Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി  നടത്തിയ പ്രസംഗം

ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി  നടത്തിയ പ്രസംഗം


‘ആദരണീയരായ ബെനിന്‍, സെനഗല്‍ പ്രസിഡന്റുമാര്‍, ആദരണീയനായ ഐവറികോസ്റ്റ് വൈസ് പ്രസിഡന്റ്,
ആഫ്രിക്കന്‍ വികസന ബാങ്ക് അധ്യക്ഷന്‍,
ആഫ്രിക്കന്‍ യൂണിയന്‍ സെക്രട്ടറി ജനറല്‍,
ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ കമ്മീഷണര്‍,
എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകന്‍ ശ്രീ. അരുണ്‍ ജയ്റ്റ്‌ലി,
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് റുപാനി,
വിശിഷ്ടാതിഥികളേ, ആഫ്രിക്കയിലെ സഹോദരീ സഹോദരന്മാരേ,
മാന്യരേ മഹതികളേ.

ഗുജറാത്ത് സംസ്ഥാനത്തിലാണ് നാം ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. ഗുജറാത്തികളുടെ വ്യാപാര വാസന വിഖ്യാതമാണ്. ആഫ്രിക്കയോടുള്ള സ്‌നേഹത്തിലും ഗുജറാത്തികള്‍ പ്രസിദ്ധരാണ്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലും ഗുജറാത്തി എന്ന നിലയിലും ഈ സമ്മേളനം ഇന്ത്യയില്‍, പ്രത്യേകിച്ചും ഗുജറാത്തില്‍ നടത്തുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.

ഇന്ത്യയ്ക്ക് ആഫ്രിക്കയുമായി നൂറ്റാണ്ടുകളുടെ അടുപ്പമാണുള്ളത്. ചരിത്രപരമായി, പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ചും ഗുജറാത്തില്‍ നിന്നുള്ള സമൂഹങ്ങളും ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുനിന്നുള്ളവരും പരസ്പരം രണ്ടിടങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ‘സിദ്ധികള്‍’ കിഴക്കനാഫ്രിക്കയില്‍ നിന്നാണ് വന്നതെന്ന് പറയപ്പെടുന്നു. കെനിയന്‍ തീരത്തെ ബോറ സമൂഹങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതലേയുണ്ട്. മാലിന്ദിയില്‍ നിന്നുള്ള ഒരു ഗുജറാത്തി കപ്പല്‍ ജോലിക്കാരന്റെ സഹായത്തോടെയാണ് വാസ്‌ഗോഡഗാമ കോഴിക്കോട്ട് എത്തിയതെന്നും പറയപ്പെടുന്നു. ഗുജറാത്തിലെ പായ്ക്കപ്പലുകള്‍ രണ്ടു ദിശകളിലേക്കും ചരക്കുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇരു സമൂഹങ്ങള്‍ക്കിടയിലുള്ള പുരാതനമായ കണ്ണികള്‍ നമ്മുടെ സംസ്‌കാരങ്ങളെയും സമ്പന്നമാക്കി. ധന്യമായ സ്വാഹിലി ഭാഷ വളരെയധികം ഹിന്ദി വാക്കുകള്‍ ഉള്‍പ്പെടുന്നതാണ്.

കോളനിവാഴ്ചക്കാലത്ത് മുപ്പത്തിരണ്ടായിരം ഇന്ത്യക്കാര്‍ കെനിയയില്‍ നിന്നെത്തിയാണ് പ്രശസ്തമായ മൊംബാസ ഉഗാണ്ട റെയില്‍പ്പാത നിര്‍മിച്ചത്. അതിന്റ നിര്‍മാണത്തിനിടെ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരില്‍ ആറായിരത്തോളം പേര്‍ തിരിച്ചുപോവുയും കുടുംബങ്ങള്‍ക്കൊപ്പം ചേരുകയുമുണ്ടായി. അവരില്‍ പലരും ‘ദുക്കകള്‍’ എന്ന് അറിയപ്പെടുന്ന ചെറിയ കച്ചവടങ്ങള്‍ തുടങ്ങുകയും ‘ദുക്കാവാലകള്‍’ എന്ന് അറിയപ്പെടുകയും ചെയ്തു. കോളിനവാഴ്ചക്കാലത്ത് കച്ചവടക്കാരും കരകൗശത്തൊഴിലാളികളും പിന്നീട് ഉദ്യോഗസ്ഥരും, അധ്യാപകരും, ഡോക്ടര്‍മാരും, മറ്റു തൊഴില്‍ വിദഗ്ധരും കിഴക്കന്‍, പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കു പോവുകയും ഊര്‍ജ്ജസ്വലമായ സമൂഹം സൃഷ്ടിക്കുകയും ചെയ്തു. അവര്‍ ഇന്ത്യയുടെയും ആഫ്രിക്കയുടെയും നല്ല സംയോജനമായി.

