Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആത്മനിർഭർ നാരിശക്തി സേ സംവാദ്’ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആത്മനിർഭർ നാരിശക്തി സേ സംവാദ്’ പരിപാടിയിൽ പ്രധാനമന്ത്രി  നടത്തിയ പ്രസംഗം


നമസ്കാരം,

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ ഈ പരിപാടി  വളരെ പ്രധാനമാണ്. നമ്മുടെ സ്വയം നിർമ്മിത സ്ത്രീശക്തി അടുത്ത ഏതാനും വർഷങ്ങളിൽ ആത്മനിർഭർ ഭാരത് പ്രചാരണത്തിന് ഒരു പുതിയ ഊർജ്ജം പകരും. നിങ്ങളോട് സംസാരിച്ചത് ഇന്ന് എനിക്കും പ്രചോദനമായി. ഇന്നത്തെ പരിപാടിയിൽ  പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള എന്റെ സഹപ്രവർത്തകർ  , ബഹുമാനപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി, സംസ്ഥാന ഗവൺമെൻറ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ പരിഷത്തുകളുടെ (ജില്ലാ കൗൺസിലുകൾ) ചെയർമാൻമാർ, അംഗങ്ങൾ, രാജ്യത്തെ ഏകദേശം 3 ലക്ഷം പ്രദേശങ്ങളിലുള്ള സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് സഹോദരിമാരേ   , പെൺമക്കളേ ,    മാന്യരെ ,

സഹോദരീ സഹോദരന്മാരെ,

സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സഹോദരിമാരുമായി ഞാൻ സംസാരിക്കുമ്പോൾ, അവരുടെ ആത്മവിശ്വാസം എനിക്ക് അനുഭവപ്പെട്ടു. മുന്നോട്ട് പോകാനുള്ള അവരുടെ പ്രേരണയും എന്തെങ്കിലും ചെയ്യാനുള്ള അവരുടെ മനോഭാവവും നിങ്ങൾ ശ്രദ്ധിച്ചിരിക്കണം, അത് നമുക്കെല്ലാവർക്കും പ്രചോദനകരമാണ്. ഇത് രാജ്യത്തുടനീളമുള്ള സ്ത്രീശക്തിയുടെ ഊർജ്ജസ്വലമായ മുന്നേറ്റക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് നൽകുന്നു.

സുഹൃത്തുക്കളെ ,

കൊറോണ കാലത്ത് സ്വയംസഹായ സംഘങ്ങളിലൂടെ നമ്മുടെ സഹോദരിമാർ രാജ്യത്തെ സേവിച്ച രീതി അഭൂതപൂർവമാണ്. മാസ്കുകളും സാനിറ്റൈസറുകളും ഉണ്ടാക്കുന്നതിലും ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കുന്നതിലും അവബോധം പ്രചരിപ്പിക്കുന്നതിലും നിങ്ങളുടെ സംഭാവന സമാനതകളില്ലാത്തതാണ്. ഒരേസമയം തങ്ങളുടെ  കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകിക്കൊണ്ട് രാജ്യത്തിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുന്ന നമ്മുടെ കോടിക്കണക്കിന് സഹോദരിമാരെ ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ ,

സ്ത്രീകൾക്കിടയിൽ  സംരംഭകത്വത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും സ്വാശ്രയ ഇന്ത്യഎന്ന ലക്ഷ്യത്തിൽ അവരുടെ വലിയ പങ്കാളിത്തത്തിനും ഇന്ന് ഒരു വലിയ സാമ്പത്തിക സഹായം പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ സംരംഭങ്ങളിലും ,വനിതാ കർഷക ഉത്പാദക യൂണിയനുകളിലും ഉൾപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് സ്വയംസഹായ സംഘങ്ങൾക്ക് 1600 കോടി രൂപയിലധികം തുക കൈമാറിയിട്ടുണ്ട്. രക്ഷാ ബന്ധന് മുമ്പ് പുറത്തിറക്കിയ ഈ തുക കോടിക്കണക്കിന് സഹോദരിമാരുടെ ജീവിതത്തിൽ സന്തോഷം നൽകുകയും നിങ്ങളുടെ ബിസിനസുകൾ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ! നിങ്ങൾക്ക് എന്റെ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളെ ,

