Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ചൈന അതിർത്തിപ്രദേശത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി


 

നമ്മുടെ ധീരരായ 20 സൈനികർ ലഡാഖിൽ ജീവത്യാഗം ചെയ്തു; എന്നാൽ നമ്മുടെ മാതൃരാജ്യത്തെ കണ്ണുവച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ അവർക്കു കഴിഞ്ഞു: പ്രധാനമന്ത്രി

നമ്മുടെ അതിർത്തി കടന്ന് ആരും എത്തിയിട്ടില്ല; ഒരു സൈനിക പോസ്റ്റും പിടിച്ചെടുത്തിട്ടുമില്ല: പ്രധാനമന്ത്രി

ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സൗഹൃദവും; എന്നാൽ പരമാധികാരം ഉയർത്തിപ്പിടിക്കലാണ് പ്രധാനം: പ്രധാനമന്ത്രി

അനുയോജ്യമായ നടപടികൾ സ്വീകരിക്കാൻ സൈന്യത്തിന് പൂർണാധികാരം: പ്രധാനമന്ത്രി

നമ്മുടെ അതിർത്തികളുടെ സുരക്ഷ വർധിപ്പിക്കാൻ അതിർത്തിപ്രദേശത്തെ അടിസ്ഥാനസൗകര്യവികസനത്തിന് സർക്കാർ പ്രാധാന്യം നൽകി: പ്രധാനമന്ത്രി

ദേശീയ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാവശ്യമായ നടപടികൾ ദ്രുതഗതിയിൽ തുടരും: പ്രധാനമന്ത്രി

സർക്കാരിനൊപ്പം ഐക്യത്തോടെ നിലകൊള്ളാൻ പ്രതിജ്ഞാബദ്ധമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും രാഷ്ട്രീയ കക്ഷി നേതാക്കൾ

ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചു ചേർത്തു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു.

സൈനികരുടെ നെഞ്ചുറപ്പ്

നമ്മുടെ അതിർത്തികൾ കാക്കുന്ന സൈനികർക്കൊപ്പം ഒത്തൊരുമയോടെ നാമെല്ലാം നിലകൊള്ളുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അവരുടെ മനശ്ശക്തിയിലും ധീരതയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. രാജ്യം മുഴുവൻ അവരോടൊപ്പം നിൽക്കുന്നുവെന്ന് ധീരരക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഉറപ്പ് നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും സർവകക്ഷി യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമേ തന്നെ, നമ്മുടെ അതിർത്തിയ്ക്കുള്ളിലേയ്ക്ക് ആരും കടന്നിട്ടില്ലെന്നും ഒരു സൈനിക പോസ്റ്റും ആരും പിടിച്ചെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ ധീരരായ ഇരുപത് ജവാന്മാർ ലഡാഖിൽ രാജ്യത്തിനായി മഹത്തായ ത്യാഗം ചെയ്തുവെന്നും നമ്മുടെ മാതൃരാജ്യത്തെ കണ്ണുവച്ചവരെ ഒരു പാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ധീരസൈനികരുടെ നെഞ്ചുറപ്പും ത്യാഗവും രാഷ്ട്രം എല്ലാക്കാലവും സ്മരിക്കും.

യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന കൈക്കൊണ്ട നടപടികൾ രാജ്യത്തെ വേദനിപ്പിച്ചുവെന്നും പ്രകോപിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സംരക്ഷിക്കുന്നതിനായി നമ്മുടെ സായുധ സേന സാധ്യമായ എല്ലാ മാർഗവും സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം നേതാക്കൾക്ക് ഉറപ്പ് നൽകി. അത് സൈനിക വിന്യാസത്തിലാകട്ടെ, ആക്രമണത്തിലാകട്ടെ, പ്രത്യാക്രമണത്തിലാകട്ടെ, കരയിലൂടെയോ കടലിലൂടെയോ വായുവിലൂടെയോ ആകട്ടെ, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ഒരിഞ്ചുപോലും കണ്ണുവയ്ക്കാൻ മറ്റുള്ളവരെ ഭയപ്പെടുത്തുംവിധമാണ് ഇന്നു രാജ്യത്തിന്റെ ശേഷിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ ഒന്നിച്ചു മുന്നേറാൻ ഇന്ത്യൻ സൈന്യത്തിന് ഇന്നു കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത്, ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മറുവശത്ത് നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ തങ്ങളുടെ നിലപാട് ചൈനയെ വ്യക്തമായി അറിയിച്ചിട്ടുമുണ്ട്.

