Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ – ന്യൂസിലൻഡ് സംയുക്ത പ്രസ്താവന

ഇന്ത്യ – ന്യൂസിലൻഡ് സംയുക്ത പ്രസ്താവന


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ 2025 മാർച്ച് 16 മുതൽ 20  ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. ന്യൂഡൽഹിയും മുംബൈയും സന്ദർശിക്കുന്ന പ്രധാനമന്ത്രി ലെക്‌സണെ, ന്യൂസിലൻഡ് മന്ത്രിമാരായ ലൂയിസ് അപ്‌സ്റ്റൺ, മാർക്ക് മിച്ചൽ, ടോഡ് മക്‌ലേ, മറ്റ് ഉദ്യോഗസ്ഥർ, ബിസിനസ്, പ്രവാസി, മാധ്യമ, സാംസ്കാരിക സംഘങ്ങൾ  എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള ഉന്നതതല സംഘം അനുഗമിക്കുന്നു. 

പ്രധാനമന്ത്രി ലക്‌സണിന് ന്യൂഡൽഹിയിൽ ഊഷ്മളവും പരമ്പരാഗതവുമായ സ്വീകരണം നൽകി. പ്രധാനമന്ത്രി ലക്‌സണുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. ന്യൂഡൽഹിയിൽ 2025 മാർച്ച് 17 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന റൈസീന ഡയലോഗിന്റെ പത്താമത് പതിപ്പിൽ ലക്‌സൺ മുഖ്യപ്രഭാഷണം നടത്തും. രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച അദ്ദേഹം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിക്കുകയും ചെയ്തു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വളർന്നുവരുന്ന ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പൊതുവായ ആഗ്രഹം പ്രധാനമന്ത്രിമാർ ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, പൊതുവായ ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിലും അടിയുറച്ചതാണ്. ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ പുരോഗതിക്കുള്ള ഗണ്യമായ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ഇരു നേതാക്കളും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, കാർഷിക സാങ്കേതികവിദ്യ, ബഹിരാകാശം, ജനങ്ങളുടെയും കായിക വിനോദങ്ങളുടെയും ചലനക്ഷമത എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അടുത്ത് സഹകരിക്കാൻ പരസ്പര സമ്മതമറിയിച്ചു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വികസനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിമാർ വീക്ഷണങ്ങൾ കൈമാറുകയും ബഹുമുഖ സഹകരണം ശക്തിപ്പെടുത്താൻ സമ്മതിക്കുകയും ചെയ്തു. വർദ്ധിച്ചുവരുന്ന അനിശ്ചിതത്വവും അപകടകരവുമായ ഒരു ലോകത്തെയാണ് നാം നേരിടുന്നതെന്ന കാര്യം ഇരു നേതാക്കളും അംഗീകരിച്ചു. സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിൽ, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കുന്ന തുറന്ന, ഉൾക്കൊള്ളുന്ന, സ്ഥിരതയുള്ള, സമ്പന്നമായ ഒരു ഇന്തോ-പസഫിക്ക് മേഖലയിൽ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ശക്തമായതും പൊതുവായതുമായ താൽപ്പര്യങ്ങളുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി, പ്രത്യേകിച്ച് 1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ (United Nations Convention on the Law of the Sea – UNCLOS) അനുസരിച്ച്, സമുദ്രങ്ങളുടെ സ്വതന്ത്രമായ ഉപയോഗത്തിനും സമുദ്രസഞ്ചാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പ്രധാനമന്ത്രിമാർ ആവർത്തിച്ചുറപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി, പ്രത്യേകിച്ച് UNCLOS അനുസരിച്ച് തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം തേടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിമാർ ആവർത്തിച്ചു.

