Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആസാദ് ഹിന്ദ് ഫൗജിന്റെ 75-ാമത് വാര്‍ഷിക അനുസ്മരണ വേളയില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗം

ആസാദ്  ഹിന്ദ് ഫൗജിന്റെ 75-ാമത് വാര്‍ഷിക അനുസ്മരണ വേളയില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗം

ആസാദ്  ഹിന്ദ് ഫൗജിന്റെ 75-ാമത് വാര്‍ഷിക അനുസ്മരണ വേളയില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗം

ആസാദ്  ഹിന്ദ് ഫൗജിന്റെ 75-ാമത് വാര്‍ഷിക അനുസ്മരണ വേളയില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗം


മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ മഹേഷ് ശര്‍മാജി, ഇവിടെ സന്നിഹിതരായിരിക്കുന്ന ആസാദ് ഹിന്ദ് ഫൗജ് അംഗവും രാജ്യത്തിന്റെ വീരപുത്രനുമായ ശ്രീ ലാല്‍ജി റാം ജി, സുഭാഷ് ബാബുവിന്റെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസ്, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാര ജി, രാജ്യരക്ഷാ സേനകളിലെ ഇതര ഉദ്യോഗസ്ഥരെ, മറ്റ് വിശിഷ്ടാതിഥികളെ, സഹോദരീ സഹോദരന്മാരെ,

ഇന്ന് ചരിത്ര പ്രസിദ്ധമായ ഒക്‌ടോബര്‍ 21 ആണ്. ഇവിടെ പതാക ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ സന്നിഹിതനാകാന്‍ സാധിച്ചത് തന്നെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ ചുവപ്പ് കോട്ടയിലാണ് 75 വര്‍ഷം മുമ്പ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ഒരു വിജയാഘോഷപ്രകടനം സ്വപ്‌നം കണ്ടത്. ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാജി ഈ ചുവപ്പ് കോട്ടയില്‍ മൂവര്‍ണ പതാക മഹത്വത്തോടെ പാറിപ്പറക്കുന്ന ഒരു ദിനം വരുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. അവിഭക്ത ഇന്ത്യയുടെ ഭരണകൂടമായിരുന്നു ആസാദ് ഹിന്ദ് ഗവണ്‍മെന്റ്. ആസാദ്ഹിന്ദ് ഗവണ്‍മെന്റിന്റെ 75-ാമത് വാര്‍ഷികത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