മറ്റൊരു ഗുജറാത്തുകാരനായ മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ അഹിംസാവാദത്തിന്റെ ഉപകരണങ്ങള്‍ മിനുക്കിയെടുത്തത് ദക്ഷിണാഫ്രിക്കയിലാണ്. അദ്ദേഹം 1912ല്‍ ഗോപാലകൃഷ്ണ ഗോഖലെയ്‌ക്കൊപ്പം താന്‍സാനിയയും സന്ദര്‍ശിച്ചു. ആഫ്രിക്കയുടെ വിമോചന സമരനേതാക്കളായ ശ്രീ. നെരേരെ, ശ്രീ. കെന്യറ്റ, ശ്രീ. നെല്‍സണ്‍ മണ്ടേല എന്നിവരോടൊപ്പം നിരവധി ഇന്ത്യന്‍ വംശജരായ നേതാക്കളും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും പോരാട്ടത്തിനൊപ്പം നില്‍ക്കുകയും ചെയ്തു. സ്വാതന്ത്യലബ്ധിക്കു ശേഷം ഇന്ത്യന്‍ വംശജരായ നിരവധി നേതാക്കളെ താന്‍സാനിയയിലെയും ദക്ഷിണാഫ്രിക്കയിലെയും മന്ത്രിസഭകളില്‍ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ കുറഞ്ഞത് ആറ് ഇന്ത്യന്‍ വംശജരെങ്കിലും താന്‍സാനിയയുടെ പാര്‍ലമെന്റില്‍ അംഗങ്ങളായുണ്ട്.

കിഴക്കന്‍ ആഫ്രിക്കയിലെ തൊഴിലാളി സംഘടനാ മുന്നേറ്റം തുടങ്ങിയത് മഖന്‍ സിങ് ആണ്. തൊഴിലാളി സംഘടനാ യോഗങ്ങളില്‍ ആദ്യമായി ഉയര്‍ന്ന ആഹ്വാനം കെനിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതായിരുന്നു. എം എ ദേശായിയും പിയോ ഗാമാ പിന്റോയും കെനിയയുടെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ഒരു ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്തെ അയയ്ക്കുകയും ശ്രീ. കെന്യാറ്റയുടെ പ്രതിരോധ സംഘത്തില്‍ ദിവാന്‍ ചമന്‍ ലാല്‍ പങ്കെടുക്കുകയും 1953ലെ കാപെന്‍ഗുരിയ വിചാരണയെ തുടര്‍ന്ന് അദ്ദേഹം ജയിലിലാവുകയും ചെയ്തു. ഇന്ത്യന്‍ വംശജരായ മറ്റ് രണ്ടുപേര്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു പ്രതിരോധ സംഘം. ആഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിതാന്ത പിന്തുണയാണ് ഇന്ത്യ നല്‍കിയത്. ‘ഞങ്ങളെ മര്‍ദിച്ചൊതുക്കുന്നവര്‍ക്ക് ലോകം പ്രോല്‍സാഹനം നല്‍കിയ ഘട്ടത്തില്‍ ഇന്ത്യ ഞങ്ങള്‍ക്ക് സഹായവുമായി എത്തി. അന്താരാഷ്ട്ര സമിതികളുടെ വാതിലുകള്‍ ഞങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ഇന്ത്യ വഴി തുറന്നു തന്നു. സ്വന്തമെന്നപോലെ നിങ്ങള്‍ ഞങ്ങളുടെ പോരാട്ടം ഏറ്റെടുത്തു.”എന്ന് നെല്‍സണ്‍ മണ്ടേല പറഞ്ഞത് ഞാന്‍ ഉദ്ധരിക്കട്ടെ.

ദശകങ്ങളായി നമ്മുടെ സഖ്യം കൂടുതല്‍ ശക്തമായി മാറുകയാണ് ചെയ്തത്. 2014ല്‍ ചുമതലയേറ്റ ശേഷം ഇന്ത്യയുടെ വിദേശ, സാമ്പത്തിക നയങ്ങളില്‍ ആഫ്രിക്കയ്ക്ക് ഞാന്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. 2015 എന്ന വര്‍ഷം നിര്‍ണ്ണായകമാണ്. ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളുള്ള അമ്പത്തിനാല് ആഫ്രിക്കന്‍ രാജ്യങ്ങളും പങ്കെടുത്ത മൂന്നാമത് ഇന്ത്യാ- ആഫ്രിക്ക ഉച്ചകോടി നടന്നത് ആ വര്‍ഷമാണ്. നാല്‍പ്പത്തിയൊന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ തന്നെ അതില്‍ പങ്കെടുത്തത് ചരിത്രവുമാണ്.

