Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള മൊബിലിറ്റി ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര ന്യൂ ഡല്‍ഹിയില്‍ ഇന്ന് ആഗോള മൊബിലിറ്റി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ, സമ്പദ്ഘടന, അടിസ്ഥാന സൗകര്യങ്ങള്‍, യുവജനങ്ങള്‍ എന്നിവയിലും മറ്റ് പല മേഖലകളിലും ഇന്ത്യ ഇന്ന് മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ്ഘടനയുടെ ചാലക ശക്തിയാണ് മൊബിലിറ്റി എന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിന് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കമേകാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് ചൂണ്ടിക്കാട്ടി. ഏഴ് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്  ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവിയെന്ന് പ്രധാനമന്ത്രി വരച്ച് കാട്ടി. ഈ ഏഴ് ‘സി’ കള്‍ ഇവയാണ്: കോമണ്‍ (സാധാരണ), കണക്റ്റഡ് (ബന്ധിപ്പിക്കപ്പെട്ട), കണ്‍വീനിയന്റ് (സൗകര്യ പ്രദം), കണ്‍ജെഷന്‍ ഫ്രീ (തിരക്കില്ലാത്ത), ചാര്‍ജ്ജ്ഡ് (ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന), ക്ലീന്‍ (മലിനീകരണം ഇല്ലാത്ത), കട്ടിംഗ് എഡ്ജ് (ഏറ്റവും പുതിയ ഘടകങ്ങളുള്ള).

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ :

എക്‌സലന്‍സികളെ,
    ലോകത്തെമ്പാടും നിന്നുള്ള വിശിഷ്ട പ്രതിനിധികളെ
മഹതികളെ മഹാന്‍മാരെ
ആഗോള മൊബിലിറ്റി ഉച്ചകോടിയിലേയ്ക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു
ഈ ഉച്ചകോടിയുടെ പേര് ‘മൂവ്’ ഇന്നത്തെ ഇന്ത്യയുടെ ആത്മാവിനെ പിടിച്ചടക്കുന്നു. തീര്‍ച്ചായായും ഇന്ത്യ ഇന്ന് മുന്നേറുകയാണ് :
ഞങ്ങളുടെ സമ്പദ്ഘടന മുന്നേറുകയാണ്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഞങ്ങളുടേത് .
ഞങ്ങളുടെ നഗരങ്ങളും പട്ടണങ്ങളും മുന്നേറുകയാണ്. ഞങ്ങള്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ പണിയുകയാണ്.
ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുന്നേറുകയാണ്. ഞങ്ങള്‍ റോഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ ലൈനുകള്‍, തുറമുഖങ്ങള്‍ എന്നിവ അതിവേഗത്തില്‍ നിര്‍മ്മിക്കുന്നു.
ഞങ്ങളുടെ ചരക്കുകള്‍ മുന്നേറുകയാണ്. വിതരണ- സംഭരണ ശൃംഖലകള്‍ യുക്തിസഹമാക്കാന്‍ ചരക്ക് സേവന നികുതി ഞങ്ങളെ സഹായിച്ചു.
ഞങ്ങളുടെ പരിഷ്‌ക്കാരങ്ങള്‍ മുന്നേറുകയാണ്. ഞങ്ങള്‍ ഇന്ത്യയെ സുഗമമായ വ്യാപാരം നടത്താവുന്ന ഇടമാക്കി മാറ്റി.
ഞങ്ങളുടെ ജീവിതങ്ങള്‍ മുന്നേറുകയാണ്. കുടുംബങ്ങള്‍ക്ക് വീടുകള്‍, ശൗചാലയങ്ങള്‍, പുക രഹിത പാചക വാതക സിലിണ്ടറുകള്‍, ബാങ്ക് അക്കൊണ്ടുകള്‍, വായ്പകള്‍ മുതലായവ ലഭിക്കുന്നു.
 ഞങ്ങളുടെ യുവജനങ്ങള്‍ മുന്നേറുകയാണ്. ലോകത്തിന്റെ തന്നെ സ്റ്റാര്‍ട്ട് അപ്പ ഹബ്ബായി അതിവേഗം ഞങ്ങള്‍ ഉരുത്തിരിഞ്ഞ് കൊണ്ടിരിക്കുകയാണ്. പുതിയ ഊര്‍ജ്ജം, ആവശ്യകത, ലക്ഷ്യം എന്നിവയോടെ ഇന്ത്യ മുന്നേറുകയാണ്.

