പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇന്ത്യയും ഫിജിയുമായി എയര്‍ സര്‍വീസസ് കരാര്‍ (എ.എസ്.എ.) ഒപ്പിടുന്നതിന് അനുമതി നല്‍കി.
1974 ജനുവരി 28ന് ഒപ്പുവെച്ചിരുന്ന നിലവിലുള്ള ഇന്ത്യ-ഫിജി എ.എസ്.എ. പുതുക്കുന്നതിനുള്ളതാണു പുതിയ കരാര്‍. വ്യോമഗതാഗത രംഗത്തെ നൂതനമായ പുതുമകള്‍ക്ക് അനുസൃതമായും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വ്യോമഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടും ഐ.സി.എ.ഒ. ഏറ്റവും അവസാനം തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് കരാര്‍ പുതുക്കല്‍.
നിയമ നീതിനിര്‍വഹണ മന്ത്രാലയം (നിയമകാര്യ വകുപ്പ്), ധനകാര്യ മന്ത്രാലയം (സാമ്പത്തിക കാര്യ വകുപ്പ്, റവന്യൂ വകുപ്പ്), വിദേശകാര്യ മന്ത്രാലയം, വാണിജ്യ വകുപ്പ്, വിനോദസഞ്ചാര മന്ത്രാലയം എന്നിവയുമായി ചര്‍ച്ച നടത്തിയാണ് എ.എസ്.എയുടെ കരടിനു രൂപം നല്‍കിയത്.
സര്‍വീസ് നടത്താന്‍ ഒന്നോ അതിലധികമോ എയര്‍ലൈനുകളെ ചുമതലപ്പെടുത്താന്‍ ഇരു രാജ്യങ്ങള്‍ക്കും അധികാരമുണ്ടായിരിക്കും, ചുമതലപ്പെടുത്തുന്ന എയര്‍ലൈനുകള്‍ക്ക് മറ്റേ രാജ്യത്തില്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ അവകാശമുണ്ടായിരിക്കും എന്നു തുടങ്ങി ഏഴു പ്രധാന സവിശേഷതകള്‍ ഉള്‍പ്പെട്ടതാണ് കരാര്‍.