2015 മുതല്‍ ഞാന്‍ ആറ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ദക്ഷിണാഫ്രിക്ക, മൊസാമ്പിക്, താന്‍സാനിയ, കെനിയ, മൗറീഷ്യസ്, സീഷെല്‍സ്. ഞങ്ങളുടെ രാഷ്ട്രപതി മൂ്ന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നമീബിയ, ഘാന, ഐവറി കോസ്റ്റ്. ഉപരാഷ്ട്രപതി ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മൊറോക്കോ, ടുണീഷ്യ, നൈജീരിയ, മാലി, അള്‍ജീരിയ, റുവാണ്ട, ഉഗാണ്ട. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഏതെങ്കിലും ഇന്ത്യന്‍ മന്ത്രി സന്ദര്‍ശിക്കാത്ത ഒരു ആഫ്രിക്കന്‍ രാജ്യം പോലും ഇല്ലെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. സുഹൃത്തുക്കളേ, ഒരുകാലത്ത് വ്യാപാര സംബന്ധവും സമുദ്ര സംബന്ധവുമായ നമ്മുടെ കണ്ണികള്‍ മൊംബാസയ്ക്കും മുംബൈയ്ക്കും ഇടയിലായിരുന്നെങ്കില്‍ , നമുക്ക് ഇന്ന്

– ഈ വാര്‍ഷിക സമ്മേളനം അബിദ്ജാനെയും അഹമ്മദാബാദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
– കച്ചവട ബന്ധങ്ങള്‍ ബമാക്കോയ്ക്കും ബംഗളൂരുവിനും ഇടയിലുണ്ട്.
– ചെന്നൈയ്ക്കും കേപ് ടൗണിനും ഇടയില്‍ ക്രിക്കറ്റ് ബന്ധം.
– ഡെല്‍ഹിക്കും ഡക്കറിനും ഇടയില്‍ വികസന ശൃംഖലകള്‍.

ഇത് നമ്മുടെ വികസന സഹകരണത്തെ സൂചിപ്പിക്കുന്നു. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം സഹകരണ മാതൃകയിലാണ്, അതാകട്ടെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന തരത്തിലുള്ളതുമാണ്. അത് ആവശ്യാധിഷ്ഠിതവും നിരുപാധികവുമാണ്.
ഇന്ത്യയിലെ ബാങ്കുകള്‍ മൂഖേനയുള്ള വായ്പ വ്യാപിപ്പിക്കുന്നതാണ് ഈ സഹകരണത്തിന്റെ കര്‍മപരിപാടികളിലൊന്ന്. 44 രാജ്യങ്ങള്‍ക്കായി എട്ട് ശതലക്ഷം ഡോളറുകളുടെ 152 വായ്പകളാണ് നല്‍കിയത്.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്കായി ഇന്ത്യ 10 ശതലക്ഷം ഡോളറാണ് മൂന്നാമത് ഇന്ത്യാ- ആഫ്രിക്ക ഫോറം ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്തത്. 600 ദശലക്ഷം ഡോളറുകളുടെ തിരിച്ചടയ്‌ക്കേണ്ടാത്ത സഹായവും ഇന്ത്യ ഉറപ്പു നല്‍കി.

ആഫ്രിക്കയുമായുള്ള വിദ്യാഭ്യാസപരവും സാങ്കേതികവിദ്യാപരവുമായ സഹകരണത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. ആഫ്രിക്കയില്‍ നിന്നുള്ള ഇപ്പോഴത്തെയോ മുന്‍കാലങ്ങളിലെയോ പതിമൂന്ന് പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വൈസ് പ്രസിഡന്റുമാരും ഇന്ത്യയിലെ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില്‍ പഠിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ ഇപ്പോഴത്തെയോ മുമ്പത്തെയോ ആറ് സൈനിക മേധാവികള്‍ ഇന്ത്യയിലെ കരസേനാ സ്ഥാപനങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. ഇപ്പോഴത്തെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പ്രശസ്തമായ സാങ്കേതികവിദ്യാ, സാമ്പത്തിക സഹകരണ പരിപാടിക്കു കീഴില്‍ 2007 മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് മുപ്പത്തിമൂവായിരത്തിലധികം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി.