ന്യൂസിലാൻഡിലെ ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം ഇന്ത്യൻ വംശജരാണെന്നതിനാൽ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിൽ പ്രധാനമന്ത്രിമാർ സംതൃപ്തി രേഖപ്പെടുത്തി. ന്യൂസിലാൻഡിലെ ഇന്ത്യൻ പ്രവാസികളുടെ ഗണ്യമായ സംഭാവനയെയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിൽ അവർ വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെയും നേതാക്കൾ അഭിനന്ദിച്ചു. ന്യൂസിലാൻഡിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെയും ഇന്ത്യയിലുള്ള ന്യൂസിലാൻഡുകാരുടെയും ഇന്ത്യയിലെത്തുന്ന  സന്ദർശകരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.

വ്യാപാരം, നിക്ഷേപം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ സഹകരണം:

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സുസ്ഥിരമായ വ്യാപാര, നിക്ഷേപ പ്രവാഹങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രിമാർ, ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കാനുള്ള സാധ്യതകൾ കൂടുതൽ പര്യവേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളിലെയും ബിസിനസ് ബന്ധങ്ങൾ അഭിവൃദ്ധിപ്പെടുത്താനും, രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും പരസ്പരപൂരകത്വത്തെ അടിസ്ഥാനമാക്കി ഉയർന്നുവരുന്ന സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അവർ പ്രോത്സാഹനം നൽകി.

ഉഭയകക്ഷി സഹകരണത്തിന് ആക്കം വർദ്ധിപ്പിക്കാനുതകുന്ന കൂടുതൽ ദ്വിമുഖ നിക്ഷേപത്തിന് നേതാക്കൾ ആഹ്വാനം ചെയ്തു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം വർദ്ധിപ്പിക്കുന്നതിനും അതിന്റെ ഉപയോഗപ്പെടുത്താത്ത സാധ്യതകൾ പ്രയോജനപ്പെടുത്തി എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും പ്രധാനമന്ത്രിമാർ പരസ്പരം സമ്മതമറിയിച്ചു 

ആഴത്തിലുള്ള സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിന് സന്തുലിതവും അഭിലാഷപൂർണ്ണവും സമഗ്രവും പരസ്പരം പ്രയോജനകരവുമായ ഒരു വ്യാപാര കരാറിനായുള്ള എഫ്‌ടി‌എ ചർച്ചകൾ ആരംഭിച്ചതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. വ്യാപാര, സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിന് സമഗ്ര വ്യാപാര കരാർ സുപ്രധാന അവസരം നൽകുന്നുവെന്ന് നേതാക്കൾ സമ്മതിച്ചു. ഇരു രാജ്യങ്ങളുടെയും ശേഷി പ്രയോജനപ്പെടുത്തുന്നതിലൂടെയും, ആശങ്കകൾ അഭിസംബോധന ചെയ്യുന്നതിലൂടെയും, വെല്ലുവിളികൾ നേരിടുന്നതിലൂടെയും, ഒരു ഉഭയകക്ഷി വ്യാപാര കരാറിന് പരസ്പര പ്രയോജനകരമായ വ്യാപാര, നിക്ഷേപ വളർച്ച സൃഷ്ടിക്കാനും ഇരുപക്ഷത്തിനും തുല്യമായ നേട്ടങ്ങളും പരസ്പരപൂരകത്വവും ഉറപ്പാക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ന്യായമായും എത്രയും വേഗം പരിഹരിക്കുന്നതിന് മുതിർന്ന പ്രതിനിധികളെ നിയോഗിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധരായി.

എഫ്‌ടി‌എ ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ സഹകരണം എത്രയും വേഗം നടപ്പിലാക്കുന്നത് ആരായുന്നതിനായി  ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ടവർ തമ്മിലുള്ള ചർച്ചകൾക്ക് നേതാക്കൾ സമ്മതിച്ചു.