രാഷ്ട്രത്തിനു വേണ്ടി മാത്രം സ്വയം സമര്‍പ്പിച്ചവരെ, ലക്ഷ്യങ്ങള്‍ നേടാന്‍ സര്‍വ്വസ്വവും നല്കാന്‍ തയ്യാറായിരുന്നവരെ, കൃത്യമായ വീക്ഷണങ്ങള്‍ ഉണ്ടായിരുന്നവരെ തലമുറകള്‍ അനുസ്മരിക്കുകയും അവരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യും. നേതാജിയെ പോലെ ഒരു പുത്രനെ രാജ്യത്തിനു നല്കിയ ആ മാതാപിതാക്കളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ രാഷ്ട്രത്തിനു വേണ്ടി അവരുടെ ജീവിതങ്ങള്‍ ബലിയര്‍പ്പിച്ചവരാണ്. ധീര ഹൃദയങ്ങള്‍ക്കു ജന്മം നല്കിയവരാണ്. സ്വാതന്ത്ര്യ സമരത്തിനു വേണ്ടി എല്ലാം സമര്‍പ്പിച്ച പടയാളികള്‍ക്കു മുന്നില്‍ അവരുടെ കുടംബങ്ങള്‍ക്കു മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. നേതാജിയുടെ ദൗത്യത്തിനു വേണ്ടി പരിശ്രമങ്ങള്‍ കൊണ്ടും സമര്‍പ്പണം കൊണ്ടും എല്ലാ പിന്തുണയും നല്കിയവരെ, സ്വതന്ത്രവും സമ്പന്നവും ശക്തവുമായ ഇന്ത്യയ്ക്കു വേണ്ടി വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ച ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഞാന്‍ ഓര്‍മ്മിക്കുന്നു.
ആസാദ് ഹിന്ദ് ഗവണ്‍മെന്റ് വെറും ഒരു പേരു മാത്രമല്ല. നേതാജിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എല്ലാ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ രൂപവത്ക്കരിച്ചിരുന്നു. ആ ഗവണ്‍മെന്റിന് സ്വന്തമായ ബാങ്ക് ഉണ്ടായിരുന്നു. കറന്‍സി ഉണ്ടായിരുന്നു, തപാല്‍ സ്റ്റാമ്പ് ഉണ്ടായിരുന്നു, രഹസ്യാന്വേഷണ ശൃംഖല ഉണ്ടായിരുന്നു.രാജ്യത്തിനു വെളിയില്‍ പരിമിതമായ വിഭവങ്ങളുമായി താമസിച്ചുകൊണ്ട് അത്തരത്തില്‍ ബൃഹത്തായ ഒരു ഗവണ്‍മെന്റ് വികസിപ്പിക്കുക എന്നത് അനിതര സാധാരണമായ ഒരു പ്രവൃത്തിയാണ്. ലോകത്തിന്റെ വിശാലമായ മേഖലകളില്‍ ശക്തരായ ഒരു ഗവണ്‍മെന്റിനെതിരെ നേതാജി ആളുകളെ ഏകോപിപ്പിച്ചു. നേതാജിയുടെ ലേഖനങ്ങള്‍ വായിച്ചാല്‍, ആ ധീരതയുടെ അടിസ്ഥാനം ബാല്യം മുതല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്നു മനസിലാക്കാം. 1912 ല്‍ അതായത് 106 വര്‍ഷം മുമ്പ് സുഭാഷ് ബാബു തന്റെ മാതാവിന് അയച്ച ഒരു കത്തില്‍ അടിമത്തത്തില്‍ കഴിയുന്ന ഇന്ത്യയെ ഓര്‍ത്ത് അദ്ദേഹം അനുഭവിച്ച കഠിനായ വേദനയും വ്യഥയും വ്യക്തമാകുന്നുണ്ട്. ഓര്‍ക്കുക, അന്ന് അദ്ദേഹത്തിന് 15-16 വയസ് മാത്രമേ ഉള്ളു. വര്‍ഷങ്ങളോളം കൊളോണിയല്‍ ഭരണത്തിനു കീഴില്‍ കഴിഞ്ഞിരുന്ന ഒരു രാജ്യത്തിന്റെ അവസ്ഥയെ ഓര്‍ത്ത് അദ്ദേഹം അനുഭവിച്ച വേദന അമ്മയ്ക്കുള്ള ആ കത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ആ കത്തില്‍ അദ്ദേഹം അമ്മയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അമ്മേ, നമ്മുടെ രാജ്യം ഇനിയും കാലങ്ങളോളം ഈ അധോഗതി തുടരുമോ. ഭാരതത്തില്‍ സ്വന്തം താല്പര്യങ്ങള്‍ പരിത്യജിച്ചുകൊണ്ട് മാതൃരാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ മാതാവിന്റെ ഒരൊറ്റ പുത്രന്‍ പോലും ഇല്ലേ. അമ്മേ പറയൂ നാം എന്നാണ് ഈ ഉറക്കത്തില്‍ നിന്ന് ഉണരുക. വെറും 15 -16 വയസുള്ള സുഭാഷ് ബാബുവാണ് തന്റെ അമ്മയോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്.