സൗരോര്‍ജ്ജത്തിലാണ് നൈപുണ്യമേഖലയില്‍ നമ്മുടെ മികച്ച പങ്കാളിത്തങ്ങളിലൊന്ന്. സൗരോര്‍ജ്ജ പാനലുകളിലും സര്‍ക്യൂട്ടുകളിലും ജോലി ചെയ്യുന്നതിന് എല്ലാ വര്‍ഷവും എണ്‍പത് ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യ പരിശീലിപ്പിക്കുന്നു. പരിശീലനത്തിനുശേഷം തിരിച്ചുപോകുന്ന അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ്തങ്ങളുടെ സമൂഹങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു. തിരിച്ചെത്തിക്കഴിഞ്ഞ് ഓരോ സ്ത്രീയും സ്വന്തം സമൂഹത്തിലെ 50 വീടുകളെങ്കിലും വൈദ്യുതീകരിക്കാനുള്ള ബാധ്യസ്ഥരാണ്. നിരക്ഷരരോ ഭാഗിക സാക്ഷരരോ ആയ സ്ത്രീകളെയാണ് ഇതിനുവേണ്ടി നിര്‍ബന്ധമായും തെരഞ്ഞെടുക്കുന്നത്. കൂട നിര്‍മാണം, തേനീച്ച വളര്‍ത്തല്‍, അടുക്കളത്തോട്ട നിര്‍മാണം തുടങ്ങി മറ്റു പല കഴിവുകളുംകൂടി ഈ പരിശീലനകാലത്ത് അവര്‍ നേടുന്നു.

48 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ടെലി മെഡിസിന്‍, ശൃംഖലയ്ക്കുള്ള പാന്‍ ആഫ്രിക്കാ ഇ നെറ്റുവര്‍ക്ക് പദ്ധതി നാം വിജയകരമായി പൂര്‍ത്തീകരിച്ചു. ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ഇന്ത്യയിലെ അഞ്ച് മികച്ച സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാഗ്ദാനം ചെയ്തു. പന്ത്രണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പരിശോധനയും തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസവും നല്‍കും. ഏകദേശം ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിക്കഴഞ്ഞു. അടുത്ത ഘട്ടം നാം ഉടനേതന്നെ തുടങ്ങും.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു വേണ്ടി 2012ല്‍ ആരംഭിച്ച പരുത്തി സാങ്കേതികവിദ്യാ സഹായ പരിപാടി ഉടനേതന്നെ നാം വിജയകരമായി പൂര്‍ത്തീകരിക്കും. ബെനിന്‍, ബുര്‍ക്കിന ഫാസോ, ഛാഡ്, മലാവി, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്.

സുഹൃത്തുക്കളേ,

ആഫ്രിക്കയും ഇന്ത്യയുമായുള്ള വ്യാപാരം കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ പല ഇരട്ടിയായി. 2014-15ല്‍ 72 ശതലക്ഷം യുഎസ് ഡോളര്‍ നേടാനാകുന്ന വിധത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അത് ഇരട്ടിയായി. 2015-16ല്‍ ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരം അമേരിക്കയുമായി ഉള്ളതിനേക്കാള്‍ അധികമാണ്.

ആഫ്രിക്കയുടെ വികസനത്തിനു വേണ്ടി അമേരിക്കയുടെയും ജപ്പാന്റെയും സഹകരണത്തോടെയും ഇന്ത്യ പ്രവര്‍ത്തിക്കുന്നു. ടോക്യോയിലെ എന്റെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ആബെയുമായി ഞാന്‍ നടത്തിയ വിശദമായ ആശയവിനിമയം സന്തോഷത്തോടെ സ്മരിക്കുന്നു. എല്ലാവരുടെയും വളര്‍ച്ചാ വര്‍ധനവിനുവേണ്ടിയുള്ള പരിപ്രേക്ഷ്യത്തിനുള്ള പ്രതിബദ്ധത ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഏഷ്യാ ആഫ്രിക്ക വളര്‍ച്ചാ ഇടനാഴിയേക്കുറിച്ചും ആഫ്രിക്കയില്‍ നിന്നുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുമായുള്ള കൂടുതല്‍ ആശയവിനിമയങ്ങളെക്കുറിച്ചും ഞങ്ങളുടെ സംയുക്ത പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു.

ഇന്ത്യ- ജപ്പാന്‍ ഗവേഷണ സ്ഥാപനങ്ങള്‍ ഒരു കാഴ്ചപ്പാട് രേഖയുമായാണ് വന്നത്. യോജിച്ച പ്രയത്‌നങ്ങളുടെ പേരില്‍ ആര്‍.ഐ.എസ്, ഇ.ആര്‍.ഐ.എ, ഐ.ഡിഇ- ജെ.ഇ.റ്റി.ആര്‍.ഒ എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു. ആഫ്രിക്കയില്‍ നിന്നുള്ള ചിന്തകരുമായുള്ള കൂടിയാലോചനയിലാണ് ഇത് സാധ്യമായത്. കാഴ്ചപ്പാട് രേഖ വൈകാതെ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു. നൈപുണ്യം, ആരോഗ്യം, അടിസ്ഥാനസൗകര്യം, ഉല്‍പ്പാദനം, കണക്ടിവിറ്റി എന്നിവയില്‍ ഇന്ത്യയും ജപ്പാനും മറ്റ് തല്‍പര രാജ്യങ്ങളും സംയുക്ത സംരംഭങ്ങള്‍ കണ്ടെത്തും.