2024-ൽ ഒപ്പുവച്ച കസ്റ്റംസ് സഹകരണ ക്രമീകരണത്തിന്റെ (സിസിഎ) കീഴിൽ  ഓതറൈസ്ഡ്  ഇക്കണോമിക് ഓപ്പറേറ്റേഴ്‌സ് മ്യൂച്വൽ റെക്കഗ്നിഷൻ അറേഞ്ച്മെന്റിൽ ( Authorized Economic Operators Mutual Recognition Arrangement – AEO-MRA) ഒപ്പുവെച്ചതിനെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. കസ്റ്റംസ് അധികൃതർ തമ്മിലുള്ള അടുത്ത സഹകരണത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ എളുപ്പത്തിലുള്ള ചരക്കു നീക്കത്തിന് ഇത് സഹായകമാവുകയും, അതുവഴി ഉഭയകക്ഷി വ്യാപാരം വർദ്ധിക്കുകയും ചെയ്യും.

വിജ്ഞാന-ഗവേഷണ കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്ന ഹോർട്ടികൾച്ചർ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കൽ, വിളവെടുപ്പിനു ശേഷമുള്ള വിപണന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും; നയ സംഭാഷണങ്ങളും സാങ്കേതിക വിനിമയങ്ങളും പ്രോത്സാഹിപ്പിക്കുന്ന വനവൽക്കരണ സഹകരണത്തെക്കുറിച്ചുള്ള ഉദ്ദേശപത്രം ഒപ്പുവയ്ക്കൽ എന്നിവയുൾപ്പെടെ, ഹോർട്ടികൾച്ചർ, വനപരിപാലനം എന്നിവയിലുള്ള സഹകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു.

സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിലും, ബിസിനസ് ഇടപെടലുകൾ വർദ്ധിപ്പിക്കുന്നതിലും, ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ കൂടുതൽ ധാരണ സൃഷ്ടിക്കുന്നതിലും ടൂറിസം വഹിക്കുന്ന പങ്ക് നേതാക്കൾ അംഗീകരിച്ചു. ഇന്ത്യയ്ക്കും ന്യൂസിലൻഡിനുമിടയിൽ വിനോദസഞ്ചാരികളുടെ വർദ്ധിച്ചുവരുന്ന ഒഴുക്കിനെ അവർ സ്വാഗതം ചെയ്തു. ഇന്ത്യ-ന്യൂസിലൻഡ് വ്യോമ സേവന കരാറിലെ പരിഷ്കരണത്തെ അവർ അഭിനന്ദിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള (നോൺ-സ്റ്റോപ്പ്) വിമാന സർവീസുകൾ ആരംഭിക്കുന്നതിന് അതാതു രാജ്യങ്ങളിലെ വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ സമ്മതമറിയിക്കുകയും ചെയ്തു.

രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം:

പാർലമെന്ററി കൈമാറ്റങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ അംഗീകരിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പാർലമെന്ററി പ്രതിനിധികളുടെ പതിവ് സന്ദർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെമ്പാടും പോരാടുകയും പരസ്പരം സേവനമനുഷ്ഠിക്കുകയും ചെയ്ത ഇന്ത്യൻ, ന്യൂസിലൻഡ് സൈനിക ഉദ്യോഗസ്ഥരുടെ ത്യാഗത്തിന്റെ ചരിത്രത്തെ പ്രധാനമന്ത്രിമാർ അംഗീകരിച്ചു.

സൈനികാഭ്യാസങ്ങളിൽ പങ്കെടുക്കൽ, സ്റ്റാഫ് കോളേജ് കൈമാറ്റങ്ങൾ, നാവിക കപ്പലുകളുടെ പതിവ് തുറമുഖ സന്ദർശനങ്ങൾ, ഉന്നതതല പ്രതിരോധ പ്രതിനിധികളുടെ ആശയവിനിമയങ്ങൾ എന്നിവയുൾപ്പെടെ പ്രതിരോധ ഇടപെടലുകളിലെ സുസ്ഥിരമായ പുരോഗതിയെ പ്രധാനമന്ത്രിമാർ സ്വാഗതം ചെയ്തു. 2024 ഡിസംബറിൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ ലിറ്റൽട്ടണിൽ ഇന്ത്യൻ നാവിക കപ്പലായ തരിണി  തുറമുഖ സന്ദർശനം നടത്തിയകാര്യം അവർ അനുസ്മരിച്ചു. റോയൽ ന്യൂസിലൻഡ് നേവി ഷിപ്പ് HMNZS Te Kaha മുംബൈയിൽ നടത്താൻപോകുന്ന തുറമുഖ സന്ദർശനത്തെക്കുറിച്ചും അവർ പരാമർശിച്ചു.