സുഹൃത്തുക്കളെ,
    നമുക്കെല്ലാം അറിയാം മനുഷ്യ സമുദായത്തിന്റെ, പുരോഗതിയുടെ താക്കോല്‍ മൊബിലിറ്റി (ചലന ശക്തി)യാണ്. അതിനാല്‍ തന്നെ ഈ ചലന ശക്തിയെ വിപുലമായ രീതിയില്‍ മനസിലാക്കേണ്ടതുണ്ട്. 

സമ്പദ്ഘടനയുടെ മുഖ്യ സാരഥിയാണ് ചലനശേഷി. മെച്ചപ്പെട്ട ചലനശേഷി യാത്രയുടെയും ചരക്ക് നീക്കത്തിന്റെയും കഷ്ടതകള്‍ കുറയ്ക്കുന്നതോടൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കമേകും. ഇപ്പോള്‍ തന്നെ ഒട്ടനവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന ഈ മേഖലയ്ക്ക് വരും തലമുറയ്ക്കും തൊഴിലുകള്‍ സൃഷ്ടിക്കാനാകും.

നഗരവല്‍ക്കരണത്തിന്റെ കേന്ദ്ര ബിന്ദു മൊബിലിറ്റിയാണ്. വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന റോഡ്, പാര്‍ക്കിംഗ്, ട്രാഫിക് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനങ്ങള്‍ ആവശ്യമാണ്. 

ജീവിതം സുഗമമാക്കുന്നതിന്റെ മുഖ്യ ഘടകം മൊബിലിറ്റിയാണ്. അത് ഓരോരുത്തരുടെയും മനസ്സിലുമുണ്ട്.  സ്‌കൂളിലും, ഓഫീസിലുമെത്താന്‍ ചെലവഴിക്കുന്ന സമയം, ട്രാഫിക്കില്‍ കുടിങ്ങിക്കിടക്കുമ്പോള്‍ തോന്നുന്ന ഇച്ഛാഭംഗം, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ്, ചരക്ക് നീക്കം, പൊതു ഗതാഗത സംവിധാനത്തിലെ ലഭ്യത നമ്മുടെ കുട്ടികള്‍ ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം, യാത്രാ സുരക്ഷിതത്വം എന്നിവയായിട്ടൊക്കെ.

നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതില്‍ മൊബിലിറ്റി നിര്‍ണ്ണായകമാണ്. ലോകത്ത് മൊത്തം പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍രെ അഞ്ചിലൊരു ഭാഗം റോഡ് ഗതാഗതത്തില്‍ നിന്നാണ്. ഇത് നഗരങ്ങളെ ശ്വാസംമുട്ടിക്കുന്നതോടൊപ്പം ആഗോള താപനിലകള്‍ ഉയര്‍ത്തുകയും ചെയ്യും. 

പ്രകൃതിയുമായി ഇണങ്ങിപ്പോകുന്ന ഒരു മൊബിലിറ്റി പരിസ്ഥിതി സൃഷ്ടിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിന്റെ അടുത്ത അതിര് മൊബിലിറ്റിയാണ്. മെച്ചപ്പെട്ട ചലനാത്മകത, മെച്ചപ്പെട്ട തൊഴിലുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതോടൊപ്പം ജീവിതത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടും. അത് ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും, ഭൂമിയെ സംരക്ഷിക്കുന്നതിനും സഹായിക്കും. അത്തരത്തില്‍ മൊബിലിറ്റി മേഖലയ്ക്ക് പൊതു സമൂഹത്തില്‍ വരെ വലിയ പങ്കാണ് ഉള്ളത്. മൊബിലിറ്റിയുടെ ഡിജിറ്റല്‍വല്‍ക്കരണം ഭേദിപ്പിക്കുന്ന തരത്തിലുള്ളതാണ്. നൂതനാശയങ്ങള്‍ക്ക് ഈ രംഗത്ത് വന്‍ സാധ്യതകളാണ് ഉള്ളത്. 

ഇപ്പോള്‍ തന്നെ ആളുകള്‍ തങ്ങളുടെ ഫോണില്‍ നിന്ന് ടാക്‌സി വിളിക്കുന്നു, നഗരങ്ങളില്‍ സൈക്കിളുകള്‍ പങ്കിടുന്നു, മലിനീകരണമില്ലാത്ത വാതകങ്ങളില്‍ ബസ്സുകള്‍ ഓടുന്നു, കാറുകള്‍ ബാക്റ്ററികളില്‍ ഓടുന്നു.