ഗവണ്‍മെന്റിന്റെ മാത്രം പരിധിയിലുള്ളതല്ല നമ്മുടെ പങ്കാളിത്തം. ഇതിന് ഉത്തേജനം നല്‍കുന്നതില്‍ ഇന്ത്യയിലെ സ്വകാര്യമേഖലയും മുന്‍പന്തിയിലുണ്ട്. 1996 മുതല്‍ 2016 വരെ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് ആഫ്രിക്കയിലായിരുന്നു. ഭൂഖണ്ഡത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ നിക്ഷേപകര്‍ ഇന്ത്യയാണ്, ആഫ്രിക്കക്കാര്‍ക്ക് തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ 54 ശതലക്ഷം ഡോളറുകളുടെ നിക്ഷേപം നടത്തി.

2015 നവംബറില്‍ പാരിസില്‍ ചേര്‍ന്ന യുഎന്‍ കാലാവസ്ഥാ മാറ്റ സമ്മേളനത്തില്‍ അവതരിപ്പിച്ച അന്താഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കൂടി ഉത്തരവാദിത്തം നിര്‍വഹിപ്പിക്കാനുള്ള താല്‍പര്യം നാം പ്രോല്‍സാഹിപ്പിച്ചു. തങ്ങളുടെ പ്രത്യേക ഊര്‍ജ്ജ ആവശ്യങ്ങള്‍ നേരിടാന്‍ സൗരോര്‍ജ്ജ വിഭവങ്ങളാല്‍ സമ്പന്നനായ രാജ്യങ്ങളുടെ സഖ്യമാണ് അത്. ഈ സംരംഭത്തിന് നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതായി സന്തോഷത്തോടെ ഞാന്‍ പറയട്ടെ.

‘ബ്രിക്‌സ് ബാങ്ക്’ എന്ന് അറിയപ്പെടുന്ന പുതിയ വികസന ബാങ്കിന്റെ സ്ഥാപകര്‍ എന്ന നിലയില്‍ അതിന് ദക്ഷിണാഫ്രിക്കയില്‍ ഒരു മേഖലാ കേന്ദ്രം ഉണ്ടാകുന്നതിന് ഇന്ത്യ ഉറച്ച പിന്തുണ നല്‍കുന്നു. എന്‍ഡിബിക്കും ആഫ്രിക്കന്‍ വികസന ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റ് വികസന പങ്കാളികള്‍ക്കും ഇടയിലുള്ള സഖ്യം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വേദി അത് ലഭ്യമാക്കും.

ഇന്ത്യ 1982ല്‍ ആഫ്രിക്കന്‍ വികസന ഫണ്ടിലും 1983ല്‍ ആഫ്രിക്കന്‍ വികസന ബാങ്കിലും ചേര്‍ന്നു. ബാങ്കിലെ അംഗരാജ്യങ്ങള്‍ക്കെല്ലാം പൊതുമൂലധന വര്‍ധനവ് ഇന്ത്യ സംഭാവന ചെയ്തു. ആഫ്രിക്കന്‍ വികസന ഫണ്ട് നവീകരിക്കുന്നതിന് ഇരുപത്തിയൊമ്പത് ദശലക്ഷം ഡോളര്‍ ഇന്ത്യ നല്‍കി. വന്‍തോതില്‍ കടക്കെണിയിലുള്ള രാജ്യങ്ങള്‍ക്കും ബഹുതല കടാശ്വാസ സംരംഭങ്ങള്‍ക്കും നാം വന്‍ തോതില്‍ സംഭാവന ചെയ്തു.

ഈ സമ്മേളനങ്ങളുടെ പാര്‍ശ്വങ്ങളില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പങ്കാളിത്തത്തോടെ ഇന്ത്യ ഒരു സമ്മേളനവും സംഭാഷണവും സംഘടിപ്പിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ഒരു പ്രദര്‍ശനവും സംഘടിപ്പിക്കുകയുണ്ടായി. കൃഷി, നവീനാശയങ്ങള്‍, മറ്റ് വിഷയങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ് ഊന്നല്‍ നല്‍കിയ മേഖലകള്‍.