പ്രതിരോധ സഹകരണത്തിനായുള്ള ഇന്ത്യ-ന്യൂസിലൻഡ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇത് ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും പതിവായ ഉഭയകക്ഷി പ്രതിരോധ ഇടപെടൽ സൃഷ്ടിക്കുകയും ചെയ്യും.  സമുദ്ര ആശയവിനിമയത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിൽ  ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കുകയും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനെക്കുച്ചുള്ള ചർച്ചകൾ പതിവായി നടത്തേണ്ടതുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.

സംയുക്ത സമുദ്ര സേനയിൽ ചേരാൻ ഇന്ത്യയെ ന്യൂസിലൻഡ് സ്വാഗതം ചെയ്തു. കമാൻഡ് ടാസ്‌ക് ഫോഴ്‌സ് 150 ന്റെ ന്യൂസിലൻഡ് കമാൻഡിന്റെ സമയത്ത് ഉണ്ടായ പ്രതിരോധ ബന്ധങ്ങളിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ഡിഫെൻസ് കോളേജുകളിലെ ഉദ്യോഗസ്ഥരുടെ പതിവ് പരിശീലന കൈമാറ്റങ്ങളെ ഇരു നേതാക്കളും അഭിനന്ദിച്ചു. മെച്ചപ്പെട്ട ശേഷി വികസന സഹകരണത്തിന് ഇരു പക്ഷവും സമ്മതിച്ചു.

ഇന്തോ-പസഫിക് സമുദ്ര ഉദ്യമത്തിൽ (ഐപിഒഐ) ചേരുന്നതിലുള്ള ന്യൂസിലൻഡിന്റെ താൽപ്പര്യം പ്രധാനമന്ത്രി ലക്‌സൺ പ്രകടിപ്പിച്ചു. സമുദ്ര മേഖല കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും നിലനിർത്താനും ശ്രമിക്കുന്ന സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള ഈ പങ്കാളിത്തത്തിലേക്ക് പ്രധാനമന്ത്രി മോദി ന്യൂസിലൻഡിനെ സ്വാഗതം ചെയ്തു. ഗുജറാത്തിലെ ലോത്തലിൽ സ്ഥാപിതമാകുന്ന ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിൽ (നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സിൽ-എൻഎംഎച്ച്സി) നടക്കുന്ന വിദഗ്ധർ തമ്മിലുള്ള ചർച്ചകളിൽ  സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിലുള്ള  ഇന്ത്യ- ന്യൂസിലൻഡ്  സഹകരണം കൂടുതൽ പര്യവേക്ഷണം ചെയ്യുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക വിദ്യയിലും ദുരന്ത നിവാരണത്തിലും സഹകരണം:

ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായുള്ള ഗവേഷണം, ശാസ്ത്ര ബന്ധങ്ങൾ, സാങ്കേതിക പങ്കാളിത്തം, നവീകരണം എന്നിവയുടെ പ്രാധാന്യം ഇരു നേതാക്കളും ചൂണ്ടിക്കാട്ടി, പരസ്പര താൽപ്പര്യമുള്ള അത്തരം അവസരങ്ങൾ പര്യവേക്ഷണം ചെയ്യണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. ബിസിനസുകളും വ്യവസായങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിലൂടെ കണ്ടെത്തിയ മേഖലകളിൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനുമുള്ള ശക്തമായ സഹകരണത്തിന്റെ ആവശ്യകത ഇരു കക്ഷികളും ഊന്നിപ്പറഞ്ഞു.