സഹോദരീ സഹോദരന്മാരെ,

അമ്മയ്ക്ക് എഴുതിയ അതേ കത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്കുന്നുണ്ട്. അദ്ദേഹം അമ്മയോടു പറയുന്നു, വയ്യ ഇനിയും കാത്തിരിക്കാന്‍ സാധ്യമല്ല. ഇനിയും ഉറങ്ങി കിടക്കാന്‍ ആര്‍ക്കും ആവില്ല. നിദ്രവിട്ടുണരാന്‍ സമയമായിരിക്കുന്നു. അലസത വെടിഞ്ഞ് പ്രവൃത്തി ആരംഭിക്കൂ. അതായിരുന്ന 15 -16 വയസ്സില്‍ സുഭാഷ് ബാബു. കൗമാരത്തില്‍ സുഭാഷ് ബാബുവിന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്ന ഉത്ക്കടമായ ആ ആഗ്രഹമാണ് അദ്ദേഹത്തെ പിന്നീട് നേതാജി സുഭാഷ് ആക്കി മാറ്റിയത്.

നേതാജിക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരേ ഒരു ദൗത്യം. ഇന്ത്യയുടെ സ്വാതന്ത്ര്യം. അടിമത്തത്തിന്റെ വിലങ്ങുകളില്‍ നിന്ന് ഇന്ത്യയുടെ മോചനം.

അതായിരുന്നു അദ്ദേഹത്തിന്റെ ആശയവും പ്രവര്‍ത്തനരംഗവും.

സുഹൃത്തുക്കളെ,

തന്റെ ജീവിത ലക്ഷ്യം തീരുമാനിക്കുവാന്‍, തന്റെ അസ്തിത്വത്തിന്റെ ഉദ്ദേശ്യം സമര്‍പ്പിക്കുവാന്‍ സ്വാമി വിവേകാനന്ദനില്‍ നിന്ന് അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്ന് നേതാജിക്ക് ഒരു മന്ത്രം ലഭിച്ചിരുന്നു. ലോകത്തെ സേവിക്കുന്നതിലൂടെയേ ഒരാള്‍ക്ക് മോക്ഷം ലഭിക്കുകയുള്ളു. അദ്ദേഹത്തിന്റെ പ്രധാന കാഴ്ച്ചപ്പാട് ജനസേവനം ആയിരുന്നു. അദ്ദേഹം എല്ലാ വേദനകളും സഹിച്ചു. എല്ലാ വെല്ലുവിളികളൈയും അതിജീവിച്ചു. ഇന്ത്യയെ സേവിക്കാനുള്ള ആഗ്രഹം മൂലം എല്ലാ ഗൂഢാലോചനകളും അദ്ദേഹം തകര്‍ത്തു.

സഹോദരീ സഹോദരന്മാരെ, കാലത്തിനൊപ്പം സ്വയം മാറുകയും ലക്ഷ്യം മനസില്‍ കണ്ട് ചുവടുകള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്ന പടയാളികള്‍ക്കൊപ്പമായിരുന്നു സുഭാഷ് ബാബു. അതുകൊണ്ടാണ് അദ്ദേഹം തുടക്കത്തില്‍ കോണ്‍ഗ്രസുകാരനായി ഇന്ത്യയക്കുള്ളില്‍ മഹാത്മ ഗാന്ധിക്കൊപ്പം തന്റെ പരിശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ പിന്നീട് സാഹചര്യങ്ങളാണ് അദ്ദേഹത്തെ സായുധ വിപ്ലവത്തിന്റെ വഴി തെരഞ്ഞുടുക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗം നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു.

സുഹൃത്തുക്കളെ.

ലോകത്തില്‍ അദ്ദേഹം പ്രചരിപ്പിച്ച ആശയത്തിന്റെ പൂന്തേന്‍ ഇന്ത്യമാത്രമല്ല മറ്റെല്ലാ രാജ്യങ്ങളും നുകര്‍ന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്ന എല്ലാ രാജ്യങ്ങളും സുഭാഷ് ചന്ദ്ര ബോസില്‍ നിന്നു ആവേശം ഉള്‍ക്കൊണ്ടു. ഒന്നും അസാധ്യമല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ക്കും ഒന്നിച്ചു നില്ക്കാന്‍ സാധിക്കും. ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ സാധിക്കും, സ്വാതന്ത്ര്യം നേടാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയിലെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ തന്റെ നേതാവും ധീരനായകനുമായി അദ്ദേഹം ആരാധിച്ച സുഭാഷ ബാബുവിനെയായിരുന്നു എന്ന് മഹാനായ സ്വാതന്ത്ര്യ സമര പോരാളിയും, ഭാരത രത്‌ന ജേതാവുമായ നെല്‍സണ്‍ മണ്ടേല പ്രസ്താവിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരെ,