അതിർത്തിയിലെ അടിസ്ഥാനസൗകര്യ വികസനം

ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും ചങ്ങാത്തവുമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. എന്നാൽ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രധാനം. നമ്മുടെ അതിർത്തികളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് അതിർത്തി പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. യുദ്ധവിമാനങ്ങൾ, ആധുനിക ഹെലികോപ്റ്ററുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, നമ്മുടെ സൈന്യത്തിന്റെ മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ എൽഎസിയിലെ പട്രോളിങ് ശേഷി വർധിച്ചെന്നും അ‌ദ്ദേഹം പറഞ്ഞു. ഇതിലൂടെ എൽഎസിയിലെ സംഭവവികാസങ്ങൾ നാം അപ്പപ്പോൾ അറിയുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വേണ്ടവിധത്തിൽ നിരീക്ഷണത്തിനും പ്രതികരണത്തിനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തടസ്സമില്ലാതെ നടന്ന അവയുടെ നീക്കം ഇപ്പോൾ നമ്മുടെ ജവാൻമാർ പരിശോധിക്കുകയാണ്. ഇത് ചില സമയങ്ങളിൽ സംഘർഷസാധ്യത സൃഷ്ടിക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ, ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിൽ ജവാൻമാർക്ക് വസ്തുക്കളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതു താരതമ്യേന എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെയും പൗരന്മാരുടെയും ക്ഷേമത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വ്യാപാരം, കണക്ടിവിറ്റി, ഭീകരവാദത്തിനെതിരായ നീക്കം തുടങ്ങിയ ബാഹ്യസമ്മർദങ്ങളെയൊക്കെ സർക്കാർ എല്ലായ്‌പ്പോഴും ചെറുത്തുനിൽക്കുന്നുണ്ട്. ദേശീയ സുരക്ഷയ്ക്കും ആവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ട എല്ലാ നടപടികളും ദ്രുതഗതിയിൽ തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. നമ്മുടെ അതിർത്തികൾക്കു സുരക്ഷയൊരുക്കാനുള്ള സായുധ സേനയുടെ കഴിവിനെക്കുറിച്ചും, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അവർക്ക് പൂർണാധികാരം നൽകിയിട്ടുണ്ടെന്നും, അദ്ദേഹം നേതാക്കൾക്ക് ആവർത്തിച്ച് ഉറപ്പു നൽകി.

രക്തസാക്ഷികളുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് രാജ്യരക്ഷാമന്ത്രി ശ്രീ. രാജ്നാഥ് സിങ് പറഞ്ഞു. അതിർത്തി ഇടപാടുകൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറുകളെക്കുറിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ സംസാരിച്ചു. 1999ൽ മന്ത്രിസഭ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്ത മേഖലകളിലെ അതിർത്തിപ്രദേശങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന് പ്രധാനമന്ത്രി 2014ൽ നൽകിയ നിർദേശങ്ങളെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.

രാഷ്ട്രീയകക്ഷി നേതാക്കൾ പറഞ്ഞത്

ലഡാഖിൽ സൈന്യം പ്രകടിപ്പിച്ച ധീരതയെ വിവിധ കക്ഷിനേതാക്കൾ പ്രശംസിച്ചു. ഈ സന്ദർഭത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വിശ്വാസവും സർക്കാരിനൊപ്പം ഐക്യത്തോടെ നിലകൊള്ളാനുള്ള പ്രതിബദ്ധതയും അവർ പ്രകടിപ്പിച്ചു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും അവർ പങ്കുവച്ചു.

സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ശക്തമായ നിലപാടാണ് തങ്ങളുടെ കക്ഷി സ്വീകരിച്ചിട്ടുള്ളതെന്ന് കുമാരി മമത ബാനർജി പറഞ്ഞു. നേതാക്കൾക്കിടയിലും കക്ഷികൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടാകരുതെന്നും മറ്റ് രാജ്യങ്ങൾക്ക് കടന്നുകയറാൻ അവസരമൊരുക്കുന്ന തരത്തിൽ ഐക്യത്തിനു ഭംഗം വരുത്താൻ രാഷ്ട്രീയ കക്ഷികൾ ഇടകൊടുക്കരുതെന്നും ശ്രീ. നിതീഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തിന് സുരക്ഷിതത്വം അനുഭവപ്പെടുന്നതായി ശ്രീ. ചിരാഗ് പാസ്വാൻ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രശംസിച്ച ശ്രീ. ഉദ്ധവ് താക്കറെ രാജ്യം ഒന്നിച്ചു നിൽക്കുകയാണെന്നും പ്രധാനമന്ത്രിയോടൊപ്പമാണെന്നും പറഞ്ഞു.

വിശദാംശങ്ങൾ സംബന്ധിച്ച് നേതാക്കൾ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണെന്നാണ് ശ്രീമതി സോണിയ ഗാന്ധി പറഞ്ഞത്. രഹസ്യാന്വേഷണ റിപ്പോർട്ടുകളെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും അവർ സർക്കാരിനെ ചോദ്യം ചെയ്തു. സൈനികർ ആയുധം കൈവശംവച്ചോ ഇല്ലയോ എന്നത് അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടതാണെന്നും അത്തരം കാര്യങ്ങളിലെ പ്രതികരണങ്ങളെ രാഷ്ട്രീയ കക്ഷികൾ അംഗീകരിക്കേണ്ടതുണ്ടെന്നും ശ്രീ. ശരദ് പവാർ ഊന്നിപ്പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രധാനമന്ത്രി പ്രവർത്തിക്കുന്നുണ്ടെന്നും അത് തുടരണമെന്നും ശ്രീ. കോൺറാഡ് സങ്മ പറഞ്ഞു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും പ്രധാനമന്ത്രിയുടെ ഏത് തീരുമാനത്തിനൊപ്പവും ഉറച്ചുനിൽക്കുമെന്നും കുമാരി മായാവതി പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി അടുത്തിടെ നടത്തിയ പ്രസ്താവനയെ ശ്രീ. എം. കെ. സ്റ്റാലിൻ സ്വാഗതം ചെയ്തു.

യോഗത്തിൽ പങ്കെടുത്തതിനും അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചതിനും കക്ഷി നേതാക്കൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു.