ഇന്ത്യയുടെ ജി-20 അധ്യക്ഷത സംബന്ധിച്ച ഏകോപനസമിതിയുടെ ഏഴാം യോഗം ന്യൂഡൽഹി പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തിൽ നടന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര അധ്യക്ഷനായി. ഉച്ചകോടിയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന- ലോജിസ്റ്റിക് ക്രമീകരണങ്ങളെക്കുറിച്ചു യോഗം ചർച്ച ചെയ്തു. ഷെർപ്പ – ഫിനാൻസ് പാതകളിലെ പുരോഗതിയും ഫലങ്ങളും അവലോകനം ചെയ്തു.
ജി 20 ഷെർപ്പ, സാമ്പത്തികകാര്യ സെക്രട്ടറി, വിവര- പ്രക്ഷേപണ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച അവതരണങ്ങൾ നടത്തി. ഹരിത വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജികൾ) ത്വരിതപ്പെടുത്തൽ, സുസ്ഥിരവും സന്തുലിതവുമായ ഏവരെയും ഉൾക്കൊള്ളുന്ന കരുത്തുറ്റ വളർച്ച, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം, ബഹുമുഖ സ്ഥാപനങ്ങളുടെ പരിഷ്കരണം എന്നിവ ഉൾപ്പെടെ ഇന്ത്യയുടെ ജി-20 അധ്യക്ഷതയുടെ മുൻഗണനകളിൽ ചർച്ച നടന്നു.
രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി, മന്ത്രിതലത്തിലുള്ള 13 യോഗങ്ങൾ ഉൾപ്പെടെ, ഇതുവരെ ആകെ 185 യോഗങ്ങൾ സംഘടിപ്പിച്ചതായി ഷെർപ്പ (ജി-20) അറിയിച്ചു. അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട 12 രേഖകൾ കൂടാതെ, സമവായത്തോടെയുള്ള മറ്റ് 12 വികസനലക്ഷ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്.
ക്രിപ്‌റ്റോ ആസ്തി കാര്യപരിപാടി, സാമ്പത്തിക ഉൾപ്പെടുത്തൽ, കാലാവസ്ഥാ ധനസഹായം സജ്ജമാക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുള്ള ധനസഹായം പ്രാപ്തമാക്കൽ എന്നിവ ഉൾപ്പെടെ ധനകാര്യ പാതയിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു.
മീഡിയ സെന്റർ സ്ഥാപിക്കൽ, മീഡിയ അക്രഡിറ്റേഷൻ തുടങ്ങി മാധ്യമങ്ങൾക്കുള്ള ക്രമീകരണങ്ങളെക്കുറിച്ച് ഐ ആൻഡ് ബി സെക്രട്ടറി വിശദീകരിച്ചു. ഇതുവരെ, 1800 വിദേശ മാധ്യമങ്ങളിലെയും 1200-ലധികം ആഭ്യന്തര മാധ്യമങ്ങളിലെയുമുൾപ്പെടെ 3200-ലധികം മാധ്യമ പ്രവർത്തകർ ഉച്ചകോടിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശ മാധ്യമങ്ങൾക്കും ആഭ്യന്തര മാധ്യമങ്ങൾക്കും സൗകര്യമൊരുക്കാൻ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോജിസ്റ്റിക്സ്, സുരക്ഷാ വശങ്ങളുമായി ബന്ധപ്പെട്ട മുൻകാല തീരുമാനങ്ങൾ നടപ്പിലാക്കുന്ന കാര്യവും പ്രിൻസിപ്പൽ സെക്രട്ടറി അവലോകനം ചെയ്തു. വിശിഷ്ടാതിഥികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടികൾ, ഗതാഗതനിർവഹണം, വിമാനത്താവളം, സുരക്ഷാ ക്രമീകരണങ്ങൾ, നേതൃതല ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി എൻസിആറിൽ നടക്കുന്ന സൗന്ദര്യവൽക്കരണ യജ്ഞം എന്നിവയെക്കുറിച്ച് ഡൽഹി ഗവണ്മെന്റും ഡൽഹി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും വിശദീകരിച്ചു. അടുത്ത മാസം നടക്കുന്ന ജി-20 നേതൃ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ കൈവരിച്ച മികച്ച പുരോഗതി ചൂണ്ടിക്കാട്ടിയ പ്രിൻസിപ്പൽ സെക്രട്ടറി, അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
സമയബന്ധിതവും പര്യാപ്തവുമായ തയ്യാറെടുപ്പുകൾ ഉറപ്പാക്കുന്നതിൽ ഗവണ്മെന്റിന്റെ സർവതോമുഖ സമീപനത്തിന്റെയും പ്രവർത്തനത്തിന്റെയും തുടർച്ചയായ പ്രാധാന്യത്തെക്കുറിച്ച് ശ്രീ മിശ്ര വ്യക്തമാക്കി. ഉച്ചകോടിക്ക് ഒരു മാസം ബാക്കിനിൽക്കെ, കൃത്യതയോടെ അവസാനവട്ട തയ്യാറെടുപ്പുകൾക്കു സമയമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദമായ എസ്ഒപികൾ വികസിപ്പിക്കണമെന്നും സുഗമമായ നിർവഹണത്തിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം, രാജ്യത്തുടനീളമുള്ള യുവ ഉദ്യോഗസ്ഥർക്ക് ഉച്ചകോടിയുടെ സംഘാടനത്തിൽ പങ്കെടുക്കാനും പഠിക്കാനും അവസരം നൽകുന്നുണ്ട്.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ, കാബിനറ്റ് സെക്രട്ടറി, ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ/വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
–ND–