ഇന്ത്യയില്‍ ഞങ്ങള്‍ മൊബിലിറ്റിക്ക് ഊന്നല്‍ നല്‍കി വരുന്നു. ഹൈവേകളുടെ നിര്‍മ്മാണത്തിന്റെ വേഗം ഇരട്ടിയാക്കി.

ഞങ്ങളുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയെ ഞങ്ങള്‍ പുനരുജീവിപ്പിച്ചു. ഇന്ധനക്ഷമതയുള്ളയും ശുദ്ധ ഇന്ധനം ഉപയോഗിക്കുന്നതുമായ വാഹനങ്ങളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. അത്ര തന്നെ ബന്ധിപ്പിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളെ കുറഞ്ഞ ചെലവില്‍ വ്യോമ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും വികസിപ്പിച്ച് വരുന്നു. 100 പുതിയ വ്യോമ റൂട്ടുകളിലും ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പോവുകയാണ്.

പരമ്പരാഗത റെയില്‍ -റോഡ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്ക് പുറമെ ജലപാതകളും ഞങ്ങള്‍ പുനരുദ്ധരിക്കുകയാണ്.

വീടുകള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍ എന്നിവയുടെ സ്ഥലം കാര്യക്ഷമമാക്കിക്കൊണ്ട് നഗരങ്ങളിലെ യാത്രാ ദൂരം ഞങ്ങള്‍ കുറയ്ക്കുകയാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും ഞങ്ങള്‍ നടപ്പാക്കി വരുന്നു.

എന്നിരുന്നാലും സൈക്കിള്‍ യാത്രക്കാരെയും, കാല്‍നടയാത്രക്കാരെയും അവരുടെസുരക്ഷയും മുന്‍ഗണയും ഉറപ്പ് വരുത്തിക്കൊണ്ട് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തുക്കളെ,
    അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മൊബിലിറ്റി രംഗത്ത് ഇന്ത്യയ്ക്ക് അന്തര്‍ലീനമായ ചില ശക്തികളും, മെച്ചപ്പെട്ട ഗുണങ്ങളും ഉണ്ട്. 

    ഞങ്ങളുടെ തുടക്കം പുതുമയാര്‍ന്നതാണ്. മറ്റ് പ്രമുഖ സമ്പദ്ഘടനയെ അപേക്ഷിച്ച് ഞങ്ങളുടെ ആളോഹരി വാഹനങ്ങളുടെ എണ്ണം കുറവാണ്. സ്വകാര്യ കാര്‍ ഉടമസ്ഥതയില്‍ പണിത മറ്റ് സമ്പദ്ഘടനയുടെ ഭാരം ഞങ്ങള്‍ പേറുന്നില്ല. എല്ലാത്തരത്തിലും പുതുമയാര്‍ന്നതും തടസമില്ലാത്തതുമായ എല്ലാ ചലനാത്മക പരിസ്ഥിതി സൃഷ്ടിക്കാന്‍ ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. 

സാങ്കേതിക രംഗത്ത് വിവര സാങ്കേതിവിദ്യ, ഡിജിറ്റല്‍ പണമടവുകള്‍, ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയ സമ്പദ്ഘടന എന്നിവയിലെല്ലാമാണ് നമ്മുടെ കരുത്ത് കുടികൊള്ളുന്നത്.

ഞങ്ങളുടെ അന്യൂനമായ തിരിച്ചറിയല്‍ പദ്ധതിയായ ആധാര്‍ വളരെ സമഗ്രമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ 850 ദശലക്ഷം പൗരന്മാരെ അത് ശാക്തീകരിച്ചിട്ടുണ്ട്. നൂതന മൊബിലിറ്റി ബിസിനസ്സ് മാതൃകകളുമായി അത്തരം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ കൂട്ടി ഇണക്കാനാകുമെന്ന് ഇന്ത്യയ്ക്ക് തെളിയിച്ച് കൊടുക്കാനാവും. പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ ഞങ്ങളുടെ ശ്രമങ്ങള്‍ വൈദ്യുതി മൊബിലിറ്റിയുടെ പരമാവധി ഉപയോഗം ഉറപ്പ് വരുത്തും. 2022 ഓടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നിന്ന് 125 ജിഗാവാട്ട് ഊര്‍ജ്ജം ലഭ്യമാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ലോകത്ത് തന്നെ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്ത് ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിലൂടെ സൗരോര്‍ജ്ജത്തിന്റെ പ്രാധാന്യവും ഇന്ത്യ ലോകമെമ്പാടും എത്തിച്ചിട്ടുണ്ട്. വാഹന നിര്‍മ്മാണ രംഗത്തെ ഞങ്ങളുടെ അടിത്തറ അതിവേഗം വികസിക്കുകയാണ്.

