ഇന്ത്യ അന്താരാഷ്ട്രതലത്തിലുള്ള സ്വതന്ത്രമായ ചരക്കുനീക്കത്തിനുള്ള ഉടമ്പടിയായ കസ്റ്റംസ് കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ഗുഡ്‌സ് അണ്ടര്‍ കവര്‍ ഓഫ് ടി.ഐ.ആര്‍. കാര്‍നെറ്റ്‌സി(ടി.ഐ.ആര്‍. കണ്‍വെന്‍ഷന്‍)ല്‍ ഒപ്പുവെക്കുന്നതിനും ഉടമ്പടി പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
കണ്‍വെന്‍ഷന്റെ ഭാഗമായ മറ്റു രാഷ്ട്രങ്ങളിലൂടെ റോഡ് ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ വഴി, ചരക്കുനീക്കത്തിനുള്ള വേഗതയാര്‍ന്നതും എളുപ്പവും വിശ്വസനീയവുമായതും തടസ്സങ്ങളില്ലാത്തതുമായ സംവിധാനം ഇതിലൂടെ ഇന്ത്യയിലെ വ്യാപാരികള്‍ക്കു ലഭിക്കും.
ഉടമ്പടിയില്‍ ചേരുന്നതോടെ ഇടയ്ക്കുള്ള അതിര്‍ത്തികളില്‍ ചരക്കു പരിശോധിക്കപ്പെടുന്നതും ചരക്കിനെ ആള്‍ക്കാര്‍ അനുഗമിക്കേണ്ടിവരുന്നതുമായ സ്ഥിതി മാറിക്കിട്ടും. രാജ്യാന്തര കസ്റ്റംസ് കേന്ദ്രങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്താന്‍ സാധിക്കും. അതിര്‍ത്തികളിലെ പരിശോധനാകേന്ദ്രങ്ങളിലെ തിരക്കു സഹിക്കേണ്ടിവരില്ല. കണ്ടെയ്‌നറുകളുടെയോ കംപാര്‍ട്ടമെന്റുകളുടെയോ പുറത്തുള്ള സീല്‍ പരിശോധിച്ച് കടത്തിവിടാന്‍ സാധിക്കുമെന്നതിനാല്‍ അതിര്‍ത്തികളില്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയ്ക്കു പരിഹാരമാകുകയും ചെയ്യും. ഇതു ചരക്കുകടത്തുചെലവു കുറച്ചുകൊണ്ടുവരാന്‍ സഹായകമാകുകയും വ്യാപാര, ഗതാഗത മേഖലകളിലെ മത്സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.
ഉടമ്പടി പ്രകാരം അംഗീകൃത ഗതാഗത ഏജന്‍സികളുടെ സേവനവും വാഹനങ്ങളും മാത്രമേ ചരക്കു കടത്തിന് ഉപയോഗിക്കാവൂ എന്നതിനാല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ശൃംഖല സുരക്ഷിതമായിത്തീരും. ചരക്കുനീക്ക പാതയിലെ കസ്റ്റംസ് തീരുവയും നികുതിയും അടച്ചുകൊള്ളുമെന്ന ഉറപ്പ് ഉടമ്പടിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളതിനാല്‍ വഴിയില്‍ നികുതി അടയ്‌ക്കേണ്ടതായിവരില്ല. ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ക്കനുസരിച്ചു സത്യവാങ്മൂലം നല്‍കേണ്ടിവരുന്ന സ്ഥിതിയും ഒഴിവായിക്കിട്ടും. രാജ്യാന്തര ‘ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി (ഐ.എന്‍.എസ്.ടി.സി. കോറിഡോര്‍) വഴി ചരക്കുനീക്കം സുഗമമാക്കാന്‍ ടി.ഐ.ആര്‍. ഉടമ്പടി സഹായകമാകുമെന്നതിനാല്‍ മധ്യേഷ്യന്‍ രാഷ്ടങ്ങളുമായും മറ്റു കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുമായുമുള്ള, വിശേഷിച്ച് ഇറാനിലെ ഛബഹര്‍ പോലുള്ള തുറമുഖങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള, വ്യാപാരം സജീവമാക്കും.
ഒരു രാജ്യാന്തര ഉടമ്പടിയുടെ ഭാഗമായി മാറുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇത് ഇന്ത്യാ ഗവണ്‍മെന്റിന് ഒരു സാമ്പത്തിക ബാധ്യതയും വരുത്തിവെക്കുന്നില്ല.