ഇന്നു നാം ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. നാലു വര്‍ഷം കൂടി കഴിഞ്ഞാല്‍ 2022 ല്‍ നാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും ആഘോഷിക്കും. എഴുപത്തിയഞ്ചു വര്‍ഷം മുമ്പ്, പ്രതിജ്ഞയെടുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉള്ള ഒരു ഇന്ത്യയെ സൃഷ്ടിക്കാം എന്നാണ് നേതാജി വാഗ്ദാനം ചെയ്തിരുന്നത്. പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് സമ്പന്നവും മനോഹരവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. രാജ്യത്തിന്റെ സന്തുലിതമായ വികസനവും ഓരോ പ്രദേശത്തിന്റെയും വികസനവുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. തന്റെ രാജ്യത്തെ ദീര്‍ഘ നാള്‍ അടിമത്തത്തില്‍ തളച്ചിട്ട, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉന്മൂലനം ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് സ്വാതന്ത്ര്യം നേടി അനേകം സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും നേതാജിയുടെ സ്വ്പനങ്ങള്‍ ഇനിയും സാക്ഷാത്ക്കരിച്ചിട്ടില്ല. ഇന്ത്യ അനേകം കാതം യാത്ര ചെയ്തു കഴിഞ്ഞു. പക്ഷെ എത്രയോ പുതിയ ഉയരങ്ങള്‍ ഇനിയും കീഴടക്കാനുണ്ട്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ ഇന്ന് ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ പുതിയ ഇന്ത്യ എന്ന പ്രതിജ്ഞയുമായി മുന്നോട്ടു നിങ്ങുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്വപ്‌നം കണ്ട് ആ പുതിയ ഇന്ത്യ.

ശിഥിലീകരണ ശക്തികള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ, ഐക്യത്തെ, അഖണ്ഡതയെ അകത്തു നിന്നും പുറത്തു നിന്നും ആക്രമിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ നേതാജിയില്‍ നിന്നു പ്രചോദനം സ്വീകരിച്ച് ഈ ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടാനും അവയെ പരാജയപ്പെടുത്തുവാനും അങ്ങനെ രാജ്യത്തിന്റെ വികസനത്തിന് കലവറയില്ലാത്ത സംഭാവനകള്‍ അര്‍പ്പിക്കുവാനും ഓരോ ഇന്ത്യന്‍ പൗരനും കടമയുണ്ട്.

എന്നാല്‍ സുഹൃത്തുക്കളെ, ഈ പ്രതിജ്ഞകള്‍ക്കൊപ്പം സുപ്രധാനമായ ഒരു കാര്യം കൂടിയുണ്ട്, ദേശീയതയും ഇന്ത്യത്വവും എന്ന വികാരവും അതിന്റെ ആവിഷ്‌കാരവുമാണ് അത്. തന്റെ മനസില്‍ ഇന്ത്യന്‍ ദേശീയതയുടെ അഗ്നി ജ്വലിപ്പിച്ച ആദ്യ വ്യക്തി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന് ചുവപ്പ് കോട്ടയിലെ വിചാരണകളില്‍ ആസാദ് ഹിന്ദ് ഫൗജ് പടയാളി ഷാഹ്നവാസ് ഖാന്‍ പറഞ്ഞു.
ഇന്ത്യക്കാരന്‍ എന്ന വീക്ഷണത്തില്‍ നിന്ന് ഇന്ത്യയെ കാണിച്ചു തന്ന ആദ്യ വ്യക്തി അദ്ദേഹമായിരുന്നു. ഷാഹ്നവാസ്ഖാനെ ഇങ്ങനെ പറയുവാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ എന്തായിരുന്നു. ഇന്ത്യക്കാരന്റെ വീക്ഷണത്തില്‍ ഇന്ത്യയെ കാണുക എന്നത് അത്യന്താപേഷിതമായത് എന്തുകൊണ്ട്. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിലേയ്ക്കു നോക്കുമ്പോള്‍ നമുക്ക് ഇതു കുറച്ചു കൂടി വ്യക്തമാകും.