സ്വാശ്രയ ഗ്രൂപ്പുകളും ദീൻ ദയാൽ അന്ത്യോദയ യോജനയും ഗ്രാമീണ ഇന്ത്യയിൽ ഇന്ന് ഒരു പുതിയ വിപ്ലവത്തിന് തുടക്കമിടുന്നു. വനിതാ സ്വയം സഹായ സംഘങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ മാർഗ്ഗദീപങ്ങൾ . വനിതാ സ്വയംസഹായ സംഘങ്ങളുടെ ഈ പ്രസ്ഥാനം കഴിഞ്ഞ 6-7 വർഷങ്ങളിൽ ശക്തിപ്പെട്ടു. ഏകദേശം എട്ടു കോടി സഹോദരിമാർ 70 ലക്ഷത്തോളം സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 6-7 വർഷങ്ങളിൽ, സ്വയംസഹായ സംഘങ്ങൾ മൂന്ന് മടങ്ങ് വർദ്ധിച്ചു, സഹോദരിമാരുടെ പങ്കാളിത്തവും മൂന്ന് മടങ്ങ് വർദ്ധിച്ചു. ഇത് പ്രധാനമാണ്, കാരണം വർഷങ്ങളായി സഹോദരിമാരുടെ സാമ്പത്തിക ശാക്തീകരണം വേണ്ടത്ര ഉറപ്പാക്കിയിരുന്നില്ല. ഞങ്ങളുടെ സർക്കാർ രൂപീകരിച്ചപ്പോൾ, ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് അകറ്റിനിർത്തപ്പെട്ടതിനാൽ ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത കോടിക്കണക്കിന് സഹോദരിമാർ ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അതിനാൽ, ജൻധൻ അക്കൗണ്ടുകൾ തുറക്കുന്നതിനായി ഞങ്ങൾ ഒരു വലിയ പ്രചാരണം ആരംഭിച്ചു. ഇന്ന് രാജ്യത്ത് 42 കോടിയിലധികം ജൻധൻ അക്കൗണ്ടുകളുണ്ട്, ഈ അക്കൗണ്ടുകളിൽ 55 ശതമാനവും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേതുമാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. മുമ്പത്തെ പതിവ് പോലെ അവരുടെ സമ്പാദ്യം അടുക്കള പെട്ടികളിൽ ഇടുന്നതിനുപകരം, ഇപ്പോൾ പണം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നു.

സഹോദരീ സഹോദരന്മാരെ,

ഞങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നത് എളുപ്പമാക്കുകയും ചെയ്തു. ഒരു വശത്ത്, ലക്ഷക്കണക്കിന് വനിതാ സംരംഭകർക്ക് മുദ്ര പദ്ധതി പ്രകാരം ഗ്യാരണ്ടി ഇല്ലാതെ എളുപ്പത്തിലുള്ള വായ്പകൾ നൽകി; മറുവശത്ത്, സ്വയംസഹായ സംഘങ്ങൾക്ക് ഗ്യാരണ്ടി ഇല്ലാതെ വായ്പകളിൽ ഗണ്യമായ വർദ്ധനയുണ്ടായി. നാഷണൽ ലൈവ്‌ലിഹുഡ് മിഷന്റെ കീഴിൽ സഹോദരിമാർക്ക് ഗവണ്മെന്റ്  നൽകിയ സഹായത്തിന്റെ അളവ് മുൻ ഗവണ്മെന്റ്നേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്. മാത്രമല്ല, ഏകദേശം 3.75 ലക്ഷം കോടി   രൂപയുടെ വായ്പകൾ ഗ്യാരണ്ടി കൂടാതെ സ്വയംസഹായ സംഘങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളെ ,

നമ്മുടെ സഹോദരിമാരുടെ സത്യസന്ധതയും കാര്യക്ഷമതയും പരാമർശിക്കേണ്ടതും വളരെ പ്രധാനമാണ്. ഈ ഏഴ് വർഷങ്ങളിൽ, സ്വയംസഹായ സംഘങ്ങൾ അവരുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ ശ്രദ്ധേയമായ ജോലി ചെയ്തു. ഗിരിരാജ് ജി അറിയിച്ചതുപോലെ, ബാങ്ക് വായ്പകളുടെ 9 ശതമാനത്തോളം അടച്ചു തീർക്കാത്ത  ഒരു കാലമുണ്ടായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ തുക ഒരിക്കലും തിരികെ നൽകിയില്ല. ഇത് ഇപ്പോൾ ഏകദേശം രണ്ടര ശതമാനമായി കുറഞ്ഞു. ഇന്ന് നിങ്ങളുടെ സംരംഭകത്വവും സത്യസന്ധതയും രാഷ്ട്രം അംഗീകരിക്കുന്നു. അതിനാൽ, മറ്റൊരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. മുമ്പ് ഈ സ്വയംസഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഗ്യാരണ്ടി ഇല്ലാതെ വായ്പ ലഭിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ ഈ പരിധി ഇരട്ടിയായി,20 ലക്ഷം ആയി  വർദ്ധിപ്പിച്ചു. . മുമ്പ്, നിങ്ങൾ വായ്പയെടുക്കാൻ ബാങ്ക് സന്ദർശിക്കുമ്പോൾ, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ,വായ്പയുമായി ബന്ധിപ്പിക്കാൻ ബാങ്ക് ആവശ്യപ്പെടുകയും കുറച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇപ്പോൾ ഈ വ്യവസ്ഥയും ഒഴിവാക്കിയിരിക്കുന്നു. അത്തരം നിരവധി ശ്രമങ്ങളിലൂടെ, നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ആവേശത്തോടെ സ്വാശ്രയ പ്രചാരണത്തിൽ മുന്നോട്ട് പോകാൻ കഴിയും.