ഞങ്ങള്‍ക്ക്, ഒപ്പം തന്നെ വളരെ വലിയ, കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള യുവ ജനസംഖ്യയും ഉണ്ട്. ഭാവി കരുപിടിപ്പിക്കുന്നതിന്  ദശലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ക്ക് ഇത് നൈപുണ്യമാര്‍ന്ന കരങ്ങളും, സ്വപ്നങ്ങളും നല്‍കും. 
അതിനാല്‍ മൊബിലിറ്റി സമ്പദ്ഘടനയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യയെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവിയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഏഴ് ‘സി’ കളില്‍ അധിഷ്ഠിതമാണ്. അവ ഇനി പറയുന്നു: കോമണ്‍ (സാധാരണ), കണക്റ്റഡ് (ബന്ധിപ്പിക്കപ്പെട്ട), കണ്‍വീനിയന്റ് (സൗകര്യ പ്രദം), കണ്‍ജെഷന്‍ ഫ്രീ (തിരക്കില്ലാത്ത), ചാര്‍ജ്ജ്ഡ് (ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന), ക്ലീന്‍ (മലിനീകരണം ഇല്ലാത്ത), കട്ടിംഗ് എഡ്ജ് (ഏറ്റവും പുതിയ ഘടകങ്ങളുള്ള).

1.    കോമണ്‍ (സാധാരണ) : മൊബിലിറ്റി സംരംഭങ്ങളുടെ ആണിക്കല്ല് പൊതു ഗതാഗത സംവിധാനങ്ങളിലായിരിക്കണം. ഡിജിറ്റല്‍ വല്‍ക്കരണത്തിലൂടെയുള്ള ബിസിനസ്സ് മാതൃകകള്‍ പുതിയ രൂപങ്ങള്‍ കൈവരിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കികൊണ്ട് തീരുമാനമെടുക്കല്‍ പ്രക്രിയ അത് വേഗത്തിലാക്കുന്നു.
കാറുകള്‍ക്ക് ഉപരിയായി, സ്‌കൂട്ടറുകള്‍, റിക്ഷകള്‍ എന്നിവയിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിയണം. വികസ്വര രാഷ്ട്രങ്ങളുടെ വലിയ പ്രദേശങ്ങള്‍ ഗതാഗതത്തിനായി ഇവയെയാണ് ആശ്രയിക്കുന്നത്.

2.    കണക്റ്റഡ് (ബന്ധിപ്പിക്കപ്പെട്ട) : എല്ലാത്തരം ഗതാഗത സംവിധാനങ്ങളെയും ഭൂപ്രദേശങ്ങളെയും സംയോജിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റട് ഷെയറിംഗ് എക്കോണമി മൊബിലിറ്റി മേഖലയുടെ കേന്ദ്ര ബിന്ദുവായി മാറിക്കൊണ്ടിരിക്കുന്നു. 
വാഹനങ്ങളുടെ പൂളിംഗ് പോലുള്ള നൂതന സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ വഴി സ്വകാര്യ വാഹനങ്ങളുടെ പരമാവധി ഉപയോഗം പ്രയോജനപ്പെടുത്തണം. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുഗമമായി നഗരങ്ങളിലെത്തിക്കാനാകണം.

3.    കണ്‍വീനിയന്റ് (സൗകര്യ പ്രദം) : സുരക്ഷിതവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും താങ്ങാനാവുന്നതും, പ്രാപ്യമുള്ളതുമായിരിക്കണം. പ്രായം ചെന്നവര്‍ വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. സ്വകാര്യ വാഹനങ്ങളെക്കാള്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. 

4.    കണ്‍ജെഷന്‍ ഫ്രീ (തിരക്കില്ലാത്ത) : തിക്കും തിരക്കും ഉണ്ടാക്കുന്ന സാമ്പത്തികവും, പാരിസ്ഥിതികവുമായ ചെലവ് നിയന്ത്രിക്കേണ്ടത് സുപ്രധാനമാണ്. അതിനാല്‍ ശൃംഖലകളുടെ കുപ്പിക്കഴുത്തുകള്‍ അവസാനിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണം. ഇത് ട്രാഫിക് കുരുക്കുകളും, യാത്രക്കാരുടെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നതിലേയ്ക്ക് നയിക്കും. ചരക്ക് നീക്കത്തിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.  