‘ആഫ്രിക്കയിലെ സമൃദ്ധിക്കു വേണ്ടി കൃഷിയെ പരിവര്‍ത്തിപ്പിക്കുക’ എന്നതാണ് ഈ സമ്മേളനത്തിന്റെ വിഷയം. ഇത് ഇന്ത്യയുടെ ഒരു മേഖലയാണ്, ബാങ്ക് ഫലപ്രദമായി കൈകോര്‍ക്കുകയും ചെയ്തു. പരുത്തി സാങ്കേതികവിദ്യാ സഹായ പരിപാടിയേക്കുറിച്ച് ഞാന്‍ നേരത്തേ പറഞ്ഞുകഴിഞ്ഞു.

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനുള്ള ഒരു സംരംഭം ഇവിടെ ഇന്ത്യയില്‍ ഞാന്‍ തുടങ്ങി. വിള നഷ്ടം കുറയ്ക്കുന്നതിന് ഗുണമേന്മയുള്ള വിത്തും വളവും മുതല്‍ മികച്ച വിപണി അടിസ്ഥാന സൗകര്യം വരെയുള്ള വികസനത്തിലൂന്നിയ ചുവടുവയ്പുകള്‍ അത് ആവശ്യപ്പെടുന്നു. ഈ സംരംഭം തുടരുന്നതിന് നിങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ ഇന്ത്യക്ക് താല്‍പര്യമുണ്ട്.
എന്റെ ആഫ്രിക്കന്‍ സഹോദരീ സഹോദരന്മാരേ,

നാം നേരിടുന്ന പല വെല്ലുവിളികളും സമാനമാണ്. നമ്മുടെ കര്‍ഷകരെയും പാവപ്പെട്ടവരെയും ഉയര്‍ത്തിക്കൊണ്ടു വരിക, സ്ത്രീകളെ ശാക്തീകരിക്കുക, നമ്മുടെ ഗ്രാമങ്ങളിലെ സമൂഹങ്ങള്‍ക്ക് ധനപ്രാപ്തി ഉണ്ടാക്കുക, അടിസ്ഥാന സൗകര്യം കെട്ടിപ്പടുക്കുക. നമുക്കിത് സാമ്പത്തിക പരിമിതികളില്ലാതെ നിര്‍വഹിച്ചേ പറ്റുകയുള്ളു. പണപ്പെരുപ്പം നിയന്ത്രിക്കാനും നമ്മുടെ വിനിമയ ബാക്കി സുസ്ഥിരമാക്കാനും ബൃഹദ്- സമ്പദ്ഘടനാ സ്ഥിരത നാം പുലര്‍ത്തിയേ പറ്റുകയുള്ളു. ഈ മേഖലകളിലെല്ലാമുള്ള നമ്മുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഉദാഹരണത്തിന്, ഒരു കറന്‍സിരഹിത സമ്പദ്ഘടനയിലേക്ക് പോകുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയ മൊബൈല്‍ ബാങ്കിംഗ് രംഗത്ത് ഉണ്ടാക്കിയ മഹത്തായ നേട്ടത്തില്‍ നിന്ന് നമുക്ക് പഠിക്കാനുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ അതിന്റെ ബൃഹദ് സമ്പദ്ഘടനാ സൂചകങ്ങളിലെല്ലാം വികസിച്ചുവെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. കമ്മിയും പണപ്പെരുപ്പവും കുറഞ്ഞു. ജിഡിപി വളര്‍ച്ചാ നിരക്കും വിദേശ വിനിമയ നിരക്കും പൊതു മൂലധന നിക്‌ഷേപവും വര്‍ധിച്ചു. അതേസമയംതന്നെ, വികസനത്തില്‍ നാം വലിയ കുതിപ്പുണ്ടാക്കുകയും ചെയ്തു.