സുഹൃത്തുക്കളെ ,

സ്വാതന്ത്ര്യത്തിന്റെ 75  ആം വാർഷികത്തിൽ . പുതിയ ലക്ഷ്യങ്ങൾ വെക്കാനും പുതിയഊർജ്ജവുമായി മുന്നോട്ടുപോകാനുമുള്ള സമയമാണിത്. ഇപ്പോൾ സഹോദരിമാരുടെ കൂട്ടായ ശക്തിയും പുതിയ വീര്യത്തോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഗ്രാമങ്ങളെ സമൃദ്ധിയുമായി ബന്ധിപ്പിക്കാൻ നമ്മുടെ സഹോദരിമാരെ സഹായിക്കുന്ന സാഹചര്യങ്ങൾ ഗവണ്മെന്റ്  നിരന്തരം സൃഷ്ടിക്കുകയാണ്. കൃഷിയും കാർഷിക അധിഷ്ഠിത വ്യവസായവും എല്ലായ്പ്പോഴും സ്ത്രീ സ്വയംസഹായ സംഘങ്ങൾക്ക് അനന്തമായ സാധ്യതകളുള്ള ഒരു മേഖലയാണ്. ഗ്രാമങ്ങളിൽ സംഭരണവും കോൾഡ് ചെയിൻ സൗകര്യങ്ങളും ആരംഭിക്കുന്നതിനും കാർഷിക യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനും പാലും പഴങ്ങളും പച്ചക്കറികളും പാഴാക്കുന്നത് തടയാൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും മറ്റു പല സംരംഭങ്ങൾക്കും ഒരു പ്രത്യേക ഫണ്ട് സൃഷ്ടിച്ചിട്ടുണ്ട്. ഈ ഫണ്ടിൽ നിന്ന് സഹായം സ്വീകരിച്ച് സ്വയംസഹായ സംഘങ്ങൾക്ക് ഈ സൗകര്യങ്ങൾ സജ്ജീകരിക്കാനും കഴിയും. കൂടാതെ, അംഗങ്ങൾക്ക് ഈ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ സാമ്പത്തിക ആനുകൂല്യങ്ങൾ  ഉണ്ടാക്കാനും ന്യായമായ നിരക്കിൽ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകാനും കഴിയും. ഞങ്ങളുടെ ഗവണ്മെന്റ് വനിതാ കർഷകർക്ക് പ്രത്യേക പരിശീലനം പ്രോത്സാഹിപ്പിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതുവരെ ഏകദേശം 1.25 കോടി കർഷകർക്കും മൃഗസംരക്ഷണത്തിലേർപ്പെട്ടിരിക്കുന്ന  സഹോദരിമാർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. പുതിയ കാർഷിക പരിഷ്കാരങ്ങൾ രാജ്യത്തെ കൃഷിക്കും നമ്മുടെ കർഷകർക്കും ഗുണം ചെയ്യും, എന്നാൽ സ്വയം സഹായ സംഘങ്ങൾക്ക് വലിയ സാധ്യതകളുമുണ്ട്. ഇപ്പോൾ നിങ്ങൾക്ക് വയലുകളിലെ കർഷകരുമായി സഹകരിച്ച് ധാന്യങ്ങളും പയറുവർഗ്ഗങ്ങളും വീടുകളിൽ എത്തിക്കാം. കൊറോണ കാലത്ത് പലയിടത്തും ഇത് സംഭവിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക് സംഭരണ ​​സൗകര്യങ്ങൾ സമാഹരിക്കാനുള്ള വ്യവസ്ഥയുണ്ട്, നിങ്ങൾക്ക് എത്രമാത്രം സംഭരിക്കാനാകും എന്നതിന് നിയന്ത്രണമില്ല. ഇപ്പോൾ നിങ്ങൾക്ക് ഫാമിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ വിൽക്കാനോ അല്ലെങ്കിൽ ഒരു ഭക്ഷ്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ച് ഉൽപ്പന്നം നന്നായി പാക്കേജുചെയ്ത് വിൽക്കുകയോ ചെയ്യാം. ഇക്കാലത്ത് ഓൺലൈനും ഒരു വലിയ മാധ്യമമായി മാറുകയാണ്, അത് നിങ്ങൾ കൂടുതൽ ഉപയോഗിക്കണം. നിങ്ങൾക്ക് ഓൺലൈൻ കമ്പനികളുമായി സഹകരിക്കാനും നിങ്ങളുടെ നന്നായി പാക്കേജുചെയ്‌ത ഉൽപ്പന്നങ്ങൾ നഗരങ്ങളിലേക്ക് എളുപ്പത്തിൽ അയയ്ക്കാനും കഴിയും. കൂടാതെ, നിങ്ങൾക്ക് ജി‌ ഇ എം പോർട്ടൽ സന്ദർശിച്ച് അതിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങൾ ഗവണ്മെന്റ്ന് നേരിട്ട് വിൽക്കാൻ കഴിയും.