5.    ചാര്‍ജ്ജ്ഡ് (ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന): ഇതാണ് മുന്നോട്ടുള്ള വഴി. ബാറ്ററി നിര്‍മ്മാണം മുതല്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണം വരെയുള്ള മൂല്യവര്‍ദ്ധിത ശൃംഖലയില്‍ നമുക്ക് നിക്ഷേപം ആവശ്യമാണ്. ഇന്ത്യയിലെ ബിസിനസ്സ് പ്രമുഖരും നിര്‍മ്മാതാക്കളും ബാറ്ററി സാങ്കേതിക വിദ്യയില്‍  മുന്നേറ്റത്തിന് ഒരുങ്ങിക്കഴിഞ്ഞു.                                 ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ ചലിപ്പിക്കുന്നതിന് ഏറ്റവും മികച്ച ബാറ്ററി സംവിധാനമാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഉപയോഗിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്ക് ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബാറ്ററി സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് ഐഎസ്ആര്‍ഒയുമായി സഹകരിക്കാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ രംഗത്ത് ഇന്ത്യക്ക് നിര്‍ണായക സ്ഥാനം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.                     ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബദല്‍ ഇന്ധനം ഉപയോഗിക്കുന്ന മറ്റുവാഹനങ്ങള്‍ക്കുമായി ഭദ്രമായൊരു നയം ഞങ്ങള്‍ എത്രയും വേഗം കൊണ്ടുവരും. എല്ലാവര്‍ക്കും സ്വീകാര്യമായതും വാഹന നിര്‍മ്മാണ മേഖലയ്ക്ക് വന്‍സാധ്യതകള്‍ പ്രധാനം ചെയ്യുന്നതുമായിരിക്കും ആ നയം.

6.    ക്ലീന്‍ (മലിനീകരണം ഇല്ലാത്ത) : കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള നമ്മുടെ പോരാട്ടത്തിലെ ഏറ്റവും ശക്തിയേറിയ ആയുധമായിരിക്കും ശുദ്ധ ഊര്‍ജ്ജത്തിലധിഷ്ടിതമായ മൊബിലിറ്റി. ഇതിന്റെ അര്‍ത്ഥം മാലിന്യ രഹിതമായ വാഹനമോടിക്കല്‍, ശുദ്ധമായ വായുവിലേക്കും അതുവഴി നമ്മുടെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്കും നയിക്കും.        ‘ക്ലീന്‍ കിലോമീറ്റേഴ്‌സ്’ എന്ന ആശയം നാം പ്രചരിപ്പിക്കണം. ജൈവ ഇന്ധനങ്ങളിലൂടെയോ, ഇലക്ട്രിക് അല്ലെങ്കില്‍ സോളാര്‍ ചാര്‍ജ്ജിംങ്ങിലൂടെയോ ഇത് കൈവരിക്കാനാകും. പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ നമ്മുടെ നിക്ഷേപങ്ങള്‍ക്ക് പൂരകങ്ങളാണ് ഇലക്ട്രിക് വാഹനങ്ങള്‍. 
സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. കാരണം ഇത് ഞങ്ങളുടെ പൈതൃകത്തോടുള്ള പ്രതിബദ്ധതയും വരും തലമുറയോടുള്ള വാഗ്ദാനവുമാണ്. 

7.    കട്ടിംഗ് എഡ്ജ് (ഏറ്റവും പുതിയ ഘടകങ്ങളുള്ള) : ആദ്യകാലത്തെ ഇന്റര്‍നെറ്റ് പോലെയാണ് മൊബിലിറ്റിയും. ഏറ്റവും പുതിയ ഘടകങ്ങള്‍ ഉള്ളവയാണ് അത്. ഏറ്റവും വലിയ നൂതനാശയങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്ന മേഖലയുമാണത്. യുവമനസ്സുകള്‍ ക്രിയാത്മക പരിഹാരങ്ങളുമായി എങ്ങനെ മുന്നോട്ടുവരുന്നുവെന്ന് കഴിഞ്ഞ ആഴ്ച നടന്ന ‘മൂവ് ഹാക്ക്’, പിച്ച് ടു മൂവ് എന്നീ പരിപാടികള്‍ തെളിയിച്ചു. 

