനകള്‍ തിരിച്ചറിയുകയും ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) വിജയം അംഗീകരിക്കുകയും ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പേയ്‌മെന്റ് സംവിധാനങ്ങളുടെ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇടപെടലുകളെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യ-മലേഷ്യ സ്റ്റാര്‍ട്ട്അപ്പ് അലയന്‍സ് വഴി മറ്റ് പങ്കാളികള്‍ക്കിടയില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയും മലേഷ്യയിലെ ക്രാഡില്‍ ഫണ്ടും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

ബഹിരാകാശം, ആണവോര്‍ജ്ജം, അര്‍ദ്ധചാലകങ്ങള്‍, വാക്‌സിനുകള്‍, മറ്റ് തിരിച്ചറിഞ്ഞ മേഖലകള്‍ എന്നിവയുള്‍പ്പെടെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ ഇരു പ്രധാനമന്ത്രിമാരും തീരുമാനമെടുത്തു.

ഉഭയകക്ഷി പ്രതിരോധത്തിലും സുരക്ഷാ പങ്കാളിത്തത്തിലും സുസ്ഥിരവും ശക്തവുമായ സഹകരണം മെച്ചപ്പെടുത്തിയ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന തൂണുകളിലൊന്നായി ഇരു പ്രധാനമന്ത്രിമാരും അംഗീകരിച്ചു. പതിവ് വിനിമയങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹകരണത്തിലൂടെയും പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

പ്രതിരോധ വ്യവസായ സഹകരണവും പ്രതിരോധ ഗവേഷണവികസന സഹകരണവും കൂടുതല്‍ വിപുലീകരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

രണ്ട് പ്രധാനമന്ത്രിമാരും ഭീകരവാദത്തെ അപലപിക്കുകയും  എല്ലാ രൂപങ്ങളിലുമുളള ഭീകരതയെ തള്ളിക്കളയാന്‍ രാഷ്ട്രങ്ങളോട് ആവശ്യപ്പെടാനും തീരുമാനമെടുത്തു. ഒരു രാജ്യവും ഭീകരര്‍ക്ക് അഭയം നല്‍കരുതെന്ന് രണ്ട് പ്രധാനമന്ത്രിമാരും അടിവരയിട്ടു, ആഭ്യന്തര നിയമങ്ങള്‍ക്കും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ക്കും അനുസൃതമായി തീവ്രവാദ കുറ്റവാളികളെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു.

തീവ്രവാദവും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാനും ശക്തമായി അഭിസംബോധന ചെയ്യാനും അവര്‍ സമ്മതിച്ചു. തീവ്രവാദത്തെയും മറ്റ് പരമ്പരാഗതവും പാരമ്പര്യേതരവുമായ ഭീഷണികളെ ചെറുക്കുന്നതിനുള്ള വിവരങ്ങളും മികച്ച പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള സഹകരണം ഉത്തേജിപ്പിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സഹകരണം ശക്തമാക്കാനും ഇരു പ്രധാനമന്ത്രിമാരും ധാരണയിലെത്തി. കരുത്തുറ്റ ഉഭയകക്ഷി സഹകരണവും ശേഷി വര്‍ദ്ധിപ്പിക്കുന്നതിലെ അടുത്ത വിനിമയവും ചൂണ്ടിക്കാട്ടി, സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നീ മേഖലകളില്‍ മലേഷ്യന്‍ പൗരന്മാര്‍ക്കായി ഇന്ത്യയുടെ സാങ്കേതിക, സാമ്പത്തിക സഹകരണ (ഐടിഇസി) പ്രോഗ്രാമിന് കീഴില്‍ 100 സീറ്റുകള്‍ പ്രത്യേകമായി അനുവദിച്ചതിനെ മലേഷ്യ സ്വാഗതം ചെയ്തു.

മലേഷ്യയിലെ യൂണിവേഴ്‌സിറ്റി ടുങ്കു അബ്ദുള്‍ റഹ്മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രെയിനിംഗ് & റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ITRA) ആയുര്‍വേദ ചെയര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ, പങ്കാളിത്തം തുടരുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു പ്രധാനമന്ത്രിമാരും ഊന്നിപ്പറഞ്ഞു. ഫാര്‍മക്കോപ്പിയ സഹകരണം സംബന്ധിച്ച ധാരണാപത്രം നേരത്തെ തന്നെ അവസാനിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

മലയ യൂണിവേഴ്‌സിറ്റിയില്‍ (UM) തിരുവള്ളുവര്‍ ചെയര്‍ ഓഫ് ഇന്ത്യന്‍ സ്റ്റഡീസ് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

സംയുക്ത ഗവേഷണവും വികസനവും, ശേഷി വര്‍ധിപ്പിക്കല്‍, കൃഷിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രയോഗം എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയില്‍ സഹകരണം ശക്തമാക്കാനും ഇരുപക്ഷവും പ്രതീക്ഷിക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക ബന്ധം കണക്കിലെടുത്ത് ഓഡിയോ വിഷ്വല്‍ കോപ്രൊഡക്ഷനിലെ സഹകരണം വിപുലീകരിക്കാനും ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു.

സുസ്ഥിര ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനും സഹകരണം ശക്തമാക്കാന്‍ ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ), കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റെസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (സിഡിആര്‍ഐ) എന്നിവ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്‍കൈയെ മലേഷ്യ അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് ആഗോളതലത്തില്‍ യോജിച്ച ശ്രമം ആവശ്യമാണെന്ന് ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു.

ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സ് (ഐബിസിഎ) സ്ഥാപക അംഗമായി ചേരാനുള്ള മലേഷ്യയുടെ തീരുമാനത്തെയും ഇന്ത്യ സ്വാഗതം ചെയ്തു. ഐ ബി സി എയുടെ ചട്ടക്കൂട് കരാറിലെ ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ രണ്ട് പ്രധാനമന്ത്രിമാരും പ്രോത്സാഹിപ്പിച്ചു.

മലേഷ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ മലേഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നല്‍കുന്ന തുടര്‍ച്ചയായതും വിലപ്പെട്ടതുമായ സംഭാവനകളെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളുടെ ഒഴുക്ക് കൂടുതല്‍ കാര്യക്ഷമമാക്കാനും അവര്‍ സമ്മതിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിനോദസഞ്ചാരവും ആളുകള്‍ തമ്മിലുള്ള കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമീപകാല സംരംഭങ്ങളെ രണ്ട് പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു, പ്രത്യേകിച്ച് ഇരു രാജ്യങ്ങളും വിസ വ്യവസ്ഥകളില്‍ ഇളവ് വരുത്തി. വിനോദസഞ്ചാര സഹകരണം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര വിനോദസഞ്ചാരത്തിലെ മികച്ച സമ്പ്രദായങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ടൂറിസം പ്രവാഹം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ഇരു പ്രധാനമന്ത്രിമാരും തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു. 2026ല്‍ വിസിറ്റ് മലേഷ്യ എന്ന പേരില്‍ അധിക ഇന്ത്യന്‍ വിനോദസഞ്ചാരികളെ മലേഷ്യ സ്വാഗതം ചെയ്യുന്നതായും ഇന്ത്യ ശ്രദ്ധിച്ചു.

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വളരെ പ്രധാനമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത് തുടരാന്‍ ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അധികാരികളെ പ്രോത്സാഹിപ്പിച്ചു.

1982 ലെ യുഎന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് ദ സീയില്‍ (UNCLOS) പ്രതിഫലിപ്പിക്കുന്ന, അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി, നാവിഗേഷന്‍, ഓവര്‍ ഫ്‌ലൈറ്റ്, തടസ്സമില്ലാത്ത നിയമപരമായ വാണിജ്യം എന്നിവയ്ക്കുള്ള തങ്ങളുടെ പ്രതിബദ്ധത രണ്ട് നേതാക്കളും ആവര്‍ത്തിച്ചു. UNCLOS 1982 ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട തത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കക്ഷികളോടും ഇരു നേതാക്കളും അഭ്യര്‍ഥിച്ചു.

ആസിയാനുമായുള്ള ഇന്ത്യയുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ട്, ആസിയാന്‍ കേന്ദ്രീകരണത്തിനും മലേഷ്യയുടെ വരാനിരിക്കുന്ന ആസിയാന്‍ അധ്യക്ഷസ്ഥാനത്തിനും 2025ലെ ഇന്ത്യയുടെ പൂര്‍ണ പിന്തുണയെ മലേഷ്യ അഭിനന്ദിച്ചു. നിലവിലുള്ള സമഗ്ര പങ്കാളിത്ത തന്ത്രം കൂടുതല്‍ ദൃഢമാക്കുന്നതിന് ആസിയാനും ഇന്ത്യയും തമ്മിലുള്ള കൂടുതല്‍ ഇടപെടലുകളെ മലേഷ്യ സ്വാഗതം ചെയ്തു.

യുഎന്‍എസ്‌സി, യുഎന്‍എച്ച്ആര്‍സി, മറ്റ് ബഹുമുഖ വേദികള്‍ എന്നിവയുള്‍പ്പെടെ യുഎന്നിലെ സഹകരണവും ഏകോപനവും ശക്തിപ്പെടുത്താന്‍ ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു. സമാധാനവും വികസനവും ഉറപ്പാക്കാന്‍ നിയമാധിഷ്ഠിത അന്താരാഷ്ട്ര സംവിധാനങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഇരു നേതാക്കളും ആവര്‍ത്തിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ കൂടുതല്‍ പ്രാതിനിധ്യമുള്ളതാക്കുന്നതിന് സമകാലിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ബഹുമുഖവാദം വര്‍ദ്ധിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. യുഎന്‍എസ്‌സിയുടെ സ്ഥിരവും സ്ഥിരമല്ലാത്തതുമായ വിഭാഗങ്ങളിലെ വിപുലീകരണം ഉള്‍പ്പെടെ, വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൗണ്‍സില്‍ അംഗത്വം ശക്തിപ്പെടുത്തുന്നത്  നിലവിലെ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമാണ്. പരിഷ്‌കരിച്ച ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള മലേഷ്യയുടെ പിന്തുണയെ ഇന്ത്യ വളരെയധികം അഭിനന്ദിച്ചു.

സന്ദര്‍ശനത്തിന് തനിക്കും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ക്കും നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി ശ്രീ മോദിയോട് നന്ദി അറിയിച്ച പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, സമീപ ഭാവിയില്‍ തന്നെ പരസ്പര സൗകര്യപ്രകാരം മലേഷ്യ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു.

 

-NS-