ആഫ്രിക്കന്‍ വികസന ബാങ്ക് അധ്യക്ഷന്‍, മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ഞങ്ങളുടെ സമീപകാല നടപടികളെ താങ്കള്‍ പുകഴ്ത്തുകയും അവ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട വിധത്തില്‍ ഞങ്ങള്‍ വികസന വഴികാട്ടികളാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു. ഈ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതിനൊപ്പം, നേരത്തേ ഹൈദരാബാദിലെ പരിശീലനത്തില്‍ താങ്കള്‍ ഏറെ സമയം ചെലവഴിച്ചുവെന്ന് അറിഞ്ഞതിലെ സന്തോഷവും പങ്കുവയ്ക്കുന്നു. ഇനിയും നേരിടാനുള്ള വെല്ലുവിളികളിലാണ് എന്റെ ശ്രദ്ധയെന്ന് ഉറപ്പിച്ചു പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ പശ്ചാത്തലത്തില്‍, കഴിഞ്ഞ മൂന്നു വര്‍ഷം നാം ഉപയോഗിച്ച ചില തന്ത്രങ്ങള്‍ താങ്കളുമായി പങ്കുവയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡികള്‍ വിലക്കുറവുകളായി നല്‍കുന്നതിനു പകരം നേരിട്ട് നല്‍കുക വഴി ഞങ്ങള്‍ വന്‍ തോതിലുള്ള സാമ്പത്തിക ലാഭമുണ്ടാക്കി. പാചക വാതകത്തില്‍ മാത്രം മൂന്നു വര്‍ഷംകൊണ്ട് ഞങ്ങള്‍ നാല് ശതലക്ഷം ഡോളര്‍ ലാഭിച്ചു. ഇതിനു പുറമേ, നല്ല സ്ഥിതിയില്‍ ജീവിക്കുന്ന ആളുകള്‍ തങ്ങളുടെ സബ്‌സിഡി സ്വയം സന്നദ്ധരായി വേണ്ടെന്നുവയ്ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു. ഈ ‘വേണ്ടെന്നു വയ്ക്കല്‍’ പ്രചാരണ പരിപാടിയില്‍ ഞങ്ങള്‍ കൊടുത്ത ഉറപ്പ്, നേടുന്ന ലാഭം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷന്‍ നല്‍കാന്‍ വിനിയോഗിക്കും എന്നായിരുന്നു. പത്ത് ദശലകഷത്തിലേറെ ഇന്ത്യക്കാര്‍ സ്വയംസന്നദ്ധരായി അങ്ങനെ ചെയ്തുവെന്ന് അറിയുമ്പോള്‍ താങ്കള്‍ അത്ഭുതപ്പെട്ടേക്കാം. ഈ ലാഭമുണ്ടാക്കലിനു നന്ദി. 50 ദശലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പരിപാടി ഞങ്ങള്‍ നടത്തി. 15 ദശലക്ഷത്തിലധികം കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഇത് ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിച്ചു. വിറകുകൊണ്ട് പാചകം ചെയ്യുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് ഇത് അവരെ സ്വതന്ത്രരാക്കി. ഇത് പരിസ്ഥിതിയെ സംരക്ഷിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്തു. ‘പരിവര്‍ത്തനത്തിലേക്കുള്ള പരിഷ്‌കരണം’ എന്ന് ഞാന്‍ പറയുന്നതിന് ഇതൊരു ഉദാഹരണമാണ്. ഒരുപിടി നടപടികള്‍ ജീവിതങ്ങളെ മാറ്റിമറിക്കുന്നു.
യൂറിയ വളത്തിന് നല്‍കിയിരുന്ന സബ്‌സിഡികളില്‍ ചിലത് രാസവസ്തുക്കളുടെ നിര്‍മാണം പോലുള്ള കാര്‍ഷികേതര ഉപയോഗത്തിനു വേണ്ടി നിയമവിരുദ്ധമായി വകമാറ്റിയിരുന്നു. നാം സാര്‍വ്വര്‍ത്രികമായി വെപ്പെണ്ണ പുരട്ടിയ യൂറിയ അവതരിപ്പിച്ചു. ഇത് വളത്തിനെ വകമാറ്റത്തിനു പ്രാപ്തമല്ലാതാക്കി. സാമ്പത്തിക ലാഭം മാത്രമല്ല ഉണ്ടായത്, വേപ്പെണ്ണ പുരട്ടിയതുവഴി വളത്തിന്റെ ഫലപ്രാപ്തി വര്‍ധിച്ചുവെന്നും പഠനങ്ങള്‍ കാണിച്ചുതന്നു.

