Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഭ്യന്തര ആണവ വ്യവസായത്തിന് ഉണര്‍വേകും


ഇന്ത്യയുടെ ആഭ്യന്തര ആണവോര്‍ജ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനായുള്ള ഒരു നിര്‍ണായക തീരുമാനത്തിന്റെ ഭാഗമായും രാജ്യത്തെ ആണവ വ്യവസായത്തിന് ഉണര്‍വേകാന്‍ ഉദ്ദേശിച്ചും ഇന്ത്യയില്‍ 10 തദ്ദേശീയ പ്രെഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്റ്ററു(പി.എച്ച്.ഡബ്ല്യു.ആര്‍)കള്‍ നിര്‍മിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 7000 മെഗാവാട്ടായിരിക്കും പ്ലാന്റുകളുടെ ആകെ ഉല്‍പാദനശേഷി. ആണവോര്‍ജ ഉല്‍പാദനത്തില്‍ നിര്‍ണായക കുതിപ്പു നല്‍കുന്നതായിരിക്കും ഈ 10 പി.എച്ച്.ഡബ്ല്യു.ആര്‍. പദ്ധതി.

പ്രവര്‍ത്തനക്ഷമമായ 22 പ്ലാന്റുകളില്‍നിന്നായി ഇന്ത്യക്ക് ഇപ്പോള്‍ 6780 മെഗാവാട്ട് ആണവോര്‍ജ ഉല്‍പാദന ശേഷിയാണുള്ളത്. നിര്‍മാണ ഘട്ടത്തിലുള്ള ഏതാനും പദ്ധതികള്‍ ഉല്‍പാദനക്ഷമമാകുന്നതോടെ 2021-22 ആകുമ്പോഴേക്കും 6700 മെഗാവാട്ട് ആണവോര്‍ജം കൂടി രാജ്യത്തിനു ലഭിക്കും.

ഗവണ്‍മെന്റ് അധികാരമേറ്റ് മൂന്നു വര്‍ഷം തികയുന്നതിന്റെയും ജനക്ഷേമപരമായ ഭരണത്തിന്റെയും പ്രതീകമായി ഇന്ത്യയുടെ ആണവോര്‍ജ രംഗത്ത് ഇതാദ്യമായി പൂര്‍ണമായും രാജ്യത്തു വികസിപ്പിച്ച ഫ്‌ളീറ്റ് മോഡിലായിരിക്കും 10 പുതിയ യൂണിറ്റുകളും ആരംഭിക്കുക. ഈ മേഖലയിലെ ഒരു മുന്‍നിര ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയായിരിക്കും ഇത്.

ആഭ്യന്തര വ്യവസായത്തിന് 70,000 കോടിക്കടുത്ത് നിര്‍മാണ ഓര്‍ഡറുകള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതി, കരുത്തുറ്റ ആണവോര്‍ജ രംഗമെന്ന നമ്മുടെ ലക്ഷ്യത്തെ നൂതന സാങ്കേതികവിദ്യകളില്‍ തദ്ദേശീയ വ്യവസായത്തിനുള്ള ശേഷിയുമായി കൂട്ടിയിണക്കുകവഴി ഇന്ത്യന്‍ ആണവോര്‍ജ വ്യവസായത്തെ മാറ്റിമറിക്കുന്നതിനു സഹായകമാകും.

ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 33,400 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു കരുതുന്നത്. ആഭ്യന്തര വ്യവസായ മേഖലയ്ക്ക് ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നത് മുന്‍നിര ആണവോര്‍ജ ഉല്‍പാദനത്തിനായുള്ള യന്ത്രങ്ങള്‍ നിര്‍മിക്കുന്ന പവര്‍ഹൗസ് എന്ന വിശ്വാസ്യത ഇന്ത്യക്കു ലഭിക്കുന്നതിനു സഹായകമാകും.

ഏറ്റവും കൂടുതല്‍ സൂരക്ഷാസംവിധാനങ്ങളുള്ള തദ്ദേശീയ സാങ്കേതികവിദ്യയോടുകൂടിയ 700 മെഗാവാട്ട് പി.എച്ച്.ഡബ്ല്യു.ആര്‍. ശൃംഖലയ്ക്കായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരിക്കും നിര്‍മിക്കപ്പെടുന്ന പത്തു റിയാക്റ്ററുകള്‍.
ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ സാങ്കേതികപരിജ്ഞാനത്തിനുള്ള അംഗീകാരംകൂടിയാണ് പദ്ധതിക്കുള്ള മന്ത്രിസഭാ അംഗീകാരം. ഈ പദ്ധതിക്കു രൂപരേഖ തയ്യാറാക്കിയതും പദ്ധതി വികസിപ്പിച്ചതും ഇന്ത്യന്‍ ശാസ്ത്രസമൂഹവും വ്യവസായവും നേടിയെടുത്ത അതിവേഗത്തിലുള്ള പുരോഗതിയുടെ തെളിവു കൂടിയാണ്. തദ്ദേശീയ പി.എച്ച്.ഡബ്ല്യു.ആര്‍. സാങ്കേതികവിദ്യയില്‍ നമ്മുടെ ആണവശാസ്ത്രജ്ഞര്‍ നേടിയിട്ടുള്ള മേല്‍ക്കൈ ഊട്ടിയുറപ്പിക്കുന്നതുമാണ് ഈ പദ്ധതി. പി.എച്ച്.ഡബ്ല്യു.ആര്‍. റിയാക്റ്ററുകള്‍ നിര്‍മിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും കഴിഞ്ഞ 40 വര്‍ഷമായി ഇന്ത്യക്കുള്ള മികവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
കാര്‍ബണ്‍ പുറംതള്ളുന്നതു കുറയ്ക്കുക, രാജ്യത്തിന്റെ വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ ഊര്‍ജം ദീര്‍ഘദര്‍ശനത്തോടെ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തില്‍ മാലിന്യമുക്തമായ ഊര്‍ജം ഉപയോഗപ്പെടുത്തുകയെന്ന ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനംകൂടിയാണു മന്ത്രിസഭാ തീരുമാനം.

സുസ്ഥിരമായ വികസനം, ഊര്‍ജ സ്വയംപര്യാപ്തത, കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കല്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യക്കുള്ള നിശ്ചയദാര്‍ഢ്യത്തിന് അനുസരിച്ചുള്ളതുമാണ് ഈ നയം.