സഹോദരി സഹോദരന്മാരെ,

തന്റെ കേംബ്രിഡ്ജ് ദിനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സുഭാഷ് ബാബു എഴുതി, ബ്രിട്ടനെക്കാള്‍ വലുതാണ് യൂറോപ്പ് എന്ന് നാം ഇന്ത്യക്കാര്‍ പഠിച്ചു. അതുകൊണ്ട് നാം ഇന്ത്യക്കാര്‍ ഇംഗ്ലണ്ട് എന്ന ത്രിഭുജ കണ്ണാടിയിലൂടെ ഇംഗ്ലണ്ടിനെ കാണുക എന്നത് നമ്മുടെ സ്വഭാവമായി.

നമ്മുടെ സംസ്‌കാരം, നമ്മുടെ ഭാഷ, വിദ്യാഭ്യാസ സമ്പ്രദായം, പാഠ്യ പദ്ധതി, തുടങ്ങി എല്ലാ സമ്പ്രദായങ്ങളും ഇതിന്റെ സ്വാധീനം ഉള്ളവയാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നമുക്ക് സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ മഹാത്മാക്കളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെങ്കില്‍ ആ വൈദേശിക സ്വാധീനം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. സാഹചര്യങ്ങള്‍ തികച്ചും ഭിന്നമാകുമായിരുന്നു.

സുഹൃത്തുക്കളെ,

ഒരു കുടുംബത്തെ മാത്രം ഉന്നത പദവിയിലേയ്ക്ക് ഉയര്‍ത്തുകയും സര്‍ദാര്‍ പട്ടേല്‍, ബാബാസാഹിബ് അംബേദ്ക്കര്‍, നേതാജി തുടങ്ങി രാജ്യത്തെ നിരവധി പുത്രന്മാരുടെ സംഭാവനകളെ പാടെ അവഗണിക്കുകയും ചെയ്യുക എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ്. ഇവിടെ വരുന്നതിനു മുമ്പു തന്നെ നിങ്ങള്‍ അത് അറിഞ്ഞിട്ടുണ്ടാവണം. ദേശീയ പോലീസ് സ്മാരക സമര്‍പ്പണ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അവിടെ ഞാന്‍ ഒരു പ്രഖ്യാപനം നടത്തി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരില്‍ ഒരു ദേശീയ പുരസ്‌കാരം.

ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുകയും പ്രകൃതി ദുരന്ത രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ജീവന്‍ അര്‍പ്പിക്കുകയും ചെയ്ത ധീരരെയും പോലീസുകാരെയുമാണ് നേതാജിയുടെ പേരിലുള്ള ഈ അവാര്‍ഡ് നല്കി ഓരോ വര്‍ഷവും രാഷ്ട്രം ആദരിക്കുക. പോലീസുകാര്‍ക്കും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ഈ പുരസ്‌കാരത്തിന് അര്‍ഹത ഉണ്ട്.

