ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും 2023 മാർച്ച് 18നു വൈകിട്ട് അഞ്ചിനു വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും.
ഇന്ത്യ – ബംഗ്ലാദേശ് അതിർത്തി മുറിച്ചുകടക്കുന്ന ആദ്യത്തെ ഊർജ പൈപ്പ്‌ലൈനാണിത്. ഏകദേശം 377 കോടി രൂപ ചെലവിലാണ് ഇതു നിർമിച്ചത്. പൈപ്പ്‌ലൈനിന്റെ ബംഗ്ലാദേശ് ഭാഗത്തിന്റെ നിർമാണച്ചെലവ് ഏകദേശം 285 കോടി രൂപയാണ്. പ്രത്യേക ധനസഹായത്തിലൂടെ ഇന്ത്യാ ഗവൺമെന്റാണ് ഇതിന്റെ ചെലവുവഹിച്ചത്.
പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടൺ (എംഎംടിപിഎ) അതിവേഗ ഡീസൽ (എച്ച്എസ്ഡി) കൈമാറാൻ പൈപ്പ്‌ലൈനിനു ശേഷിയുണ്ട്. തുടക്കത്തിൽ വടക്കൻ ബംഗ്ലാദേശിലെ ഏഴു ജില്ലകളിലേക്കാണ് അതിവേഗ ഡീസൽ വിതരണം ചെയ്യുക.
ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ പ്രവർത്തനക്ഷമമാകുന്നത്, ഇന്ത്യയിൽനിന്നു ബംഗ്ലാദേശിലേക്ക് എച്ച്എസ്ഡി എത്തിക്കുന്നതിനുള്ള സുസ്ഥിരവും വിശ്വസനീയവും ചെലവു കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ മാർഗം ഒരുക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ സുരക്ഷയിലെ സഹകരണം കൂടുതൽ വർധിപ്പിക്കുകയും ചെയ്യും.
-ND-