2025 ഫെബ്രുവരി 13 ന് ഔദ്യോഗിക സന്ദർശനത്തിനായി വാഷിംഗ്ടൺ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ആതിഥേയത്വം വഹിച്ചു
സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങൾ, ബഹുസ്വരത എന്നിവയെ വിലമതിക്കുന്ന പരമാധികാരമുള്ള ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കളെന്ന നിലയിൽ, പരസ്പര വിശ്വാസം, പൊതുവായ താൽപ്പര്യങ്ങൾ, സൗഹാർദ്ദം, പൗരന്മാരുടെ ഗണ്യമായ ഇടപെടൽ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ശക്തി പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും ആവർത്തിച്ചു.
ഇന്ന്, പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സൈനിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ, ത്വരിതപ്പെടുത്തിയ വാണിജ്യം & സാങ്കേതികവിദ്യ എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സംരംഭത്തിന് – “യുഎസ്-ഇന്ത്യ കോംപാക്റ്റ് (Catalyzing Opportunities for Military Partnership, Accelerated Commerce & Technology ) 21-ാം നൂറ്റാണ്ടിനായി” -തുടക്കം കുറിച്ചു. സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളിൽ പരിവർത്തനാത്മക മാറ്റം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .ഈ ഉദ്യമത്തിന് കീഴിൽ, ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്രദമായ വിശ്വാസതലം സജ്ജമാക്കുന്നതിനായി ഈ വർഷം തന്നെ ആദ്യ ഫലങ്ങൾ കണ്ടു തുടങ്ങുന്ന, ഫലങ്ങളിൽ അധിഷ്ഠിതമായ കാര്യപരിപാടിക്ക് ഇരുവരും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
പ്രതിരോധം
അമേരിക്ക-ഇന്ത്യ തന്ത്രപരമായ താല്പര്യങ്ങൾ ആഴത്തിൽ സംയോജിപ്പിക്കുന്നത് എടുത്തുകാട്ടിയ നേതാക്കൾ, വിവിധ മേഖലകളിൽ വ്യാപിച്ചിരിക്കുന്ന ഊർജ്ജസ്വലമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പത്തുവർഷത്തേക്കുള്ള പുതിയ അമേരിക്ക-ഇന്ത്യ സുപ്രധാന പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് ഒപ്പിടുന്നതിനായി പദ്ധതിയുണ്ടെന്നു നേതാക്കൾ പ്രഖ്യാപിച്ചു. സി- 130 ജെ സൂപ്പർ ഹെർക്കുലീസ്, സി-17 ഗ്ലോബ് മാസ്റ്റർ III, പി-81 പോസെയിഡൺ എയർക്രാഫ്റ്റ്, സിഎച്ച് -47 എഫ് ചിനൂക്സ്, എം എച്ച്- 60ആർ സീഹോക്സ്, എ എച്ച് -64ഇ അപ്പാഷെ, ഹാർപ്പൂൺ ആൻറി ഷിപ്പ് മിസൈൽ, എം 777 ഹൗഇറ്റ്സെർസ്, എം ക്യു- 9ബി എന്നിവ ഉൾപ്പെടെ അമേരിക്കൻ നിർമ്മിത പ്രതിരോധ സാമഗ്രികൾ ഇന്ത്യയുടെ ആയുധ ശേഖരത്തിലേക്ക് സംയോജിപ്പിക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇന്ത്യയുമായുള്ള പ്രതിരോധ വില്പനകളും സഹ ഉത്പാദനവും അമേരിക്ക വിപുലീകരിക്കുമെന്ന് നേതാക്കൾ ഉറപ്പ് പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റുന്നതിനായി “ജാവലിൻ” ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളുടെയും “സ്ട്രൈക്കർ” ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളുടെയും സംഭരണത്തിനും സഹ-നിർമ്മാണത്തിനുമുള്ള ക്രമീകരണങ്ങൾ ഈ വർഷം ഇന്ത്യയിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ അവർ പ്രഖ്യാപിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ സമുദ്ര നിരീക്ഷണ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ആറ് അധിക P-8I മാരിടൈം പട്രോൾ വിമാനങ്ങൾ വാങ്ങുന്നത്, വിൽപ്പന നിബന്ധനകൾ സംബന്ധിച്ച കരാറിനെത്തുടർന്ന് പൂർത്തിയാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ-1 (STA‑1) അംഗീകാരമുള്ള ഒരു പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും ഒരു പ്രധാന ക്വാഡ് പങ്കാളിയാണെന്നും അംഗീകരിച്ച്, പ്രതിരോധ വ്യാപാരം, സാങ്കേതിക കൈമാറ്റം, അറ്റകുറ്റപ്പണികൾ, സ്പെയർ ഭാഗങ്ങളുടെ വിതരണം , യുഎസ് നൽകുന്ന പ്രതിരോധ സംവിധാനങ്ങളുടെ രാജ്യത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ, പുനഃപരിശോധന എന്നിവ കാര്യക്ഷമമാക്കുന്നതിന് ഇന്റർനാഷണൽ ട്രാഫിക് ഇൻ ആംസ് റെഗുലേഷൻസ് (ITAR) ഉൾപ്പെടെയുള്ള ആയുധ കൈമാറ്റ നിയന്ത്രണങ്ങൾ യുഎസും ഇന്ത്യയും അവലോകനം ചെയ്യും. സംഭരണ സംവിധാനങ്ങൾ മികച്ച രീതിയിൽ വിന്യസിക്കുന്നതിനും പ്രതിരോധ സാമഗ്രികളുടെയും സേവനങ്ങളുടെയും പരസ്പര വിതരണം സാധ്യമാക്കുന്നതിനുമായി പരസ്പര പ്രതിരോധ സംഭരണ (RDP) കരാറിനായി ഈ വർഷം ചർച്ചകൾ ആരംഭിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. ബഹിരാകാശം, വ്യോമ പ്രതിരോധം, മിസൈൽ, സമുദ്ര സാങ്കേതികവിദ്യകൾ എന്നിവയിലുടനീളം പ്രതിരോധ സാങ്കേതിക സഹകരണം ത്വരിതപ്പെടുത്തുമെന്ന് നേതാക്കൾ പ്രതിജ്ഞയെടുത്തു. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും കടലിനടിയിലുള്ള സംവിധാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നയം യുഎസ് അവലോകനം ചെയ്തു.
