Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും സൈപ്രസുമായി ഇരട്ടനികുതിയും സാമ്പത്തികവെട്ടിപ്പും തടയാനുള്ള കരാര്‍ ഒപ്പിടുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


നികുതിവെട്ടിപ്പു തടയാന്‍ ഇന്ത്യ ഒരു വന്‍ ചുവടു കൂടി വെച്ചു. ആദായനികുതിയുമായി ബന്ധപ്പെട്ടുള്ള ഇരട്ട നികുതിയും സാമ്പത്തികവെട്ടിപ്പും ഒഴിവാക്കാന്‍ ഇന്ത്യയും സൈപ്രസും തമ്മില്‍ കരാറും ഔദ്യോഗിക രേഖയും ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

മൗറീഷ്യസുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറില്‍ ഭേദഗതികള്‍ വരുത്തിയതിനു തൊട്ടുപിറകെയാണ് ഈ നടപടി. മൂലധന നേട്ടത്തിന് സ്ഥാപനങ്ങളുടെ ആസ്ഥാനം എവിടെയെന്നതിന്റെ അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ മൗറീഷ്യസുമായുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ക്കു സമാനമാണു സൈപ്രസുമായുണ്ടാക്കിയിട്ടുള്ള കരാറും. കരാര്‍ പുതുക്കുന്നതോടെ സൈപ്രസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങള്‍ക്ക് മൂലധനനേട്ടമുണ്ടായാല്‍ അതിനുള്ള നികുതി ഇന്ത്യയില്‍ ഈടാക്കാന്‍ സാധിക്കും. എന്നാല്‍ ഇരട്ടനികുതി ഉണ്ടാവുകയുമില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഇന്ത്യയിലുണ്ടാകുന്ന മൂലധന നേട്ടത്തിന് ഇന്ത്യയില്‍ തന്നെ നികുതി ഈടാക്കാന്‍ സാധിക്കും. ആസ്ഥാനം എവിടെയെന്നതിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കാന്‍ നേരത്തേയുണ്ടായിരുന്ന സംവിധാനം ശരിയായ ആസ്ഥാനമുള്ള രാജ്യത്തു നികുതിവെട്ടിപ്പു നടത്തുന്നതിനും നിക്ഷേപം വഴിതിരിച്ചുവിടുന്നതിനും പഴുതുകള്‍ ഉള്ളതായിരുന്നു. മൗറീഷ്യസിന്റെ കാര്യത്തില്‍ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതു ഗുണം ചെയ്തതുപോലെ സൈപ്രസിന്റെ കാര്യത്തിലും ഭേദഗതി ഗുണകരമാകും. സമാനമായ മാറ്റങ്ങള്‍ വരുത്താന്‍ സിംഗപ്പൂരുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്.