ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) യും, സൗദി അറേബ്യയുടെ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ്‌സ് (എസ്.ഒ.സി.പി.എ) യും തമ്മില്‍ പരസ്പര സഹകരണത്തിന് 2014 ല്‍ ഒപ്പുവച്ച ധാരണാപത്രത്തിനും അതിന്റെ പുതുക്കലിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. കോര്‍പ്പറേറ്റ് ഭരണ നിര്‍വ്വഹണം, സാങ്കേതിക ഗവേഷണവും ഉപദേശവും, ഗുണനിലവാരം ഉറപ്പാക്കല്‍, ഫോറന്‍സിക്ക് അക്കൗണ്ടിംഗ്, ചെറുകിട ഇടത്തരം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇസ്ലാമിക് ഫിനാന്‍സ്, തൊഴില്‍പരമായ മികവിന്റെ വികസനം എന്നിവയുള്‍പ്പെടെ അക്കൗണ്ടന്‍സി രംഗത്ത് ഉഭയകക്ഷി താല്‍പര്യമുള്ള വിവിധ വിഷയങ്ങളില്‍ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ധാരണാപത്രം.
പ്രധാന ഫലങ്ങള്‍:
ഐ.സി.എ.ഐ. അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ സംഘടനകള്‍ മുതലായവരുടെ ഉത്തമതാല്‍പര്യങ്ങള്‍ക്കനുസൃതമായി ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ ഒരു ബന്ധം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.
ഐ.സി.എ.ഐ. അംഗങ്ങള്‍ക്ക് തങ്ങളുടെ തൊഴില്‍ പരമായ മേഖലകള്‍ വികസിപ്പിക്കാന്‍ ധാരണാപത്രം വഴിയൊരുക്കുന്നു. ഇരു രാജ്യങ്ങളിലെയും തദ്ദേശവാസികളുടെ ശേഷി വികസനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമായി ഐ.സി.എ.ഐ. മാറും.
അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തൊഴില്‍ മേഖലയിലെ മികവ് വികസിപ്പിക്കുന്നതിന് ഐ.സി.എ.ഐ. യെ ധാരണാപത്രം സഹായിക്കും.
ഗുണഭോക്താക്കള്‍ :
സൗദി അറേബ്യയിലേയും, ജിദ്ദയിലേയും, റിയാദിലേയും മൂന്ന് ചാപ്റ്ററുകളിലായി 200 ലധികം അംഗങ്ങളുള്ള ശക്തമായ സാന്നിദ്ധ്യമായി ഐ.സി.എ.ഐ. മാറിയിട്ടുണ്ട്. ഐ.സി.എ.യും എസ്.ഒ.സി.പി.എ.യും തമ്മിലുള്ള കരുത്തുറ്റ പ്രവര്‍ത്തന ബന്ധങ്ങള്‍ വഴി ഇന്ത്യയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്കും സ്വന്തം നാട്ടിലും, സൗദി അറേബ്യയിലും ഗണ്യമായ തൊഴിലവസരം സൃഷ്ടിക്കപ്പെടും.
പശ്ചാത്തലം :
ഇന്ത്യയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി തൊഴില്‍ മേഖലയെ നിയന്ത്രിക്കുന്നതിന് പാര്‍ലമെന്റ് പാസ്സാക്കിയ 1949 ലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് നിയമ പ്രകാരം നിയമപരമായി സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ്‌സ് (എസ്.ഒ.സി.പി.എ) ആകട്ടെ ആ രാജ്യത്തെ രാജ കല്‍പ്പന പ്രകാരം രൂപീകരിക്കപ്പെട്ട പ്രൊഫഷണല്‍ സംഘടനയാണ്.