Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

ഇന്ത്യ-ന്യൂസിലാൻഡ് സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ


ആദരണീയനായ പ്രധാനമന്ത്രി ലക്സൺ,
ഇരു രാജ്യങ്ങളിലേയും പ്രതിനിധികളെ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്‌കാരം!
കിയ ഓറ!

പ്രധാനമന്ത്രി ലക്സണിനേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി ലക്സണ് ഇന്ത്യയുമായി ദീർഘകാല ബന്ധമുണ്ട്. എങ്ങനെയായിരുന്നു ഓക്ക്ലൻഡിൽ അദ്ദേഹം ഹോളി ആഘോഷിച്ചത് എന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാമെല്ലാവരും സാക്ഷികളായതാണ്! ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ജനങ്ങളോടുള്ള പ്രധാനമന്ത്രി ലക്സണിന്റെ വാത്സല്യം ആ സമൂഹത്തിൽ നിന്നുള്ള വലിയസംഘം പ്രതിനിധികൾ അദ്ദേഹത്തെ അനുഗമിച്ചിട്ടുള്ളതിൽ നിന്നുതന്നെ വ്യക്തമാണ്. ഈ വർഷത്തെ റെയ്സിന ഡയലോഗിന്റെ മുഖ്യാതിഥിയായി അദ്ദേഹത്തെപ്പോലെ ഊർജ്ജസ്വലനും കഴിവുറ്റതുമായ ഒരു യുവനേതാവിനെ ലഭിച്ചതിൽ ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ഇന്ന് ഞങ്ങൾ ആഴത്തിലുള്ള ചർച്ചകൾ നടത്തി. നമ്മുടെ പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും സ്ഥാപനവൽക്കരിക്കാനും ഞങ്ങൾ തീരുമാനിച്ചു. സംയുക്ത അഭ്യാസങ്ങൾ, പരിശീലനം, തുറമുഖ സന്ദർശനങ്ങൾ എന്നിവയ്ക്ക് പുറമേ, ഉഭയകക്ഷി പ്രതിരോധ വ്യവസായ സഹകരണത്തിനുള്ള ഒരു രൂപരേഖയും വികസിപ്പിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷയ്ക്കായുള്ള സംയോജിത ടാസ്‌ക് ഫോഴ്സ്-150-ൽ നമ്മുടെ നാവികസേനകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഒരു ന്യൂസിലൻഡ് നാവിക കപ്പൽ മുംബൈ തുറമുഖത്തിൽ സന്ദർശനം നടത്തുമെന്നതിൽ ഞങ്ങൾക്ക് സന്തോഷവുമുണ്ട്.

സുഹൃത്തുക്കളേ,

പരസ്പരം ഗുണകരമാകുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ഉഭയകക്ഷി വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കും. ഡയറി, ഭക്ഷ്യ സംസ്‌കരണം, ഫാർമ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കും. പുനരുപയോഗ ഊർജ്ജം, നിർണ്ണായക ധാതുക്കൾ എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിനും ഞങ്ങൾ മുൻഗണന നൽകിയിട്ടുണ്ട്. വനം, ഹോട്ടികൾച്ചർ എന്നിവയിൽ സംയുക്ത പ്രവർത്തനങ്ങൾ നടത്തും. ഇന്ത്യയിലെ പുതിയ സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും പ്രധാനമന്ത്രിയോടൊപ്പമുള്ള വലിയ ബിസിനസ്സ് പ്രതിനിധി സംഘത്തിന് അവസരം ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ക്രിക്കറ്റോ ഹോക്കിയോ പർവതാരോഹണമോ ഏതിലായായാലും, കായികരംഗത്ത് ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലത്തെ ബന്ധം പങ്കിടുന്നുണ്ട്. കായിക പരിശീലനം, കായികതാരങ്ങളുടെ വിനിമയം, സ്‌പോർട്‌സ് സയൻസ്, സൈക്കോളജി, മെഡിസിൻ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. 2026 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിന്റെ 100-ാം വാർഷികം ആഘോഷിക്കാനും ഞങ്ങൾ തീരുമാനിച്ചു.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹം വിലപ്പെട്ട സംഭാവനകൾ നൽകുന്നുണ്ട്. വിദഗ്ധ തൊഴിലാളികളുടെ ചലനക്ഷമത സുഗമമാക്കുന്നതിനും നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഒരു കരാറിന് വേണ്ടി ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. യു.പി.ഐ ബന്ധിപ്പിക്കൽ വർദ്ധിപ്പിക്കുന്നതിലും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ ബന്ധങ്ങൾ ദീർഘകാലമായി നിലനിൽക്കുന്നതാണ്. ന്യൂസിലാൻഡിലെ സർവകലാശാലകളെ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ ഞങ്ങൾ ക്ഷണിക്കുന്നു.

സുഹൃത്തുക്കളേ,

ഭീകരതയ്ക്കെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. 2019 മാർച്ച് 15 ലെ ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണമായാലും 2008 നവംബർ 26 ലെ മുംബൈ ആക്രമണമായാലും, ഏത് രൂപത്തിലുള്ള ഭീകരതയും അസ്വീകാര്യമാണ്. അത്തരം ആക്രമണങ്ങളുടെ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. ഭീകരവാദം, വിഘടനവാദം, തീവ്രവാദ ഘടകങ്ങൾ എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിൽ തുടർന്നും ഞങ്ങൾ സഹകരിക്കും. ഇക്കാര്യത്തിൽ, ചില നിയമവിരുദ്ധ ഘടകങ്ങൾ ന്യൂസിലാൻഡിൽ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകളും ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അത്തരം നിയമവിരുദ്ധ ഘടകങ്ങൾക്കെതിരെ തുടർന്നും ന്യൂസിലാൻഡ് ഗവൺമെന്റിന്റെ പൂർണ്ണ സഹകരണം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

സ്വതന്ത്രവും തുറന്നതും സുരക്ഷിതവും സമ്പന്നവുമായ ഒരു ഇന്തോ-പസഫിക് മേഖലയെ ഞങ്ങൾ ഇരുകൂട്ടരും പിന്തുണയ്ക്കുന്നു. വികസിപ്പിക്കൽ നയത്തിലല്ല, വികസന നയത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്തോ-പസഫിക് സമുദ്ര മുൻകൈയിൽ (ഇന്തോ-പസഫിക് ഓഷൻ ഇൻഷ്യേറ്റീവ്) ന്യൂസിലാൻഡ് ചേരുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മയിൽ (ഇന്റർനാഷണൽ സോളാർ അലയൻസിൽ) അംഗത്വമെടുത്തതിന് ശേഷം, സി.ഡി.ആർ.ഐയിൽ ന്യൂസിലാൻഡ് ചേർന്നതിനേയും ഞങ്ങൾ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

അവസാനമായി, നമ്മുടെ ബന്ധത്തിന്റെ ശോഭനമായ ഭാവിക്കായി മുന്നണിചേരാൻ ഞങ്ങൾ ഇരുകൂട്ടരും തയ്യാറാണ് എന്ന് റഗ്ബിയുടെ ഭാഷയിൽ ഞാൻ പറയും. ഒരുമിച്ച് മുന്നേറാനും ശോഭനമായ ഒരു പങ്കാളിത്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഞങ്ങൾ തയ്യാറാണ്! മാത്രമല്ല, ഞങ്ങളുടെ പങ്കാളിത്തം ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് വേണ്ടിയുള്ള വിജയകരമായ ഒരു പങ്കാളിത്തമാകുമെന്നും എനിക്ക് ഉറപ്പുണ്ട്.

വളരെ നന്ദി!

****

SK