സുഹൃത്തുക്കളെ,

ഇന്ത്യയിൽ നിർമ്മിച്ച കളിപ്പാട്ടങ്ങളും ഗവണ്മെന്റ്  പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. വാസ്തവത്തിൽ, നമ്മുടെ ഗോത്ര പ്രദേശങ്ങളിലെ സഹോദരിമാർ പരമ്പരാഗതമായി അതുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വയം സഹായ സംഘങ്ങൾക്ക് ധാരാളം സാധ്യതകളുണ്ട്. അതുപോലെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് രാജ്യത്തെ മുക്തമാക്കുന്നതിനുള്ള പ്രചാരണം നടക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ഞങ്ങളുടെ സഹോദരിമാരിൽ നിന്ന് ഞങ്ങൾ കേട്ടു. സിസ്റ്റർ ജയന്തി നൽകിയ കണക്ക് എല്ലാവർക്കും വളരെ പ്രചോദനമായിരുന്നു. സ്വാശ്രയ സംഘങ്ങൾക്ക് ഇതിൽ ഇരട്ട പങ്കുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ നിങ്ങൾ അവബോധം വളർത്തുക മാത്രമല്ല, അതിന്റെ ബദലിനായി പ്രവർത്തിക്കുകയും വേണം. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം നിങ്ങൾക്ക് ചണം അല്ലെങ്കിൽ മറ്റ് ആകർഷകമായ ബാഗുകൾ ഉണ്ടാക്കാം. ഏകദേശം രണ്ട്-മൂന്ന് വർഷത്തേക്ക് ഒരു സംവിധാനം നിലവിലുണ്ട്, അതുവഴി നിങ്ങളുടെ സാധനങ്ങൾ  ഗവണ്മെന്റിന് നേരിട്ട് വിൽക്കാൻ കഴിയും. ഞാൻ നേരത്തെ പറഞ്ഞതുപോലെ, സ്വയംസഹായ സംഘങ്ങൾക്കും  ഗവണ്മെന്റിന്റെ ഇ-മാർക്കറ്റ് പ്ലേസിന്റെ പൂർണ പ്രയോജനം നേടാനാകും.