സുഹൃത്തുക്കളെ,

വിവിധ സമൂഹങ്ങളുടെ സന്തുലിതമായ വികസനവും, രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ ഓരോ വ്യക്തിയുടെയും പങ്കും നേതാജിയുടെ വിശാലമായ കാഴ്ച്ചപ്പാടിന്റെ സുപ്രധാന ഘടകങ്ങളാണ്. നേതാജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ആസാദ് ഹിന്ദ് ഗവണ്‍മെന്റ് കിഴക്കന്‍ ഇന്ത്യയെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കവാടമായി പ്രഖ്യാപിച്ചു. 1944 ഏപ്രിലില്‍ കേണല്‍ ഷൗക്കത്ത് മാലിക്കിന്റെ നേതൃത്വത്തില്‍ ആസാദ് ഹിന്ദ് ഫൗജി മണിപ്പൂരിലെ മോയ്‌റാങ്ങില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യ സമരത്തില്‍ കിഴക്കന്‍ ഇന്ത്യയില്‍ നിന്നും വടക്കു കിഴക്കന്‍ ഇന്ത്യയില്‍ നിന്നുമുള്ള ആ ധീരമാനസരുടെ സംഭാവനകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയി എന്നത് ദൗര്‍ഭാഗ്യകരമാണ്. വികസനത്തിന്റെ കാര്യത്തില്‍ ഈ പ്രത്യേക മേഖല എന്നു പിന്നിലുമായിരുന്നു. എന്നാല്‍ ഈ ഗവണ്‍മെന്റ് കിഴക്കന്‍ ഇന്ത്യയ്ക്ക് ബോസ് നല്കിയ അതേ പ്രാധാന്യം നല്കുന്നു എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഈ മേഖലയെ രാജ്യത്തിന്റെ വികസനത്തിന്റെയും വളര്‍ച്ചയുടെയും ഉപകരണാക്കുന്നതിനാണ് ഈ ഗവണ്‍മെന്റ് ഇപ്പോള്‍ പരിശ്രമിക്കുന്നത്.

സഹോദരി സഹോദരന്മാരെ,

നേതാജിയുടെ സംഭാവനകള്‍ രാജ്യത്തിനു മുന്നില്‍ എടുത്തു കാണിക്കുവാനും അദ്ദേഹം ചരിച്ച മാര്‍ഗ്ഗത്തിലൂടെ ചരിക്കുവാനും അവസരം ലഭിച്ചതില്‍ എനിക്ക് സംതൃപ്തിയുണ്ട്. അതുകൊണ്ടാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ സുഭാഷ് ചന്ദ്രബോസിന്റെ ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്റെ സ്മരണയില്‍ ഓടിയെത്തിയത്.

സുഹൃത്തുക്കളെ,

2009 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവെ, ചരിത്രപ്രസിദ്ധമായ ഹരിപുര കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സ്മരണ നാം പുതുക്കിയതാണ്. സര്‍ദാര്‍ വല്ലഭ ഭായി പട്ടേലും ഗുജറാത്തിലെ ജനങ്ങളും കാളവണ്ടിയില്‍ നടത്തിയ സുദീര്‍ഘമായ യാത്രയും 2009 ല്‍ നാം പുനരാവിഷ്‌കരിക്കുകയുണ്ടായി. കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ആയിരുന്നെങ്കിലും ആ പുനരാവിഷ്‌കരണം ചരിത്രത്തിലെ സുപ്രധാന അധ്യായമായി.

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്തവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമായി. പക്ഷെ നമ്മെ പോലുള്ളവര്‍ക്ക് അങ്ങനെയുള്ള അവസരം ലഭിച്ചില്ല. പക്ഷെ രാഷ്ട്രത്തിനു വേണ്ടി ജീവിക്കാനും വികസനത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കാനും ഉള്ള അവസരം നമുക്കുണ്ട്. വലിയ ത്യാഗങ്ങള്‍ക്കൊടുവിലാണ് നമുക്കു സ്വരാജ് ലഭിച്ചത്. ഇന്ന് നാം 125 കോടി ഇന്ത്യക്കാര്‍ക്ക് ഈ സ്വരാജ് സദ്ഭരണമായി നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഉണ്ട്. നിങ്ങള്‍ രക്തം നല്കിയും ആയുധ ബലം കൊണ്ടും വേണം സ്വാതന്ത്ര്യം നേടാന്‍. സ്വാതന്ത്ര്യം ലഭിച്ചശേഷം നിങ്ങള്‍ ഒരു സൈന്യമായി രാജ്യത്തിന്റെ ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം എന്ന് നേതാജി പറഞ്ഞിട്ടുണ്ട്.

