ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡ് സി.ഇ.ഒ. ശ്രീ. ടിം കുക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പ്രധാനമന്ത്രിയെ അഭിനന്ദമറിയിച്ച ശ്രീ. കുക്ക്, തനിക്ക് ഇന്ത്യയില്‍ ഹാര്‍ദമായ സ്വാഗതമാണു ലഭിച്ചതെന്നു വ്യക്തമാക്കി. താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും യുവാക്കള്‍, വാണിജ്യപ്രമുഖര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചതും ക്രിക്കറ്റ് കളി കണ്ടതും എടുത്തുപറഞ്ഞു. ശ്രീ. കുക്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യയില്‍ ‘കാണുന്നതു വിശ്വസിക്കുക’ എന്നതാണു യാഥാര്‍ഥ്യമെന്നും ഈ സന്ദര്‍ശനം വാണിജ്യപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ശ്രീ. കുക്കിനെ സഹായിക്കുമെന്നും വ്യക്തമാക്കി.
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിനു പ്രധാനമന്ത്രി മുന്‍ഗണന നല്‍കുന്നതിനെ ശ്രീ. കുക്ക് പ്രശംസിച്ചു.
ആപ്പിളിന്റെ പ്രവര്‍ത്തനത്തില്‍ 93 ശതമാനവും നടക്കുന്നതു പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉപയോഗിച്ചാണെന്നും വിതരണശൃംഖല മൊത്തം ഈ വിധമാക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീ. കുക്കിനൊപ്പമുള്ള പ്രതിനിധിസംഘം തങ്ങള്‍ രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിച്ച അനുഭവം വിവരിച്ചു. സൗരോര്‍ജ ഉപകരണങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഗ്രാമീണസ്ത്രീകള്‍ പഠിച്ചുവരികയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആപ്പുകള്‍ വികസിപ്പിക്കുന്നതിലും പുനരുപയോഗിക്കാവുന്ന ഊര്‍ജവുമായി ബന്ധപ്പെട്ടുമുള്ള ശ്രദ്ധേയമായ ചില സംരംഭകത്വങ്ങളെക്കുറിച്ചു പ്രധാനമന്ത്രിയും ശ്രീ. കുക്കും വിശദീകരിച്ചു.
ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തെക്കുറിച്ചു ശ്രീ. മോദി സൂചിപ്പിച്ചു. പദ്ധതിയുടെ പ്രധാനപ്പെട്ട മൂന്നു ലക്ഷ്യങ്ങല്‍ ഇ-വിദ്യാഭ്യാസം, ആരോഗ്യം, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തല്‍ എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹം ആപ്പിളിന്റെ പിന്തുണ തേടുകയും ചെയ്തു.
സൈബര്‍ സുരക്ഷ, ഡാറ്റ എന്‍ക്രിപ്ഷന്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. സൈബര്‍ കുറ്റങ്ങളെ നേരിടാന്‍ ലോകജനതയെ സഹായിക്കണമെന്നു ശ്രീ. കുക്കിനോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
‘നരേന്ദ്ര മോദി മൊബൈല്‍ ആപ്പി’ന്റെ പരിഷ്‌കൃത പതിപ്പ് ശ്രീ. ടിം കുക്ക് പുറത്തിറക്കി.
Thank you @tim_cook! Friends, welcome & happy volunteering. Your views & efforts are always enriching. pic.twitter.com/aAu4isv6wM
— Narendra Modi (@narendramodi) May 21, 2016