Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്തോനേഷ്യന്‍ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

ഇന്തോനേഷ്യന്‍ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ


ആദരണീയനായ പ്രസിഡന്റും എന്റെ സഹോദരനുമായ പ്രബോവോ സുബിയാന്റോ,

ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ, മാധ്യമങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളേ,

നമസ്‌കാരം!

ഇന്ത്യയുടെ പ്രഥമ റിപ്പബ്ലിക് ദിനത്തില്‍ ഇന്തോനേഷ്യയായിരുന്നു നമ്മുടെ മുഖ്യാതിഥി. നാം 75-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ചരിത്രപ്രധാനമായ ഈ സന്ദര്‍ഭത്തിന്റെ ഭാഗമാകുന്നതിനുള്ള ക്ഷണം ഒരിക്കല്‍ക്കൂടി ഇന്തോനോഷ്യ അംഗീകരിച്ചതില്‍ നാം വളരെയധികം അഭിമാനിക്കുന്നു. ഈ അവസരത്തില്‍, പ്രസിഡന്റ് പ്രബോവോയെ ഇന്ത്യയിലേക്ക് ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളെ,

2018-ലെ എന്റെ ഇന്തോനേഷ്യന്‍ സന്ദര്‍ശന വേളയില്‍, നമ്മുടെ പങ്കാളിത്തത്തെ തന്ത്രപരമായ ഒരു സമഗ്ര പങ്കാളിത്തമാക്കി മാറ്റുന്നന്നതില്‍ ഞങ്ങള്‍ വിജയിച്ചു. ഇന്ന്, പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രസിഡന്റ് പ്രബോവോയുമായി ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ മേഖലയിലെ നമ്മുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്, പ്രതിരോധ നിര്‍മ്മാണം, വിതരണ ശൃംഖല തുടങ്ങളിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഞങ്ങള്‍ തീരുമാനിച്ചു.

സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, ഡീ-റാഡിക്കലൈസേഷന്‍ (തീവ്രവാദികളുടെ പരിവര്‍ത്തനം) എന്നിവയിലെ സഹകരണത്തിനും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സമുദ്ര സുരക്ഷയും സംരക്ഷണവും സംബന്ധിച്ച ഇന്ന് ഒപ്പുവച്ച കരാര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, തിരയല്‍, രക്ഷാപ്രവര്‍ത്തനം, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകളിലെ നമ്മുടെ സഹകരണം ശക്തിപ്പെടുത്തും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ ഉഭയകക്ഷി വ്യാപാരം അതിവേഗം വളരുകയാണ്, കഴിഞ്ഞ വര്‍ഷം ഇത് 30 ബില്യണ്‍ യു.എസ് ഡോളര്‍ കവിഞ്ഞു.

ഇത് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിപണി പ്രാപ്യത, ട്രെയ്ഡ് ബാസ്‌ക്കറ്റ് എന്നിവ വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. സ്വകാര്യ മേഖലയും ഈ ശ്രമങ്ങളില്‍ തുല്യ പങ്കാളികളാണ്. ഇന്ന് നടന്ന സി.ഇ.ഒ ഫോറം യോഗത്തെയും സ്വകാര്യ മേഖലകളില്‍ അന്തിമമാക്കിയ കരാറുകളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഫിന്‍ടെക്, നിര്‍മ്മിത ബുദ്ധി (എ.ഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ പരസ്പര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഞങ്ങള്‍ തീരുമാനിച്ചു.

ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍, ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും പൊതുവിതരണ സംവിധാനത്തില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളും അനുഭവങ്ങളും ഇന്ത്യ ഇന്തോനേഷ്യയുമായി പങ്കിടുന്നുണ്ട്. ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍, ശാസ്ത്ര സാങ്കേതിക വിദ്യ, ബഹിരാകാശം, സ്‌റ്റെം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ദുരന്ത നിവാരണ അതോറിറ്റികള്‍ ഒത്തുചേര്‍ന്ന് സംയുക്ത അഭ്യാസങ്ങളും നടത്തും .

സുഹൃത്തുക്കളെ,

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കഥകളും ‘ബാലി ജാത്ര’യും നമ്മുടെ മഹത്തായ രണ്ട് രാഷ്ട്രങ്ങളും തമ്മിലുള്ള പുരാതനവും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങളുടെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്. ബോറോബുദ്ദൂര്‍ ബുദ്ധമത ക്ഷേത്രത്തിന് ശേഷം, ഇനി പ്രംബനന്‍ ഹിന്ദു ക്ഷേത്രത്തിന്റെ സംരക്ഷണ ശ്രമങ്ങള്‍ക്കും ഇന്ത്യ  സംഭാവന നൽകും എന്നത് എനിക്ക് വളരെയധികം സന്തോഷം പ്രദാനം ചെയ്യുന്നു .

അതിനുപുറമെ, 2025 വര്‍ഷം ഇന്തോ-ആസിയാന്‍ ടൂറിസം വര്‍ഷമായി ആഘോഷിക്കും. ഇത് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയങ്ങളേയും ടൂറിസത്തേയും പ്രോത്സാഹിപ്പിക്കും.

സുഹൃത്തുക്കളെ,

ആസിയാനിലും, ഇന്തോ-പസഫിക് മേഖലകളിലും നമ്മുടെ പ്രധാന പങ്കാളിയാണ് ഇന്തോനേഷ്യ. ഈ മേഖലയിലാകെ സമാധാനം, സുരക്ഷ, സമൃദ്ധി, നിയമാധിഷ്ഠിത ക്രമം എന്നിവ നിലനിര്‍ത്തുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി നാവിഗേഷനുള്ള (സമുദ്രസഞ്ചാരം ) സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നതിനോട് ഞങ്ങള്‍ യോജിക്കുന്നു.

ആസിയാന്‍ ഐക്യത്തിനും കേന്ദ്രീകരണത്തിനും നമ്മുടെ ആക്റ്റ് ഈസി പോളിസിയില്‍, ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജി-20, ആസിയാന്‍, ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ തുടങ്ങിയ വേദികളില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുകയും ചെയ്യും.

ഇന്തോനേഷ്യയുടെ  ബ്രിക്സ് അംഗത്വത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.  ഈ വേദികളിലെല്ലാം, ഗ്ലോബല്‍ സൗത്തിലെ രാഷ്ട്രങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും വേണ്ടി നാം ഏകോപനത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കും.

എക്സല്ലെൻസി,

നാളത്തെ ഞങ്ങളുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായുള്ള താങ്കളുടെ ഇന്ത്യന്‍ സന്ദര്‍ശനം ഞങ്ങള്‍ക്ക് അത്യധികം അഭിമാനകരമാണ്. ഈ പരിപാടിയില്‍ ഇന്തോനേഷ്യന്‍ മാര്‍ച്ചിംഗ് സ്‌ക്വാഡിനെ ആദ്യമായി കാണുന്നതിന് ഞങ്ങള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരിക്കല്‍ കൂടി, താങ്കളേയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഞാന്‍ ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതം ചെയ്യുന്നു.

വളരെ നന്ദി.

നിരാകരണം – പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസ്താവനകള്‍.

 

-AT-