Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ കെയ്‌സായ് ദോയുകായ് പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ കെയ്‌സായ് ദോയുകായ് പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനായി കെയ്‌സായ് ദോയുകായ് (ജപ്പാൻ അസോസിയേഷൻ ഓഫ് കോർപ്പറേറ്റ് എക്‌സിക്യൂട്ടീവ്‌സ്) ചെയർപേഴ്‌സൺ ശ്രീ തകേഷി നിനാമിയുടെയും 20 വ്യവസായ പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ സ്വീകരിച്ചു.

ഉഭയകക്ഷിവ്യാപാരം ശക്തിപ്പെടുത്തൽ, നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കൽ, കൃഷിയിലും സമുദ്രോൽപ്പന്നങ്ങളിലും ബഹിരാകാശ-പ്രതിരോധ-ഇൻഷുറൻസ്-സാങ്കേതികവിദ്യ-അടിസ്ഥാനസൗകര്യ- വ്യോമയാന–സംശുദ്ധ ഊർജ-ആണവോർജ മേഖലകളിലും എംഎസ്എംഇ പങ്കാളിത്തത്തിലും സഹകരണം വളർത്തൽ എന്നിവ ചർച്ചകളുടെ ഭാഗമായി.

ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്തം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, വ്യാവസായിക സൗഹൃദാന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യയിൽ ജപ്പാൻ നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ജപ്പാൻ പ്ലസ് സംവിധാനത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. നിക്ഷേപകർക്ക് അവ്യക്തതയോ മടിയോ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണം നയാധിഷ്ഠിതമാണെന്നും സുതാര്യവും പ്രവചനാത്മകവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വ്യോമയാന മേഖലയുടെ വലിയ തോതിലുള്ള വളർച്ചയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പുതിയ വിമാനത്താവളങ്ങളുടെ നിർമാണം, ലോജിസ്റ്റിക്സ് ശേഷികളുടെ വികാസം എന്നിവയുൾപ്പെടെ സുപ്രധാന അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിശാലമായ വൈവിധ്യം കണക്കിലെടുക്കുമ്പോൾ, നിർമിതബുദ്ധി മേഖലയിൽ രാജ്യം സുപ്രധാന പങ്കുവഹിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. നിർമിതബുദ്ധിയിൽ വ്യാപൃതരായവരുമായി സഹകരണം വളർത്തേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യയുമായി കൈകോർക്കാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.

ജൈവ ഇന്ധനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ദൗത്യം ആരംഭിച്ചതിലൂടെ, ഹരിതോർജ മേഖലയിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രധാന മൂല്യവർദ്ധന ഉറപ്പാക്കി, ജൈവ ഇന്ധനങ്ങളിൽനിന്ന്, കാർഷിക മേഖലയ്ക്കു വിശേഷിച്ചും, നേട്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

***

NK

ഇൻഷുറൻസ് മേഖല തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും ബഹിരാകാശ-ആണവോർജ മേഖലകളിലെ നൂതന അവസരങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ജപ്പാനിൽ നിന്നുള്ള മുതിർന്ന വ്യാവസായിക നേതാക്കൾ ഉൾപ്പെടുന്ന കെയ്‌സായ് ദോയുകായ് പ്രതിനിധിസംഘം ഇന്ത്യക്കുവേണ്ടിയുള്ള പദ്ധതികൾ പങ്കുവച്ചു. മാവനവിഭവശേഷിയിലും നൈപുണ്യവികസനത്തിലും ഇന്ത്യയും ജപ്പാനും പരസ്പരപൂരകമായി പ്രവർത്തിക്കുന്നതിനെ പ്രയോജനപ്പെടുത്തുന്നതിൽ അവർ താൽപ്പര്യം പ്രകടിപ്പിച്ചു. ഭാവിയിലെ സഹകരണങ്ങളിൽ ഇരുപക്ഷവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. വരുംവർഷങ്ങളിൽ വ്യാവസായിക-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യക്കും ജപ്പാനുമിടയിൽ വളർന്നുവരുന്ന ബന്ധത്തെ സൺടോറി ഹോൾഡിങ്സ് ലിമിറ്റഡിന്റെ പ്രതിനിധിഡയറക്ടറും പ്രസിഡന്റും സിഇഒയുമായ നിനാമി തകേഷി അഭിനന്ദിച്ചു. ജപ്പാന് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള വലിയ അവസരമാണു താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ എന്ന കാഴ്ചപ്പാടും അദ്ദേഹം പരാമർശിച്ചു.

ജപ്പാനിലെ വ്യവസായം ഇന്ത്യയിൽ നിക്ഷേപിക്കണമെന്ന തന്റെ കാഴ്ചപ്പാടും പ്രതീക്ഷകളും പ്രധാനമന്ത്രി മോദി വളരെ വ്യക്തമായി വിശദീകരിച്ചതായി എൻഇസി കോർപ്പറേഷന്റെ കോർപ്പറേറ്റ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഗവൺമെന്റ് അഫയേഴ്‌സ് ഓഫീസറുമായ തനക ഷിഗെഹിരോ അഭിപ്രായപ്പെട്ടു.

2047ൽ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് ജപ്പാൻ വ്യവസായ മേഖലയുടെ പിന്തുണയും പ്രതിജ്ഞാബദ്ധതയും അർഥവത്തായതും പരസ്പരപ്രയോജനകരവുമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗം തീരുമാനിച്ചു.