ഇന്ത്യയുടെ ജി20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 8നു വിദൂരദൃശ്യസംവിധാനത്തിലൂടെ പുറത്തിറക്കും. വൈകിട്ട് 4.30നാണു ചടങ്ങ്.
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ വിദേശനയം, ആഗോളതലത്തിൽ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുംവിധത്തിൽ വളരുകയാണ്. ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പായാണ് 2022 ഡിസംബർ 1 മുതൽ ഇന്ത്യ ജി20 പ്രസിഡൻസി ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ ആഗോള അജണ്ടയിൽ സംഭാവനയേകുന്നതിന് ജി20 പ്രസിഡൻസി ഇന്ത്യക്ക് സവിശേഷമായ അവസരമൊരുക്കും. നമ്മുടെ ജി20 പ്രസിഡൻസിയുടെ ലോഗോയും പ്രമേയവും വെബ്‌സൈറ്റും ഇന്ത്യയുടെ സന്ദേശവും, അതിനുപരിയായി ലോകത്തിനായുള്ള മുൻഗണനകളും പ്രതിഫലിപ്പിക്കും.
ആഗോള ജിഡിപിയുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%, ലോകജനസംഖ്യയുടെ മൂന്നിൽരണ്ടു ഭാഗം എന്നിവ പ്രതിനിധാനംചെയ്യുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണു ജി20. ജി20 പ്രസിഡൻസി കാലയളവിൽ, രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിലായി 32 വ്യത്യസ്ത മേഖലകളിൽ 200ഓളം യോഗങ്ങൾ ഇന്ത്യ നടത്തും. അടുത്തവർഷം നടക്കുന്ന ജി20 ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലൊന്നായിരിക്കും.
–ND–