സുഹൃത്തുക്കളെ,

മാറുന്ന അന്തരീക്ഷത്തിൽ രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും മുന്നേറാനുള്ള അവസരങ്ങൾ ഇന്ന് വർദ്ധിച്ചുവരികയാണ്. എല്ലാ സഹോദരിമാരും വീട്,ശുചിമുറി , വൈദ്യുതി, വെള്ളം, ഗ്യാസ്, തുടങ്ങിയ സൗകര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സ്ത്രീകളുടെ അന്തസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, പെൺമക്കളുടെയും സഹോദരിമാരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു. ഈ ആത്മവിശ്വാസം , ശാസ്ത്ര-കായിക മേഖല ,സാങ്കേതികവിദ്യ, യുദ്ധ രംഗം എന്നിവിടങ്ങളിൽ നിന്ന് നമുക്ക് കാണാൻ കഴിയും. സ്വാശ്രയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവ നല്ല അടയാളങ്ങളാണ്. ഇപ്പോൾ നിങ്ങൾ ഈ ആത്മവിശ്വാസവും രാഷ്ട്രനിർമ്മാണത്തിനുള്ള നിങ്ങളുടെ ശ്രമങ്ങളും അമൃത് മഹോത്സവവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അനുസ്മരണത്തിനുള്ള അമൃത് മഹോത്സവം 2023 ഓഗസ്റ്റ് 15 വരെ തുടരും. എട്ട് കോടിയിലധികം സഹോദരിമാരുടെയും പെൺമക്കളുടെയും കൂട്ടായ ശക്തി അമൃത് മഹോത്സവത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. ഇപ്പോൾ നിങ്ങൾ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനാൽ, വനിതാ ഗ്രൂപ്പുകളായി ചില സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് നിങ്ങൾക്ക് പരിഗണിക്കാനാകുമോ? അതിൽ ഒരു പണമിടപാടുകളും ഉൾപ്പെടില്ല, എന്നാൽ സാമൂഹിക ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന സേവന മനോഭാവം ഉണ്ടാകും. ഉദാഹരണത്തിന്, നിങ്ങളുടെ പ്രദേശത്തെ പോഷകാഹാരക്കുറവിനെക്കുറിച്ചും പോഷകാഹാരക്കുറവ് മൂലം 12-16 വയസ്സിനിടയിലുള്ള സഹോദരിമാരും ഞങ്ങളുടെ ഇളയ പെൺമക്കളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിങ്ങൾക്ക് ഒരു പ്രചാരണം നടത്താനും അവബോധം സൃഷ്ടിക്കാനും കഴിയും. ഇപ്പോൾ രാജ്യം കൊറോണയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയാണ്. എല്ലാവർക്കും സൗജന്യ വാക്സിനുകൾ നൽകുന്നു. നിങ്ങളുടെ ഊഴം വരുമ്പോൾ നിങ്ങൾ സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും നിങ്ങളുടെ ഗ്രാമങ്ങളിലെ മറ്റ് ആളുകളെയും അത് ചെയ്യാൻ പ്രേരിപ്പിക്കുകയും വേണം.

75 വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചു ഒരു പ്രത്യേക കാരണത്തിനായി ഈ വർഷം ഓഗസ്റ്റ് 15 മുതൽ അടുത്ത വർഷം ഓഗസ്റ്റ് 15 വരെ ,ഒരു വർഷത്തിൽ 75 മണിക്കൂർ നിങ്ങളുടെ ഗ്രാമങ്ങളിൽ ചെലവഴിക്കുമെന്ന്  നിങ്ങൾക്ക് തീരുമാനിക്കാം. ഞാൻ കൂടുതൽ ആവശ്യപ്പെടുന്നില്ല. ഈ സ്വയംസഹായ സംഘങ്ങളിലെ സഹോദരിമാർക്ക് ശുചിത്വം, ജലസംരക്ഷണം, കിണറുകളുടെയും കുളങ്ങളുടെയും അറ്റകുറ്റപ്പണികൾ തുടങ്ങിയവയെക്കുറിച്ച് പ്രചാരണങ്ങൾ നടത്താം, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നിങ്ങൾക്ക് ഡോക്ടർമാരെ വിളിച്ച് ഒരു തുറന്ന മീറ്റിംഗ് നടത്തുകയും സ്ത്രീകൾക്ക് രോഗങ്ങളെ പറ്റിയും ആരോഗ്യത്തെ ക്കുറിച്ചും വിശദീകരിക്കുകയും ചെയ്യാം. എല്ലാ സഹോദരിമാർക്കും ഇത് വളരെ സഹായകരമാവുകയും അവബോധം ഉണ്ടാകുകയും ചെയ്യും. കുട്ടികളുടെ സംരക്ഷണത്തിനായി ഒരു നല്ല പ്രഭാഷണവും സംഘടിപ്പിക്കാവുന്നതാണ്. എപ്പോഴെങ്കിലും നിങ്ങൾ ചില  വിനോദയാത്ര നടത്തണം.  ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന  സഹോദരിമാരുടെ ഗ്രൂപ്പുകൾ, മറ്റെവിടെയെങ്കിലും സമാനമായ പ്രവർത്തനങ്ങൾവലിയ തോതിൽ നടക്കുന്നുണ്ടോ എന്ന് വർഷത്തിലൊരിക്കൽ സന്ദർശിച്ക്കേണ്ടത് നന്നായിരിക്കുമെന്ന്   ഞാൻ കരുതുന്നു. നിങ്ങൾ ഒരു ബസ് വാടകയ്ക്കെടുത്ത് സ്വയം കാണുകയും പഠിക്കുകയും വേണം. ഇത് വളരെയധികം പ്രയോജനം ചെയ്യും . നിങ്ങൾക്ക് ഒരു വലിയ ഡയറി പ്ലാന്റ് സന്ദർശിക്കാനോ അടുത്തുള്ള ചാണക പ്ലാന്റിലേക്കോ അടുത്തുള്ള സോളാർ പ്ലാന്റിലേക്കോ പോകാം. ഇപ്പോൾ പ്ലാസ്റ്റിക്കിനെക്കുറിച്ച്ജയന്തി ജി പറഞ്ഞത്  കേട്ടിട്ടുണ്ട്, നിങ്ങൾക്ക് അവിടെ പോയി ജയന്തി ജി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ കഴിയും. ഉത്തരാഖണ്ഡിൽ നിർമ്മിച്ച ഒരു ബേക്കറിയും ബിസ്കറ്റും നിങ്ങൾ ഇപ്പോൾ കണ്ടു . നിങ്ങൾക്ക് ഇത് സന്ദർശിച്ച് ധാരാളം പഠിക്കാനാകും. ഇതിന് വലിയ ചിലവില്ല, പക്ഷേ നിങ്ങളുടെ ആത്മവിശ്വാസം വളരും. നിങ്ങൾ പഠിക്കുന്നതും രാജ്യത്തിന് വളരെ പ്രധാനമാണ്. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ചെയ്യുന്നതിനൊപ്പം, ചില ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം ചെലവഴിക്കുക, അതുവഴി നിങ്ങൾ ചില ക്ഷേമപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് സമൂഹവും മനസ്സിലാക്കും.

