Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനങ്ങള്‍ യുക്തിസഹമാക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രസഭയുടെ അംഗീകാരം


രാഷ്ട്രീയ ആരോഗ്യ നിധി(ആര്‍.എ.എന്‍), ജനസംഖ്യാ സ്ഥിരത കോശ് (ജെ.എസ്.കെ) എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനും അതിന്റെ ധര്‍മ്മങ്ങള്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പിന് കീഴില്‍ നിക്ഷിപ്തമാക്കാനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനങ്ങളുടെ യുക്തിസഹമായ പുനഃംഘടനയില്‍ മന്ത്രിതല പരസ്പര കൂടിയാലോചനകളും ആ സ്ഥാപനങ്ങളുടെ നിലവിലുള്ള നിയമങ്ങളുടെ പുനഃപരിശോധനയും ഉള്‍പ്പെടും. ഇത് നടപ്പാക്കുന്നതിന് ഒരു വര്‍ഷ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്.
നിര്‍ദ്ദിഷ്ട കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സ തേടുന്ന പാവപ്പെട്ട രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് രാഷ്ട്രീയ ആരോഗ്യനിധി രൂപീകരിച്ചത്. മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്ക് ഇതിനായി മുന്‍കൂറായി പണം നല്‍കും. അവര്‍ അതിന്റെ അടിസ്ഥാനത്തില്‍ ഓരോ കേസും പരിശോധിച്ച് വേണ്ട സഹായങ്ങള്‍ നല്‍കും. ആരോഗ്യകുടുംബക്ഷേമവകുപ്പ് ആശുപത്രികള്‍ക്ക് ഫണ്ട് നല്‍കുന്ന സാഹചര്യത്തില്‍ ഗ്രാന്റും വകുപ്പില്‍ നിന്ന് നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കാന്‍ കഴിയും. അതുകൊണ്ടുതന്നെ ആര്‍.എ.എന്നിന്റെ പ്രവര്‍ത്തനം ആരോഗ്യകുടുംബക്ഷേമവകുപ്പില്‍ നിക്ഷിപ്തമാക്കാന്‍ കഴിയും. 1860 ലെ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ടിന്റെ (എസ്.ആര്‍.എ) വ്യവസ്ഥകള്‍ പ്രകാരം ആര്‍.എന്‍.എന്നിന്റെ മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്വയംഭരണസ്ഥാപനം പിരിച്ചുവിടും. അതിന് പുറമെ കാന്‍സര്‍ രോഗികള്‍ക്കുള്ള ആരോഗ്യമന്ത്രിയുടെ ഫണ്ടും വകുപ്പിന് കൈമാറ്റംചെയ്യാം. ഇതിന് ആവശ്യമായ കാലാവധി ഒരുവര്‍ഷമാണ്.
ജനസംഖ്യാ സ്ഥിരത തന്ത്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 2003ല്‍ 100 കോടി രൂപയുടെ ഗ്രാന്റോടെ രൂപീകരിച്ച സ്ഥാപനമാണ് ജനസംഖ്യാ സ്ഥിരതാ കോശ് (ജെ.എസ്.കെ). അതിന്റെ അനുശാസനപ്രകാരം ജനസംഖ്യാ ലക്ഷ്യത്തിന് വേണ്ടിയുള്ള വിവിധതരം പരിപാടികളാണ് ജെ.എസ്.കെ സംഘടിപ്പിച്ചിരുന്നത്. മന്ത്രാലയത്തില്‍ നിന്നും ജെ.എസ്.കെയ്ക്ക്തുടര്‍ ഫണ്ട് ലഭിക്കുന്നില്ല. ജനസംഖ്യാ നിയന്ത്രണ തന്ത്രങ്ങള്‍ക്ക് സ്വകാര്യ, കോര്‍പ്പറേറ്റ് ഫണ്ടുകള്‍ അനിവാര്യമാണ്, അത് ജെ.എസ്.കെയിലൂടെ ലഭ്യമാക്കാനാകും. ജനസംഖ്യാ സ്ഥിരത തന്ത്രങ്ങളില്‍ ജെ.എസ്.കെ തുടര്‍ന്നും നിര്‍ണ്ണായക പങ്ക് വഹിക്കും. എന്നാല്‍ അതിന് ഒരു സ്വയംഭരണസ്ഥാപനമെന്ന അസ്ഥിത്വത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് സ്വയംഭരണസ്ഥാപനം എന്ന നിലയില്‍ ജെ.എസ്.കെയെ നിര്‍ത്തലാക്കികൊണ്ട് വകുപ്പ് ഫണ്ടായി കണക്കാക്കി അതിനെ നിയന്ത്രിക്കാം.
പശ്ചാത്തലം
നീതി ആയോഗിന് കീഴിലുള്ള ചെലവ് നിയന്ത്രണ കമ്മിറ്റി ആരോഗ്യകുടുംബക്ഷേമവകുപ്പിന് കീഴില്‍ 1860 ലെ സൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള 19 സ്വയംഭരണസ്ഥാപനങ്ങളെ പുനരവലോകനം ചെയ്യുകയും അവയെ യുക്തിസഹമാക്കിക്കൊണ്ട് പുനരവലോകനംചെയ്യുന്നതിനുമുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അവയുടെ പരിണിതഫലം, ഫലപ്രാപ്തി, കാര്യക്ഷമത, സാമ്പത്തിന്റെയും മാനവവിഭവശേഷിയുടെയും ഉപയോഗം, സംയോജനം, ഭരണം, ഇന്നത്തെ ഭരണപരവും പരിപാടിയധിഷ്ഠിതതുമായ പരിപ്രേക്ഷ്യത്തില്‍ പ്രസക്തി എന്നിവയോടൊപ്പം മെച്ചപ്പെട്ട നിരീക്ഷണവും മേല്‍നോട്ടവും എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഈ സ്വയംഭരണസ്ഥാപനങ്ങളെ പുനഃപരിശോധിക്കേണ്ടതും യുക്തിസഹമായി പുനഃസംഘടിപ്പിക്കേണ്ടതുമെന്നത് ഗവണ്‍മെന്റിന് മുന്നിലെ പ്രധാന ആശങ്കയായിരുന്നു. ആര്‍.എ.എന്‍, ജെ.എസ്.കെ എന്നിവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് അത് മന്ത്രാലയത്തില്‍ നിക്ഷിപ്തമാക്കാനായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്.

 

***