പ്രതിരോധ വ്യാവസായിക സഹകരണത്തിനായുള്ള യുഎസ്-ഇന്ത്യ കർമ്മ പദ്ധതിയെ അടിസ്ഥാനമാക്കി, സ്വയംപ്രവർത്തന ക്ഷമമായ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്തോ-പസഫിക്കിലെ വ്യവസായ പങ്കാളിത്തവും ഉൽപ്പാദനവും വർദ്ധിപ്പിക്കുന്നതിനായി നേതാക്കൾ ഒരു പുതിയ സംരംഭം – ഓട്ടോണമസ് സിസ്റ്റംസ് ഇൻഡസ്ട്രി അലയൻസ് (ASIA) പ്രഖ്യാപിച്ചു. പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക സമുദ്ര സംവിധാനങ്ങളും നൂതന AI- അധിഷ്ഠിത ആളില്ലാ വ്യോമ സംവിധാനങ്ങളും (UAS) ഇരു രാജ്യങ്ങളും സഹകരിച്ച് വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യകളിൽ ആൻഡൂറിൽ ഇൻഡസ്ട്രീസും മഹീന്ദ്ര ഗ്രൂപ്പും തമ്മിലുള്ള പുതിയ പങ്കാളിത്തത്തെയും, അന്തർവാഹിനികളിലെ സജീവമായ ടോവ്ഡ് അറേ സംവിധാനത്തിന്റെ സഹ-വികസനത്തിനായി L3 ഹാരിസും ഭാരത് ഇലക്ട്രോണിക്സും തമ്മിലുള്ള പുതിയ പങ്കാളിത്തത്തെയും നേതാക്കൾ സ്വാഗതം ചെയ്തു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി മെച്ചപ്പെട്ട പരിശീലനം, അഭ്യാസങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ വ്യോമ, കര, കടൽ, ബഹിരാകാശം, സൈബർ എന്നീ എല്ലാ മേഖലകളിലും സൈനിക സഹകരണം ഉയർത്താൻ നേതാക്കൾ പ്രതിജ്ഞയെടുത്തു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന “ടൈഗർ ട്രയംഫ്” ത്രിസേനാ അഭ്യാസത്തെ (2019 ൽ ആദ്യമായി ഉദ്ഘാടനം ചെയ്തത് ) നേതാക്കൾ സ്വാഗതം ചെയ്തു.
മെച്ചപ്പെട്ട ലോജിസ്റ്റിക്സ്; ഇന്റലിജൻസ് വിവരങ്ങൾ പങ്കിടൽ; സംയുക്ത മാനുഷിക സഹായ – ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും മറ്റ് കൈമാറ്റങ്ങൾക്കും സുരക്ഷാ സഹകരണ ഇടപെടലുകൾക്കുമായി സൈനിക നീക്കം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ, ഇന്തോ-പസഫിക്കിലെ യുഎസ്, ഇന്ത്യൻ സൈന്യങ്ങളുടെ വിദേശ വിന്യാസങ്ങളെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനും പുതിയ അടിത്തറ സൃഷ്ടിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
വ്യാപാരവും നിക്ഷേപവും
പൗരന്മാരെ കൂടുതൽ അഭിവൃദ്ധിയുള്ളവരാക്കാനും , രാഷ്ട്രങ്ങളെ കൂടുതൽ ശക്തരാക്കാനും, സമ്പദ്‌വ്യവസ്ഥകളെ കൂടുതൽ നൂതനമാക്കാനും, വിതരണ ശൃംഖലകളെ കൂടുതൽ സ്ഥിരതയുള്ളതാക്കാനും വ്യാപാരവും നിക്ഷേപവും വികസിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചു. നീതി, ദേശീയ സുരക്ഷ, തൊഴിലവസര സൃഷ്ടി എന്നിവ ഉറപ്പാക്കുന്ന വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ്-ഇന്ത്യ വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അവർ തീരുമാനിച്ചു. ഇതിനായി, നേതാക്കൾ ഒരു പുതിയ ഉഭയകക്ഷി വ്യാപാര ലക്ഷ്യം – “മിഷൻ 500” -മുന്നോട്ട് വെച്ചു. 2030 ആകുമ്പോഴേക്കും മൊത്തം ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 500 ശതകോടി ഡോളറാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്.
ഈ പ്രവർത്തന ലക്ഷങ്ങൾക്കെല്ലാം പുതിയതും ന്യായവുമായ വ്യാപാര നിബന്ധനകൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ നേതാക്കൾ, 2025 അവസാനത്തോടെ പരസ്പര പ്രയോജനകരമായ, ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടം ചർച്ച ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഈ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വ്യാപാര ബന്ധം COMPACT പദ്ധതിയുടെ അഭിലാഷങ്ങളെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മുതിർന്ന പ്രതിനിധികളെ നിയോഗിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഈ നൂതനവും വിശാലവുമായ ബിടിഎ മുന്നോട്ട് കൊണ്ടുപോകുന്നതിന്, ചരക്ക് സേവന മേഖലയിലുടനീളം ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനും യുഎസും ഇന്ത്യയും സംയോജിത സമീപനം സ്വീകരിക്കും. കൂടാതെ വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനും, താരിഫ്, താരിഫ് ഇതര തടസ്സങ്ങൾ കുറയ്ക്കുന്നതിനും, വിതരണ ശൃംഖല സംയോജനം കൂടുതൽ ആഴത്തിലാക്കുന്നതിനും വേണ്ടി സംയുക്തമായി പ്രവർത്തിക്കും.