കാലാവസ്ഥ വ്യതിയാനവും മലിനീകരണം കുറഞ്ഞ കാലാവസ്ഥ പ്രതിരോധ ശേഷിയുള്ള സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള മാറ്റവും ഉയർത്തുന്ന വെല്ലുവിളികൾ ഇരു കക്ഷികളും അംഗീകരിച്ചു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലെ (ഐ‌എസ്‌എ) ഇന്ത്യയുടെ നേതൃത്വത്തെ പ്രധാനമന്ത്രി ലക്‌സൺ സ്വാഗതം ചെയ്യുകയും 2024 മുതൽ അംഗമെന്ന നിലയിൽ ന്യൂസിലാൻഡിന്റെ ശക്തമായ പിന്തുണ ആവർത്തിക്കുകയും ചെയ്തു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡി‌ജികൾ), പാരീസ് കാലാവസ്ഥാ കരാർ, ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായി ചട്ടക്കൂട് എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കരുത്തുറ്റതാക്കാൻ  ലക്ഷ്യമിടുന്ന ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ സഖ്യത്തിൽ  (Coalition for Disaster Resilient Infrastructure -CDRI) ന്യൂസിലാൻഡ് ചേരുന്നതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

ഭൂകമ്പ ലഘൂകരണ സഹകരണം സംബന്ധിച്ച ഇന്ത്യ- ന്യൂസിലൻഡ് ധാരണാപത്രത്തിലേക്കുള്ള പ്രവർത്തനങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.  ഭൂകമ്പ തയ്യാറെടുപ്പ്, അടിയന്തര പ്രതികരണ സംവിധാനം, ശേഷി വികസനം എന്നിവയിലെ അനുഭവങ്ങളുടെ കൈമാറ്റം ഇത് സാധ്യമാക്കും.

വിദ്യാഭ്യാസം, സഞ്ചാരം, കായികം, ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം:

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ വളർന്നുവരുന്ന വിദ്യാഭ്യാസ, സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഏറെ സാധ്യതകളുണ്ടെന്ന് ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു. ശാസ്ത്രം, നവീകരണം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഇരു രാജ്യങ്ങളിലെയും അക്കാദമിക് സ്ഥാപനങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു.

ന്യൂസിലൻഡിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിപാടികൾ തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെ നേതാക്കൾ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രം, നവീകരണം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ ഇടപെടലിനെ പിന്തുണയ്ക്കുന്നതിന് നൈപുണ്യ വികസനത്തിന്റെയും വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. 

വ്യാപാര കരാർചർച്ചകളുടെ പശ്ചാത്തലത്തിൽ, ക്രമരഹിതമായ കുടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രൊഫഷണലുകളുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും സഞ്ചാരം സുഗമമാക്കുന്ന ക്രമീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനും ഇരു നേതാക്കളും സമ്മതിച്ചു.

ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും ന്യൂസിലാൻഡ് വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള പുതുക്കിയ വിദ്യാഭ്യാസ സഹകരണ കരാറിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാനമായി ഇന്ത്യയുടെയും ന്യൂസിലാൻഡിന്റെയും വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടർച്ചയായി കൈമാറാൻ ഈ ക്രമീകരണം സഹായിക്കും.

ക്രിക്കറ്റ്, ഹോക്കി, മറ്റ് ഒളിമ്പിക് കായിക വിനോദങ്ങൾ എന്നിവയിൽ ഇന്ത്യയും ന്യൂസിലാൻഡും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. രാജ്യങ്ങൾക്കിടയിൽ കൂടുതൽ കായിക ഇടപെടലും സഹകരണവും വളർത്തിയെടുക്കുന്നതിനായി കായിക സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കായിക ബന്ധത്തിന്റെ 100 ആം വാർഷികാ ഘോഷത്തിനായി 2026-ൽ ആസൂത്രണം ചെയ്ത “കായിക ഐക്യം” (Sporting Unity ) പരിപാടികളെയും അവർ സ്വാഗതം ചെയ്തു.