കൃഷിക്കാര്‍ക്ക് ഞങ്ങള്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭ്യമാക്കുകയും അത് അവരോട് മണ്ണിന്റെ യഥാര്‍ത്ഥ സ്വഭാവത്തേക്കുറിച്ച് അറിയിക്കുകയും ചെയ്തു, വിത്ത്, വളം എന്നിവയുടെ മികച്ച മിശ്രിതം സംബന്ധിച്ച ഉപദേശം മണ്ണിനെ പരമാവധി മികവുറ്റതാക്കുകയും വിളവ് വര്‍ധിപ്പിക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യം, റെയില്‍വേ, ദേശീയപാതകള്‍, ഊര്‍ജ്ജം, വാതക പൈപ്‌ലൈനുകള്‍ എന്നിവയിലെ മൂലധന നിക്ഷേപത്തില്‍ മുന്‍പില്ലാത്ത വിധം വര്‍ധന നാം ഉണ്ടാക്കി. അടുത്ത വര്‍ഷത്തോടെ വൈദ്യുതി ഇല്ലാത്ത ഒരൊറ്റ ഗ്രാമവും ഇന്ത്യയില്‍ ഉണ്ടാകില്ല. ഗംഗാ ശുചീകരണം, വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജ്ജം, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട് സിറ്റികള്‍, എല്ലാവര്‍ക്കും ഭവനം, നൈപുണ്യ ഇന്ത്യ എന്നീ ദൗത്യങ്ങള്‍ ഞങ്ങളെ വൃത്തിയുള്ളതും കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണവും വേഗത്തില്‍ വളരുന്നതുമായ പുതിയ ആധുനിക ഇന്ത്യയ്ക്കു വേണ്ടി തയ്യാറെടുപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ നിര്‍ബന്ധമായും അന്തരീക്ഷ സൗഹൃദപരായ വികസനത്തിലൂടെ വളര്‍ച്ചയുണ്ടാക്കുന്ന രാജ്യമായി മാറണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

നിര്‍ണായകമായ രണ്ട് ഘടകങ്ങള്‍ ഞങ്ങളെ അതിനു സഹായിക്കും. ആദ്യത്തെ ഒരുപിടി മാറ്റങ്ങള്‍ ബാങ്കിങ് സംവിധാനത്തിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഞങ്ങള്‍ ആഗോളനിലവാരത്തിലുള്ള ബാങ്കിംഗ് നേട്ടങ്ങളുണ്ടാക്കി. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 280 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ പുതുതായി തുറക്കുന്ന വിധത്തില്‍ ഞങ്ങള്‍ ജന്‍ ധന്‍ യോജന അഥവാ ജനകീയ സാമ്പത്തിക പ്രചാരണം നടപ്പാക്കി. ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ടുള്ളയാളായി അക്ഷരാര്‍ത്ഥത്തില്‍ മാറ്റി ആ പരിപാടിക്ക് നന്ദി. സാധാരണഗതിയില്‍ ബാങ്കുകള്‍ കച്ചവടക്കാരെയും സമ്പന്നരെയുമാണ് സഹായിക്കാറുള്ളത്. എന്നാല്‍ പാവപ്പെട്ടവരുടെ വികാസത്തിന് അവരെ സഹായിക്കാന്‍ ഞങ്ങള്‍ അവയെ പ്രാപ്തമാക്കി. പൊതുമേഖലാ ബാങ്കുകളെ ഞങ്ങള്‍ രഷ്ട്രീയ തീരുമാനങ്ങളില്‍ നിന്ന് മുക്തമാക്കുകയും അവയുടെ തലപ്പത്ത് യോഗ്യരായ ആളുകളെ സുതാര്യമായ പ്രക്രിയയിലൂടെ നിയമിക്കുകയും ചെയ്തു.

ആധാര്‍ എന്നു പേരുള്ള ഞങ്ങളുടെ യൂണിവേഴ്‌സല്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമാണ് രണ്ടാമത്തെ നിര്‍ണായക സംഗതി. അര്‍ഹരല്ലാത്തവര്‍ ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നതിനെ അത് പ്രതിരോധിക്കുന്നു. ഗവണ്‍മെന്റ് സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എളുപ്പമാക്കുന്നതിനും വ്യാജ അവകാശികളെ പുറന്തള്ളാനും അത് ഞങ്ങളെ പ്രാപ്തരാക്കുന്നു.

സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് വളരെ വിജയകരവും ഉല്‍പ്പാദനക്ഷമവുമായ ഒരു വാര്‍ഷിക സമ്മേളനം ആശംസിച്ചുകൊണ്ട് ഉപസംഹരിക്കാന്‍ എന്നെ അനുവദിച്ചാലും. കായിക രംഗത്ത് ആഫ്രിക്കയുമായി ദീര്‍ഘദൂര ഓട്ടത്തില്‍ മല്‍സരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. എന്നാല്‍ ഇന്ത്യ എപ്പോഴും നിങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുമെന്നും ദീര്‍ഘവും പ്രയാസമേറിയതുമായ ഓട്ടത്തില്‍ നല്ലൊരു ഭാവിക്കു വേണ്ടി നിങ്ങളെ പിന്തുണയ്ക്കുമെന്നും ഞാന്‍ ഉറപ്പു നല്‍കുന്നു.

ബഹുമാന്യരേ, മാന്യരേ മഹതികളേ! ആഫ്രിക്കന്‍ വികസന ബാങ്കിന്റെ ഭരണസമിതിയുടെ വാര്‍ഷിക സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിക്കാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
നിങ്ങള്‍ക്ക് നന്ദി.”