ഉഭയകക്ഷി വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള പരസ്പര പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ആദ്യകാല നടപടികളെ നേതാക്കൾ സ്വാഗതം ചെയ്തു. ബോർബൺ, മോട്ടോർ സൈക്കിളുകൾ, ഐസിടി ഉൽപ്പന്നങ്ങൾ, ലോഹങ്ങൾ തുടങ്ങിയ മേഖലകളിൽ അമേരിക്കയ്ക്കു താൽപ്പര്യമുള്ള ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ സമീപകാല നടപടികളെയും, ആൽഫാൽഫ വൈക്കോൽ, താറാവിറച്ചി, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ യുഎസ് കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെയും അമേരിക്ക സ്വാഗതം ചെയ്തു. യുഎസിലേക്കുള്ള ഇന്ത്യൻ മാമ്പഴത്തിന്റെയും മാതളനാരങ്ങയുടെയും കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് യുഎസ് സ്വീകരിച്ച നടപടികളെയും ഇന്ത്യ അഭിനന്ദിച്ചു. ഇന്ത്യയിലേക്കുള്ള വ്യാവസായിക ഉൽപ്പന്നങ്ങളുടെ യുഎസ് കയറ്റുമതിയും യുഎസിലേക്കുള്ള തൊഴിൽ-അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ കയറ്റുമതിയും വർദ്ധിപ്പിച്ച്, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിന് സഹകരിക്കാൻ ഇരുപക്ഷവും പ്രതിജ്ഞയെടുത്തു. കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കും.
ഒടുവിൽ, യുഎസ്, ഇന്ത്യൻ കമ്പനികൾക്ക് പരസ്പരം ഇരുരാജ്യങ്ങളിലെയും ഉയർന്ന മൂല്യമുള്ള വ്യവസായങ്ങളിൽ ഗ്രീൻഫീൽഡ് നിക്ഷേപം നടത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത പുലർത്തി. ഇക്കാര്യത്തിൽ, അലബാമയിലെയും കെന്റക്കിയിലെയും അത്യാധുനിക സൗകര്യങ്ങളിലെ പൂർത്തിയാക്കിയ അലുമിനിയം ഉൽപ്പന്നങ്ങളിൽ ഹിൻഡാൽകോയുടെ നോവലിസ് നടത്തിയതുപോലെ, ഏകദേശം 7.35 ശതകോടി ഡോളറിന്റെ ഇന്ത്യൻ കമ്പനികളുടെ തുടർച്ചയായ നിക്ഷേപങ്ങളെ നേതാക്കൾ സ്വാഗതം ചെയ്തു. ടെക്സസിലും ഒഹായോയിലും സ്റ്റീൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ജെഎസ്ഡബ്ല്യു; നോർത്ത് കരോലിനയിൽ നിർണായക ബാറ്ററി വസ്തുക്കളുടെ നിർമ്മാണത്തിൽ എപ്സിലോൺ അഡ്വാൻസ്ഡ് മെറ്റീരിയൽസ്; വാഷിംഗ്ടണിൽ ഇൻജക്റ്റബിളുകളുടെ നിർമ്മാണത്തിൽ ജൂബിലന്റ് ഫാർമ എന്നിവയുടെ നിക്ഷേപങ്ങളെയും നേതാക്കൾ സ്വാഗതം ചെയ്തു. ഈ നിക്ഷേപങ്ങൾ പ്രാദേശിക കുടുംബങ്ങൾക്ക് 3,000-ത്തിലധികം ഉയർന്ന നിലവാരമുള്ള തൊഴിലുകൾ സജ്ജമാക്കുന്നു.
ഊർജസുരക്ഷ
ഇരുരാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും സാങ്കേതിക നവീകരണത്തിനും ഊർജസുരക്ഷ അടിസ്ഥാനഘടകമാണെന്ന് നേതാക്കൾ സമ്മതിച്ചു. മിതമായ തോതിലുള്ള ഊർജ്ജനിരക്ക്, വിശ്വാസ്യത, ലഭ്യത, സ്ഥിരതയുള്ള ഊർജ്ജ വിപണികൾ എന്നിവ ഉറപ്പാക്കുന്നതിന് യുഎസ്-ഇന്ത്യ സഹകരണത്തിന്റെ പ്രാധാന്യം അവർ അടിവരയിട്ടു. ആഗോള ഊർജ്ജ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻനിര ഉൽപ്പാദകരും ഉപഭോക്താക്കളും എന്ന നിലയിൽ യുഎസും ഇന്ത്യയും വഹിക്കുന്ന ബൃഹത്തായ പങ്ക് വിലയിരുത്തിയ നേതാക്കൾ, എണ്ണ, വാതകം, സിവിൽ ആണവോർജ്ജം എന്നിവയുൾപ്പെടെ യുഎസ്-ഇന്ത്യ ഊർജ്ജ സുരക്ഷാ പങ്കാളിത്തത്തിൽ വീണ്ടും പ്രതിജ്ഞാബദ്ധത അറിയിച്ചു.
ആഗോള തലത്തിൽ മെച്ചപ്പെട്ട ഊർജ്ജനിരക്ക് ഉറപ്പാക്കുന്നതിനും അവരുടെ പൗരന്മാർക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിനും ഹൈഡ്രോകാർബണുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. പ്രതിസന്ധിഘട്ടങ്ങളിൽ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിന്റെ മൂല്യവും നേതാക്കൾ അടിവരയിട്ടു. തന്ത്രപരമായ എണ്ണ കരുതൽ ക്രമീകരണങ്ങൾ വികസിപ്പിക്കുന്നതിന് പ്രധാന പങ്കാളികളുമായി പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയിൽ പൂർണ്ണ അംഗമായി ചേരുന്നതിന് ഇന്ത്യയ്ക്ക് യുഎസ് പക്ഷം ഉറച്ച പിന്തുണ നൽകി.
ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഊർജ്ജ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും, നമ്മുടെ ചലനാത്മക സമ്പദ്‌വ്യവസ്ഥകളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി, ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ മുൻനിര വിതരണക്കാരായി അമേരിക്കയെ സ്ഥാപിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. വിതരണ വൈവിധ്യവൽക്കരണവും ഊർജ്ജ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രകൃതിവാതകം, ഈഥെയ്ൻ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹൈഡ്രോകാർബൺ മേഖലയിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള വലിയ സാധ്യതയും അവസരവും അവർ അടിവരയിട്ടു. പ്രത്യേകിച്ച് എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ഊർജ്ജ കമ്പനികൾക്കിടയിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നതിനും നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു.
വലിയ തോതിലുള്ള പ്രാദേശികവൽക്കരണത്തിലൂടെയും സാധ്യമായ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെയും ഇന്ത്യയിൽ അമേരിക്ക രൂപകൽപ്പന ചെയ്ത ആണവ റിയാക്ടറുകൾ നിർമ്മിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിലൂടെ യുഎസ്-ഇന്ത്യ 123 സിവിൽ ആണവ കരാർ പൂർണ്ണമായും സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ പ്രഖ്യാപിച്ചു. ആണവോർജ്ജ നിയമത്തിലും ആണവ റിയാക്ടറുകൾക്കായുള്ള സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്റ്റിലും (CLNDA) ഭേദഗതികൾ വരുത്തുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സമീപകാല ബജറ്റ് പ്രഖ്യാപനത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു, കൂടാതെ സിവിൽ ബാധ്യതയുടെ പ്രശ്നം പരിഹരിക്കുന്നതിനും ആണവ റിയാക്ടറുകളുടെ ഉൽപ്പാദനത്തിലും വിന്യാസത്തിലും ഇന്ത്യൻ, യുഎസ് വ്യവസായങ്ങളുടെ സഹകരണം സുഗമമാക്കുന്നതിനും CLNDA അനുസരിച്ച് ഉഭയകക്ഷി ക്രമീകരണങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഈ മുന്നോട്ടുള്ള പാത യുഎസ് രൂപകൽപ്പന ചെയ്ത വലിയ റിയാക്ടറുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തുറക്കുകയും നൂതനമായ ചെറിയ മോഡുലാർ റിയാക്ടറുകൾ ഉപയോഗിച്ച് ആണവോർജ്ജ ഉൽപ്പാദനം വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള സഹകരണം പ്രാപ്തമാക്കുകയും ചെയ്യും.
സാങ്കേതികവിദ്യയും നവീകരണവും
പ്രതിരോധം, നിർമിതബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി, ഊർജം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റുകൾ തമ്മിലുള്ളതും, അക്കാദമിക്, സ്വകാര്യ മേഖല എന്നിവ തമ്മിലുമുള്ള സഹകരണത്തെ ഉത്തേജിപ്പിക്കുകയും, പരിശോധിച്ചുറപ്പിച്ച സാങ്കേതിക പങ്കാളികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സെൻസിറ്റീവ് സാങ്കേതികവിദ്യകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന യുഎസ്-ഇന്ത്യ ട്രസ്റ്റ് (“ട്രാൻസ്ഫോർമിങ് ദി റിലേഷൻഷിപ്പ് യൂട്ടിലൈസിംഗ് സ്ട്രാറ്റജിക് ടെക്നോളജി”) സംരംഭം ആരംഭിച്ചതായി നേതാക്കൾ പ്രഖ്യാപിച്ചു.
“ട്രസ്റ്റ്” സംരംഭത്തിന്റെ കേന്ദ്ര സ്തംഭമെന്ന നിലയിൽ, വർഷാവസാനത്തോടെ നിർമിതബുദ്ധി അടിസ്ഥാനസൗകര്യം ത്വരിതപ്പെടുത്തുന്നതിനുള്ള യുഎസ്-ഇന്ത്യ മാർഗരേഖ മുന്നോട്ട് വയ്ക്കുന്നതിന് യുഎസ്-ഇന്ത്യ സ്വകാര്യ വ്യവസായവുമായി പ്രവർത്തിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഇന്ത്യയിൽ വലിയ തോതിലുള്ള യുഎസ് നിർമിത AI അടിസ്ഥാനസൗകര്യത്തെ ധനസഹായം, നിർമ്മാണം, ശക്തി പകരൽ, നാഴികക്കല്ലുകളും ഭാവി നടപടികളുമായി ബന്ധിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾ തിരിച്ചറിയൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അടുത്ത തലമുറ ഡേറ്റാ സെന്ററുകളിലെ വ്യവസായ പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും സാധ്യമാക്കുന്നതിനും, AI-യ്‌ക്കുള്ള കമ്പ്യൂട്ട്, പ്രോസസ്സറുകൾ എന്നിവയുടെ വികസനത്തിലും ലഭ്യതയിലും സഹകരണം, AI മാതൃകകളിലെ നവീകരണങ്ങൾ, സാമൂഹിക വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള AI ആപ്ലിക്കേഷനുകൾ നിർമ്മിക്കൽ എന്നിവയ്‌ക്കും, ഈ സാങ്കേതികവിദ്യകൾ സംരക്ഷിക്കുന്നതിനും നിയന്ത്രണ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ആവശ്യമായ സംരക്ഷണങ്ങളും നിയന്ത്രണങ്ങളും അഭിസംബോധന ചെയ്യുന്നതിനും യു.എസ്.-ഇന്ത്യ വ്യവസായത്തെയും അക്കാദമിക് പങ്കാളിത്തങ്ങളെയും മുന്നോട്ട് കൊണ്ടുപോകുന്നതിനും ബഹിരാകാശം, ഊർജ്ജം, മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ നിക്ഷേപം വളർത്തിയെടുക്കുന്നതിനും, വിജയകരമായ INDUS-X പ്ലാറ്റ്‌ഫോമിന്റെ മാതൃകയിൽ ഒരു പുതിയ ഇന്നൊവേഷൻ ബ്രിഡ്ജായ INDUS ഇന്നൊവേഷൻ ആരംഭിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും നവീകരണത്തിൽ യു.എസിന്റെയും ഇന്ത്യയുടെയും നേതൃത്വം നിലനിർത്തുന്നതിനും ഇത് സഹായിക്കും. നമ്മുടെ സൈന്യങ്ങൾക്ക് നിർണായക ശേഷി സൃഷ്ടിക്കുന്നതിന് യു.എസിന്റെയും ഇന്ത്യയുടെയും പ്രതിരോധ കമ്പനികൾ, നിക്ഷേപകർ, സർവകലാശാലകൾ എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിന് സൗകര്യമൊരുക്കുന്ന INDUS-X സംരംഭത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും നേതാക്കൾ ശക്തിപ്പെടുത്തി. 2025-ൽ വരുന്ന അടുത്ത ഉച്ചകോടിയെയും അവർ സ്വാഗതം ചെയ്തു.