നൂതനാശയങ്ങള്‍ക്കും വളര്‍ച്ചയ്ക്കും അപാര സാധ്യതകളുള്ള മേഖലകയായി സംരംഭകര്‍ മൊബിലിറ്റി രംഗത്തെ കാണണം. പൊതുജനങ്ങളുടെ നന്മക്കായി പ്രശ്‌ന പരിഹാരത്തിന് നൂതനാശയങ്ങള്‍ സഹായിക്കുന്ന ഒരു മേഖലയാണത്. 

സുഹൃത്തുക്കളെ,
നമ്മുടെ വളര്‍ച്ചക്കും വികസനത്തിനും വഴിയൊരുക്കുന്നതാണ് മൊബിലിറ്റി വിപ്ലവമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യ മൊബിലിറ്റിയെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ മനുഷ്യ കുലത്തിന്റെ അഞ്ചിലൊന്നിന് അത് പ്രയോജനപ്പെടും. മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന ഒരു വിജയഗാഥകൂടിയായി അത് മാറും.

ലോകത്തിന് സ്വീകരിക്കാന്‍ കഴിയുന്ന ഒരു മാതൃക നമുക്ക് സൃഷ്ടിക്കാം. 

അവസാനിപ്പിക്കുന്നതിന് മുന്‍പ് ഇന്ത്യയിലെ യുവജനങ്ങളോട് എനിക്ക് പ്രത്യേകമായി ഒരു അപേക്ഷയുണ്ട്. 
എന്റെ ഊര്‍ജ്ജസ്വലരായ യുവസുഹൃത്തുക്കളെ, നൂതനാശയങ്ങളുടെ ഒരു പുതുയുഗത്തിലേക്ക് നയിക്കാന്‍ നിങ്ങള്‍ക്കുള്ള ഒരവസരമാണിത്. ഇതാണ് ഭാവി. ഡോക്ടര്‍മാര്‍ മുതല്‍ എന്‍ജിനീയര്‍മാര്‍ വരെയും ഡ്രൈവര്‍മാര്‍ മുതല്‍ മെക്കാനിക്കുകള്‍ വരെയും എല്ലാം ഉള്‍ക്കൊള്ളുന്ന മേഖലയാണിത്. 
നമുക്ക് സ്വന്തമായും മറ്റുള്ളവര്‍ക്കും വേണ്ടി മൊബിലിററി നൂതനാശയ പരിസ്ഥിതി സൃഷ്ടിക്കുന്നതിന് നമ്മുടെ ശക്തി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ വിപ്ലവത്തെ നാം പുല്‍കണം. ഇന്നിവിടെ ഒത്തുചേര്‍ന്നിട്ടുള്ള പ്രാഗല്‍ഭ്യത്തിനും സാങ്കേതിക വിദ്യക്കും ഇന്ത്യക്കും ലോകത്തിനും മൊബിലിറ്റി മേഖലയില്‍ പരിവര്‍ത്തനാത്മകമായൊരു ഗതിമാറ്റം നല്‍കാന്‍ കെല്‍പ്പുണ്ട്. 
‘ലോകത്തിനായി കരുതലും’, ‘മറ്റുള്ളവരുമായി പങ്കിടലും’ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം ഈ സ്ഥാനമാറ്റം.

നമ്മുടെ പുരാതന വേദങ്ങളില്‍ നിന്ന് ഉദ്ധരിച്ചാല്‍ : 
 
 ॐ सह नाववतु
सह नौ भुनक्तु
सह वीर्यं करवावहै
तेजस्वि ना वधीतमस्तु मा विद्विषावहै

എന്നുവെച്ചാല്‍ :
 
നാമെല്ലാം സംരക്ഷിക്കപ്പെടണം,
നാമെല്ലാം പരിപോഷിപ്പിക്കപ്പെടണം,
വര്‍ദ്ധിച്ച ഊര്‍ജ്ജത്തോടെ നമുക്ക് പ്രവര്‍ത്തിക്കുമാറാകണം.
നമ്മുടെ ധിഷണ മൂര്‍ച്ചയുള്ളതായിരിക്കണം.

സുഹൃത്തുക്കളെ !

നമുക്കൊരുമിച്ച് എന്ത് ചെയ്യാനാകുമെന്ന് ഞാന്‍ ഉറ്റുനോക്കുകയാണ്. 

ഈ ഉച്ചകോടി കേവലം ഒരു തുടക്കം മാത്രമാണ്. നമുക്ക് മുന്നോട്ടു പോകാം. നന്ദി
വളരെയധികം നന്ദി!