ഇന്ത്യയിലെയും ന്യൂസിലൻഡിലെയും ശക്തമായ പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ അംഗീകരിച്ചു. കൂടാതെ, വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെയും മികച്ച രീതികളിലൂടെയും വിദഗ്ധരുടെ സന്ദർശനങ്ങളിലൂടെയും ഉൾപ്പെടെ സഹകരണത്തിന്റെ സാധ്യമായ മേഖലകൾ മനസ്സിലാക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ശാസ്ത്ര-ഗവേഷണ വിദഗ്ധർ ഉൾപ്പെടെയുള്ളവർ തമ്മിലുള്ള ചർച്ചകളെ സ്വാഗതം അവർ ചെയ്തു.

യോഗയിലും ഇന്ത്യൻ സംഗീതത്തിലും നൃത്തത്തിലും ന്യൂസിലൻഡുകാർക്കിടയിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിലും ഇന്ത്യൻ ഉത്സവങ്ങളുടെ സ്വതന്ത്രമായ ആചരണത്തിലും ഇരു പ്രധാനമന്ത്രിമാരും ശ്രദ്ധകുലരായി. സംഗീതം, നൃത്തം, നാടകം, സിനിമകൾ, ഉത്സവങ്ങൾ എന്നിവയിലുൾപ്പെടെയുള്ള  ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനെ അവർ പിന്തുണച്ചു.

മേഖലാ, ബഹുരാഷ്ട്ര വേദികളിലെ സഹകരണം:

പരമാധികാരവും പ്രാദേശിക സമഗ്രതയും ബഹുമാനിക്കപ്പെടുന്ന തുറന്നതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സ്ഥിരതയുള്ളതും, സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ച് ഉറപ്പിച്ചു.

കിഴക്കൻ ഏഷ്യ ഉച്ചകോടി, ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗ് പ്ലസ്, ആസിയാൻ റീജിയണൽ ഫോറം തുടങ്ങിയ ആസിയാൻ നയിക്കുന്ന വേദികൾ ഉൾപ്പെടെ വിവിധ പ്രാദേശിക വേദികളിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സഹകരണം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിന് ഈ പ്രാദേശിക സ്ഥാപനങ്ങളുടെയും ആസിയാൻ കേന്ദ്രീകൃത സംവിധാനത്തിന്റെയും   പ്രാധാന്യം നേതാക്കൾ ആവർത്തിച്ച് ഉറപ്പിക്കുകയും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുള്ള എല്ലാ കക്ഷികളുടെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ സുപ്രധാന ഘടകമെന്ന നിലയിൽ, സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഐക്യരാഷ്ട്രസഭ കേന്ദ്രീകരിച്ചുള്ള ഫലപ്രദമായ ബഹുരാഷ്ട്ര സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. കൂടുതൽ പ്രാതിനിധ്യവും ഉണ്ടാകുന്നതിനും  വിശ്വസനീയവും ഫലപ്രദവുമാക്കുന്നതിനും രക്ഷാ കൗൺസിലിന്റെ വിപുലീകരണം ഉൾപ്പെടെ യുഎൻ പരിഷ്കാരങ്ങളുടെ ആവശ്യകത ഇരു കക്ഷികളും ഊന്നിപ്പറഞ്ഞു. പരിഷ്കരിച്ച യുഎൻ രക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ ന്യൂസിലൻഡ് അംഗീകരിച്ചു. ബഹുമുഖ വേദികളിൽ സ്ഥാനാർത്ഥിത്വത്തിന് പരസ്പര പിന്തുണ നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.

ആഗോള ആണവ നിരായുധീകരണവും ആണവ നിർവ്യാപന വ്യവസ്ഥയും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറയുകയും, പ്രവചനാതീതമായ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ ലക്ഷ്യങ്ങൾക്കും ആണവ നിർവ്യാപന മാനദണ്ഡങ്ങൾക്കും അനുസരണമായി ഇന്ത്യ ആണവ വിതരണ ഗ്രൂപ്പിൽ ചേരുന്നതിനെ നേതാക്കൾ അംഗീകരിക്കുകയും ചെയ്തു.

മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള തങ്ങളുടെ ഉറച്ച പിന്തുണ ഇരു നേതാക്കളും ആവർത്തിക്കുകയും, ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെയും 2025 ജനുവരിയിലെ വെടിനിർത്തൽ കരാറിനെയും സ്വാഗതം ചെയ്യുകയും ചെയ്തു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതും ഗാസയിലുടനീളം സത്വരവും സുരക്ഷിതവും തടസ്സമില്ലാത്ത മാനുഷിക പ്രവേശനം ഉൾപ്പെടെയുള്ള സ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിന് തുടർച്ചയായ ചർച്ചകൾക്കുള്ള ആഹ്വാനം അവർ ആവർത്തിച്ചു. പരമാധികാരവും പ്രായോഗികവും സ്വതന്ത്രവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന, ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള  പരിഹാരത്തിന്റെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറയുകയും സുരക്ഷിതവും പരസ്പരം അംഗീകരിക്കപ്പെട്ടതുമായ അതിർത്തികളിൽ, ഇസ്രായേലുമായി  സമാധാനത്തിലും  സുരക്ഷിതത്വത്തിലും കൈകോർത്ത് ജീവിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവയ്ക്കുകയും ചെയ്തു. 

യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള  അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവെക്കുകയും അന്താരാഷ്ട്ര നിയമം, യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ, പ്രദേശിക സമഗ്രത, പരമാധികാരം എന്നിവയോടുള്ള ആദരവിനെ അടിസ്ഥാനമാക്കിയുള്ള നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഭാവങ്ങളെയും അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദ സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ എല്ലാ രാജ്യങ്ങളും ഉടനടി സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. തീവ്രവാദ ധനസഹായ ശൃംഖലകളും ഭീകരർക്കുള്ള സുരക്ഷിത താവളങ്ങളും തകർക്കാനും, ഓൺലൈൻ ഉൾപ്പെടെയുള്ള ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും, ഭീകരവാദ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവർ ആഹ്വാനം ചെയ്തു. ഉഭയകക്ഷി, ബഹുമുഖ സംവിധാനങ്ങളിലൂടെ ഭീകരതയെയും  തീവ്രവാദത്തെയും ചെറുക്കുന്നതിൽ സഹകരിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.

നിലവിലെ  ഉഭയകക്ഷി സഹകരണത്തിലുള്ള പുരോഗതിയിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തുകയും, പരസ്പര പ്രയോജനത്തിനും ഇന്തോ-പസഫിക് മേഖലയുടെ നേട്ടത്തിനുമായി ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ആഴത്തിലാക്കാനുമുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു. ഹരിത, കാർഷിക സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി ഇടപെടൽ വർദ്ധിപ്പിക്കാനും സഹകരണത്തിന്റെ പുതിയ വഴികൾ തേടാനുള്ള  സാധ്യതകൾ പര്യവേക്ഷണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിൽ തനിക്കും പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി മോദിക്കും, ഇന്ത്യാ ഗവണ്മെന്റിനും ജനങ്ങൾക്കും പ്രധാനമന്ത്രി ലക്‌സൺ നന്ദി പറഞ്ഞു. ന്യൂസിലൻഡ്  സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി ലക്‌സൺ ക്ഷണിക്കുകയും ചെയ്തു.

***

SK