സൈന്യ രൂപീകരണം എന്ന സുഭാഷ് ബോസിന്റെ സ്വപ്‌നത്തിലേയ്ക്ക് നാം മുന്നേറുകയാണ് എന്ന് ഇന്ന് എനിക്ക് ഉറപ്പു നല്കാന്‍ സാധിക്കും . ആവേശവും തീക്ഷ്ണതയുമാണ് നമ്മുടെ സൈനിക പാരമ്പര്യം. ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും അതിനൊപ്പം കൂട്ടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സൈനിക ശക്തി സ്വയ രക്ഷയ്ക്കാണ്. എന്നും അത് അങ്ങനെ ആയിരിക്കും. നമുക്ക് ഒരിക്കലും ഭൂമിക്കു വേണ്ടിയുള്ള അത്യാഗ്രഹം ഇല്ല. ചരിത്രപരമായി അങ്ങിനെ ആയിരുന്നു. എന്നാല്‍ ആരെങ്കിലും നമ്മുടെ പരമാധികാരത്തെ വെല്ലുവിളിച്ചാല്‍ ഇന്ത്യ ഇരട്ടി ശക്തിയോടെ തിരിച്ചടിക്കും.

സുഹൃത്തുക്കളെ,

നമ്മുടെ സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിരവധി നടപടികള്‍ നാം സ്വീകരിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ നമ്മുടെ സൈന്യത്തിനു സ്വന്തമാണ്. സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്ന കാര്യമായാലും അവരുടെ ജീവിതം ആയാസരഹിതമാക്കുന്നതിലായാലും ഈ ഗവണ്‍മെന്റ് അതി ശക്തമായ തീരുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഭാവിയിലും അങ്ങിനെ ആയിരിക്കും. നമ്മെ ആക്രമിച്ചവരെ നാം അതെ പോലെ തിരിച്ചടിച്ചു. നേതാജിയെ സംബന്ധിക്കുന്ന ഫയലിലെ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള തീരുമാനം നമ്മുടെ ഗവണ്‍മെന്റാണ് നടപ്പാക്കിയത്. അതുപോലെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഈ ഗവണ്‍മെന്റിന്റെ വാഗ്ദാനമായിരുന്നു. അതു നടപ്പാക്കുകയും ചെയ്തു. അത് ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാ വിമുക്ത ഭടന്മാര്‍ക്കും അറിയാം.

വിരമിച്ചവര്‍ക്ക് കുടിശിക നല്കുവാന്‍ 11000 കോടി രൂപയാണ് അനുവദിച്ചത്. ഏഴാം ശമ്പള കമ്മിഷന്‍ പ്രകാരം അവരുടെ പെന്‍ഷന്‍ തുകയും വര്‍ധിക്കും. അതായത് എന്റെ സൈനിക സഹോദരങ്ങള്‍ക്ക് ഇരട്ടഭാഗ്യമാണ് ലഭിക്കുക.

സൈനികരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം നിരവധി നടപടികള്‍ നാം സ്വീകരിച്ചു വരികയാണ്. നാഷണല്‍ വാര്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഇതിലൂടെ നമ്മുടെ സൈനികരുടെ ധീരകൃത്യങ്ങള്‍ വരും തലമുറകള്‍ അറിയണം.