‘ട്രസ്റ്റ്’ സംരംഭത്തിന്റെ ഭാഗമായി, സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, നൂതന വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ വിശ്വസനീയവും സ്ഥിരതയുള്ളതുമായ വിതരണ ശൃംഖലകൾ നിർമ്മിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി, നിർണായക മരുന്നുകൾക്കുള്ള സജീവമായ ഔഷധ ചേരുവകൾക്കായി യുഎസിൽ ഉൾപ്പെടെ ഇന്ത്യയിലെ ഉൽപ്പാദന ശേഷി വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാൻ നേതാക്കൾ പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സുപ്രധാന വിതരണ ശൃംഖലകളെ വൈവിധ്യവൽക്കരിക്കുകയും, അമേരിക്കയിലും ഇന്ത്യയിലും ജീവൻരക്ഷാ മരുന്നുകളുടെ ക്ഷാമത്തിന്റെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലും നൂതന ഉൽപ്പാദനത്തിലും നിർണായക ധാതുക്കളുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യയും അമേരിക്കയും ഗവേഷണത്തിലും വികസനത്തിലും സഹകരണം ത്വരിതപ്പെടുത്തുകയും അമേരിക്കയും ഇന്ത്യയും അംഗങ്ങളായ ധാതു സുരക്ഷ പങ്കാളിത്തത്തിലൂട മുഴുവൻ നിർണായക ധാതു മൂല്യ ശൃംഖലയിലുടനീളം നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഗുണഭോക്തൃവൽക്കരണം, സംസ്കരണം, പുനരുപയോഗ സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധത അറിയിച്ചു. ഇതിനായി, അലുമിനിയം, കൽക്കരി ഖനനം, എണ്ണ, വാതകം തുടങ്ങിയ വൻകിടവ്യവസായങ്ങളിൽ നിന്ന് നിർണായക ധാതുക്കൾ (ലിഥിയം, കൊബാൾട്ട്, അപൂർവ ഭൂമൂലകങ്ങൾ എന്നിവ ഉൾപ്പെടെ) വീണ്ടെടുക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പുതിയ യുഎസ്-ഇന്ത്യ പദ്ധതിയായ സ്ട്രാറ്റജിക് മിനറൽ റിക്കവറി ഇനിഷ്യേറ്റീവ് ആരംഭിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
യുഎസ്-ഇന്ത്യ സിവിൽ ബഹിരാകാശ സഹകരണത്തിന്റെ മുൻനിര വർഷമായി 2025 നെ നേതാക്കൾ പ്രകീർത്തിച്ചു. ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) കൊണ്ടുവരുന്നതിനുള്ള AXIOM വഴിയുള്ള നാസ-ഐഎസ്ആർഒ ശ്രമത്തിനുള്ള പദ്ധതികളും, ഇരട്ട റഡാറുകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ വ്യവസ്ഥാപിതമായി മാപ്പ് ചെയ്യുന്ന തരത്തിലുള്ള ആദ്യ സംയുക്ത “NISAR” ദൗത്യത്തിന്റെ ആദ്യകാല വിക്ഷേപണവും ഇതിൽ ഉൾപ്പെടുന്നു. ദീർഘകാല മനുഷ്യ ബഹിരാകാശ യാത്ര ദൗത്യങ്ങൾ, ബഹിരാകാശ യാത്ര സുരക്ഷ, ഗ്രഹ സംരക്ഷണം ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന മേഖലകളിലെ വൈദഗ്ധ്യവും പ്രൊഫഷണൽ കൈമാറ്റങ്ങളും പങ്കിടൽ എന്നിവയുൾപ്പെടെ ബഹിരാകാശ പര്യവേഷണത്തിൽ കൂടുതൽ സഹകരണത്തിന് നേതാക്കൾ ആഹ്വാനം ചെയ്തു. കണക്റ്റിവിറ്റി, നൂതന ബഹിരാകാശ യാത്ര, ഉപഗ്രഹ, ബഹിരാകാശ വിക്ഷേപണ സംവിധാനങ്ങൾ, ബഹിരാകാശ സുസ്ഥിരത, ബഹിരാകാശ ടൂറിസം, നൂതന ബഹിരാകാശ നിർമ്മാണം തുടങ്ങിയ പരമ്പരാഗതവും ഉയർന്നുവരുന്നതുമായ മേഖലകളിലെ വ്യവസായ ഇടപെടലുകളിലൂടെ കൂടുതൽ വാണിജ്യ ബഹിരാകാശ സഹകരണത്തിന് നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു.
യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ മൂല്യം നേതാക്കൾ അടിവരയിട്ടു. നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിൽ യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷനും ഇന്ത്യൻ അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷനും തമ്മിലുള്ള പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. സെമികണ്ടക്ടറുകൾ, കണക്റ്റഡ് വെഹിക്കിളുകൾ, മെഷീൻ ലേണിംഗ്, അടുത്ത തലമുറ ടെലികമ്മ്യൂണിക്കേഷൻസ്, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റങ്ങൾ, ഭാവി ബയോമാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ സംയുക്ത ഗവേഷണം സാധ്യമാക്കുന്നതിനായി യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷനും നിരവധി ഇന്ത്യൻ ശാസ്ത്ര ഏജൻസികളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഈ പങ്കാളിത്തം കെട്ടിപ്പടുക്കുന്നത്.
കയറ്റുമതി നിയന്ത്രണങ്ങൾ പരിഹരിക്കുന്നതിനും, ഉയർന്ന സാങ്കേതിക വാണിജ്യം വർദ്ധിപ്പിക്കുന്നതിനും, ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക കൈമാറ്റത്തിനുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ തങ്ങളുടെ ഗവണ്മെന്റുകൾ ഇരട്ടിയാക്കണമെന്ന് നേതാക്കൾ തീരുമാനിച്ചു. നിർണായക വിതരണ ശൃംഖലകളുടെ അമിത കേന്ദ്രീകരണം ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മൂന്നാം കക്ഷികളുടെ കയറ്റുമതി നിയന്ത്രണങ്ങളിലെ അന്യായമായ രീതികളുടെ പൊതുവായ വെല്ലുവിളിയെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാനും നേതാക്കൾ തീരുമാനിച്ചു.
ബഹുമുഖ സഹകരണം
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വളരെയടുത്ത പങ്കാളിത്തം സ്വതന്ത്രവും തുറന്നതും സമാധാനപരവും സമ്പന്നവുമായ ഇന്തോ-പസഫിക് മേഖലയുടെ കേന്ദ്രബിന്ദുവാണെന്ന് നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ക്വാഡ് പങ്കാളികൾ എന്ന നിലയിൽ, ആസിയാൻ കേന്ദ്രീകൃതമായ അംഗീകാരം; അന്താരാഷ്ട്ര നിയമങ്ങളും സദ്ഭരണവും നടപ്പാക്കൽ; സുരക്ഷയ്ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും, സമുദ്രങ്ങൾക്കു മേലുള്ള വിമാനയാത്രയ്ക്കുംമറ്റ് നിയമാനുസൃത ഉപയോഗങ്ങൾക്കുമുള്ള പിന്തുണ; തടസ്സമില്ലാത്ത നിയമാനുസൃത വാണിജ്യം; അന്താരാഷ്ട്ര നിയമമനുസരിച്ച് സമുദ്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള വാദം എന്നിവ ഈ പങ്കാളിത്തത്തിന് അടിവരയിടുന്നുവെന്ന് നേതാക്കൾ ആവർത്തിച്ചു.
ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ പ്രസിഡന്റ് ട്രംപിനെ ആതിഥേയത്വമരുളാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി. അതിനുമുമ്പ് പ്രകൃതിദുരന്തങ്ങളോടുള്ള പൊതുജന പ്രതികരണത്തെയും സമുദ്ര പട്രോളിംഗിനെയും പിന്തുണയ്ക്കുന്നതിനായി, പരസ്പരപ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പൊതുവായ എയർലിഫ്റ്റ് ശേഷിയെക്കുറിച്ചുള്ള പുതിയ ക്വാഡ് ഉദ്യമങ്ങൾ നേതാക്കൾ സജീവമാക്കും.
സഹകരണം വർദ്ധിപ്പിക്കാനും നയതന്ത്ര കൂടിയാലോചനകൾ വർദ്ധിപ്പിക്കാനും മിഡിൽ ഈസ്റ്റിലെ പങ്കാളികളുമായി വ്യക്തമായ സഹകരണം വർദ്ധിപ്പിക്കാനും നേതാക്കൾ തീരുമാനിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിന് നിർണായകമായ അടിസ്ഥാനസൗകര്യങ്ങളിലും സാമ്പത്തിക ഇടനാഴികളിലും നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. 2025-ൽ പുതിയ സംരംഭങ്ങൾ പ്രഖ്യാപിക്കുന്നതിനായി ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയിലെയും I2U2 ഗ്രൂപ്പിലെയും പങ്കാളികളെ അടുത്ത ആറ് മാസത്തിനുള്ളിൽ വിളിച്ചുകൂട്ടാൻ നേതാക്കൾ പദ്ധതിയിടുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വികസന-മാനുഷിക സഹായം, അറ്റ സുരക്ഷാ ദാതാവ് എന്നീ നിലകളിൽ ഇന്ത്യയുടെ പങ്കിനെ അമേരിക്ക അഭിനന്ദിച്ചു. ഈ സാഹചര്യത്തിൽ, വിശാലമായ ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ഉഭയകക്ഷി സംഭാഷണവും സഹകരണവും കൂടുതൽ ആഴത്തിലാക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. സാമ്പത്തിക കണക്റ്റിവിറ്റിയിലും വാണിജ്യത്തിലും ഏകോപിത നിക്ഷേപങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഗവണ്മെന്റിന്റെ സർവതോമുഖ ഇടപെടലുള്ള പുതിയ ഉഭയകക്ഷി വേദിയായ ഇന്ത്യൻ ഓഷൻ സ്ട്രാറ്റജിക് വെഞ്ച്വർ ആരംഭിച്ചു. ഇന്ത്യൻ മഹാസമുദ്ര സഞ്ചാരക്ഷമതയെ കൂടുതൽ പിന്തുണയ്ക്കുന്ന മെറ്റയുടെ കടലിനടിയിലൂടെയുള്ള കേബിൾ പദ്ധതിയിൽ വിവിധ ശതകകോടി-വിവിധ വർഷ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തെയും നേതാക്കൾ സ്വാഗതം ചെയ്തു. അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അതിനതീതമായും ആഗോള ഡിജിറ്റൽ ഹൈവേകൾ ശക്തിപ്പെടുത്തുന്നതിനുമായി ഈ വർഷം പ്രവർത്തനം ആരംഭിക്കുകയും ഒടുവിൽ 50,000 കിലോമീറ്ററിലധികം നീളുകയും ചെയ്യുന്ന കടലിനടിയിലൂടെയുള്ള കേബിൾ പദ്ധതിയാണിത്. വിശ്വസനീയരായ പങ്കാളികളെ ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിനടിയിലൂടെയുള്ള കേബിളുകളുടെ അറ്റകുറ്റപ്പണി, ധനസഹായം എന്നിവയിൽ നിക്ഷേപിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നു.
പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം, നിർണായക ധാതുക്കൾ എന്നിവയിലുടനീളം ബന്ധങ്ങൾ, വാണിജ്യം, സഹകരണം എന്നിവ വളർത്തുന്നതിന് പശ്ചിമ ഇന്ത്യൻ മഹാസമുദ്രം, മിഡിൽ ഈസ്റ്റ്, ഇന്തോ-പസഫിക് എന്നിവിടങ്ങളിൽ പുതിയ ബഹുരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ വിലയിരുത്തി. 2025 ലെ ശരത്കാലത്തോടെ ഈ ഉപമേഖലകളിലുടനീളം പുതിയ പങ്കാളിത്ത സംരംഭങ്ങൾ പ്രഖ്യാപിക്കാനാകുമെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നു.
ആഗോള സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ബഹുരാഷ്ട്ര സാഹചര്യങ്ങളിൽ സൈനിക സഹകരണം മുന്നോട്ട് കൊണ്ടുപോകാനും നേതാക്കൾ തീരുമാനിച്ചു. അറബിക്കടലിലെ കടൽ പാതകൾ സുരക്ഷിതമാക്കാൻ സഹായിക്കുന്ന സംയുക്ത സമുദ്ര സേന നാവിക ദൗത്യസംഘത്തിൽ ഭാവിയിൽ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ നേതാക്കൾ പ്രശംസിച്ചു.
ഭീകരതയുടെ ആഗോള വിപത്തിനെതിരെ പോരാടണമെന്നും ലോകത്തിന്റെ എല്ലാ കോണുകളിലെയും ഭീകരവാദികളുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കണമെന്നും നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. 26/11 ലെ മുംബൈ ആക്രമണങ്ങൾ, 2021 ഓഗസ്റ്റ് 26 ന് അഫ്ഗാനിസ്ഥാനിലെ ആബി ഗേറ്റ് ബോംബാക്രമണം തുടങ്ങിയ ഹീനമായ പ്രവൃത്തികൾ തടയുന്നതിനായി അൽ-ഖ്വയ്ദ, ഐസിസ്, ജയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നുള്ള ഭീകരവാദ ഭീഷണികൾക്കെതിരെ സഹകരണം ശക്തിപ്പെടുത്താൻ അവർ പ്രതിജ്ഞാബദ്ധത അറിയിച്ചു. നമ്മുടെ പൗരന്മാരെ ദ്രോഹിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പൊതുവായ ആഗ്രഹം അംഗീകരിച്ച്, തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അംഗീകാരം നൽകിയതായി അമേരിക്ക പ്രഖ്യാപിച്ചു. 26/11 മുംബൈ, പഠാൻകോട്ട് ആക്രമണങ്ങളിലെ കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നേതാക്കൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. വലിയതോതിൽ നശീകരണം നടത്തുന്ന ആയുധങ്ങളുടെ വ്യാപനവും അവയുടെ വിതരണ സംവിധാനങ്ങളും തടയുന്നതിനും ഭീകരവാദികൾക്കും രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്നവർക്കും അത്തരം ആയുധങ്ങൾ ലഭ്യമാകുന്നത് തടയുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ പ്രതിജ്ഞയെടുത്തു.
ജനങ്ങൾ തമ്മിലുള്ള സഹകരണം
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, 300,000-ത്തിലധികം വരുന്ന കരുത്തുറ്റ ഇന്ത്യൻ വിദ്യാർത്ഥി സമൂഹം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 8 ശതകോടി ഡോളറിലധികം സംഭാവന ചെയ്യുന്നുണ്ടെന്നും നിരവധി പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചതായും അവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും ജീവനക്കാരുടെയും കഴിവുകളുടെ പ്രവാഹവും ചലനവും ഇരുരാജ്യങ്ങൾക്കും പരസ്പരം ഗുണം ചെയ്‌തിട്ടുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. നവീകരണം വളർത്തുന്നതിലും, പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും, ഭാവിക്കായി സജ്ജമായ തൊഴിൽശക്തിയുടെ വികസനത്തിലും അന്താരാഷ്ട്ര അക്കാദമിക് സഹകരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇരുനേതാക്കളും, സംയുക്ത/ഇരട്ട ബിരുദ, ട്വിന്നിംഗ് പ്രോഗ്രാമുകൾ, മികവിന്റെ സംയുക്തകേന്ദ്രങ്ങൾ സ്ഥാപിക്കൽ, ഇന്ത്യയിൽ അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഫ്‌ഷോർ കാമ്പസുകൾ സ്ഥാപിക്കൽ തുടങ്ങിയ ശ്രമങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ലോകത്തെ ആഗോള തൊഴിലിടമാക്കി മാറ്റുന്നതിന് നൂതനവും, പരസ്പര പ്രയോജനകരവും, സുരക്ഷിതവുമായ മൊബിലിറ്റി ചട്ടക്കൂടുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ, വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും നിയമപരമായ സഞ്ചാരത്തിനുള്ള വഴികൾ സുഗമമാക്കുന്നതിനും, ഹ്രസ്വകാല വിനോദസഞ്ചാര-വ്യവസായ യാത്രകൾ സുഗമമാക്കുന്നതിനും, ഇരു രാജ്യങ്ങളുടെയും പരസ്പര സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി, ക്രിമിനലുകൾ, അവരെ സഹായിക്കുന്നവർ, നിയമവിരുദ്ധ കുടിയേറ്റ ശൃംഖലകൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ട് നിയമവിരുദ്ധ കുടിയേറ്റത്തെയും മനുഷ്യക്കടത്തിനെയും ശക്തമായി നേരിടുന്നതിലും നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു.
