ഇന്ത്യയ്ക്കും തായ്വാനുമിടയില് വിമാന സര്വ്വീസ് തുടങ്ങുന്നതിന് കരാര് ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ന്യൂഡല്ഹിയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. ഇന്ത്യയിലെ തായ്വാന്റെ പ്രതിനിധിയുടെ ഓഫീസായ തായ്പേയി സാമ്പത്തിക സാംസ്കാരിക കേന്ദ്രവും, തായ്വാനിലെ ഇന്ത്യന് പ്രതിനിധിയുടെ ഓഫീസായ ഇന്ത്യ – തായ്പേയ് അസോസിയേഷനും തമ്മിലാണ് വിമാന സര്വ്വീസ് കരാര് ഒപ്പിടുക. ഇന്ത്യയ്ക്കും തായ്വാനുമിടയില് നിലവില് ഔദ്യോഗിക വിമാന സര്വ്വീസ് കരാറില്ല. എയര് ഇന്ത്യ ചാര്ട്ടേഴ്സ് ലിമിറ്റഡും തായ്പേയിലെ എയര്ലൈനുകളുടെ സംഘടനകളും തമ്മില് കൈമാറിയിട്ടുള്ള ഒരു ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില് ഇരു രാജ്യങ്ങള്ക്കുമിടയില് വിമാന സര്വ്വീസുകള് നടക്കുന്നത്.
ഔദ്യോഗിക കരാര് നിലവില് വരുന്നത് ഇന്ത്യയ്ക്കും തായ്വാനുമിടയിലെ സിവില് വ്യോമയാന ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലായിരിക്കും. ഒപ്പം ഇരു രാജ്യങ്ങള്ക്കുമിടയില് വര്ദ്ധിച്ച തോതിലുള്ള വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം, സാംസ്കാര വിനിമയം എന്നിവ യാഥാര്ത്ഥ്യമാക്കാനും ഇത് വഴിയൊരുക്കും.