സുഹൃത്തുക്കളെ,

നാളെ ഒക്ടോബര്‍ 22. ജാന്‍സി റെജിമെന്റിന് 75 വയസ്സ് തികയുന്നു. സ്ത്രീകളെയും സായുധ സൈന്യത്തില്‍ ചേര്‍ത്ത് തുല്യ പങ്കാളിത്തം നല്കിയത് സുഭാഷ് ചന്ദ്ര ബോസാണ്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളിലുള്ള സുഭാഷ് ബാബുവിന്റെ ഉലയാത്ത വിശ്വാസഫലമാണ് രാജ്യത്തെ പ്രഥമ വനിതാ മിലിറ്ററി റെജിമെന്റ്. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അദ്ദേഹം വനിത പടയാളികളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുക തന്നെ ചെയ്തു. നേതാജി 75 വര്‍ഷം മുമ്പ് ആരംഭിച്ച ആ പ്രവര്‍ത്തനങ്ങള്‍ ഈ ഗവണ്‍മെന്റ് മുമ്പോട്ടു കൊണ്ടുപോവുകയാണ് എന്ന് എനിക്ക് ഉറപ്പു നല്കാന്‍ സാധിക്കും. സായുധ സേനയിലേയ്ക്ക് താല്ക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വനിതകളെ പുരുഷന്മാരെ പോലെ സുതാര്യമായ പ്രക്രിയ വഴി സ്ഥിരപ്പെടുത്തും എന്ന് ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ വച്ച് ഞാന്‍ പ്രഖ്യാപിക്കുകയുണ്ടായി.

സുഹൃത്തുക്കളെ,

ഇത് കഴിഞ്ഞ നാലു വര്‍ഷമായി ഈ ഗവണ്‍മെന്റു നടത്തുന്നത് ശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണ്. സ്ത്രീകളെയും നാവിക സേനയില്‍ പൈലറ്റുമാരായി നിയമിക്കാന്‍ 2016 മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ നാവിക സേനയില്‍ ആറു വനിതാ ഓഫീസര്‍മാര്‍ സമുദ്രം കീഴടക്കി സ്ത്രീകളുടെ ശക്തി ലോകത്തിനു തെളിയിച്ചു കൊടുത്തു. രാജ്യത്തെ പ്രഥമ വനിതാ യുദ്ധവിമാന പൈലറ്റും ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉണ്ടായിരിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ സൈന്യത്തെ ശാക്തീകരിക്കാനും നിലനിര്‍ത്താനുമുള്ള ഉത്തരവാദിത്വം ഒരു വനിതാമന്ത്രിയില്‍ നിക്ഷിപ്തമായിരിക്കുന്നു. സീതാരാമന്‍ജിയില്‍.

സുഹൃത്തുക്കളെ,

നിങ്ങളുടെയെല്ലാം സഹകരണവും സമര്‍പ്പണവും നമ്മുടെ സൈനികരുടെ നൈപുണ്യവും കൊണ്ട് നമ്മുടെ രാജ്യം ഇന്ന് വികസന പാതയില്‍ അതിവേഗം മുന്നേറുകയാണ് ലക്ഷ്യങ്ങള്‍ കീഴടക്കാന്‍.

ഈ സുപ്രധാന വേളയില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും, 125 കോടി ഇന്ത്യന്‍ പൗരന്മാരെ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ് . നിങ്ങളുടെ ഐക്യത്തിന്റെ, സമഗ്രതയുടെ , ആത്മവിശ്വാസത്തിന്റെ ഈ മുന്നേറ്റം അതിവേഗം പുരോഗമിക്കട്ടെ. അതിന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ജി നിങ്ങളെ അനുഗ്രഹിക്കട്ടെ.

എന്നോടൊപ്പം ഉച്ചത്തില്‍ പറയൂ.

ഇന്ത്യാമാതാവ് വിജയിക്കട്ടെ

ഇന്ത്യാമാതാവ് വിജയിക്കട്ടെ

ഇന്ത്യാമാതാവ് വിജയിക്കട്ടെ

ഇന്ത്യാമാതാവ് വിജയിക്കട്ടെ

വന്ദേമാതരം

വന്ദേമാതരം

വന്ദേമാതരം.