നിയമവിരുദ്ധ കുടിയേറ്റ ശൃംഖലകൾ, മയക്കുമരുന്നുകടത്തുന്നവർ, ഭീകരർ, മനുഷ്യ-ആയുധ കടത്തുകാർ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റുകൾ, പൊതുജനങ്ങളുടെയും നയതന്ത്ര സുരക്ഷയ്ക്കും സംരക്ഷണത്തിനും, ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും ഭീഷണിയാകുന്ന മറ്റ് ഘടകങ്ങൾ എന്നിവയ്‌ക്കെതിരെ നിർണായക നടപടി സ്വീകരിക്കുന്നതിന് നിയമ നിർവഹണ സഹകരണം ശക്തിപ്പെടുത്തുന്നതിനും നേതാക്കൾ പ്രതിജ്ഞാബദ്ധരാണ്.
നമ്മുടെ ഗവൺമെന്റുകൾ, വ്യവസായങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ ഉയർന്ന തലത്തിലുള്ള ഇടപെടൽ നിലനിർത്താനും, ശോഭനവും സമൃദ്ധവുമായ ഭാവിക്കായുള്ള നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും, ആഗോള നന്മയെ സേവിക്കുന്നതിനും, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് സംഭാവന നൽകുന്നതുമായ സജീവ ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിനായുള്ള അവരുടെ ഉത്കൃഷ്ട കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും പ്രതിജ്ഞ ചെയ്തു.
***
SK
Addressing the press meet with @POTUS @realDonaldTrump. https://t.co/u9a3p0nTKf
— Narendra Modi (@narendramodi) February 13, 2025
सबसे पहले मैं, मेरे प्रिय मित्र राष्ट्रपति ट्रम्प को मेरे शानदार स्वागत और आतिथ्य सत्कार के लिए हार्दिक आभार व्यक्त करता हूँ।
— PMO India (@PMOIndia) February 13, 2025
राष्ट्रपति ट्रम्प ने भारत और अमेरिका संबंधों को अपने नेतृत्व से संजोया है, जीवंत बनाया है: PM @narendramodi
हम मानते हैं कि भारत और अमेरिका का साथ और सहयोग एक बेहतर विश्व को shape कर सकता है: PM @narendramodi
— PMO India (@PMOIndia) February 13, 2025
अमेरिका की भाषा में कहूं तो विकसित भारत का मतलब Make India Great Again, यानि “मीगा” है।
— PMO India (@PMOIndia) February 13, 2025
जब अमेरिका और भारत साथ मिलकर काम करते हैं, यानि “मागा” प्लस “मीगा”, तब बन जाता है –“मेगा” पार्ट्नर्शिप for prosperity.
और यही मेगा spirit हमारे लक्ष्यों को नया स्केल और scope देती है: PM
अमेरिका के लोग राष्ट्रपति ट्रम्प के मोटो, Make America Great Again, यानि “मागा” से परिचित हैं।
— PMO India (@PMOIndia) February 13, 2025
भारत के लोग भी विरासत और विकास की पटरी पर विकसित भारत 2047 के दृढ़ संकल्प को लेकर तेज गति शक्ति से विकास की ओर अग्रसर हैं: PM @narendramodi
भारत की defence preparedness में अमेरिका की महत्वपूर्ण भूमिका है।
— PMO India (@PMOIndia) February 13, 2025
Strategic और trusted partners के नाते हम joint development, joint production और Transfer of Technology की दिशा में सक्रिय रूप से आगे बढ़ रहे हैं: PM @narendramodi
आज हमने TRUST, यानि Transforming Relationship Utilizing Strategic Technology पर सहमती बनायीं है।
— PMO India (@PMOIndia) February 13, 2025
इसके अंतर्गत critical मिनरल, एडवांस्ड material और फार्मास्यूटिकल की मजबूत सप्लाई chains बनाने पर बल दिया जायेगा: PM @narendramodi
भारत और अमेरिका की साझेदारी लोकतंत्र और लोकतान्त्रिक मूल्यों तथा व्यवस्थाओं को सशक्त बनाती है।
— PMO India (@PMOIndia) February 13, 2025
Indo-Pacific में शांति, स्थिरता और समृद्धि को बढ़ाने के लिए हम मिलकर काम करेंगे।
इसमें Quad की विशेष भूमिका होगी: PM @narendramodi
आतंकवाद के खिलाफ लड़ाई में भारत और अमेरिका दृढ़ता से साथ खड़े रहे हैं।
— PMO India (@PMOIndia) February 13, 2025
हम सहमत हैं कि सीमापार आतंकवाद के उन्मूलन के लिए ठोस कार्रवाई आवश्यक है: PM @narendramodi