നിങ്ങളുടെ ശ്രമങ്ങളിലൂടെയാണ് അമൃത് മഹോത്സവത്തിന്റെ വിജയത്തിന്റെ അമൃത് എല്ലായിടത്തും വ്യാപിക്കുകയും രാജ്യത്തിന് പ്രയോജനം ലഭിക്കുകയും ചെയ്യുന്നത്. ഇന്ത്യയിലെ 8 കോടി സ്ത്രീകളുടെ കൂട്ടായ ശക്തിയുടെ ഫലമായുണ്ടാകുന്ന വലിയ ഫലങ്ങൾ, അത് രാജ്യത്തെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് സങ്കൽപ്പിക്കുക. ഈ എട്ട് കോടി അമ്മമാരോടും സഹോദരിമാരോടും അവരുടെ ഗ്രൂപ്പുകളിൽ വായിക്കാനോ എഴുതാനോ അറിയാത്ത ഏതെങ്കിലും സഹോദരിയെയോ അമ്മയെയോ പഠിപ്പിക്കുന്നത് പരിഗണിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ കൂടുതൽ ചെയ്യേണ്ടതില്ല, എന്നാൽ നിങ്ങളുടെ ചെറിയ പരിശ്രമവും സമയവും ഒരു മികച്ച സേവനമായിരിക്കും. ആ സഹോദരിമാർക്ക് പിന്നീട് മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയും. ഞാൻ നിങ്ങളെ ശ്രദ്ധിക്കുമ്പോൾ നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, എനിക്ക് നിങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനാകുമെന്നും എനിക്ക് തോന്നി. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾക്കിടയിലും, നിങ്ങൾ വളരെയധികം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും, നിങ്ങൾ ഉപേക്ഷിച്ചില്ല, പുതിയ എന്തെങ്കിലും ചെയ്തു. രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ഓരോ വാക്കുകളും ഞാൻ ഉൾപ്പെടെ എല്ലാവർക്കും പ്രചോദനകരമാണ്. എല്ലാ സഹോദരിമാർക്കും നല്ല ആരോഗ്യം നേരുന്നു. വരാനിരിക്കുന്ന രക്ഷാ ബന്ധന് നിങ്ങളുടെ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ഉണ്ടാകട്ടെ, കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിക്കട്ടെ.  നിങ്ങൾക്ക് വളരെ സന്തോഷകരമായ രക്ഷാബന്ധൻ  മുൻകൂട്ടി ആശംസിച്ചുകൊണ്ട് ഞാൻ  എന്റെ പ്രസംഗം  തല്ക്കാലം നിര്ത്തട്ടെ

ഒരുപാട്  നന്ദി!

*****